സൂറത്തുൽ ബുറൂജ്: അചഞ്ചല വിശ്വാസത്തിൻ്റെ ആത്മസമർപ്പണം


മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ എൺപത്തിഅഞ്ചാം അദ്ധ്യായമാണ്‌ സൂറത്തുൽ ബുറൂജ് (നക്ഷത്രമണ്ഡലങ്ങൾ). ഇരുപത്തി രണ്ട് ആയത്തുകൾ ഉൾക്കൊള്ളുന്ന ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യയുടെ ഗണത്തിൽ ഉൾപ്പെടുന്നു. ശത്രുക്കളുടെ അതിക്രമത്തിൽ ശക്തമായ ക്ഷമയവലംബിക്കാനും അതോടൊപ്പം വിശ്വാസദൃഢത ഹൃദയത്തിലലിഞ്ഞു ചേരാനും ഇറക്കപ്പെട്ട അധ്യായമാണിത്.


സൂറത്തിൻ്റെ പ്രാരംഭത്തിൽ ഒന്ന് മുതൽ മൂന്ന്  വചനങ്ങളിലായി അഞ്ച് വിഷയങ്ങൾ അല്ലാഹു സത്യം ചെയ്തിരിക്കുന്നു:-


1.നക്ഷത്രങ്ങളുള്ള ആകാശത്തെ തന്നെയാണ് സത്യം (ആകാശത്തിൽ നക്ഷത്രങ്ങളുടെ ഭ്രമണപഥങ്ങൾ ഉണ്ട്)


2.കരാർ ചെയ്യപ്പെട്ട ദിവസത്തെ തന്നെയാണ് സത്യം (ഖിയാമത്ത് നാൾ)


3.സാക്ഷിയെയും സാക്ഷി നിൽക്കപ്പെടുന്നവരെയും തന്നെ സത്യം (നബി(സ്വ)യും അവരുടെ ഉമ്മത്തും).

ലോകത്തുള്ള വസ്തുക്കളെല്ലാം ഒരര്‍ത്ഥത്തില്‍ ഒന്നൊന്നിനു സാക്ഷിയാണെന്നു കാണാം.നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഈ സമുദായത്തിനും, മുമ്പുണ്ടായിരുന്ന പ്രവാചകന്മാര്‍ അവരുടെ സമുദായങ്ങള്‍ക്കും സാക്ഷികളാകുന്നു (സൂറ: നിസാഉ് 41).


4.വെള്ളിയാഴ്ച ദിവസത്തെ തന്നെ സത്യം


5.അറഫ ദിനം തന്നെ സത്യം.


യഥാര്‍ത്ഥ വിശ്വാസത്തിനും അചഞ്ചലതക്കും ഉത്തമോദാഹരണമായ ഒരു സംഭവമാണ് അല്ലാഹു തുടര്‍ന്നു പറയുന്നത്:-

