അൽ -ഇസ്രാഅ്; ദൃഷ്ടാന്തങ്ങളിലെ സൂചനാവിഷ്കാരങ്ങൾ
പരിശുദ്ധ ഖുർആനിലെ പതിനേഴാം അധ്യായമായ സൂറത്തുൽ ഇസ്രാഇലിൽ തന്റെ ദാസനെ,ചില ദൃഷ്ടാന്തങ്ങൾ കാണിക്കുന്നതിന് വേണ്ടി മസ്ജിദുൽ ഹറമിൽ നിന്ന് മസ്ജിദുൽ അഖ്സയിലേക്ക് ഒരു രാവിൽ സഞ്ചാരം നടത്തിയതിന്റെ വിശദീകരണമാണ് പ്രതിപാതിക്കുന്നത്. സൂറത്ത് ബനൂ ഇസ്രാഈൽ,സൂറത്ത് സുബ്ഹാൻ എന്നും ഇതിന് പേരു പറയപ്പെടുന്നു. ഇസ്രാഈലുകാരുടെ ചരിത്ര സംഭവങ്ങൾ പലതും വിവരിക്കപ്പെടുന്നതിനാൽ സൂറത്ത് ബനൂ ഇസ്രാഈൽ എന്നും, സുബ്ഹാൻ എന്ന പേര് സൂറത്തിന്റെ തുടക്കത്തെയും, ഇസ്രാഅ് എന്ന പദപ്രയോഗം ഇസ്രാഅ് സംഭവത്തെയും സൂചിപ്പിക്കുന്നു. ഇത് മക്കിയ്യായ സൂറത്തുകളിൽ എണ്ണപ്പെടുന്നുണ്ടെങ്കിലും അവസാനത്തിലെ ഏതാനും ചില സൂക്തങ്ങൾ മദീനയിൽ അവതരിച്ചതാണെന്നും സ്ഥിരപ്പെട്ടിട്ടുണ്ട്.ഒന്നാം സൂക്തമൊഴിച്ച് മറ്റുള്ള സുക്തങ്ങളെല്ലാം അലിഫിലാണ് അവസാനിക്കുന്നത്.
കണ്ണെത്തും ദൂരത്ത് കാൽപാദങ്ങൾ വയ്ക്കുന്ന അതുല്യ വാഹനപ്പുറത്ത്(ബുറാഖ്) യാത്രികനായി ലോകനേതാവ് മുഹമ്മദ് നബി (സ്വ ) യും സഹയാത്രികനായി ജിബ്രീൽ (അ ) ഉം പ്രപഞ്ച സ്രഷ്ടാവുമായി അഭിമുഖ സംഭാഷണത്തിനായി പുറപ്പെട്ട യാത്രയാണ് ഇസ്രാഅ്. നബി (സ്വ )യുടെ 52 ആം വയസ്സിൽ റജബ് മാസം 27 രാത്രിയിലാണ് ലോകത്തെ ഏറ്റവും അത്ഭുതകരമായ യാത്ര സംഭവിക്കുന്നത്.
*سُبْحَـٰنَ ٱلَّذِىٓ أَسْرَىٰ بِعَبْدِهِۦ*
ഇവിടെ അടിമ എന്നുള്ള പരാമർശത്തിന്റെ അടിസ്ഥാനം, ആത്മാവും ശരീരവും ഒരുമിച്ചുണ്ടായിരിക്കെയാണ് (സ്വപ്നദർശനമല്ല ) പ്രയാണം നടന്നതെന്നതിന്റെ തെളിവാണ്. എല്ലാ രാത്രിയിലും നബി (സ്വ ) സൂറത്തു ബനൂഇസ്രാഈലും, സൂറത്തുസുമറും ഓതാറുണ്ടായിരുന്നുവെന്ന് ആയിശ(റ ) പ്രസ്ഥാവിച്ചതായി അഹ്മദ്, തുർമുദി, നസാഈ (റ ) എന്നിവർ നിവേദനം ചെയ്തിരിക്കുന്നു.
