ആധുനിക ചായക്കട

____________________


വൈറസുകളും ഫംഗസുകളും കോലം മാറി വരുന്ന ഓൺലൈൻ യുഗത്തിൽ,പ്രതിഷേധങ്ങളും പ്രതികരണങ്ങളും തെരുവിൽ നിന്ന് ഓൺലൈനിലേക്ക് കുരുങ്ങി  പീടികത്തിണ്ണകളിലെ കഥ പറഞ്ഞിരിക്കലുകളൊക്കെ നൊസ്റ്റാൾജിയ എന്ന തലക്കെട്ടിലേക്ക് മാറിയപ്പോൾ ആഗോള കാര്യങ്ങൾ മുതൽ അടുക്കളയിലുള്ള ഉപ്പിൻ്റെ അളവ് വരെ ചർച്ച ചെയ്യപ്പെടുകയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഒരിക്കലെങ്കിലും നിങ്ങൾ കേട്ട ട്രെൻഡിങ് ആപ്പായ *ക്ലബ്ഹൗസ്*. ആകർഷണീയമായി ശ്രോതാക്കളെ ക്ഷണിക്കുകയും ചർച്ചകളിൽ യഥേഷ്ടം പങ്കെടുക്കാനും കേൾവിക്കാരനാവാനും അവസരമൊരുക്കുകയും ചെയ്യുന്നതിലൂടെ വ്യത്യസ്തത പുലർത്തുകയാണ് ഈ പ്ലാറ്റ്ഫോം. ആശയക്കൈമാറ്റത്തിന് വ്യക്തികൾ കാണണമെന്നത് ഒരു തരത്തിലും മാനദണ്ഡമാകുന്നില്ലെന്നത് സാമാന്യബോധമുള്ള ഏതൊരാൾക്കും ഇതിലൂടെ മനസ്സിലാക്കാവുന്നതേയുള്ളൂ...കൂടാതെ വാക്കുകളുടെ സൗന്ദര്യത്തെ അനുഭവിക്കാനും,ഒരു നല്ല കേൾവിക്കാരനാകാനും നല്ലൊരു ഡിബേറ്ററാവാനുമൊക്കെയും സാധ്യമാകുകയാണ് വെറുമൊരു ഡാറ്റ ഓൺ ഓഫിനപ്പുറം...! സമകാലിക വിഷയങ്ങളിൽ തത്പരരായവർക്ക് അങ്ങനേയും, പാട്ടുകാർക്ക് പാടാനും, പൊളിറ്റിക്കൽ ടൈംപാസ് എന്നിങ്ങനെ നമ്മുടെ ഇഷ്ടത്തിന് ഓപ്പൺ ,സോഷ്യൽ , ക്ലോസ്ഡ് റൂമുകൾ ക്രിയേറ്റ് ചെയ്യാനും നിലവിലുള്ളതിൽ പങ്കെടുക്കാനും അഭിപ്രായങ്ങൾ പറയാനും പ്രതികരിക്കാനും , പഴയ പരിചയങ്ങൾ പുതുക്കാനും പുതിയ പരിചയക്കാരെ സൃഷ്ടിക്കാനും വേദിയാകുന്നത് വെറുമൊരു സ്റ്റാർട്ടപ്പിൽ നിന്നുള്ള വിജയമാണെന്നത് ഏറെ അഭിനന്ദനാർഹമായ നേട്ടമാണ്. 2020 ൽ രോഹൻ സേത്ത് എന്ന ഇന്ത്യൻ വംശജനായ അമേരിക്കകാരൻ്റെ ശ്രമങ്ങളിൽ അവസാനമായി വിജയം കൊണ്ട കൂടിയിരിപ്പു കേന്ദ്രമാണീ ക്ലബ്ഹൗസ്. 


