മാൽക്കം എക്സ്
- അലക്സ് ഹാലി -
"മാൽക്കം എക്സ്"അമേരിക്കൻ ഇസ്ലാമിക ചരിത്രത്തിലെ നിർണ്ണായക വ്യക്തിയുടെ ആത്മകഥ.പുലിസറ്റർ ജേതാവായ അലക്സ് ഹാലിയുടെ അമേരിക്കൻ ബെസ്റ്റ് സെല്ലർ. കറുത്ത വർഗ്ഗക്കാരുടെ കരുത്തുറ്റ നേതാവിൻറെ ബാല്യവും കൗമാരവും യൗവനവും അതിസൂക്ഷ്മമായി വിവരിക്കപ്പെട്ട കൃതി. അമേരിക്കയിലെ കറുത്ത വംശജരുടെ ജീവിതവും അതിലുപരി ഇസ്ലാം മതത്തിന്റെ വളർച്ചയുടെ നാൾവഴികളും വിവരിക്കുകയാണിവിടെ.
ദുരിതപൂർണമായ ബാല്യത്തിലൂടെ കടന്ന് പോകുന്ന മാൽകം എക്സ് മയക്കുമരുന്നിനും മദ്യത്തിനും അടിമയായിത്തീരുന്നു. പിതാവിന്റെ കൊല്ലപ്പെടലും അതിനെ തുടർന്ന് മാതാവിനുണ്ടായ മാനസികാഘാതവും ഇതിലേക്കുള്ള സാഹചര്യങ്ങൾ വിശാലമാക്കി. ഉയർന്നു വരാത്ത വിധം ശബ്ദങ്ങളെ അടിച്ചമർത്താൻ, വളർന്നു വരുന്ന തലമുറയെ ലഹരിയിൽ തളച്ചിടാൻ വെളുത്ത വർഗ്ഗക്കാർ തന്ത്രമൊരുക്കുമ്പോൾ അതിനെ തിരിച്ചറിയാനുള്ള പ്രാഥമിക വിദ്യാഭ്യാസം പോലും അവർക്കു ലഭിചിരുന്നില്ല.ജീവിതത്തിന്റെ ലക്ഷ്യം ലഹരി മാത്രമായപ്പോൾ കൊലയും കൊള്ളയും കറുത്ത വർഗക്കാരുടെ കൂടെപിറപ്പായി. മാൽകം എക്സ് പറയുന്നുണ്ട് :"കൗമാരിത്തിലേക്ക് എത്തുമ്പോഴേക്കും മയക്കുമരുന്ന് ഉപയോഗിക്കാത്ത ആരും തന്നെ ഞ ങ്ങളിലുണ്ടായിരുന്നില്ല . യഥേഷ്ടം മദ്യശാലകളും മറ്റും അവരുടെ നേതൃത്വത്തിൽ ഞങ്ങൾക്കായി തുറന്നിടുമ്പോൾ വിദ്യാഭ്യാസത്തിന്റ ചിന്തകൾ പോലും അടഞ്ഞു പോവുകയായിരുന്നു ". ഇതിനാൽ തന്നെ മാൽക്കം എക്സ് ഏറ്റവും കൂടുതൽ ശ്രമിച്ചത് കറുത്ത വർഗ്ഗക്കാരുടെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടിയായിരുന്നു.
നിങ്ങൾ ബുദ്ധിശൂന്യരും അടിമകളുമാണെന്ന വെളുത്ത വർഗ്ഗക്കാരുടെ നിരന്തരമായ ആക്ഷേപത്തിലൂടെ മസ്തിഷ്ക പ്രക്ഷാളനം സംഭവിച്ച കറുത്ത വർഗ്ഗക്കാർക്ക് തങ്ങൾ ഒന്നിനും പറ്റാത്തവരാണെന്ന തോന്നൽ ഉണ്ടാവുന്നു. ഒരു സമൂഹത്തെ അടിമകളാക്കാനുള്ള ഏറ്റവും എളുപ്പമായ മാർഗ്ഗം അവരിൽ സ്വന്തത്തെ കുറിച്ച് അപകർഷതാ ബോധം നിറക്കലാണെന്ന സത്യം മാൽകം എക്സ് എന്ന കൃതി ചൂണ്ടിക്കാണിക്കുന്നുണ്ട്.
