ഇലോൺ മസ്ക്:അസാധ്യതകൾ അവസരങ്ങളാകുന്നു



ലോകത്തെ മാറ്റിമറിച്ച കണ്ടുപിടിത്തങ്ങൾ പോലെ പ്രസക്തിയുള്ളതാണ് ലോകത്തെ മാറ്റാൻ കണ്ടുപിടിക്കാൻ പോകുന്നവയുമെന്ന് പറയണമെങ്കിൽ ആ കണ്ടുപിടിത്തം സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ചില വിശേഷണങ്ങളിൽ ഒതുങ്ങുന്നതായിരിക്കണം:'അസാധ്യം' 'അവിശ്വസനീയം' 'അമാനുഷികം'. ഭ്രാന്തന്റെ ജല്പനമെന്നുകൂടി മുദ്രകുത്തി തള്ളുന്നതോടെ പുതുസാദ്ധ്യതകൾ അവിടെ അവസാനിക്കുന്നതായി.എന്നാൽ അസാധ്യമാണെന്ന് കരുതുന്നവ സാധ്യമാക്കിയതിലൂടെയാണ് ശാസ്ത്രം ലോകത്തിനുമുന്നിലെ അത്ഭുതവസ്തുവായത്.വെല്ലുവിളികൾക്കും പരാജയഭീതികൾക്കും സാധ്യതകളുടെ വാതായനങ്ങൾ ശാസ്‌ത്രലോകത് ഏറെയെന്നിരിക്കെ,ശാസ്ത്ര ലോകത്തെ സഹസ്രകോടീശ്വരനായ ഇലോൺ മസ്ക് എന്ന വ്യവസായ പ്രമുഖൻ വ്യത്യസ്തനാവുന്നത് ഈ അസാധ്യവും അവിശ്വസനീയവുമായ കാര്യങ്ങളിലെ അമാനുഷികതയെ അടക്കിവാണു കൊണ്ടാണ്.


ലോക പ്രശസ്തമായ ടെസ്ല, സ്പേസ് എക്സ് മുതലായ കമ്പനികളുടെ നിർമാതാവായ ഇലോൺ മസ്ക് 'ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ എറിയണം'എന്ന കൈരളീയ സൈദ്ധാന്തികതയെ പ്രായോഗികതലത്തിൽ കൊണ്ടു വരുന്നത് സ്പേസ് എക്സിന്റെ നിർമാണത്തോടുകൂടിയാണെങ്കിലും അതിനേക്കാളേറെ മുമ്പേ നൂതന സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിച്ചു കൊണ്ട് പല കമ്പനികളെയും അവതരിപ്പിക്കുകയുണ്ടായി.ഇലക്ട്രോൺ കാറുകൾ ജനപ്രീതിയില്ലാതെ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് ടെസ്ല ചരിത്രം തിരുത്തിക്കുറിച്ചത്. പരാജയ വിജയ സാദ്ധ്യതകൾ എല്ലാത്തിനുമുണ്ടെങ്കിൽ പോലും ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്തുതീർക്കുക എന്ന് പറഞ്ഞ് ടെസ്ലയുടെ വിജയ രഹസ്യം വെളിവാക്കുമ്പോൾ ലോകം കരുതിയിരുന്നുവോ  ടെസ്ലയുടെ സ്പോർട്സ്കാറുമായി ഫാൽക്കൺ ഹെവി എന്ന റോക്കറ്റ് ബഹിരാകാശത്തേക്കയക്കുന്നത് കേവലം  രണ്ട് ദിവസം മാത്രം കോളേജിൽ പഠിച്ച,  ഇച്ഛാശക്തിയും കഠിനാധ്വാനവും പുസ്തകവായനയിലൂടെ നേടിയെടുത്ത അറിവും മാത്രമുള്ള മസ്‌ക് ആയിരിക്കുമെന്ന് !


കേവലം പുസ്തകപരിചയങ്ങളിൽ നിന്നാണ് റോക്കറ്റ് വിക്ഷേപണ കമ്പനിയായ സ്പേസ് എക്സിന് ഇലോൺ മസ്ക് രൂപം കൊടുത്തത്. തുടക്കത്തിലും മധ്യത്തിലും ഒടുക്കത്തിലുമായി പൊട്ടിപ്പാളീസായിപ്പോയ 3 വിക്ഷേപണ പരീക്ഷണങ്ങൾക്കു ശേഷം,ചെറിയ ഇടവേളകൾക്കുള്ളിൽ ടെസ്ലയെപ്പോലും പരാജയവക്കിൽ നിർത്തി സ്പേസ് എക്സ് വീണ്ടും വിക്ഷേപണം നടത്തുകയും വിജയിക്കുകയും ചെയ്തു.കൂടെ നാസയുടെ മില്യൺ കണക്കിന് ഡോളർ  നിക്ഷേപം പ്രതിഫലവും !