അല്ലാഹുവിന്റെ നടപടിക്രമങ്ങളിലേക്കു സഗൗരവം ശ്രദ്ധ ക്ഷണിക്കുന്നതാണ് തുടർന്നുള്ള ആയത്തുകൾ. തൗറാത്ത് നൽകപ്പെടുകയും ഒട്ടേറെ പ്രവാചകരെ നിയോഗിക്കുകയും നിരവധി അനുഗ്രഹങ്ങൾ കനിഞ്ഞേകുകയും ചെയ്തിട്ടും അതെല്ലാം വിസ്മരിക്കുകയും അഹങ്കാരം നടിക്കുകയും ചെയ്തപ്പോൾ സ്വേച്ഛാതിപതികളായ രാജാക്കന്മാരെ കൊണ്ട് അള്ളാഹു അവരെ അടിച്ചമർത്തുകയും കഠിന പരീക്ഷണങ്ങളാൽ അവരെ ബുദ്ധിമുട്ടിലാക്കുകയും ചെയ്തു. ജാലൂത്ത് (Goliath), സിൻഹരീബ്, ബേബിലോണിയൻ ചക്രവർത്തി നെബുക്കഡ്നെസ്സർ (Nebuchadnezzar) തുടങ്ങി ക്രൂര ഭരണകർത്താക്കളുടെ ചെയ്തികളാൽ അവർക്ക് നാശനഷ്ടങ്ങൾ സംഭവിച്ചുകൊണ്ടേയിരുന്നു. തീർച്ചയായും പരമകാരുണ്യവാനിലേക്ക് നിങ്ങൾ പശ്ചാതപിച്ച് മടങ്ങുന്ന പക്ഷം നിങ്ങളുടെ മേൽ കരുണ ചെയ്യുകയും ധിക്കാരത്തിലേക്ക് വീണ്ടും നിങ്ങൾ തിരിച്ചുനടക്കുകയാണെങ്കിൽ കാഠിന്യമേറിയ ശിക്ഷാമുറകൾ അവൻ നടപ്പിലാക്കുന്നതുമാണ്.
തന്റെ പ്രവർത്തികളുടെ ഗുണവും ദോഷവുമെല്ലാം രേഖ മുഖേന ഖിയാമത്ത് നാളിൽ വെളിവാക്കപ്പെടുന്നതും അതിന്റെ പരിണിത ഫലങ്ങൾ അവൻ അനുഭവിക്കുന്നതുമാണ് .
*وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَـٰنًا*
ലോക രക്ഷിതാവായ റബ്ബിനെ ആരാധിക്കുകയും മാതാപിതാക്കളോട് നല്ല രീതിയിൽ വർത്തിക്കുകയും ചെയ്യണമെന്ന കല്പനയിലൂടെ തന്റെ ജനനത്തിന് കാരണക്കാരായവരോട് എത്രമാത്രം നീതി പുലർത്തണമെന്നതിനെ പരിശുദ്ധ ഖുർആൻ വ്യക്തമായി പരാമർശിക്കുന്നു.
മാനസികമായോ ശാരീരികമായോ അവരെ വേദനിപ്പിക്കരുതെന്നും
*فَلَا تَقُل لَّهُمَآ أُفٍّۢ*
'ഛെ ' എന്നൊരു വാക്ക് പോലും അവരോട് പറയരുതെന്നും ഖുർആൻ കർശനമായി ആഞ്ജാപിക്കുന്നു. ഇതിന്റെ താല്പര്യം
وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًۭا
മാതാപിതാക്കളെ ആദരവോടെയും ബഹുമാനത്തോടെയും മാത്രമേ സമീപിക്കാവൂ എന്ന് ഇതിലൂടെ വ്യക്തമാവുന്നു . അത് പോലെ തന്നെയാണ് അവരുടെ അടുത്ത കുടുംബത്തോടുള്ള സമീപനവും.
ദാനധർമങ്ങളാൽ സമ്പത്തിനെ മഹത്വവൽക്കരിക്കാനും ധൂർത്തിനെയും പിശുക്കിനെയും തൊട്ട് വിദൂരത്താകാനും വ്യഭിചാരം, കൊലപാതകം തുടങ്ങിയ തെറ്റുകുറ്റങ്ങളെ തൊട്ട് തന്റെ നഫ്സിനെ തടയാനും തുടർന്നുള്ള ആയത്തുകൾ ഓർമപ്പെടുത്തുന്നു. അല്ലാഹുവിന്റെ സൃഷ്ടിപ്പിനോ നടത്തിപ്പിനോ തടസ്സം നിൽക്കുന്നതായ ചെയ്തികളൊന്നും തന്നെ പ്രവർത്തിപദത്തിൽ കൊണ്ടുവരരുതെന്നും ആയത്തുകൾ സൂചിപ്പിക്കുന്നു. നീതിയും സമാധാനവും മുഖമുദ്രയാക്കണമെന്നും കാഴ്ച, കേൾവി, ഹൃദയം മുതലായവയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണെന്നും ഈ സൂറത്തിലൂടെ അള്ളാഹു വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുന്നു. അനാഥരുടെ ധനത്തെ നീതിയോടെയും കാര്യബോധ്യത്തോടെയും മാത്രമേ സമീപിക്കാവൂ എന്നും പ്രതിപാദിക്കുന്നു.
