സൂറത്തു യൂനുസ് : സന്മാർഗത്തിലേക്കുള്ള സാരഥി
വിവേകജ്ഞാനികളായ മാനവരുടെ ചിന്താമകുടങ്ങളിൽ സന്മാർഗ്ഗത്തിലേക്കുള്ള വീഥി വിരചിതമാക്കാനുതകുന്ന നിരവധി ചോദ്യങ്ങളുടെ ഉന്നയനം സമ്മിശ്രമായിക്കൊണ്ടുള്ള സൂറത്താണ് സൂറത്തു യൂനുസ്. ഇലാഹിന്റെ രിസാലത്തുമായി ഭൂമിയിലേക്കാഗതമായ യൂനുസ്, നൂഹ്, മൂസ എന്നീ പ്രവാചകന്മാരുടെയും ധിക്കാരികളും അധർമ്മകാരികളുമായ അവരുടെ ജനതകളെ സംബന്ധിച്ചും ഇതിൽ പ്രതിപാദിക്കപ്പെടുന്നു.
യൂനുസ് നബി (അ )ന്റെ ജനത സത്യ നിഷേധത്തിൽ ഉറച്ചു നിന്ന സന്ദർഭത്തിൽ ഉന്മൂലനത്തിന്റെ ലക്ഷണങ്ങൾ സൃഷ്ടാവിൽ നിന്നും പ്രകടമാവാൻ ആരംഭിച്ചു. തത്സമയം പശ്ചാത്തപിച്ചു മടങ്ങി സത്യമാർഗം പുൽകിയ കാരണത്താൽ പ്രസ്തുത ജനതയ്ക്ക് അല്ലാഹുവിന്റെ പരിരക്ഷ നൽകപ്പെട്ട ചരിത്ര ഭാഗം പരാമർശിക്കുന്നതിനാലാണ് *യൂനുസ്* എന്ന് ഈ അധ്യായത്തിനു പേര് വെക്കപ്പെട്ടത്.
നൂറ്റിഅമ്പത് സൂക്തങ്ങളുള്ള മക്കയിൽ അവതരിക്കപ്പെട്ടിട്ടുള്ള ഈ സൂറത്തിൽ ഹിജ്റക്ക് മുൻപ് അവതീർണമായിട്ടുള്ള മറ്റു സൂറത്തുകൾക്ക് സമാനമായി തന്നെ തൗഹീദിന്റെ അടിസ്ഥാനവാദമുറപ്പിച്ചുകൊണ്ടുള്ളതും ശിർക്കിന്റെ ശാപോന്മുഖതകളെ പാർശ്വവത്കരിച്ചു കൊണ്ടുള്ളതും മരണാനന്തര ജീവിതം, പ്രവാചകത്വം തുടങ്ങിയ മതത്തിന്റെ മൂല്യപ്രമാണങ്ങൾ സംബന്ധിച്ചുമുള്ള വചനനങ്ങളാണിതിൽ പ്രധാനമായും പരാമർശിക്കുന്നത് . പ്രവാചക നിയോഗമെന്നുള്ളത് പുരാതനകാലം മുതൽക്കേ ഉള്ള തുടർപ്രക്രിയ ആണെന്നിരിക്കെ മുഹമ്മദ് നബിയുടെ പ്രവാചകത്വലബ്ധിയിൽ വിന്മുകതരും വിദ്വേഷകരുമായിത്തീരുന്നതിൽ എന്ത് ന്യായ വാദമാണുള്ളത് എന്ന ചോദ്യത്തോട് കൂടിയാണ് സൂറത്ത് ആരംഭം കുറിക്കുന്നത്.
തുടർന്ന് സർവ്വശക്തനും സർവ്വജ്ഞാനിയും സർവ്വചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്നവനുമായ സൃഷ്ടാവിന്റെ, കേവലം ആറ് ദിനങ്ങൾ കൊണ്ട് നിർമ്മിതമായവയുടെ സൃഷ്ടി മാഹാത്മ്യത്തെ യും സൂര്യചന്ദ്ര വാനഭൂവനങ്ങളെയും നിശ്ശൂന്യാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന താര പദങ്ങളുടെയും നിർമ്മിതിയിലുള്ള അത്ഭുതങ്ങളെ സംബന്ധിച്ചുമെല്ലാം ഉണർത്തുകയും, അവൻറെ ശക്തികളെയും നിയമവ്യവസ്ഥിതികളെയും
ആർക്കും മറികടക്കാൻ സാധ്യമല്ലെന്നും, ഇവയൊക്കെയും നിഷേധിക്കുന്നവൻ നിർഭാഗ്യവാനും പരാജിതനും അവൻറെ പര്യവസാനം നരകമായിരിക്കുമെന്നും അല്ലാഹു ഉണർത്തുന്നു. ഖുർആൻ മനുഷ്യനിർമ്മിതമാണെന്ന വാദപ്രസ്താവനയുടെ അടിവേരടർത്തിക്കൊണ്ട് തത്തുല്യമായ ഒരു സൂക്തമെങ്കിലും കൊണ്ടുവരിക എന്ന വെല്ലുവിളി പ്രസ്തുത അധ്യായത്തിലെ 38 ആം സൂക്തത്തിലൂടെ ഖുർആൻ മുന്നോട്ടുവെക്കുന്നു. ഈ വെല്ലുവിളിക്കുള്ളിൽ പതിനാല് നൂറ്റാണ്ടുകൾക്ക് ശേഷവും വിജാതീയർ വളഞ്ഞുപുളഞ്ഞു മൃതുവടിയുന്നു എന്നല്ലാതെ ഫലം ശൂന്യമാണ്.