നബി(സ്വ) തങ്ങളുടെ ജനനത്തിന് 200 വർഷങ്ങൾക്കു മുമ്പ് നജ്റാനിൽ ഭരണാധികാരിയായിരുന്നു ദൂനുവാസ്. ആദ്ദേഹത്തിന് കീഴിൽ ഒരു ‘സാഹിര്‍’ (ആഭിചാര വിദഗ്ധന്‍ – അഥവാ മായാവിദ്യക്കാരൻ) ഉണ്ടായിരുന്നു. അയാൾ തന്റെ മരണശേഷം ഒരു പിന്‍ഗാമിയാക്കിത്തീര്‍ക്കണമെന്ന ഉദ്ദേശത്തിൽ ഒരു കുട്ടിക്ക് ‘സിഹ്ര്‍’ (ആഭിചാരം അഥവാ മായാവിദ്യ) പഠിപ്പിച്ചു വന്നിരുന്നു. കുട്ടി  സിഹ്ര്‍ പഠിക്കാൻ പോകുന്ന വഴിമദ്ധ്യേ ഒരു ‘റാഹിബു’ (പുരോഹിതന്‍) ഉണ്ടായിരുന്നു. പോക്കുവേളകളില്‍ കുട്ടി റാഹിബുമായി സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ടിരിക്കുകയും, ആ വഴി കുട്ടിക്ക് അല്ലാഹുവില്‍ വിശ്വാസമുണ്ടായിത്തീരുകയും ചെയ്തു. ഒരു ദിവസം വഴിയില്‍ ഒരു മൃഗം പ്രത്യക്ഷപ്പെട്ടു ഗതാഗത തടസ്സമുണ്ടാക്കുകയുണ്ടായി. റാഹിബിന്റെ സിദ്ധാന്തങ്ങളാണ് ശരിയായതെങ്കില്‍ ഈ മൃഗത്തെ കൊലപ്പെടുത്തേണമേ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് കുട്ടി ആ മൃഗത്തിനു നേരെ കല്ലെറിഞ്ഞു. മൃഗം ചത്തു. മാര്‍ഗതടസ്സം നീങ്ങി. ഈ സംഭവം മുഖേന കുട്ടിയുടെ കാര്യം ജനശ്രദ്ധയാകര്‍ഷിച്ചു. അനന്തരം കുട്ടി പല രോഗങ്ങളും സുഖപ്പെടുത്തുന്ന  സംഭവങ്ങള്‍ നടക്കുകയും, ജനങ്ങള്‍ക്കു കുട്ടിയെപറ്റി വലിയ മതിപ്പുണ്ടായിത്തീരുകയും ചെയ്തു. കൂട്ടത്തില്‍ രാജാവുമായി അടുത്ത ബന്ധമുള്ള  കാഴ്ച നഷ്ടപ്പെട്ട ഒരാളുടെ കണ്ണിനും കുട്ടി കാഴ്ച ശക്തി നൽകി. ഇതുമുഖേന രാജാവും കുട്ടിയുടെ കഥ അറിഞ്ഞു. കുട്ടിയുടെ പഠിത്തത്തിന്റെ ഫലമാണ് അതെല്ലാമെന്നാണ് ജനങ്ങള്‍ ധരിച്ചത്. പക്ഷേ, ഇതെല്ലാം എന്റെ റബ്ബിന്റെ പ്രവര്‍ത്തനങ്ങളാണ് എന്ന് കുട്ടി പ്രഖ്യാപിച്ചു.  അതിനെത്തുടര്‍ന്ന്‍ കുട്ടിയേയും അവന്റെ ഗുരുവായ റാഹിബിനെയും രാജാവ് പിടികൂടി. റാഹിബിനെ ഉളിവാള്‍ വെച്ചു പൊളിച്ചു വീഴ്ത്തി. പിന്നീട് കുട്ടി അവന്റെ പുതിയ മതം ഉപേക്ഷിക്കാത്ത പക്ഷം അവനെ ഒരു മലമുകളില്‍ കൊണ്ടുപോയി കീഴ്പ്പോട്ടിടാന്‍ രാജാവ് കല്‍പിച്ചു. പക്ഷേ, കുട്ടിയുടെ പ്രാര്‍ത്ഥനാഫലമായി കുട്ടി രക്ഷപ്പെട്ടു. അതിനുശേഷം കപ്പലില്‍ കയറ്റി സമുദ്രത്തിലെറിയുവാന്‍ ഏര്‍പ്പാടു ചെയ്തു. അതിലും അവന്‍ കരപറ്റി രക്ഷപ്പെട്ടു. കൊണ്ടുപോയവര്‍ക്കു നാശം പിണയുകയും ചെയ്തു. ഒടുക്കം കുട്ടി പറഞ്ഞു: ‘എന്നെ കൊല്ലണമെങ്കില്‍ എന്റെ അമ്പുകൊണ്ട് എന്റെ റബ്ബിന്റെ പേരു പറഞ്ഞ് എന്നെ പരസ്യമായി എറിയണം’. അതു ഫലിക്കുകയും ചെയ്തു. ഇതുകണ്ടപ്പോള്‍ ജനങ്ങള്‍ കൂട്ടമായി അല്ലാഹുവില്‍ വിശ്വസിച്ചു. പ്രസ്തുത സംഭവത്തിൽ കോപം മൂത്ത രാജാവും കിങ്കരന്മാരും വലിയ ഒരു അഗ്നികുണ്ഡം തയ്യാറാക്കി സത്യവിശ്വാസികളെ അതിലിട്ടു അഗ്നിക്കിരയാക്കി. ഒരു സ്ത്രീ തൻ്റെ കൈകുഞ്ഞുമായി  തീയിലേക്ക് ചാടാൻ പേടിച്ച നിമിഷം ആ കൈകുഞ്ഞ് സംസാരിച്ചു: 'ഉമ്മാ, ക്ഷമ കൈക്കൊണ്ട് പാദമിടറാതെ ഉറച്ചു നിന്നോളു; നിങ്ങള്‍ സത്യവഴിയില്‍ തന്നെയാകുന്നു!' പിഞ്ചുകുഞ്ഞിനെയും മാതാവിനെയും ഒന്നിച്ച് അവര്‍ തീകുണ്ഡത്തില്‍ തള്ളി.


