വാഫി വഫിയ്യ സാദ്ധ്യതകള്‍, പ്രവേശന പരീക്ഷ.
വാഫി, വഫിയ്യ അക്കാദമിക്ക് കൗൺസിൽ മെമ്പർ സെക്രട്ടറിയും എൻട്രൻസ് എക്സാം ബോർഡ് കൺട്രോളറുമായ അലി ഹുസൈൻ വാഫിയുമായി ഓൺലൈൻ വഴി നടത്തിയ അഭിമുഖം.
വാഫി,വഫിയ്യ: കോഴ്സ്,സാദ്ധ്യതകൾ, പ്രവേശന പരീക്ഷ
_വാഫി, വഫിയ്യ അക്കാദമിക് കൗൺസിൽ മെമ്പർ സെക്രട്ടറിയും എൻട്രൻസ് എക്സാം ബോർഡ് കൺട്രോളറുമായ_
_*അലി ഹുസൈൻ വാഫി* യുമായി വഫിയ്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ *(WSF)* സംസ്ഥാന കമ്മിറ്റി പ്രതിനിധികൾ ഓൺലൈൻ വഴി നടത്തിയ അഭിമുഖം_
❓ *ആരാണ് വാഫി വഫിയ്യ കോഴ്സുകൾ നടത്തുന്നത്?*
ഇസ്ലാമിക ജ്ഞാനങ്ങളോട് ഭൗതിക വിദ്യകൾ സമന്വയിച്ചു നൽകുന്ന ശ്രേഷ്ഠ കോഴ്സുകളാണ് ആൺകുട്ടികൾക്കുള്ള വാഫിയും പെൺകുട്ടികൾക്കുള്ള വഫിയ്യയും. മലപ്പുറം പാങ്ങ് വഫാ കാമ്പസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോർഡി നേഷൻ ഓഫ് ഇസ്ലാമിക് കോളേജസാണ് (സി.ഐ.സി ) ഈ കോഴ്സുകൾ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടി രിക്കുന്നത്.അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റിസ് ലീഗിൽ സി.ഐ.സി അംഗത്വം നേടിയിട്ടുണ്ട്. 90 കോളേജുകൾ ഈ ബോഡിയോട് നിലവിൽ അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ റെക്ടറും അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി കോർഡിനേറ്ററും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അക്കാദമിക് കൗൺസിൽ ഡയറക്ടറുമാണ്.
❓ *സി.ഐ.സി യുടെ അംഗീകാരങ്ങൾ എന്തെല്ലാം?*
അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗിന്റെ നിർവാഹക സമിതി അംഗത്വത്തിന് പുറമെ, ഈജിപ്തിലെ അൽ അസ്ഹർ, കൈറോ, ഇന്ത്യയിലെ ജാമിഅ മില്ലിയ, അലിഗഡ് തുടങ്ങിയ പത്ത് ലോകോത്തര വിദ്യാപീഠങ്ങളുമായി സി.ഐ.സി അക്കാദമിക് സഹകരണ ധാരണകളിൽ (MoU ) ഒപ്പ് വെച്ചിട്ടുണ്ട്
❓ *ആർക്കൊക്കെ വാഫി, വഫിയ്യ കോഴ്സുകളിലേക്ക് അപേക്ഷിക്കാം?*
സ്കൂൾ പത്താം തരം തുടർപഠന യോഗ്യതയും മദ്രസ ഏഴാം ക്ലാസ് / തത്തുല്യ യോഗ്യതയുമുള്ള
17 വയസ്സ് കവിയാത്ത ആൺകുട്ടികൾക്ക് വാഫി കോഴ്സിലേക്കും പെൺകുട്ടികൾക്ക്
വഫിയ്യയിലേക്കും അപേക്ഷിക്കാം.
❓ *മദ്രസ ഏഴാം ക്ലാസ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർ എന്ത് ചെയ്യും?*
മദ്രസ ഏഴാം ക്ലാസിന് തത്തുല്യമായ പഠനവും അറബി എഴുത്തും വായനയും അറിയുന്നവർക്കും അപേക്ഷിക്കാം.
❓ *സമസ്ത പൊതുപരീക്ഷയുടേതല്ലാത്ത സർട്ടിഫിക്കറ്റുകൾ പരിഗണിക്കുമോ?*
തത്തുല്യ യോഗ്യതയുള്ള മറ്റു സർട്ടിഫിക്കറ്റുകളും പരിഗണിക്കും.രക്ഷിതാക്കളും വിദ്യാർഥികളും വിശ്വാസപരമായി സമസ്തയുടെ കാഴ്ചപാടുകൾ പിന്തുടരുന്നവരായാൽ മതി.