കറുത്ത-വെളുത്ത വർഗ്ഗക്കാർക്കിടയിൽ അധികമാരും പറയാത്ത ലൈംഗിക ആരാജകത്വത്തെ തുറന്നു പറയുന്ന മാൽകം എക്സ് അമേരിക്കൻ സാമൂഹ്യ ജീവിതത്തെ മറയില്ലാത്ത വിധം തുറന്നു കാണിക്കുന്നു. തെറ്റുകളുടെ തോഴനായി തെരുവിൽ വാഴുന്നതിനിടയിൽ കവർച്ചാ കേസിൽ ജയിലിലടക്കപ്പെടുന്നതാണ് മാൽകം എക്സിന്റെ ജീവിതത്തിൽ പുതിയൊരു അധ്യായത്തിന് കാരണമായത്. ഒറ്റപ്പെടലിന്റെയും വിഷാദാവസ്ഥയുടെയും ഭ്രാന്തമായ അവസ്ഥയിലാണ് ഇസ്ലാമികമല്ലെങ്കിലും "മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് "എന്നതു പോലെ ഇസ്ലാം എന്ന നാമത്തെ അമേരിക്ക കേൾക്കാനിടയായ എലിജാ മുഹമ്മദിന്റെ നാഷൻ ഓഫ് ഇസ്ലാം എന്ന സംഘടനയെ പരിചയപ്പെടുന്നത്. കുത്തഴിഞ്ഞ ജീവിതത്തിനു ദിശാബോധം നൽകാനും സദാചാര ജീവിതശൈലിയെ വളർത്തിയെടുക്കാനും ഈ വിശ്വാസം അദ്ദേഹത്തെ സഹായിച്ചു.
ജയിൽ മുക്തനായ മാൽകം എക്സ് എലിജാ മുഹമ്മദിന്റെ വിശ്വസ്തനായ അനുയായിയും പ്രബോധകനുമായി പ്രവർത്തിച്ചു. തീവ്രവംശീയതയിൽ അധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല നിലപാടുകൾ. വെളുത്തവർഗ്ഗക്കരെ പിശാചിനു സമാനമായി കണ്ട മാൽകം എക്സ് കറുത്തവർഗ്ഗക്കാരെ അടിമകളാക്കി അടക്കിവാഴുന്നതിനെതിരെ ശക്തമായി വിമർശിച്ചു. ലഹരിയെ ലക്ഷ്യമാക്കിയതിൽ നിന്നും പ്രബോധനത്തെയും സംഘടനയുടെ ഉയർച്ചയെയും സദാസമയവും കൊണ്ടുനടന്ന മാൽകം എക്സ് നിഗ്രോകൾക്കിടയിൽ പുതിയൊരു ചിന്തക്ക് അടിത്തറ പാകി.നാഷൻ ഓഫ് ഇസ്ലാം എന്ന സംഘടനയുടെ കീഴിൽ പടുത്തുയർത്തപ്പെട്ട ജീവിത ശൈലികളും ആശയങ്ങളും കറുത്ത വർഗ്ഗക്കാർക്കിടയിൽ ഉണ്ടാക്കിയ സ്വാധീനം കൃതിയിൽ വ്യക്തമായി വിവരിക്കുന്നുണ്ട്. എലിജാ മുഹമ്മദിന്റെ വലം കൈയായിരിക്കെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് സംഘടനയിൽ നിന്നും പുറത്താവേണ്ടി വന്ന മാൽകം എക്സ് യഥാർത്ഥത്തിൽ മറ്റൊരു സത്യത്തെ തിരിച്ചറിയാനുള്ള വഴിയിലേക്ക് പ്രവേശിക്കുകയായിരുന്നു.