അറിവില്ലാതെ സംസാരിക്കരുതെന്നും അണുമണി തൂക്കം അഹങ്കാരം പോലും ഹൃദയത്തിൽ അവശേഷിക്കരുതെന്നും മോശമായ എല്ലാത്തിനെ തൊട്ടും വിശ്വാസി മുക്തനായിരിക്കണമെന്നും തുടർന്നുള്ള ആയത്തുകളിൽ പ്രതിപാദിക്കുന്നു.
42ആം സൂക്തം മുതൽ 72 ആം സൂക്തം വരെ അള്ളാഹു അവനെ മഹത്വവൽക്കരിക്കുകയും അവന്റെ ദൃഷ്ടാന്തങ്ങളെ എണ്ണിപ്പറയുകയും ആകാശങ്ങളിലും ഭൂമിയിലുമായി അവൻ സജ്ജീകരിച്ച അത്ഭുത മാഹാത്മങ്ങളെ വർണിക്കുകയും ചെയ്തിരിക്കുന്നു.
ഈ അധ്യായത്തിലെ മറ്റൊരു പ്രധാന സംഭവമാണ് ആകാശാരോഹണം അഥവാ മി'റാജ്. വാനാരോഹണവേളയിൽ നബി (സ്വ ) തങ്ങൾക്ക് ഗോചരീഭവിപ്പിച്ച
കാഴ്ചകളും ഖുർആനിൽ അഭിശപ്തമായ നരകവൃക്ഷവും(زقوم) ജനങ്ങൾക്കുള്ള ഒരു പരീക്ഷണം മാത്രമാണ്.
ആകാശമധ്യത്തിൽ നിന്ന് സൂര്യൻ തെന്നിമാറുന്നത് മുതൽ രാത്രി ഇരുൾ മുറ്റുന്നത് വരെ നിർണിത വേളകളിൽ നിസ്കാരം മുറ പ്രകാരം അനുഷ്ഠിക്കാൻ അള്ളാഹു ഈ വേളയിൽ താക്കീത് ചെയ്യുന്നുണ്ട്.....اقيموا എന്നുള്ള പദത്തിന്റെ ഉപയോഗം അതിന്റെ നിർബന്ധതയെ ഊന്നിപ്പറയുന്നതും كتابا موقوتا
എന്നത് അതിന്റെ സമയനിഷ്ഠയെ വ്യക്തമാക്കുന്നതുമാണ്.
തീർച്ചയായും ഖുർആൻ എന്നത് സത്യാവിശ്വാസികൾക്ക് ശമനവും കാരുണ്യവുമായിട്ടാണ് ഇറക്കിയിട്ടുള്ളത്. നബിയുടെ ആകാശാരോഹണമാകട്ടെ അല്ലാഹുവിലേക്കുള്ള ദർശനവുമായിരുന്നു. ഇത് രണ്ടും തന്റെ സമുദായത്തിന്റെ മേൽ കൂടി അനുഗ്രഹിക്കപ്പെടണമെന്ന ആഗ്രഹത്തിന്റെ പൂർത്തീകരണമായിരുന്നു സൂറത്ത് ഇസ്രാഉം ആ രാത്രിയിൽ അള്ളാഹു റസൂൽ (സ്വ)ടെ ഉമ്മത്തിന് നൽകിയ നിസ്കാരവും.
ഇസ്രാഅ്-മി'റാജ് സംഭവവികാസങ്ങളെ വിശ്വസിക്കാതിരിക്കുകയും അതിനെയും ഖുർആനിനെയും തള്ളിപ്പറയുകയും പരിഹാസരൂപേണയുള്ള അനാവശ്യ ചോദ്യങ്ങളുന്നയിക്കുകയും ചെയ്ത വേളയിൽ......