❓ *വാഫി- വഫിയ്യ പ്രവേശന പരീക്ഷക്ക് അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ?*
ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.
www.wafyonline.com എന്ന സൈറ്റിൽ കയറി എൻട്രൻസ് എക്സാം എന്ന ടാബിൽ ക്ലിക്ക് ചെയ്ത് വളരെ ലളിതമായി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ലാറ്ററൽ എൻട്രിക്ക് അപേക്ഷിക്കുന്നവർ Lateral Entry എന്ന ടാബിലാണ് ക്ലിക്ക് ചെയ്യേണ്ടത്.
❓ *പ്രവേശന പരീക്ഷയുടെ തിയ്യതി?*
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പ്രവേശന പരീക്ഷ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല, 2021 ജൂൺ മാസത്തിൽ നടത്താനാണ് നിലവിലെ ആലോചന. പ്രവേശന പരീക്ഷ തിയ്യതി പരീക്ഷയുടെ ഏഴ് ദിവസം മുമ്പ് വാഫി വെബ്സൈറ്റിലും ഔദ്യോദിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും അറിയിക്കുന്നതാണ്. കോവിഡ് പ്രതിന്ധന്ധി രൂക്ഷമായി തുടരുന്ന പക്ഷം പ്രവേശന തിയ്യതിയിലും രീതിയിലും മാറ്റം ഉണ്ടായേക്കാം.
❓ *പ്രവേശന പരീക്ഷ ഈ വർഷം ഓൺലൈനായാണോ നടത്തുന്നത്?*
നിശ്ചിത കേന്ദ്രങ്ങളിൽ വെച്ച് ഓൺലൈൻ ആയിട്ടാണ് പരീക്ഷ നടക്കുക. അതിനായി ചാർജ്ജ് ചെയ്ത് ഇൻറർനെറ്റ് ലഭ്യതയുള്ള മൊബൈൽ ഫോൺ അല്ലെങ്കിൽ ടാബ്ലറ്റ് വിദ്യാർത്ഥി കൊണ്ടുവരേണ്ടതാണ്. കോവിഡ് സാഹചര്യത്തിൽ ഈ രീതി വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാകും.
❓ *പ്രവേശന പരീക്ഷ കേന്ദ്രങ്ങൾ ഏതൊക്കെയാണ്?*
കോവിഡ് സാഹചര്യം പരിഗണിച്ച് ഈ വർഷം കൂടുതൽ കേന്ദ്രങ്ങൾ ജില്ല-മണ്ഡല അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് അപേക്ഷകർക്ക് ഏറെ സഹായകരമാകും. വിദ്യാർത്ഥികൾക്ക് അനുവദിക്കപ്പെട്ട കൃത്യമായ സെന്റർ വിവരങ്ങൾ പരീക്ഷയുടെ മൂന്ന് ദിവസം മുമ്പ് ലഭിക്കുന്ന ഹാൾ ടിക്കറ്റിൽ ഉണ്ടായിരിക്കുന്നതാണ്.
വാഫി സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്
❓ *വിദേശത്തു വെച്ച് പ്രവേശനപരീക്ഷ എഴുതാൻ മാർഗ്ഗമുണ്ടോ?*
വിദേശത്തും പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്.നിലവിൽ അബുദാബി, ദുബായ്, ദോഹ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങളുള്ളത്. മറ്റു സ്ഥലങ്ങളിൽ ഇൻവിജിലേറ്റർമാരുടെ ലഭ്യതയും സൗകര്യവും പരിഗണിച്ചുകൊണ്ട് ഇനിയും കേന്ദ്രങ്ങൾ അനുവദിച്ചേക്കാവുന്നതാണ്.
