സൂറത്തുൽ മാഊൻ : കപടതയാലുള്ള ഹൃദ്രോഗത്തിന് വിശ്വാസത്താലുള്ള മറുമരുന്ന്




''അതല്ല, ഹൃദയങ്ങളില്‍ രോഗമുള്ള ആളുകള്‍, അല്ലാഹു അവരുടെ ഉള്ളിലെ പക വെളിപ്പെടുത്തുകയേയില്ല എന്നാണോ വിചാരിച്ചത്? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ നിനക്ക് അവരെ നാം കാട്ടിത്തരുമായിരുന്നു. അങ്ങനെ അവരുടെ ലക്ഷണം കൊണ്ട് നിനക്ക് അവരെ മനസ്സിലാക്കാമായിരുന്നു. സംസാര ശൈലിയിലൂടെയും നിനക്ക് അവരെ മനസ്സിലാക്കാവുന്നതാണ്. അല്ലാഹു നിങ്ങളുടെ പ്രവൃത്തികള്‍ അിറയുന്നവനാണ്'' (സൂറത്തുൽ മുഹമ്മദ്‌ :29,30).


    മനുഷ്യന്റെ നന്മയുടേയും തിന്മയുടേയും നാമ്പുകൾ മുളപൊട്ടുന്നത് ഹൃദയത്തിലാണ്.മനസ്സ് വൃത്തിയായി പരിരക്ഷിക്കുന്നവർക്കാണ് വിജയമുണ്ടാകുക.ഹൃദയം നന്നായാൽ ശരീരം മുഴുവനും നന്നായി 

എന്നാണല്ലോ പ്രവാചകൻ (സ്വ) പഠിപ്പിച്ചത്.ഹൃദയം സംശുദ്ധമാക്കുകയും സത്യത്തിനെ തെല്ലൊരണു പോലും സംശയിക്കാതെ സ്വീകരിക്കുകയും ചെയ്തത് കൊണ്ടാണ് ചരിത്രത്തിൽ പ്രവാചകാനുചരന്മാർ തുല്ല്യതയില്ലാത്ത വിധം സ്ഥാനം പിടിച്ചത്.അപ്രകാരം ഹൃദയത്തെ കാപട്യത്തിന്റെ കുരുക്കുകളിലേക്ക് തള്ളിയിട്ടവർ പരാജയപ്പെട്ടു എന്നത് ഇവിടെ ചേർത്ത് വായിക്കേണ്ടതാണ്.


     അത്തരത്തിൽ,  മതസിദ്ധാന്തങ്ങൾ,പരലോക ജീവിതം, കർമ്മങ്ങൾക്കുള്ള പ്രതിഫലം, വിചാരണ തുടങ്ങിയ കാര്യങ്ങളെ വ്യാജമാക്കുന്ന, ഹൃദയത്തിൽ രോഗമുള്ള മതനിഷേധികളെയും കപടവിശ്വാസികളെയും സംബന്ധിച്ച് അള്ളാഹു വിവരിക്കുന്നതാണ് നൂറ്റിയേഴാം അധ്യായമായ സൂറത്തുൽ മാഊൻ.ഈ സൂറത്ത് ആസ് ബ്നു വാഇലിനെ പോലുള്ള മക്ക മുശ്രിക്കുകളുടെ കാര്യത്തിൽ ഇറങ്ങിയതാണെന്നും അബ്ദുള്ളാഹിബ്നു ഉബയ്യ് ബ്നു സുലൂലിനെ പോലുള്ള മദീനയിലെ കപടവിശ്വാസികളുടെ വിഷയത്തിൽ ഇറങ്ങിയതാണെന്നും അഭിപ്രായമുണ്ട്. ഏഴ് സുപ്രധാനമായ ആയത്തുകൾ അടങ്ങിയ സൂക്തം ആറ് കാലോചിതമായ വിഷയത്തെ സംയോജിപ്പിക്കുന്നു.


 ' മതത്തെ വ്യാജമാക്കുന്നവനെ നിങ്ങൾ കണ്ടുവോ?' എന്നാണ് ആയത്തിന്റെ തുടക്കത്തിൽ അള്ളാഹു റസൂലിനോട് ചോദിക്കുന്നത്.‘അള്ളാഹുവിന്റെ പ്രതിഫലത്തെയും ശിക്ഷയെയും നിഷേധിച്ച കാരണത്താൽ അള്ളാഹുവിന്റെ കല്പന അനുസരിക്കാതെയും അവന്റെ വിരോധങ്ങൾ വിലവെക്കാതെയും നടക്കുന്നവനെ കണ്ടുവോ?'  എന്നാണ് ഈ ആയത്തിന് ത്വബരി ഇമാം നൽകിയ വിവക്ഷ.


