നായകത്വം ;അത് പ്രവാചകരിൽ പരിപൂർണ്ണമാണ്.
________________________
സംഗീതത്തെപോലെ ആർദ്രസുന്ദരമായ, ഇളങ്കാറ്റിനെപോലെ കുളിരുപകർന്ന,
ഭൂമിയേക്കാൾ ക്ഷമിച്ച,ആകാശം പോലെ പ്രവിശാലമായ വ്യക്തിത്വത്തിനുടമയായിരുന്നു പരിശുദ്ധ പ്രവാചകൻ ﷺ.
അൽ-അമീനെന്ന വിശ്രുത നാമം വന്ന് ചേർന്നത് മക്കിയ്യുകൾക് സമാദരണീയനായ തിരുനബി ﷺ യുടെ അഗാധമായ വിശ്വസ്തതയിൽ വേരൂന്നിയ ബാല്യത്തിലായിരുന്നു.ഒരാൾപൊക്കം മാത്രമുണ്ടായിരുന്ന മേൽക്കൂരയില്ലാത്ത ആ വിശുദ്ധകഅ്ബയുടെ പുനർനിർമ്മാണ വേളയിൽ സ്വർഗീയ സൗരഭ്യം വീശുന്ന കറുത്തശില പ്രതിഷ്ഠിക്കേണ്ടതാരെന്ന ഭിന്നതയിൽ മധ്യസ്ഥനായി കടന്നുവന്നതിൽ നിന്ന് തുടങ്ങുന്നു അവിടുത്തെ അമൂല്യമായ നേതൃപാഠവം വിളിച്ചോതുന്ന കർമങ്ങൾ.. അബൂഖുബൈസ് പർവതത്തിന്റെ ചെരിവിലേക് ഉറ്റവരെയെല്ലാം വിളിച്ചുചേർത്ത് പ്രബോധനവീഥിയിലേക്കുള്ള തിരികൊളുത്തിയപ്പോൾ പിതൃ സഹോദരന്മാർക്ക് മുന്നിൽ കൂടുതൽ സ്ഥൈര്യത്തോടെ നിവർന്നു നിൽക്കാൻ കഴിഞ്ഞത് അവിടത്തെ അനന്തമായ ഈമാനിക ഊർജ്ജം കൊണ്ടുതന്നെ.
ദാറുൽ അർഖമിന്റെ കുടുസ്സുമുറികളിൽ നൂറാനിയ്യത്തിന്റെ വിസ്മയം തീർത്ത് രഹസ്യപ്രബോധനത്തിൽ കഴിയുകയും പിന്നീടത് ഇസ്ലാമിലെ ആദ്യ പാഠശാലയായി മാറുകയും ചെയ്തത് ആ ലോകനേതാവിന്റെ ശ്രമഫലമെങ്കിൽ, പള്ളിയിലെ ദീർഘമായ തൂണുകൾക്കു ചാരയായി പാവങ്ങളായ പുതുവിശ്വാസിക്കൾക്കായി ഒഴിച്ചുവെച്ച താമസസ്ഥലവും അവിടുത്തെ കാരുണ്യഹസ്തത്തിന്റെ ചെയ്തിയാൽ തന്നെയുണ്ടായതാണ്. "അഹ്ലുസ്സുഫത്ത്" എന്ന് ചരിത്രം വിശേഷിപ്പിച്ച അവരെ സൽക്കരിക്കാൻ അനവധി കരങ്ങൾ നീണ്ടതിന്റെ മൂലകാരണം അത് പ്രവാചകന്റെ വാതിൽ പടിയോട് ചേർന്നതിനാലാകണം...
സർവ്വോപരി സമസ്ത സമൂഹത്തിനായി സ്വയം സമർപ്പിച്ച മദീനയുടെ ധീരനായകൻ!
നബി ﷺയുടെ പതിനഞ്ചാം വയസ്സിൽ പിതൃവ്യന്മാർ മുന്നണി സൈന്യമായിരുന്ന "ഫിജാർ "യുദ്ധത്തിൽ സമാധാനം കെട്ടിപ്പടുക്കുന്നതിന് യുദ്ധം അനിവാര്യമാകുമെന്ന പാഠം അവിടുന്ന് ഉൾക്കൊണ്ടിരുന്നു. ഒടുവിൽ ഏതാനും വർഷങ്ങൾക് ശേഷം പ്രസ്തുത രക്തചൊരിച്ചിൽ അതിന്റെ പര്യവസാനത്തിൽ എത്തിയത് "ഹിൽഫുൽ ഫുളൂൽ" എന്ന യുദ്ധവിരുദ്ധ കരാറിന് മക്ക സാക്ഷിയായതിലൂടെയാണ്.
പ്രവാചകജീവിതം സാമൂഹ്യ സേവനവീഥിയിലെ സുവർണ്ണ രേഖകളാണിന്നും.
