സൂറത്തു ള്ളുഹാ: തുണയായി റബ്ബുണ്ട്
ഐഹിക ജീവിതം സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ഇടമാണ്. പ്രതീക്ഷയറ്റവർക്ക് ശുഭാപ്തി വിശ്വാസത്തിനുള്ള ഊർജ്ജമാണ്. പരിശുദ്ധ ഖുർആനിലെ തൊണ്ണൂറ്റിമൂന്നാം അദ്ധ്യായമായമാണ് സൂറത്തു ള്ളുഹാ.11 സൂക്തങ്ങളാണ് ഇതിനുള്ളത്.ളുഹാ എന്ന അറബി പദത്തിന്റെ അർത്ഥം പൂർവാഹ്ന സമയം എന്നാണ്. അള്ളാഹു തന്റെ സ്നേഹഭാജനമായ പ്രവാചകനെ ആശ്വസിപ്പിക്കുന്നതിനായി ഈ സമയത്തെ തൊട്ട് സത്യം ചെയ്ത് കൊണ്ടാണ് ഈ സൂക്തം ആരംഭിക്കുന്നത്.
രാത്രിയും പകലും പോലെ, വെളിച്ചവും ഇരുട്ടും പോലെ സുഖദുഃഖ സമ്മിശ്രമാണ് ഈ ജീവിതം എന്നതാണ് ളുഹാ സൂറത്ത് നൽകുന്ന പ്രധാന സന്ദേശം.വഹ്യ് ചുമക്കുന്ന മാലാഖ ജിബ്‌രീൽ അലൈഹിസ്സലാം കുറച്ചുനാളുകൾ പ്രവാചകന്റെ അടുത്തേക്ക് വരാതിരുന്നപ്പോൾ 'മുഹമ്മദിന്റെ റബ്ബ് മുഹമ്മദിനെ വെടിഞ്ഞിരിക്കുന്നു' എന്ന് പറഞ്ഞ് ആളുകൾ പരിഹസിക്കാൻ തുടങ്ങി. ഈ സമയം പ്രവാചകനെ ആശ്വസിപ്പിച്ചുകൊണ്ട് ഇറങ്ങിയതാണ് ഈ സൂറത്ത്.ഇതാണ് സൂറത്തു ള്ളുഹായുടെ അവതരണ പശ്ചാതലം.പ്രബോധന സമയത്ത് നേരിടുന്ന പ്രതിബന്ധങ്ങളും പ്രതിസന്ധികളും അള്ളാഹു കൈവെടിഞ്ഞത് കൊണ്ട് സംഭവിക്കുന്നതല്ലെന്ന് പഠിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.ഈ ലോകം സുഖദുഃഖ സമ്മിശ്രമാണ്. വിശ്വാസി എപ്പോഴും ശുഭപ്രതീക്ഷയുള്ളവനാവണം എന്നാണ് ളുഹാ നൽകുന്ന പാഠം.
ചില പ്രാപഞ്ചികസത്യങ്ങളെ എടുത്ത് സത്യം ചെയ്തതിന്റെ ശേഷം നബി സ്വല്ലള്ളാഹു അലൈഹി വസല്ലമ-ക്ക് ലഭിച്ച മൂന്ന് അനുഗ്രഹങ്ങളെ കുറിച്ചാണ് സൂറത്തു ള്ളുഹാ പ്രതിപാദിക്കുന്നത്.ഒന്നാമത്തെ അനുഗ്രഹം പ്രവാചകൻ സ്വല്ലള്ളാഹു അലൈഹിവസല്ലമ തങ്ങൾ യതീമായി ജനിച്ചുവെങ്കിലും അല്ലാഹു ആവശ്യമായ സംരക്ഷണം നൽകി എന്നതാണ്,ഗർഭ കാലഘട്ടത്തിൽ തന്നെ പിതാവ് മരണപ്പെടുകയും ആറാം വയസ്സിൽ മാതാവ് ലോകത്തോട് വിടപറയുകയും ചെയ്തു,പിന്നീട് റസൂലിനെ അവിടത്തെ പിതാമഹനും പിതൃവ്യനും സംരക്ഷിച്ചു,അവർ പ്രവാചകനെ വളരെ സ്നേഹത്തോടെ വളർത്തുകയും ചെയ്തു.