❓ *വാഫി,വഫിയ്യ പ്രവേശന പരീക്ഷയുടെ സിലബസ് വ്യക്തമാക്കാമോ?*
120 മാർക്കിന്റെ ഓബ്ജക്ടീവ് ചോദ്യങ്ങളാണുള്ളത്.രണ്ടു പാർട്ടുകളായിട്ടാണ് ചോദ്യങ്ങൾ. Part. A യിൽ 2 മാർക്ക് വീതമുള്ള 30 ചോദ്യങ്ങളുണ്ടായിരിക്കും.പത്താം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ്,മാത് സ് , സയൻസ്, സോഷ്യൽ സയൻസ്, മദ്രസ ഏഴാം തരം, വാഫി വഫിയ്യ കോഴ്സ് അവബോധം തുടങ്ങിയവ പരിശോധിക്കുന്ന രീതിയിലായിരിക്കും ഈ വിഭാഗത്തിലെ ചോദ്യങ്ങൾ.നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതല്ല.
Part B യിൽ മൂന്ന് മാർക്ക് വീതമുള്ള 20 ചോദ്യങ്ങൾ.തെറ്റായ ഉത്തരങ്ങൾക്ക് നാലിൽ ഒന്ന് നെഗറ്റീവ് മാർക്കും ഉണ്ടായിരിക്കും. Mental Ability, Logical reasoning, Social Intelligence, Critical Thinking, Analytical Reasoning എന്നിവ പരിശോധിക്കുന്ന ചോദ്യങ്ങളാകും ഉണ്ടാക്കുക.
❓ *വാഫി - വഫിയ്യയിലേക്ക് ഇടക്കാല അഡ്മിഷൻ സാധ്യമാണോ?*
ഇടക്കാല അഡ്മിഷൻ( Lateral Entry ) സാധ്യമാണ്.+1 പാസായ വിദ്യാർത്ഥികൾക്ക് തംഹീദിയ്യ രണ്ടിലേക്കും +2 കഴിഞ്ഞവർക്ക് ആലിയ ഒന്നാം സെമസ്റ്ററിലേക്കും തംഹീദിയ്യ സിലബസിലെ അറബി ഭാഷാ പരിജ്ഞാനം പരിശോധിക്കുന്ന എലിജിബിലിറ്റി ടെസ്റ്റിന്റെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിൽ ലാറ്ററൽ എൻട്രി പരീക്ഷ വഴി ഇടക്കാല അഡ്മിഷൻ നേടാവുന്നതാണ്. രണ്ടാം വർഷത്തിലേക്ക് അപേക്ഷിക്കുന്നവർ അഡ്മിഷൻ നേടുന്ന സ്ഥാപനത്തിൽ +2 പൂർത്തിയാക്കാനുള്ള സൗകര്യം ഉറപ്പാക്കണം.റഗുലർ സ്കൂളിൽ +1 ന് പഠിച്ചവർക്ക് +2 ന് ഓപ്പൺ സ്കൂളിലേക്ക് TC ലഭിക്കുന്നത് സംബന്ധിച്ച സർക്കാർ നയം അപക്ഷകർ അറിഞ്ഞിരിക്കേണ്ടതാണ്.
*❓വാഫി -വഫിയ്യ എൻട്രൻസ് മുൻ വർഷത്തെ ചോദ്യ പേപ്പർ ലഭ്യമാണോ?*
വാഫി ഒദ്യോഗിക വെബ് സൈറ്റിൽ മുൻ വർഷത്തെ ചോദ്യ പേപ്പർ ലഭ്യമാണ്. ഈ വർഷം മുമ്പ് സൂചിപ്പിച്ച പോലെയുള്ള ചില മാറ്റങ്ങളുണ്ട്.
❓ *ഈ വർഷം എത്ര കോളേജുകളിലേക്കാണ് അഡ്മിഷൻ ഉള്ളത്?*
സി.ഐ.സിക്ക് ആകെ 90 കോളേജുകളുണ്ട്. പക്ഷേ ഈ വർഷം 34 വാഫി കോളേജുകളിലേക്കും 18 വഫിയ്യ കോളേജുകളിലേക്കും 12 വഫിയ്യ ഡേ കോളേജുകളിലേക്കുമാണ് അഡ്മിഷൻ നൽകുന്നത്. മറ്റുള്ളവ പലതും ഡിഗ്രി, പി.ജി കോളേജുകളാണ്.