തുടർന്ന്, വിശ്വാസമുള്ള, ആരോഗ്യമുള്ള ഹൃദയത്തെ രോഗം ബാധിക്കുന്ന തരത്തിലുള്ള കാപട്യങ്ങളെ ഓരോന്നായി എണ്ണിപറയുകയാണ് ചെയ്യുന്നത്. റസൂൽ (സ്വ) ഏറ്റവും കൂടുതൽ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത അനാഥരെ ആട്ടിയോടിക്കുക എന്നതാണ് ആദ്യത്തെ രോഗം. അവരെ പരിഗണിക്കാതിരിക്കുകയും അവരെ ബുദ്ധിമുട്ടിക്കുകയും നിർദ്ദയമായി പെരുമാറുകയും അവരുടെ ധനത്തിൽ കൈകടത്തുകയും ചെയ്യുന്നത് മതനിരാസമായി അള്ളാഹു കണക്കാക്കുന്നു.അബൂസുഫ്‌യാന്റെ വിഷയത്തിലാണീ ആയത്ത് ഇറങ്ങിയത് എന്നതാണ് ഒരു അഭിപ്രായം .അദ്ദേഹം എല്ലാ ആഴ്ചയിലും ഒട്ടകത്തെ അറുക്കാറുണ്ടാ‍യിരുന്നു. ഒരിക്കൽ ഒരു അനാഥക്കുട്ടി അല്പം മാംസം ചോദിച്ചു. തന്റെ കയ്യിലുള്ള വടി കൊണ്ട് ആ കുട്ടിയെ അബുസുഫ്‌യാൻ തട്ടിമാറ്റി. അപ്പോഴാണീ ആയത്ത് ഇറങ്ങിയത്. അബൂ ജഹലിനെ പോലെ സമാന സ്വഭാവമുള്ള മറ്റു പലരുടെയും വിഷയത്തിലിറങ്ങി എന്നും അഭിപ്രായമുണ്ട്. അനാഥരുടെ ധനം തട്ടി എടുത്ത് ശീലിച്ചവർക്കിടയിലാണ് റസൂൽ (സ്വ) അനാഥമക്കളെ സംരക്ഷിക്കാനും അവർക്ക് നീതി ലഭിക്കാനും വേണ്ടി പോരാടിയത് എന്നത് ചിന്തനീയം തന്നെ.


   പാവപ്പെട്ടവന് ഭക്ഷണം നൽകാൻ പ്രോത്സാഹിപ്പിക്കാത്തവനാണ് രണ്ടാമതായി എണ്ണപ്പെടുന്നത്. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറക്കുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന നബി വചനം ഇവിടെ സ്മരണീയമാണ്.പ്രോത്സാഹിപ്പിക്കുന്നില്ല, എന്നതിലൂടെ അവൻ നൽകുന്നില്ല എന്നതും മറ്റുള്ളവരെ നൽകാൻ അനുവദിക്കുന്നില്ല എന്നതും ചേർത്ത് വായിക്കുമ്പോൾ തന്റെ ധനത്തിൽ നിന്നും സാധുവിനുള്ള ഭക്ഷണം തടയുന്ന അവന്റെ ഹൃദയ കാഠിന്യം വ്യക്തമാണ്.


  എന്നാൽ നിസ്കരിക്കുന്നവർക്കാണ് നാശം,അവർ അവരുടെ നിസ്കാരത്തിൽ അശ്രദ്ധ കാണിക്കുന്നു.നിസ്കാരത്തെക്കുറിച്ചുള്ള അശ്രദ്ധ എന്നതിന്റെ വ്യാഖ്യാനങ്ങളായി വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നത് നിസ്കാരം സമയത്തെ വിട്ട് പിന്തിക്കുന്നവർ എന്നാണ്.നിസ്കാരം പാടേ ഉപേക്ഷിക്കുക, ചിലപ്പോൾ മാത്രം നമസ്കരിക്കുക,മറ്റുള്ളവരുടെ കൂട്ടത്തിലാകുമ്പോൾ മാത്രം നിസ്കരിക്കുക, സമയനിഷ്ഠ പാലിക്കാതിരിക്കുക, നമസ്കരിക്കുമ്പോൾ അതിലെ ഒഴിച്ചു കൂടാത്ത ഘടകങ്ങളും നിബന്ധനകളും ഗൗനിക്കാതിരിക്കുക, അന്യ ചിന്തകളിൽ മുഴുകി കൊണ്ട് ബാഹ്യ രൂപം മാത്രം കഴിച്ചു കൂട്ടുക എന്നിവയെല്ലാം തന്നെ നമസ്കാരത്തെ പറ്റിയുള്ള അശ്രദ്ധയുടെ ഇനങ്ങളിൽ ഉൾപ്പെടുന്നു. ഇനി അവർ നിസ്കരിക്കുകയാണെങ്കിൽ ജനങ്ങളെ കാണിക്കാനും ജനങ്ങൾക്കിടയിൽ പ്രീതി നേടാനും ഉദ്ദേശിച്ചു കൊണ്ട് മാത്രമാണ് നിസ്കരിക്കുന്നത് എന്നും ആയത്ത് ഉദ്ധരിക്കുന്നു.അവരുടെ ഹൃദയത്തിൽ അല്ലാഹുവിനോട് ഭയഭക്തി തൊട്ടുതീണ്ടിയിട്ടേ ഇല്ല, ജനങ്ങളെ കാണിക്കാൻ അവർ പരുക്കനായ വസ്ത്രം ധരിക്കുന്നു, ദുനിയാവിനെ ചീത്ത വിളിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ അവർ ഇഹലോകത്തിനെ പ്രണയിക്കുന്നവരായിരിക്കും. അത്തരക്കാരുടെ ജീവിതം നശിച്ചു എന്നാണ് ഒറ്റവാക്കിൽ അള്ളാഹു വ്യക്തമാക്കുന്നത്.