ഇങ്ങനെയൊക്കെ ആണെങ്കിലും അവിടേയും ചില സാത്താനിസ്റ്റ് കടന്നുവരവ് പ്രതീക്ഷിക്കാവുന്നതാണല്ലോ...അത്തരത്തിൽ പ്രത്യക്ഷമായ ചില 'അ'സ്വതന്ത്ര ചിന്തകരാണ് കഴിഞ്ഞ ദിവസങ്ങളിൽ വളരെയേറെ ചർച്ചയ്ക്കു വിഷയമായതും ,ആയിക്കൊണ്ടിരിക്കുന്നതും. ഇസ്ലാമോഫോബിയ വളർത്താനും, ഓർത്തഡോക്സ് വിശ്വാസികളുടെ ഹൃദയത്തെ വൃണപ്പെടുത്താനും, സെക്യൂലറിസം എന്ന നമ്മുടെ രാജ്യത്തിൻ്റെ നിലപാടിനെ ഭംഗം വരുത്താനുമെന്നോണം ചിലർ ഒളിഞ്ഞും തെളിഞ്ഞും കൂരമ്പുകളെറിഞ്ഞ് കൊണ്ടിരിക്കുന്നത് കണ്ടവരാണ് നമ്മളിൽ പലരും. നിലപാടിൻ്റെ കരുത്തും നേതൃപാടവത്തിൻ്റെ പൊരുത്തവും കൈമുതലായി ഉള്ളിടത്തോളം കാലം ചില കോട്ടകൾ അങ്ങനെ തന്നെ നിൽക്കുമെന്നും ഒരുമയുടെ ബലമെന്തെന്നും ശബ്ദിച്ചു കാണിച്ച് കൊടുക്കുകയാണ് ഇന്ന് പല റൂമുകളുമെന്നത് അഭിമാനിക്കാനേറെ നൽകുന്നുണ്ട്. 

മതേതരത്വത്തിൻ്റെ ചങ്ങലകൾ തകരാതെ ഏതൊരു സമയത്തും ശക്തവും  യുക്തിയും നിറഞ്ഞ തീരുമാനങ്ങൾ കൊണ്ട് ബന്ധങ്ങളെ കാത്ത് സൂക്ഷിക്കാനും കാണിച്ചു തരുന്ന മുൻനിരയിലുള്ള പണ്ഡിതന്മാർ തന്നെയാണ് വഴികാട്ടികൾ. സ്വതന്ത്ര ചിന്തകരെന്ന ലേബലിൽ ചീഞ്ഞ നാടകങ്ങൾ ഇറക്കുന്നവരുടെ വീർപ്പ് മുട്ടലുകൾ അവർ വാദിക്കുന്ന അസ്വതന്ത്രർ തന്നെ വലിച്ചു കീറിയതാണല്ലോ...ഇനിയെങ്കിലും ആ അസ്വതന്ത്രചിന്തകരുടെ ചിന്തകൾക്ക് സ്വാതന്ത്ര്യം ലഭിക്കട്ടെയെന്ന് പ്രത്യാശിക്കാം.ഇതിനിടയിൽ ചില ഓൺലൈൻ ആങ്ങളമാർ, സമൂഹത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്നവരെ കരിവാരി തേക്കാൻ ചിലർ ഫേക്ക് ഐഡികളുമായി റൂമ്റൂമാന്തരം കയറിയിറങ്ങുന്നുണ്ടെന്നത് ഇനിയും ഉണരാത്ത ഒരു കൂട്ടം ആളുകൾ നമുക്ക് ചുറ്റുമുണ്ടെന്നതിലേക്ക് വിരൽ ചൂണ്ടുന്നു. ക്രിയേറ്റിവിറ്റി കൊണ്ട് സ്മാർട്ട് ആവുന്ന പുതിയ കാലത്ത് ക്ലബ്ഹൗസ് തികച്ചും ക്രിയാത്മകമായ ഒന്നാണെന്ന് പറയാതെ നിർത്തിയാൽ ശരിയാകില്ലല്ലോ....നന്മയുള്ള ഒരുപാട് ചർച്ചകൾ ഓരോ റൂമിലും വിരിയട്ടെ ...അത്തരത്തിൽ ഒന്നായി നമുക്ക് അതിനെ ഒരുക്കാം...

ശുഭം