അല്ലാഹുവിൽ വിശ്വസിച്ചു എന്ന ഒരു തെറ്റ് അല്ലാതെ വേറെ ഒരു തെറ്റും സത്യവിശ്വാസികൾ അവരോട് ചെയ്തിട്ടില്ല.

വിശ്വാസികളെ ക്രൂരമായി ശിക്ഷിക്കുന്നതിന് സാക്ഷിയായി കിടങ്ങിനു ചുറ്റും ഇരുന്നിരുന്ന അസ്ഹാബുൽ ഉഖ്ദൂദ് (കിടങ്ങിൻ്റെ ആളുകൾ) ശപിക്കപ്പെട്ടിരിക്കുന്നു.


10,11 അല്ലാഹുവിൻ്റെ കാരുണ്യം എത്രമേൽ അധികമാണ് എന്ന് കാണിക്കുന്ന ആയത്തുകൾ:-

സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും ക്രൂര മര്‍ദനത്തിനിരയാക്കുകയും പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് തീര്‍ച്ചയായും നരകശിക്ഷയും ജ്വലനദണ്ഡനവുമുണ്ട്. സത്യവിശ്വാസം വരിക്കുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് നിശ്ചയം താഴ്ഭാഗത്തിലൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്; മഹാവിജയമത്രേ അത്.


12-16 - താനുദ്ദേശിക്കുന്നതന്തോ അത് പൂര്‍ണമായി ചെയ്യുന്നവനാണ് അല്ലാഹു. അത് മാറ്റാനോ മറിക്കാനോ ലഘൂകരിക്കാനോ ആര്‍ക്കുമാവില്ല. രോഗശയ്യയിലായിരുന്ന ഹസ്രത്ത് അബൂബക്കര്‍ സ്വിദ്ദീഖ്(റ)വിനോട് ആരോ ചോദിച്ചു: 'വൈദ്യര്‍ താങ്കളെ കണ്ടുവോ?' അദ്ദേഹം അതെയെന്നു മറുപടി പറഞ്ഞു. നിങ്ങളോടയാള്‍ എന്താണു പറഞ്ഞത് എന്ന മറുചോദ്യത്തിന് സ്വിദ്ദീഖ്(റ) ഇപ്രകാരം പ്രതികരിച്ചു:

فَعَّالٌ لِّمَا يُرِيدُ ﴿١٦﴾

'ഉദ്ദേശിക്കുന്നതെന്തും പൂര്‍ണമായി അനുവര്‍ത്തിക്കുന്നവനാണ് ഞാന്‍ എന്നാണ് പറഞ്ഞത്!'


17,18 നിഷേധികളുടെ പട്ടികയിൽ മക്കാ മുശ്രിക്കുകൾക്ക് പുല്ല് വിലയാണ് എന്ന് കാണിക്കാൻ ഫറോവയെ ഓർമിപ്പിക്കുകയാണിവിടെ..

അവനൊന്നിച്ച് ആറു ലക്ഷം ഖിബ്ഥികള്‍ മുങ്ങിച്ചത്തുവെന്നാണ് ചരിത്രം പറയുന്നത്. 


19-22 - അല്ലാഹു പിന്‍ഭാഗത്തുകൂടി വലയം ചെയ്തു നില്‍ക്കെ, നിഷേധികള്‍ സത്യം കള്ളമാക്കിതള്ളുന്ന ബദ്ധപ്പാടിലത്രേ. "അല്ലാഹുവിൻറെ ലൗഹുൽ മഹ്ഫൂളിൽ എഴുതപ്പെട്ട മഹത്വമായ ലിഖിതങ്ങളാണ് ഖുർആൻ" എന്ന മനോഹരമായ പ്രസ്താവനയോടെയാണ് ഈ പുണ്യ സൂക്തം അവസാനിക്കുന്നത്.





Shahana Sherin.A

Fathima Nifila.V

Al Basma Women's College

Alathiyur