❓ *അലോട്ട്മെന്റ് എന്ത് മാനദണ്ഡപ്രകാരമായിരിക്കും?*
പ്രവേശന പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് അടിസ്ഥാനത്തിലായിരിക്കും.എസ്.എസ്.എൽ.സി മാർക്കുകൾ ഈ വർഷം പരിഗണിക്കുന്നില്ല. ഹിഫ്ള് കഴിഞ്ഞവർക്ക് അഞ്ച് മാർക്ക് പ്രത്യേക ടെസ്റ്റ് വഴി ബോണസ് ആയി ലഭിക്കുന്നതാണ്
*❓കട്ട് ഓഫ് മാർക്ക്, അലോട്ട്മെൻ്റ് എങ്ങനെയാണ്?*
മൊത്തം വിദ്യാർത്ഥികൾക്ക് ലഭിച്ച മാർക്കും ആകെ സീറ്റിൻ്റെ എണ്ണവും പരിഗണിച്ചാവും കട്ട് ഓഫ് മാർക്ക് നിർണ്ണയിക്കപ്പെടുക.
വിദ്യാർത്ഥിക്ക് ലഭിച്ച റാങ്ക് അടിസ്ഥാനത്തിൽ നൽകിയ ഓപ്ഷൻ പരിഗണിച്ച് ഏകീകൃതമായാണ് അലോട്ട്മെൻ്റ് നടത്തുക.100 % സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഈ പ്രക്രിയ നടക്കുക.വഫിയ്യയിൽ നിശ്ചിത മാർക്ക് പ്രാദേശിക വെയ്റ്റേജ് ലഭിക്കും.കഴിഞ്ഞ വർഷം ഇത് 1 മാർക്കായിരുന്നു.അതായത് നിങ്ങളുടെ പ്രദേശത്ത്/ അയൽ പ്രദേശത്ത് ഒരു വഫിയ്യ കോളേജ് ഉണ്ടെങ്കിൽ നിങ്ങൾക്ക് 1 മാർക്ക് വെയിറ്റേജ് ലഭിക്കും.മറ്റ് പരിഗണനകൾ ആർക്കും ലഭിക്കില്ല. അതിനാൽ സീറ്റ് ലഭിക്കാൻ ആരെയെങ്കിലും സമീപിച്ച് ശിപാർശ ചെയ്ത് സമയം കളയേണ്ടതില്ല. കാരണം മാനദണ്ഡം തെറ്റിച്ച് ഓരാൾക്ക് പോലും സീറ്റ് കൊടുത്ത സംഭവം വാഫിയുടെ ഇത് വരെയുള്ള ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
*❓ട്രയൽ അലോട്ട്മെന്റ് ഉണ്ടാകുമോ?*
അതെ. ട്രയൽ അലോട്ട്മെൻ് പ്രസിദ്ധീകരിച്ചതിനു ശേഷം അപ്ലിക്കേഷൻ നമ്പറും പാസ് വേഡും ഉപയോഗിച്ച് വിദ്യാർത്ഥികൾ തങ്ങളുടെ അലോട്ട്മെന്റ് സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്. ഇതോടൊപ്പം അപേക്ഷാ സമയത്തെ മുൻഗണനാ ക്രമത്തിന് (College Selection) ഓൺലൈനായി മാറ്റം വരുത്തി പുതിയത് സമർപ്പിക്കാവുന്നതാണ്.
*❓ വാഫി,വഫിയ്യ കോളേജുകളിൽ ഫീസ് ഉണ്ടോ?*
വിദ്യാർത്ഥി വിദ്യാർത്ഥിനികളിൽ നിന്നും സി.ഐ.സി അനുവദിക്കുന്ന ഫീസ് (സംഭാവന) സ്ഥാപനങ്ങൾക്ക് സ്വീകരിക്കാവുന്നതാണ്. വാഫി, വഫിയ്യ സ്ഥാപനങ്ങൾ പഠനം, ഭക്ഷണം ഇനത്തിൽ മാസം 3000 രൂപയും വഫിയ്യ ഡേ കോളേജുകൾ 1200 രൂപയുമാണ് സ്വീകരിക്കുന്നത്. കൂടുതൽ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ഉയർന്ന ഗ്രേഡും സ്റ്റാറുകളും നേടുന്ന സ്ഥാപനങ്ങളിൽ സി.ഐ സി ഫീസ് വർദ്ധനവ് അനുവദിക്കുന്നതാണ്.ഫീസ് വാങ്ങാത്ത സ്ഥാപനങ്ങളുമുണ്ട്. സ്ഥാപനങ്ങൾ സ്വീകരിക്കുന്ന ഫീസ് വിവരങ്ങൾക്കു ഈ വർഷത്തെ പ്രൊസ്പെക്ടസിൽ നൽകിയ അഫ്ലിയേറ്റഡ് കോളേജുകളുടെ പട്ടിക നോക്കുക. മെറിറ്റടിസ്ഥാനത്തിൽ തന്നെയാണ് പെയ്മെന്റ് സീറ്റുകളിലേക്കും തിരഞ്ഞെടുക്കപ്പെടുക.
