റമദാൻ :വിശ്വാസിക്കൊരു ആത്മീയ വാതായനം
വിശുദ്ധ റമദാൻ വിരുന്നെത്തുന്നു. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളുടെയും കാരുണ്യത്തിന്റെയും പെയ്ത്ത് കാലം. വലിയ പ്രതിഫലവും പ്രതിഫലത്തിൽ തന്നെ പ്രത്യേക വർദ്ധനവും വാഗ്ദാനം ചെയ്യപ്പെട്ട കാലം. സൗഭാഗ്യങ്ങളുടെ അനർഘനിമിഷങ്ങളൊരു ക്കി വിശ്വാസിക്കു മുമ്പിൽ അവന്റെ ആത്മീയ സുരക്ഷയ്ക്കും അത്യന്തികമായ വിജയത്തിനുമുള്ള അവസരങ്ങളാണ് പുണ്യ റമളാൻ നിരത്തിവെക്കുന്നത്. ധാരാളം ആത്മീയ അതിർപ്പവും ആത്മീയ പുനരുജ്ജീവിതത്തിനുമുള്ള മാസമായി ലോക മുസ്ലിങ്ങൾ വാഴ്ത്തപ്പെടുന്ന മാസം.
പ്രപഞ്ചനാഥന്റെ നിശ്ചയമാണ് സമയബന്ധിതമായി വിശ്വാസികൾക്ക് നിർണയിക്കപ്പെട്ട ഓരോ ആരാധന മുറകളും. മനുഷ്യനും സൃഷ്ടാവും തമ്മിലുള്ള ആത്മബന്ധത്തിൽ നിന്നാണ് ആരാധനകൾ അനുഷ്ഠിക്കപ്പെടേണ്ടത്. വിശ്വാസികളുടെ മാനസിക, ശാരീരിക, സാമൂഹിക,സാമ്പത്തിക ജീവിതത്തിലെ വിശുദ്ധി കൈവരിക്കണമെന്നാണ് ഇത്തരം വ്യത്യസ്ത തരത്തിലുള്ള ആരാധനകൾ ലളിതമായും ക്ഷമിച്ചും അനുഷ്ഠിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്.
അല്ലാഹുവിന്റെ മാസം,ക്ഷമയുടെ മാസം, മാസങ്ങളുടെ നേതാവ്, നബിസല്ലല്ലാഹു അലൈഹി വസല്ലമ വിശേഷിപ്പിച്ച മാസം, ഏറ്റവും ശ്രേഷ്ഠമായ മാസം എന്നീ നാമങ്ങളാൽ അലങ്കരിക്കപ്പെട്ട റമദാൻ കണ്ടത് പറയുന്ന സ്വീകാര്യതയ്ക്ക് സാക്ഷിയായ മാസമാണ്. "നിങ്ങളാരെങ്കിലും പ്രസ്തുത മാസത്തിനു സാക്ഷ്യം വഹിച്ചാൽ നോമ്പ് എടുത്തു കൊള്ളട്ടെ "( അൽ ബഖറ..... 185) എന്ന് ഖുർആനിക വാക്യം ക്ഷമാശീലരായി നോമ്പെടുത്തു പരസ്പരം വർത്തിക്കാൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു. മൂന്ന് ഗ്രന്ഥങ്ങൾ തുടർച്ചയായി അവതരിപ്പിച്ചതിന് പുറമേ ഇബ്നു അബ്ബാസ് ഉദ്ധരിച്ച ഹദീസിൽ നമുക്ക് കാണാം "റമളാൻ മാസത്തിൽ, ഖദറിന്റെ രാവിൽ,ലൗഹുൽ മഹ്ഫൂളിൽ നിന്ന് ഒറ്റത്തവണയായി ഇറക്കിയ ഖുർആൻ ഭൗമിക വാനത്തിലെ ബൈത്തുൽ ഇസ്സയിൽ സൂക്ഷിച്ചു പിന്നീട് ഇരുപത്തിമൂന്ന് വർഷങ്ങളാൽ നബി തിരുമേനിക്ക് ജിബിരീൽ അലൈഹിസ്സലാം മുഖേനെ സന്ദർഭോചിതം അനുസരിച്ച് ഇറക്കി കൊടുത്തു"( ഇബ്നു കസീർ 1/27). സ്വർഗ്ഗകവാടം തുറക്കപ്പെടുകയും, നരക കവാടങ്ങൾ കൊട്ടിയടക്കുകയും, പിശാചുക്കൾ തളക്കപ്പെടുകയും, കാരുണ്യ അനുഗ്രഹ ചെയ്ത്തുകൾ അധികരിക്കുകയും ചെയ്യുന്ന പുണ്യമാസത്തിൽ ആദരസൂചകമായാണ് സ്വർഗ്ഗം അലങ്കരിക്കപ്പെടുന്നത്.
അത്താഴം, നോമ്പ്, ഇഫ്താർ,ദാനം, തറാവീഹ് തുടങ്ങി കർമ്മങ്ങൾ വിശ്വാസികൾക്ക് കൂടുതൽ കരുത്തും ഊർജ്ജവും പകരുന്നു. കൂടുതൽ പുണ്യങ്ങൾ നേടാനും പാരത്രിക വിജയം കരസ്ഥമാക്കാനും വളരെയേറെ ഉപകരിക്കുന്ന അവസ്ഥകൾ അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. അതിൽ പ്രധാനവും ശ്രദ്ധേയവുമാണ് മനുഷ്യവർഗ്ഗത്തിന്റെ അത്യന്തിക ശത്രുവായ പിശാചിന് ബന്ധനമേർപ്പെടുത്തുന്നത്. കൂടാതെ, മനുഷ്യനിൽ അവിഹിതമായി വഴിപിഴപ്പിക്കുന്ന പിശാചിന്റെ കൂട്ടാളികളായ ജിന്നുകൾക്കും റമളാനിൽ നിയന്ത്രണമുണ്ട്. സത്യവിശ്വാസികളും സജ്ജനങ്ങളുമായവർക്ക് സന്മാർഗം നിരത്തുന്ന പുണ്യമാസം മാസങ്ങളുടെ നേതാവ് എന്ന വാസ്തവത്തിൽ പ്രതിഫലത്താൽ തെളിയിക്കുകയാണ്.
നന്മ കൊണ്ടാണ് റമദാൻ വിടപറയേണ്ടത്. റമളാൻ വിശ്വാസികൾക്ക് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കാനുള്ള ഏറ്റവും വലിയ അവസരമാണ്. ജീവിതം ഉജ്ജ്വലമാക്കാൻ, ആത്മീയത വർധിപ്പിക്കാൻ, കറകളഞ്ഞ് തൗബയോടെ അല്ലാഹുവിനോട് കൂടുതൽ അടുക്കാൻ, ദുഃഖിതർക്കൊപ്പം സഹവർത്തിക്കാൻ, ആത്മീയ പുതുക്കലിനും സ്വച്ഛതക്കും പ്രാധാന്യം വ്യക്തമാക്കുന്ന മാസം. അതിനാൽ, റമളാനെ ഒരിക്കലും നഷ്ടപ്പെടുത്താതെ മഹത്വം മനസ്സിലാക്കി പ്രയോജനപ്പെടുത്തേണ്ടത് ഓരോ വിശ്വാസിയുടെയും ഉത്തരവാദിത്വമാണ്!!!…
Haseena PP
Bafakhy Wafiyya College, Valavannur

0 Comments