ഫിർഔൻ എന്ന അധർമ്മ ധിക്കാരിയെ ചെങ്കടലെന്ന ചരിത്രത്തിന്റെ വിസ്മൃത താളുകളിലേക്ക് തള്ളപ്പെടേണ്ടവനായല്ല അല്ലാഹു വിധിച്ചത്. മറിച്ച്, പിൻഗാമികൾക്കാകമാനവും മുന്നിൽ എന്നെന്നും ജീവിക്കുന്ന ദൃഷ്ടാന്തമായി നിർജീവമായ അവന്റെ ശരീരത്തെ അന്ത്യനാൾവരേക്കും നാശത്തിൽ നിന്നും രക്ഷിക്കാൻ തീരുമാനിച്ച വസ്തുതയും അല്ലാഹു സൂറത്ത് യൂനുസിലെ 92ാം ആയത്തിലൂടെ വ്യക്തമാക്കുന്നു.
{فَٱلْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ ءَايَةًۭ
ۚ وَإِنَّ كَثِيرًۭا مِّنَ ٱلنَّاسِ عَنْ ءَايَـٰتِنَا لَغَـٰفِلُونَ ( ٩٢)}
" എന്നാൽ നിൻറെ പുറകെ വരുന്നവർക്ക് ഒരു ദൃഷ്ടാന്തമായി ഇരിക്കേണ്ടതിന്നു ഇന്ന് നിൻറെ ദേഹത്തെ (സമുദ്രത്തിൽ നിന്ന്) നാം രക്ഷപ്പെടുത്തി എടുക്കും. മിക്ക ആളുകളും നമ്മുടെ ദൃഷ്ടാന്തങ്ങളെ സംബന്ധിച്ച് അശ്രദ്ധർ
തന്നെയാണ് ". ചുരുക്കത്തിൽ ഇതിൽ തൊണ്ണൂറ്റി രണ്ടാം സൂക്തത്തിലെ പ്രസ്താവന സാക്ഷാൽകൃതം ആയിരിക്കുകയാണ്. പക്ഷേ, ഇത്രയൊക്കെ ദൃഷ്ടാന്തങ്ങൾ കൺ മുന്നിൽ തലയുയർത്തി നിന്നിട്ടും ബഹുദൈവ വിശ്വാസികളും ധൈഷണികരും ഉയർന്നുവരുന്നത് എത്രമാത്രം നീചത്വമാണ്!
നിർബന്ധിച്ച് വിശ്വസിപ്പിക്കുക എന്ന ഒരു പ്രക്രിയ ദീനുൽ ഇസ്ലാമിൽ ഇല്ല എന്ന പ്രസ്താവന സ്പഷ്ടമായി നൂറാം സൂക്തത്തിലൂടെ അല്ലാഹു പ്രഖ്യാപിക്കുന്നതായി നമുക്ക് ദർശിക്കാം. ഈ ലോകത്ത് നടക്കുന്ന ഏതൊരു കാര്യവും അല്ലാഹുവിൻറെ ഉദ്ദേശമനുസരിച്ച് മാത്രമാണ്. അതനുസരിച്ച് ഭൂലോകത്ത് ഉള്ളവരെല്ലാം സത്യവിശ്വാസത്തന്റെ സ്വർഗീയ സുഗന്ധം സ്വീകരിക്കണമെന്നാണ് സർവശക്തൻ ഉദ്ദേശിക്കുന്നതെങ്കിൽ അതും നടക്കുമായിരുന്നു . എന്നാൽ അല്ലാഹുവിന്റെ തീരുമാനം ഉപദേശം നൽകിക്കൊണ്ട്, ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സത്യമതത്തിന്റെ ചാരുത സ്പഷ്ടമായി വിവരിച്ചു തന്നെ സർവ്വ ലോകീയർക്ക് വേണ്ടി സമാഗതമായ പരിശുദ്ധ ഖുർആനിനെ വിശ്വസിച്ചവർക്കും അതനുസരിച്ച് ജീവിതം ജമാലാക്കിയവർക്കും വിജയ കവാടം തുറന്നു നൽകുക എന്നതാണ്.
മനുഷ്യ ശരീരത്തിൽ ഏകോപനമായിട്ടുള്ള കാഴ്ച, കേൾവി തുടങ്ങിയ സംവിധാനങ്ങളും ഭൂമിയിൽനിന്ന് പുറപ്പെടുവിക്കപ്പെടുന്ന ആഹാരവും ആകാശത്തിൽ നിന്ന് വർഷിക്കപ്പെടുന്ന മഴയും എന്നിങ്ങനെ തുടങ്ങി പ്രപഞ്ച പ്രക്രിയകളുടെയെല്ലാം സംവിധായകനും വിധാതാവും അല്ലാഹുവല്ലാതെ മറ്റാരാണെന്നും ഇതിന്റെയൊക്കെയും കടിഞ്ഞാൺ മനുഷ്യൻറെ കരങ്ങളിലാണോ എന്നുമുള്ള ചിന്തോന്മുകമായ സൽസരണി സ്വായത്തമാക്കുന്നതിലേക്ക് നയിക്കുന്ന സന്മാർഗത്തിനുതകുന്ന സാരഥികളായുള്ള പ്രതിപാതനങ്ങളും സൂറത്തിൻെറ സമാപനത്തിൽ നടത്തപ്പെടുന്നു .
3 Comments
👍🏻👍🏻
ReplyDelete🔥🔥
ReplyDelete🌹🌹🌹💞💞
ReplyDelete