ഏഴര പതിറ്റാണ്ടിലെ ഇന്ത്യൻ വഴിദൂരം
ഐക്യവും അഖണ്ഡതയും ഭദ്രതയും ഓർമിപ്പിച്ചു സ്വാതന്ത്ര്യ ലബ്‌ധിയുടെ 75 വർഷം പിന്നിട്ടിരിക്കുകയാണ് ഇന്ത്യ.
1947 ആഗസ്റ്റ് 15 ലോകം ഉറങ്ങിയപ്പോൾ ഇന്ത്യ ഉണർന്നിരുന്നു. മറിഞ്ഞു കൊണ്ടിരിക്കുന്ന ചരിത്ര താളുകളിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം തങ്കലിപികളാൽ കൊത്തിവെക്കപ്പെട്ടു. പ്രാണനേക്കാൾ വലുത് ജനിച്ച നാടും സ്വന്തം മണ്ണുമാണെന്ന് അഭിമാനത്തോടെയും ചങ്കൂറ്റത്തോടെയും ഉറക്കെ വിളിച്ചുപറയുകയും അധിനിവേശത്തിനെതിരെ പോരാടുകയും ചെയ്ത ഭാരതീയ ജനത സ്വാതന്ത്ര്യമെന്ന അവകാശം തിരികെ നേടിയെടുത്തു.ഇതാണ് സ്വാതന്ത്ര സ്മരണ.
ഓരോ ഇന്ത്യൻ പൗരനും അഭിമാനിക്കാവുന്ന ഒരുപാട് നേട്ടങ്ങളിലൂടെ ഈ മഹാ രാജ്യം 75 വർഷം സഞ്ചരിച്ചുവെന്നത് ചർച്ച ചെയ്യുന്നതിനപ്പുറം ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകരുടെ ആശയങ്ങളിൽ നിന്നും ആഗ്രഹങ്ങളിൽ നിന്നും വ്യതിചലിച്ചു അവയുടെ നേർ വിപരീതം പ്രവർത്തിക്കുന്ന സാഹചര്യത്തെ വിശകലനം ചെയ്യുന്നതിനായി ഈ ഡയമണ്ട് ജൂബിലി അവസരം ഉപയോഗപ്പെടുത്തേണ്ടതായി വരും. അവസാനത്തെ ഇന്ത്യക്കാരന്റെയും കണ്ണീരൊപ്പുമ്പോഴാണ് സ്വാതന്ത്ര്യം അർത്ഥപൂർണമാവുന്നതെന്ന രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ വചനത്തിലെ ഇന്ത്യക്കാരന് പുതു വ്യാഖ്യാനം തേടുന്ന തിരക്കിലാണ് വികസന ദാതാക്കളെന്ന് സ്വയം വാദിക്കുന്ന ഇന്ത്യൻ നേതാക്കൾ. ഈ രാജ്യം ഗ്രാമീണരുടേതാണെന്നും, ഈ രാജ്യത്തെ പൗരന്മാരുടേതാണെന്നും വിശ്വസിച്ചിരുന്ന ഭരണകർത്താക്കളിൽ നിന്നും യഥാർത്ഥ ഉടമസ്ഥർക്ക് അഥവാ പൗരന്മാർക്ക് ശബ്ദിക്കാൻ പോലുമാവാത്ത വിധം ഭയപ്പെടുത്തുന്ന ഭീകര സത്വങ്ങളിലേക്കുള്ള ദൂരമായിരുന്നോ ഈ 75 വർഷങ്ങൾ?അതല്ല, മതേതരത്വത്തെ മുൻനിർത്തി വികസനത്തിന് വേണ്ടി പ്രവർത്തിച്ചിരുന്ന ജവഹർലാൽ നെഹ്‌റുവിൽ നിന്നും വികസനത്തെ മുൻനിർത്തി മതത്തിനു വേണ്ടി വാദിക്കുന്ന നരേന്ദ്ര മോഡിയിലേക്കുള്ള ദൂരമോ ഈ വർഷങ്ങൾ!? സമകാലിക ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയവും ദേശീയതയുമായി മാറിയിരിക്കുന്നു. ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ജന സംബന്ധിയായ പട്ടിണി, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾക്കപ്പുറം ഒരു വിഭാഗത്തിന്റെ സ്വാർത്ഥ താൽപര്യങ്ങളിൽ നിന്നുമുടലെടുത്ത തീവ്ര വർഗീയതയ്ക്ക് ഓശാരം കൊടുക്കുന്ന ഒരു ഗവണ്മെന്റ് രൂപം കൊണ്ടിരിക്കുന്നു.