*﴿من يهد الله فهو المهتد﴾*
എന്ന സൂക്താവിഷ്കാരത്തിലൂടെ അക്രമികൾക്കും വിനാശകാരികൾക്കും നരകമാണ് സങ്കേതമെന്ന് ഖുർആൻ മുന്നറിയിപ്പ് നൽകികൊണ്ടേയിരിക്കുന്നു.
ഇസ്രാഈലി ജനതയ്ക്ക് മുമ്പിൽ മൂസ നബി (അ)ന്റെ പ്രവാചകത്വം തെളിയിക്കപ്പെടാൻ അള്ളാഹു ഒമ്പത് സ്പഷ്ട ദൃഷ്ടാന്തങ്ങളെ നൽകപ്പെടുകയുണ്ടായി. പ്രകാശിക്കുന്ന കൈ, അത്ഭുത വടി, വെള്ളപ്പൊക്കം, വെട്ടുകിളി, പേൻ, തവള, രക്തം, പട്ടിണിക്കാലം, സമുദ്രം പിളർക്കൽ എന്നിവയാണവ.
ഫിർഔനിനോ സമുദായത്തിനോ അല്ലാഹുവിലോ അവന്റെ ദൃഷ്ടാന്തങ്ങളിലോ വിശ്വാസമില്ലാഞ്ഞിട്ടല്ല, മറിച്ച് പല കാരണങ്ങളാൽ അവ നിഷേധിച്ചുകൊണ്ടേയിരുന്നു. അവരുടെ പര്യവസാനമാകട്ടെ, രക്ഷയില്ലാത്ത മുങ്ങിമരണമായിരുന്നു. പുനരുത്ഥാനവേളയിൽ അവരെ അവൻ ഹാജറാക്കുന്നതുമാണ്.
അധ്യായവസാനം അള്ളാഹു വീണ്ടും ഖുർആൻ അവതീർണ്ണതയുടെ ഉദ്ദേശലക്ഷ്യത്തെ സൃഷ്ടികളോട് ഉണർത്തുകയാണ്. തീർച്ചയായും അത് സത്യവാക്യങ്ങളാകുന്നു. സന്മാർഗികൾക്ക് അത് മാർഗനിർദേശവും ശുഭ വാർത്തയുമത്രെ.
അല്ലാഹുവിനെ മഹത്വപ്പെടുത്തുന്ന 'അർറഹ്മാൻ ' എന്ന നാമത്തിന്റെ ഉപയോഗം സത്യനിഷേധികൾക്കൊരു അവസരമായിരുന്നു. ഏക ദൈവമെന്ന് പറഞ്ഞതിൽ നിന്ന് മുഹമ്മദ് (സ്വ ) തന്നെ വ്യതിചലിച്ചിരിക്കുന്നു എന്ന് അവർ വ്യാജപ്രചരണം നടത്തി. എന്നാൽ നിശ്ചയം അല്ലാഹുവിന് 99 നാമങ്ങളുണ്ട് എന്നാണ് ഇതിന്റെ വിവക്ഷ.
"അല്ലാഹുവിന്ന് 99 നാമങ്ങളുണ്ട്, അവ ഒരാൾ മനഃപ്പാഠമാക്കിയാൽ സ്വർഗ്ഗപ്രാപ്തനായി"(ബുഖാരി, മുസ്ലിം.)
മിതമായ ശബ്ദത്തിൽ നിസ്കാരത്തിൽ ഖുർആൻ പാരായണം ചെയ്യാനും, മക്കളെ വരിക്കാത്തവനും രാജാധികാരത്തിൽ പങ്കാളിയില്ലാത്തവനും ഹീനതയിൽ നിന്ന് രക്ഷപ്പെടുത്താൻ സംരക്ഷകൻ വേണ്ടാത്തവനുമാണ് അള്ളാഹു എന്ന സൂക്തത്തോടെ അധ്യായം അവസാനിക്കുകയും ചെയ്യുന്നു. പ്രപഞ്ചസ്രഷ്ടാവിനെ കീർത്തിക്കുകയും അവനെ മഹത്വവൽക്കരിക്കുകയും ചെയ്യേണ്ടത് ഓരോ സത്യവിശ്വാസിയുടെയും ബാധ്യതയാണെന്ന ഓർമപ്പെടുത്തലിലൂടെ സൂറത്ത് ഇസ്രാഈൽ അവസാനിപ്പിക്കുകയും ചെയ്യുന്നു.
Aniya Mariyam. A
Fathima. KP
Izzathul islam women's college, Athazhakkunn
1 Comments
Mashallah
ReplyDelete