സൂറത്തുൽ മാഇദ:
മതനിയമങ്ങളുടെ കലവറ
പരിശുദ്ധ ഖുർആനിൽ അഞ്ചാമത്തെ അധ്യായമായ സൂറത്തുൽ മാഇദ സൂറത്തുൽ ഫത്ഹിനു ശേഷം അവതീർണമായതാണ്. മറ്റു സൂറത്തുകളിൽ ഒന്നും തന്നെ പറയപ്പെടാത്ത 18 ഓളം മതവിധികൾ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. പ്രവാചകൻ (സ്വ)വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് ഈ സൂറത്ത് അവതരിക്കുന്നത് എന്നും ഒട്ടകത്തിന് അത് വഹിക്കാൻ കഴിയാതെ വന്നപ്പോൾ പ്രവാചകൻ ഒട്ടകപ്പുറത്തു നിന്നിറങ്ങി എന്നും ചരിത്രത്തിൽ കാണാൻ സാധിക്കുന്നതാണ്.
വളരെ പ്രത്യേകതകളും ശ്രേഷ്ഠതകളും നിറഞ്ഞ ഈ സൂറത്ത് ദാരിദ്ര്യം ഭയക്കുന്ന വീട്ടിൽ ഓതുകയാണെങ്കിൽ സമ്പൽസമൃതി കൈവരുമെന്നും കുടുംബജീവിതത്തിൽ പ്രയാസം നേരിടുന്നവർ പതിവാക്കിയാൽ എല്ലാ വിഷമങ്ങളും നീങ്ങുമെന്നും മുൻഗാമികൾ രേഖപ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല, പരിശുദ്ധ ഖുർആനിൽ അവസാനം അവതരിച്ച
الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ(5:3)
എന്ന ആയത്ത്
ഉള്‍ക്കൊള്ളുന്ന അധ്യായം കൂടിയാണിത്.
ഈസാ നബി(അ)ന്റെ പ്രവാചകത്വത്തിന് തെളിവായി അദ്ദേഹത്തിന്റെ അനുയായികള്‍ ആകാശത്ത് നിന്ന് ഭക്ഷണത്തളിക ഇറക്കാന്‍ ആവശ്യപ്പെടുകയും അല്ലാഹു അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. ഈ സംഭവമാണ് ഈ സൂറത്തിന് 'മാഇദ' (ഭക്ഷണത്തളിക) എന്ന പേര് വരാനുള്ള കാരണം.സൂറത്തുൽ അഹ്ബാർ, സൂറത്തുൽ ഉഖൂദ് എന്നീ രണ്ട് പേരുകൾ കൂടെ ഈ സൂറത്തിനുണ്ട്.
പലതരം കരാർബന്ധങ്ങളെക്കുറിച്ചും ഈ സൂറത്തില്‍ വിവരിക്കപ്പെട്ടിട്ടുള്ളതിനു പുറമെ ഇതിന്റെ തുടക്കം തന്നെ കരാറുബന്ധങ്ങളെ നിറവേറ്റണമെന്ന് കല്പിച്ചുകൊണ്ടുമാണ്.
മദനീ സൂറത്ത് ആയതിനാൽ തന്നെ പൊതു നിയമങ്ങളും അതിനോട് അനുബന്ധിച്ചുള്ള ചരിത്ര സംഭവങ്ങളും ഈ സൂറത്തിൽ നമുക്ക് കാണാം.
ഒരിക്കൽ ഒരു യഹൂദി ഉമർ ബിൻ ഖത്താബ് (റ) ൻ്റെ അടുക്കൽ വന്ന് പറഞ്ഞു പറഞ്ഞു: ഓ അമീറുൽ മുഅ്മിനീൻ, നിങ്ങളുടെ കിതാബിലെ നിങ്ങൾ ഓതുന്ന ഒന്ന് ഞങ്ങൾക്ക്(യഹൂദി) ആണ് ഇറങ്ങിയിരുന്നെങ്കിൽ ഞങ്ങൾ ആ ദിവസത്തെ പെരുന്നാൾ ദിവസമാക്കുമായിരുന്നു. അപ്പോൾ ഉമർ(റ) ചോദിച്ചു :ഏതാണ് ആ ആയത്ത്? അപ്പോൾ യഹൂദി പറഞ്ഞു:
الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ[5:3]
എന്ന ആയത്താണത്.
അപ്പോൾ ഉമർ(റ) പറഞ്ഞു : അല്ലാഹുവാണേ സത്യം.. നിശ്ചയമായും ഞാൻ ആ ദിവസത്തെ ഏറ്റവും കൂടുതൽ അറിയുന്നവനാണ്. ഞങ്ങൾ നബിയുടെ കൂടെ ആയിരിക്കെയാണ് ഇത് ഇറങ്ങിയത് . അതൊരു വെള്ളിയാഴ്ചയായിരുന്നു നബി അറഫയിൽ നിൽക്കുകയായിരുന്നു.
(ബുഖാരി)
ആയിഷ (റ) എന്നവരെ തൊട്ട് റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം മഹതി ആയിഷ (റ) പറഞ്ഞു:ഞങ്ങൾ മദീനയിലേക്ക് പോകുന്ന വഴിയിൽ ബൈദാഅ് എന്ന സ്ഥലത്ത് വെച്ച് എൻ്റെ മാല വീണ് പോയി. നബിയുടെ ഒട്ടകത്തെ മുട്ടുകുത്തിച്ച് എൻ്റെ മടിയിൽ കിടന്നു. അബൂബക്കർ (റ) എന്റെ അടുക്കലേക്ക് വരികയും ഒരു മാലയുടെ മേൽ ജനങ്ങളെ തടഞ്ഞു വെച്ചിരിക്കുകയാണോ? എന്ന് ചോദിക്കുകയും ചെയ്തു.
നബി (സ്വ)ഉണർന്നപ്പോൾ സുബ്ഹിയുടെ സമയമായിരുന്നു. വുളു ചെയ്യാൻ വേണ്ടി വെള്ളം അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. ഈ സന്ദർഭത്തിലാണ് തയമ്മും ചെയ്യാൻ കൾപ്പിച്ചുകൊണ്ടുള്ള
وَإِن كُنتُم مَّرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ ۚ[5:6]
ഈ ആയത്തിറങ്ങുന്നത്.
ഇതുപോലെ നീതി,നിഷിദ്ധമാക്കപ്പെട്ട ഭക്ഷ്യസാധനങ്ങള്‍ ,മതത്തിന്റെ പൂര്‍ത്തീകരണം,വേദക്കാരുമായുള്ള വിവാഹം,വുദ്വു, തയമ്മും രൂപങ്ങള്‍,ചൂതാട്ടം,മദ്യപാനം ,ശകുനം നോക്കല്‍ ,മോഷണം, സത്യലംഘനം,നന്മയിലുള്ള സഹകരണം,കരാര്‍ പാലനം,അനുവദനീയമായ ഭക്ഷ്യവസ്തുക്കള്‍,
ജനാബത്ത് ,ഭൂമിയിലെ ആദ്യ കൊലപാതക സംഭവം തുടങ്ങിയ നിരവധി സംഭവങ്ങളും വിധികളും ആണ് 120 ആയത്തുകളിലായി ഈ സൂറത്തിൽ പ്രതിപാദിക്കുന്നത്.
Safnath
Hannath
Darul Athfal Wafiyya College Koppam
2 Comments
ماشاء اللّٰه ❤️ Great
ReplyDeleteMa sha allah 👍👍👍
ReplyDelete