*❓ മറ്റ് ഫീസുകൾ, ഡൊണേഷനുകൾ എന്നിവ ഉണ്ടാകുമോ ?*
സി.ഐ.സി അനുവാദത്തോടെ പ്രസിദ്ധീകരിച്ച ഫീസിനു (സി.ഐ.സി എൻറോൾമെന്റ് ഫീസ്:2000, കോളേജ് അഡ്മിഷൻ എസ്റ്റാബ്ലിഷ്മെന്റ ഫീ : 2000) പുറമെ യാതൊരു സംഭാവനയും കാപ്പിറ്റേഷനും അഡ്മിഷന്റെ ഭാഗമായി ഉണ്ടാകുന്നതല്ല.
*❓ പാവപ്പെട്ടവർക്ക് ഫീസിളവ് ഉണ്ടാകുമോ?*
ഉണ്ട് .20% സീറ്റുകൾ സി.ഐ.സി നിശ്ചയിക്കുന്ന മാനദണ്ഡപ്രകാരം നിർദ്ധനർക്കു സൗജന്യമായി നൽകുന്നതായിരിക്കും.
*❓ഫീസിളവ് ലഭിക്കാൻ എന്ത് ചെയ്യണം?*
നിശ്ചിത സാക്ഷ്യപത്രം പൂരിപ്പിച്ച് അലോട്ട്മെന്റ് സമയം ഹാജറാക്കേണ്ടതാണ്. ഓരോ കോളേജിലേക്കും അലോട്ട് ചെയ്യപ്പെടുന്നവരിൽ ഫീസിളവ് ഫോറം സമർപ്പിച്ച 20% പേർക്കായിരിക്കും മെറിറ്റ് ക്രമത്തിൽ ഫീസിളവ് ലഭിക്കുക. മറ്റുള്ളവർ പെയ്മെന്റ് സീറ്റിനു ഫീസ് നൽകാൻ ബാധ്യസ്ഥരാണ്. ഫീസിളവ് ഫോറം www.wafyonline.com ലെ ഡൗൺലോഡ്സ് ടാബിൽ ലഭ്യമാണ്.
*❓വാഫി,വഫിയ്യ കോളേജുകളിൽ മാനേജ്മെൻ്റ് സീറ്റുണ്ടോ?*
കേരളത്തിലും കർണ്ണാടത്തിലും സ്ഥിതി ചെയ്യുന്ന 90 വാഫി,വഫിയ്യാ സ്ഥാപനങ്ങൾ ഒരേ ലക്ഷ്യത്തിലും ആദർശത്തിലും വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്നവയാണ്.അതേസമയം വ്യത്യസ്തമായ സാമൂഹിക, പ്രാദേശിക ഭൂമികയിലാണ്താനും. ഈ യാഥാർത്ഥ്യം ഉൾക്കൊകൊണ്ടാണ് ആവശ്യമുള്ള കോളേജുകൾക്ക് ആകെ സീറ്റിൻ്റെ 20% മാനേജ്മെൻ്റ് സീറ്റ് ആകാമെന്ന ഗുണപരമായ തീരുമാനം സി.ഐ.സി സെനറ്റ് കൈകൊണ്ടത്.അതിനാൽ സാധാരണ നമ്മുടെ നാട്ടിൽ കാണുന്നത് പോലെയുള്ള " മാനേജ്മെൻ്റ് സീറ്റ് "നയമല്ല വാഫിയുടേത്.സാമ്പത്തിക താൽപര്യങ്ങളല്ല, മറിച്ച് സാമൂഹികവും അക്കാദമികവുമായ സംരക്ഷണമാണതിൻ്റെ കാതൽ.എൻട്രൻസ് പരീക്ഷയിൽ കട്ട് ഓഫ് മാർക്ക് നേടിയവർക്ക് മാത്രമേ മാനേജ്മെൻ്റ് സീറ്റിലേക്കും പ്രവേശനം ലഭിക്കൂ
❓ *വാഫി,വഫിയ്യ സിലബസ് ഈ വർഷം പരിഷ്കരിച്ചിട്ടുണ്ടോ?*