ജനങ്ങളോട് അടുത്തിടപഴകുന്ന വിശ്വാസിയാണ് അന്തർമുഖിയായ വിശ്വാസിയേക്കാൾ സമുന്നതനെന്ന തിരുവാക്യത്തെ അവിടുത്തെ രീതികൾ തീർത്തും അന്വർത്ഥമാക്കിയിരുന്നു. ഭാരമേറിയ വിറകിൻചുമട് വീട്ടിലെത്തിക്കാനാവാതെ കനിവ് തേടിയ വൃദ്ധസ്ത്രീക്കരികിൽ സഹായഹസ്തമായി കടന്ന് ചെന്നപ്പോഴും,പശിയടക്കാനാവാതെ കല്ല് വെച്ചു കെട്ടിയ വയറുമായി കഷ്ടപ്പെടുന്നവർക്ക് ആശ്വാസത്തിന്റെ തെളിനീരുവ ഒഴുക്കിയപ്പോഴുംസാമൂഹ്യ സേവനം അവിടുത്തെ പ്രബോധനരംഗത്തെ ആയുധമാണെന്ന് ലോകർക്ക് വെളിപ്പെടുത്തുകയായിരുന്നു.
നാവിന് കടിഞ്ഞാണിടാനാവാത്ത പൊള്ളവാദങ്ങൾ ഉന്നയിക്കുന്നവർ, യുദ്ധകൊതിയന്മാരായായി മുസ്ലിം സമൂഹത്തെ ചിത്രീകരിക്കുമ്പോൾ പ്രവാചകൻ പറഞ്ഞുതന്ന യുദ്ധമുറകൾ അവർ ഒരുപക്ഷെ കേൾക്കാൻ വകയുണ്ടാവില്ല. മാനുഷിക മൂല്യങ്ങൾക്കും പ്രകൃതി സംരക്ഷണത്തിനും പ്രോത്സാഹനം നൽകിക്കൊണ്ടുള്ള തിരുദൂതരുടെ അന്ത്യോപദേശങ്ങൾ അവർ ചരിത്രങ്ങളിൽ കണ്ടിട്ടില്ലായിരിക്കാം.
യുദ്ധത്തിൽ കുഞ്ഞുങ്ങൾ കൊലചെയ്യപ്പെട്ടുവെന്നറിഞ്ഞ് വിഷമിച്ചപ്പോൾ അത് ശത്രുക്കളുടെ മക്കളാണെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ച അനുയായികളോട് ആരുടെ മക്കളായാലെന്ത് എന്ന് ചോദിച്ച് പൊട്ടിക്കരഞ്ഞ സ്നേഹറസൂലാണ് ഈ ഉമ്മത്തിന്റെ അമരക്കാരൻ....
സൗഹാർദ്ദവും ആർദ്രതയും ജീവവായുവായി നെഞ്ചേറ്റിയ ഇസ്ലാമിനെയാണ് പ്രവാചകരും അനുചരന്മാരും സ്വപ്നം കണ്ടത്. റസൂലിനെ, സമകാലികരായ ഭരണാധികാരികൾക്ക് വിഭിന്നമായി പരുക്കൻ ജീവിതം നയിക്കാൻ തെരഞ്ഞെടുത്തതും സമുദായത്തിനായി ഒട്ടേറെ ത്യാഗങ്ങൾ പേറി ജീവിക്കാൻ പ്രാപ്തനാക്കിയതും ഈയൊരു സാക്ഷാത്കാരത്തിനു വേണ്ടി തന്നെയാണ്. ഏതൊരു മുസ്ലിമിനും ജീവിതത്തിന്റെ സർവ മേഖലകളിലേക്കും ആവശ്യമായ പാഠങ്ങൾ പകർത്തിയെടുക്കാവുന്ന ഒരു തുറന്ന പുസ്തകമായ പ്രവാചക തിരുമേനി ﷺ മനുഷ്യ സമൂഹത്തിനാകെയും മാതൃകാനേതാവും അനുരാഗികൾക്ക് പ്രേമഭാജനവുമാണ്. പ്രപഞ്ചാസ്തിത്വത്തിന് തന്നെ ഹേതൂഭൂതരായ മുഹമ്മദ് ﷺയുടെ 63 വർഷത്തെ കളങ്കമറ്റ ജീവിതത്തിന്റെ ഏഴയലത്തുപോലും എത്താനാവാത്ത ഈ പാപികളെ അവിടുത്തെ ശഫാഅത്തിന്റെ സ്തുത്യർഹമായ നിമിഷങ്ങളെ സ്വായത്തമാക്കാനുതകുംവിധം പ്രവർത്തിക്കാൻ പ്രപഞ്ച നാഥൻ തുണക്കട്ടെ... ആമീൻ
_____________________
ഫാത്തിമ ഫസ്ന പി
ദാറുൽ അൻവാർ വഫിയ്യ കോളേജ്, പള്ളിപ്പുറം
4 Comments
😍
ReplyDeleteAameen🤲
ReplyDelete🥰🤝
ReplyDeleteآمين آمين آمين يا رب العالمين 🤲
ReplyDelete