തീവ്ര ഹിന്ദുത്വ ദേശീയത വേരുറപ്പിക്കുകയും അതിന്റെ മൂർധന്യാവസ്ഥയിലേക്കുള്ള യാത്രയുടെ അവസാന യാമത്തിലെത്തുകയും ചെയ്ത സാഹചര്യത്തിൽ അവലോകന വിഷയ വ്യാപ്‌തി നിർണയിക്കുക അസാധ്യമെന്ന് പറയേണ്ടതായി വരും. യാതൊരു സങ്കോചവും കൂടാതെ വർഗീയ വിഷം ചീറ്റുന്നതിനും വംശഹത്യകളും നരവേട്ടകളും നടത്തുന്നതിനും സ്വരക്ഷക്കുവേണ്ടി ബ്രിട്ടീഷുകാരോട് മാപ്പ് പറയാനും രാജ്യത്തെ ഒറ്റുകൊടുക്കാനും തയ്യാറായവരുടെ പിൻതലമുറക്ക് സാധിക്കുന്നുവെന്നത് എത്ര ഖേദകരം.. സ്വാതന്ത്ര്യത്തിനു വേണ്ടി യാതൊന്നും ചെയ്യാത്തവരുടെ അനന്തരാവകാശികളാണ് ഇന്ന് ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യവും പാരതന്ത്രവും നിയന്ത്രിക്കുന്നത് എന്നത് അതിനേക്കാൾ മാനസിക വിഘ്നമുണ്ടാക്കുന്നു.
രാജ്യത്തിന്റെ ത്രിവർണ പതാകയെ ഉൾക്കൊള്ളാതെ അത് മൂന്ന് തുണിക്കണ്ടം കൂട്ടിക്കെട്ടിയതാണെന്നും അതിൽ ദേശീയ സന്ദേശം തീരെയില്ലെന്നും വാദിക്കുന്ന ഭരണകൂട വക്താക്കൾ സ്വാതന്ത്ര്യദിനതിന്റെ ഭാഗമായി മൂന്ന് ദിവസം ദേശീയ പതാക എല്ലാ വീടുകളിലും ഉയർത്തണമെന്ന് പ്രഖ്യാപിക്കുന്നതിന് പിന്നിലെ പ്രേരക ശക്തി എന്താണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ലോക രാജ്യങ്ങൾക്ക് മുന്നിൽ തല ഉയർത്തി നിന്നിരുന്ന ഇന്ത്യയിൽ സ്വന്തം രാഷ്ട്ര നേതാക്കളിൽ നിന്നുള്ള പാരതന്ത്രത്തിൽ നിന്നുള്ള മോചനം ആഗ്രഹിക്കുന്ന ഒരു ജനത രൂപപ്പെട്ടു കൊണ്ടിരിക്കുകയാണിന്ന്, പ്രതികരിക്കാനാവാത്ത വിധം ചങ്ങലക്കിടപ്പെട്ട ഒരു സമൂഹം. ശബ്ദമുയർത്തുന്നവരെ തുറുങ്കിലടച്ചും പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും അടിച്ചമർത്തിയും മൗനികളാക്കിയും ഭരണഘടന മുന്നോട്ട് വെക്കുന്ന മൗലികാവകാശങ്ങൾ പോലും ഹനിച്ച് കൊണ്ട് തങ്ങൾ പറയുന്നത് മാത്രമാണ് നിയമങ്ങൾ എന്ന് പറയാതെ പറയുന്ന, വളർന്നു വരുന്ന ഒരു ഏകാധിപത്യ സമ്പ്രദായത്തിലേക്ക് ഇന്ത്യൻ ഭരണം നീങ്ങുന്നുവെന്നതിൽ നാം ഭയപ്പെടേണ്ടിയിരിക്കുന്നു.
ജനാധിപത്യത്തിന്റെ ഈറ്റില്ലത്തിൽ ജനാധിപത്യത്തിന്റെ അന്തർവിത്തായ വോട്ടെടുപ്പ് നിരോധിക്കപ്പെട്ടിട്ടില്ല എന്നതിൽ നമുക്ക് പ്രത്യാശിക്കാം
Fathima Shifna NM
Al Gaith Islamic and arts college

0 Comments