എന്നാൽ എന്തിനായിരുന്നു വിക്ഷേപണം? അതാണ് പ്രസക്തമായ ചോദ്യം.


നമുക്കറിയാം, വർധിച്ചു വരുന്ന ജനസംഖ്യ പ്രകൃതിവിഭവങ്ങളുടെ അപര്യാപ്തതയിലേക്ക് നയിക്കുന്നുവെന്നും,തൽഫലമായി പ്രകൃതിയെ ചൂഷണം ചെയ്യപ്പെടുന്നത്  ഒരു പക്ഷെ മനുഷ്യവംശ നാശത്തിന് പോലും ഹേതുവായേക്കാമെന്നുംഅതിനാൽ മനുഷ്യ വാസം സാധ്യമെന്ന് വിശ്വസിക്കപ്പെടുന്ന ചൊവ്വ (Mars)ഭാവിയിലെ ഭൂമിയായേക്കാം. അപ്പോൾ സാധാരണക്കാർക്ക് താങ്ങാവുന്ന ചിലവിൽ പോയി മടങ്ങാൻ കഴിയുന്ന രീതിയിലുള്ള 'റോക്കറ്റ് ടാക്സികളുടെ' നിർമാണ പരീക്ഷണമായിരുന്നു ഈ വിക്ഷേപണം!എത്ര മനോഹരമായ ഭ്രാന്ത് !


ചൊവ്വ ഗ്രഹത്തെ കയ്യടക്കുക എന്നത് വിദൂരമല്ല, കേവലം സ്വപ്നങ്ങളിൽ മാത്രവുമല്ല...ഇലോൺ മസ്കിനെ ഉദ്ധരിക്കുകയാണെങ്കിൽ ഒരു പക്ഷെ 2025 ൽ തന്നെ മനുഷ്യൻ ചൊവ്വയിലെത്തിയേക്കാം.  


 മണിക്കൂറിൽ 1000 കി. മീ വേഗതയുള്ള ഭൂഗർഭപാത പദ്ധതിയായ ഹൈപ്പർലൂപ്പ്, ഭൂമിയ്ക്ക് ചുറ്റും ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ സ്ഥാപിച്ച് ഒരു ഉപഗ്രഹ ശൃംഖല സ്ഥാപിക്കുകയും അതുവഴി ലോകം മുഴുവൻ ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുകയും ചെയ്യുന്ന സ്റ്റാർ ലിങ്ക്, കൂടിയത് 30 മിനിറ്റിനുള്ളിൽ നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് റോക്കറ്റുകൾ വഴി, വിമാനയാത്ര ചെലവിൽ  യാത്രചെയ്യാൻ അവസരമൊരുക്കുന്ന പദ്ധതി, ലോകത്താകമാനം വൈദ്യുതി നൽകാനുള്ള ഏലിയൻ ഡ്രഡ്‌നോട് എന്നിങ്ങനെയുള്ള പുതിയ പുതിയ മസ്കിന്റെ  പ്ലാനിങ്ങുകളുടെ മീതെ പറക്കുന്ന മറ്റൊരു പരുന്തുണ്ട്...  ജൈവിക ബുദ്ധിയെയും യാന്ത്രിക ബുദ്ധിയേയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ന്യൂറാലിങ്ക് കമ്പനി.മനസ്സുകൊണ്ട് ലോകം നിയന്ത്രിക്കാൻ മനുഷ്യനൊരുങ്ങുന്നുവെന്ന് പറയുമ്പോൾ നമുക്ക് വീണ്ടും പഴയ പല്ലവി :'അസാധ്യം' 'അവിശ്വസനീയം' 'അമാനുഷികം'..എന്നാൽ കുരങ്ങിൽ ഇത് പരീക്ഷിച്ചുകൊണ്ട് വീഡിയോ ഗെയിം കൂടി കളിപ്പിച്ചിട്ടുണ്ടെന്ന് പറയുമ്പോൾ ഭ്രാന്തന്മാരുടെ ജല്പനം പൂർണമാവുന്നു !