  ഹൃദയത്തിന്റെ രോഗം വ്യക്തമാക്കുന്ന വലിയൊരു ഉദാഹരണം അയൽവാസികൾ സാധാരണ അന്യോന്യം പരോപകാരത്തിന് നൽകാറുള്ള ചെറുതരം ഉപകരണങ്ങളെ തടയുക എന്നതാണ്. അതായത് മറ്റുള്ളവർക്ക് ഉപയോഗിക്കാൻ വിട്ടു കൊടുക്കാതിരിക്കുക. ماعون എന്നത് കൊണ്ട് അയൽവാസികൾ പരസ്പരം ഉപകാരം ചെയ്യാറുള്ള മഴു, കൈക്കോട്ട്, മടവാൾ, കോരി, സൂചി എന്നിവയാണ് ഉദ്ദേശം.ജനങ്ങൾക്ക് തടയാൻ പാടില്ലാത്ത വസ്തുക്കൾ എന്തൊക്കെയാണ് എന്ന് നബി(സ്വ)യോട് ആയിശ ബീവി(റ) ചോദിച്ചു. അവിടുന്ന് പറഞ്ഞു വെള്ളം തീ,ഉപ്പ് എന്നിവയാണത്.ആയിശ(റ) ചോദിച്ചു. വെള്ളം തടയരുത് എന്ന് അറിയാം(വെള്ളത്തിന്റെ പ്രാധാന്യം അത്രമേൽ വലുതാണ്) എന്നാൽ തീയും ഉപ്പും എന്താണിത്ര പ്രാധാന്യം? നബി(സ്വ) പറഞ്ഞു. ആരെങ്കിലും തീ കൊടുത്താൽ ആ തീ കൊണ്ട് വേവിക്കപ്പെട്ടതത്രയും ധർമ്മം ചെയ്തവനെ പോലെയാണ്. ഉപ്പ് നൽകിയാൽ, ആ ഉപ്പ് മുഖേന സ്വാദിഷ്ടമായ ഭക്ഷണം ധർമ്മം ചെയ്തത് പോലെയാണ്.വെള്ളം ലഭിക്കുന്നിടത്ത് ആർക്കെങ്കിലും വെള്ളം കുടിപ്പിച്ചാൽ അറുപത് മനുഷ്യരെ മോചിപ്പിച്ചവനെ പോലെയാണ്.വെള്ളം ലഭ്യമല്ലാത്തിടത്ത് ആർക്കെങ്കിലും വെള്ളം കൊടുത്താൽ ഒരു മനുഷ്യനെ ജീവിപ്പിക്കുന്നതുപോലെയാണ്. ഒരാളുടെ ജീവൻ രക്ഷിക്കുന്നത് മനുഷ്യരെ മുഴുവനും ജീവിപ്പിക്കുന്നത് പോലെ വലിയ കാര്യമാണ്(ഖുർത്വുബി 20/155)


  ഇത്യാദി കറുത്ത വിശേഷണങ്ങൾ ഹൃദയത്തിൽ ഊട്ടപ്പെട്ടവരെയാണ് ഹൃദയത്തിൽ രോഗം ബാധിച്ചവരെന്നും,വഞ്ചകരെന്നും, അന്ധരെന്നും ഖുർആൻ വിളിച്ചത്. മതനിരാസത്തിന്റെ പുതിയ കാലത്ത് പ്രവാചകന്റെ വഴികളിലേക്ക് തിരിഞ്ഞു നടന്ന് യഥാർത്ഥ വിശ്വാസത്തെ തിരഞ്ഞെടുക്കാൻ സൂറത്തുൽ മാഊൻ നമുക്ക് വഴിയൊരുക്കുമെന്ന് തീർച്ചയാണ്.


  ആരെങ്കിലും ഈ സൂറത്ത് പാരായണം ചെയ്താൽ അവൻ സക്കാത്ത് വീട്ടുന്നവനാണെങ്കിൽ അവന്റെ ദോഷം പൊറുക്കപ്പെടും എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്(ബൈളാവി2/625). അള്ളാഹു സൂറത്തുൽ മാഊൻ കൊണ്ട് ജന്നത്തുൽ ഫിർദൗസ് കരസ്ഥമാക്കുന്നവരിൽ നമ്മെയും ഉൾപെടുത്തട്ടെ.. ആമീൻ...




Nadeera.T

Darul Anwar Islamic and Arts College for women (wafiyya) Pallippuram