അതെ.ലോകോത്തര ഇസ്ലാമിക് യൂണിവേഴ്സിറ്റികള്‍ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രധാന വിഷയങ്ങളെല്ലാം ഉള്‍കൊള്ളുന്നതാണ് പരിഷ്കരിച്ച സിലബസ്.സുദീര്‍ഘമായ പഠനത്തിനു ശേഷമാണ് കരിക്കുലം പരിഷ്കരിച്ചത്. ആധുനിക ബോധന ശാസ്ത്ര രീതികളും (Pedagogy) രീതിശാസ്ത്രങ്ങളും (Methodology) പിന്തുടരുന്നതാണ് പുതിയ സിലബസ്.തംഹീദിയ്യ (രണ്ടു വര്‍ഷ പ്രിപ്പറേറ്ററി) ഘട്ടം ഏകദേശം പൂര്‍ണ്ണമായി ഭാഷാ പഠനത്തിനു മാറ്റി വെച്ചിരിക്കുന്നു.വിമർശനാത്മക ചിന്ത(Critical Thinking)ക്കു കൂടുതല്‍ പ്രധാന്യം നൽകുന്നു. പഠിതാക്കളുടെ അഭിരുചികൾ(Aptitude) തിരിച്ചറിഞ്ഞായിരിക്കും പാഠ്യേതര പരിശീലനങ്ങള്‍ നല്‍കുക. ഇഷ്ട വിഷയങ്ങള്‍ (സിലബസിനു പുറത്തു നിന്നു പോലും) തിരഞ്ഞെടുത്തു പഠിക്കാന്‍ നിയന്ത്രിതാവസരങ്ങളുണ്ട്.വാഫി, വഫിയ്യ, വഫിയ്യ ഡേ, സിലബസ്സുകള്‍ ഏറെക്കുറേ സമാനത പുലർത്തുന്നതാണ് പരിഷ്കരിച്ച സിലബസ്.
❓ *പ്ലസ് ടു തലത്തിൽ കുട്ടികൾക്കുള്ള കോഴ്സുകൾ ഏതൊക്കെയാണ്?*
വാഫികൾക്ക് ബയോളജി സയൻസ്,കെമേഴ്സ്, ഹ്യുമാനിറ്റീസ് ,CBSE സയൻസ് തുടങ്ങിയവയുo വഫിയ്യകൾക്ക് കെമോഴ്സ് , ഹ്യുമാനിറ്റീസ് സ്ട്രീമിലും പ്ലസ്ടു പഠനം നടത്താം
❓ *ഡിഗ്രീ തലത്തിലുള്ള കോഴ്സുകൾ ഏതൊക്കെയാണ്?*
സയൻസ്, ആർട്സ്, കോമേഴ്സ് വിഭാഗത്തിൽ UGC അംഗീകരിക്കന്ന വിവിധ കോഴ്സുകൾ നൽകുന്നുണ്ട്.
❓ *വഫിയ്യകൾക്ക് പി.ജി. ചെയ്യാൻ അവസരമുണ്ടോ?*
വാഫി കോഴ്സിൽ ഉള്ളത് പോലെ തന്നെ ആറ് ഡിപ്പാർട്ട്മെന്റികളിലായി പി.ജി പഠനം വഫിയ്യകൾക്കുമുണ്ട്. മാത്രമല്ല,വഫിയ്യകൾക്ക് ഡിസ്റ്റൻസായി പി.ജി ചെയ്യാനുള്ള സൗകര്യം ഈ വർഷം ആരംഭിച്ചിട്ടുണ്ട്.
❓ *വാഫി,വഫിയ്യ ബിരുദം നേടാൻ യൂണിവേഴ്സിറ്റി ബിരുദം നിർബന്ധമാണോ ?*
അതെ. UGC അംഗീകൃത ഡിഗ്രി നേടുന്നവർക്കേ വാഫി വഫിയ്യ ബിരുദം നൽകുകയുള്ളൂ.
❓ *വാഫി, വഫിയ്യ സർട്ടിഫിക്കറ്റുകളുടെ മൂല്യം?*
അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റി ലീഗ് അംഗീകാരവും നിരവധി ലോകോത്തര യൂണിവേഴ്സിറ്റികളുടെ അംഗീകാരവും നിലവിൽ വാഫി-വഫിയ്യ സർട്ടിഫിക്കറ്റുകൾക്കുണ്ട്.