രണ്ടാമത്തെ അനുഗ്രഹം ജാഹിലിയ്യ കാലഘട്ടത്തിൽ സന്മാർഗവും നേർവഴിയും ഏതാണെന്ന് അറിയാത്ത ഒരു കാലഘട്ടത്തിൽ അല്ലാഹു അവിടത്തേക്ക് സന്മാർഗദർശനം നൽകി. ഉമ്മിയ്യ് ആയതിനാൽ തന്നെ മുൻകഴിഞ്ഞ വേദഗ്രന്ഥങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് മനസ്സിലാക്കാനായില്ലെങ്കിലും ഏറ്റവും ശ്രേഷ്ഠമായ ഖുർആൻ നൽകി അല്ലാഹു അനുഗ്രഹിച്ചു.ലോകത്തിനനുഗ്രഹമായി അല്ലാഹു പ്രവാചകനെ നിയോഗിച്ചു.
മൂന്നാമതായി റബ്ബ് നൽകിയ അനുഗ്രഹം മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാര്യങ്ങളിൽ അള്ളാഹു പ്രവാചകനെ ഐശ്വര്യവാനാക്കി. പിതാവിൽ നിന്ന് പ്രവാചകന് കാര്യമായ അനന്തര സ്വത്തുക്കളൊന്നും ലഭിച്ചില്ലെങ്കിലും സ്വപത്നിയായ ഖദീജ ബീവി(റ) നബിയെ ഏറെ സഹായിച്ചു. കാലശേഷം യുദ്ധത്തിൽ നിന്നും ഗനീമതിന്റെ ഒരു വിഹിതം തിരുമേനിക്ക് നിയമാനുസൃതം അനുവതിക്കപ്പെട്ടതിനാൽ മറ്റുള്ളവരെ ആശ്രയിക്കാതെ മുന്നോട്ട്
പോകുവാനുള്ള സ്ഥിതിയുണ്ടായി. ഇതിനർത്ഥം പ്രവാചകൻ ഒരു ധനാഢ്യനായിരുന്നു എന്നല്ല മറിച്ച് പ്രവാചകൻ എപ്പോഴും സമൂഹത്തിലെ പാവപ്പെട്ടവരോടൊപ്പം നിൽക്കാനാണ് ഇഷ്ട്ടപ്പെട്ടിരുന്നത്.
ഈ അനുഗ്രഹങ്ങളെ വിശദീകരിച്ച ശേഷം അള്ളാഹു മൂന്ന് ഉപദേശങ്ങളാണ് പറയുന്നത്.
1.അനാഥരെ ആട്ടിയോടിക്കരുത്.
2.ചോദിച്ചു വരുന്നവനെ തട്ടിമാറ്റരുത്.കയ്യിലുള്ളത് കൊടുക്കണം ഇല്ലെങ്കിൽ നല്ല നിലയിൽ പറഞ്ഞ് വിടണം .
3.അല്ലാഹു നൽകിയ അനുഗ്രഹങ്ങളെ എടുത്ത് പറയണം.അതായത് അള്ളാഹു നൽകിയ അനുഗ്രഹങ്ങളിൽ സന്തോഷം പ്രകടിപ്പിക്കണം എന്നർത്ഥം .സൂറത്ത് ഇബ്രാഹീമിലെ ഏഴാം വചനം ഇവിടെ ചേർത്ത് വായിക്കേണ്ടതാണ്.
*لٸن شكرتم لأزيدنكم ولٸن كفرتم إن عذابي لشديد*
നിങ്ങൾ നന്ദി കാണിക്കുകയാണെങ്കിൽ നിശ്ചയമായും ഞാൻ നിങ്ങൾക്കതിനെ വർധിപ്പിച്ചു തരും.നിങ്ങൾ നന്ദികേട് കാണിച്ചാലോ എന്റെ ശിക്ഷ കഠിനമാണ്. എന്നാൽ അഹങ്കാരത്തിന്റെ പേരിൽ അനുഗ്രഹങ്ങളെ എടുത്ത് പറയുന്നത് ശിക്ഷാർഹവുമാണ്.
അള്ളാഹു അവന്റെ ദൂതനെ ആശ്വസിപ്പിക്കുന്നതിനായി അവതരിപ്പിച്ച സൂറത്തു ളളുഹാ മനുഷ്യകുലത്തോട് പറയുന്നത് ഏത് പ്രതിസന്ധികൾക്ക് ശേഷവും ഒരു സുന്ദരമായ കാലം വരാനുണ്ട് എന്ന ശുഭാപ്തി വിശ്വാസമാണ്.
മുഅ്മിനിന്റെ ജീവിതം അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകേണ്ടതാണന്ന് സൂറത്തു ളളുഹാ അടിവരയിടുന്നു.
അള്ളാഹു നമ്മെ പ്രതീക്ഷയോടെ ജീവിക്കാൻ അനുഗ്രഹിക്കട്ടെ...
آمين
_SHABEEHA JABIN_
_AYISHATHU THUHRA_
(SUBULURASHAD WAFIYYA DAY COLLEGE IRINGATTIRI)

0 Comments