❓ *വാഫി*- *വഫിയ്യകൾക്കുള്ള തുടർപഠന സാധ്യതകൾ എന്തൊക്കെയാണ്?*
യുജിസി അംഗീകൃത ഡിഗ്രി ചെയ്യുന്നതിനാൽ മറ്റ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും വാഫി വഫിയ്യ ബിരുദധാരികൾക്കും ലഭിക്കും.പുറമേ ഇസ്ലാമിക് പഠന രംഗത്തും ഭാഷാ സാങ്കേതിക രംഗത്തും ഒരുപാട് സാധ്യതകൾ വേറെയുമുണ്ട്.
❓ *വാഫി, വഫിയ്യ കൊണ്ട് സമൂഹത്തിനുണ്ടായ നേട്ടങ്ങൾ എന്തൊക്കെ?*
പൂർവ്വ വിദ്യാർത്ഥികളാണ് ഏതു വിദ്യാഭ്യാസ സംവിധാനവും അളക്കാനുള്ള മാനദണ്ഡം. പഠനം പൂർത്തിയാക്കിയ വാഫികൾ ഈജിപ്തിലെ അൽ അസ്ഹർ, കൈറോ, മലേഷ്യയിലെ ഗ്ലോബൽ യൂണിവേഴ്സിറ്റി ഓഫ് ഇസ്ലാമിക് ഫിനാൻസ്, ഇന്ത്യയിലെ ജെ.എൻ.യു, അലിഗഡ്, ജാമിഅഃ മില്ലിയ്യഃ, മറ്റ് കേന്ദ്ര സർവ്വകലാശാലകൾ, ഐ.ഐ.ടി തുടങ്ങിയ മതഭൗതിക രംഗങ്ങളിലെ വിശ്വോത്തര യൂണിവേഴ്സി റ്റികളിൽ ഉപരിപഠന-ഗവേഷണങ്ങൾക്കു അവസരം നേടുന്നു. പലരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രബോധനത്തിനുതകും വിധം അധ്യാപന, മാധ്യമ, ബിസിനസ് മേഖലകളിൽ സേവനമനുഷ്ടിക്കുകയും ചെയ്യുന്നു. അക്കാദമിക ചിന്താ സാഹിത്യ രംഗങ്ങളിൽ ലോകശ്രദ്ധ നേടിയ രചനകൾ കാഴ്ച വെക്കാനായവരും കൂട്ടത്തിലുണ്ട്. മതഭൗതിക അദ്ധ്യാപന രംഗങ്ങളിലും പ്രബോധന പ്രഭാഷണ മേഖലകളിലും ഉപരിപഠനഗവേഷണ മേഖലകളിലും ചുരുങ്ങിയ കാലയളവിൽ തന്നെ സജീവ സാന്നിദ്ധ്യമാവാൻ വഫിയ്യകൾക്കും സാധിച്ചിട്ടുണ്ട്. വാഫികളുടേയും വഫിയ്യകളുടേയും സംസ്ഥാന തല അലുംനി അസോസിയേഷനുകൾ വിദ്യാഭ്യാസ, പ്രബോധന, ട്രൈനിംഗ് രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
❓ *വഫിയ്യ പൂർത്തിയാക്കിയവർക്ക് മറ്റ് ഇസ്ലാമിക യൂണിവേഴ്സിറ്റികളിൽ പ്രവേശനം സാധ്യമാണോ?*
മുമ്പ് സൂചിപ്പിക്കപ്പെട്ടത് പോലെ സി.ഐ.സി യുടെ അന്താരാഷ്ട്ര അക്കാദമിക സഹകരണ ധാരണകൾ പ്രയോജനപ്പെടുത്തി വഫിയ്യകൾക്കും ഉന്നത പഠന രംഗത്തേക്ക് വരാനുള്ള അവസരമുണ്ട്.
➖➖➖➖➖➖➖➖➖➖➖
വോയ്സുകൾ കേട്ടെഴുതി അഭിമുഖം തയ്യാറാക്കിയത്:
*ഹാഫിള ഹാദിക ഷഹന*
(ബാഫഖി വഫിയ്യ കോളേജ്, വളവന്നൂർ)
*സഫ പി.കെ*
(ബാഫഖി വഫിയ്യ കോളേജ്, വളവന്നൂർ)
*ഫാത്വിമ സഹ്റ*
(WMO വഫിയ്യ കോളേജ്, വയനാട്)

2 Comments
അഭിനന്ദനാർഹം
ReplyDeleteMost awaited work.
ReplyDelete