മഹത്തായ ഹജ്ജ് കർമത്തിനായി മക്കയിലെത്തിയ അദ്ദേഹം ഇസ്ലാമിന്റെ യഥാർത്ഥ മുഖത്തെ ദർശിക്കുകയും മനസ്സിലാക്കുകയും ചെയ്തു. ലോക്കപ്രശസ്തനായ ബോക്സിങ് താരം "മുഹമ്മദലി ക്ലെ " അടക്കമുള്ളവർ അംഗമായിരുന്ന നാഷൻ ഓഫ് ഇസ്ലാമിന്റെ കപടമുഖത്തെ തുറന്നുകാണിക്കാൻ മാൽകം എക്സിനു കഴിഞ്ഞുവെങ്കിലും അതിനായി അദ്ദേഹം നൽകിയത് സ്വന്തം ജീവൻ തന്നെയായിരുന്നു.
ഓർമ വെച്ച നാൾമുതലുള്ള തന്റെ ജീവിതകഥയെ അലക്സ് ഹാലി എന്ന എഴുത്തുകാരനോട് കഥ പോലെ പറഞ്ഞുകൊടുക്കുന്നതാണ് ഈ കൃതി. അതിനാൽ തന്നെ, വായിച്ചു തുടങ്ങുന്നത് മുതൽ മാൽകം എക്സിനെ കേൾക്കുന്ന മറ്റൊരു അലക്സ് ഹാലിയായി വായനക്കാരൻ മാറുന്നു. അത്രമാത്രം, ഹൃദയത്തെ സ്വാധീനിക്കുന്ന വിധത്തിൽ വാക്കുകളെ ചിട്ടയോടെ ക്രമീകരിക്കുന്നു. അവഗണന നിറഞ്ഞ ബാല്യവും,ലഹരി നിറഞ്ഞ കൗമാരവും,നാഷൻ ഓഫ് ഇസ്ലാമിന്റെ പ്രബോധകനും, യഥാർത്ഥ ഇസ്ലാമിന്റെ പ്രചാരകനുമായി മൽകം എക്സ് മാറുമ്പോൾ ഐതിഹാസികമായ ഒരു ജീവിതത്തിന്റെ നേർചിത്രം ജീവസ്സുറ്റതായി കണ്മുന്നിൽ തെളിയുന്ന പ്രകാരം വരികൾ മനോഹരമാണ്. ലോകപോലീസായും മറ്റും പ്രൗഡിയുടെ വേഷമണിഞ്ഞു മാത്രം പ്രത്യക്ഷപ്പെടുന്ന അമേരിക്കയുടെ മറ്റൊരു മുഖം ദർശിക്കണമെങ്കിൽ "മാൽകം എക്സ്" എന്ന കൃതി വായിക്കണം. അമേരിക്കയുടെ സാമൂഹ്യ സാഹചര്യങ്ങളെയും അമേരിക്കയിലെ ഇസ്ലാമിന്റെ ഉത്ഭവവും തളർച്ചയും വളർച്ചയും തുടങ്ങി അതിപ്രധാനമായ ചരിത്ര വസ്തുതകളെയും ചില പച്ചയായ സത്യങ്ങളെ തുറന്നു പറയാനും "മാൽകം എക്സ്" എന്ന കൃതിയിലൂടെ സാധ്യമായിട്ടുണ്ട്. യഥാർത്ഥത്തിൽ, "മാൽകം എക്സ്"എന്ന കൃതി മാൽകം എക്സ് എന്ന മഹാനായ ഒരു മനുഷ്യന്റെ ജീവിതം മാത്രല്ല, ഒരുപാട് ജീവിതങ്ങളെ തുറന്ന്കാണിക്കുന്ന മനോഹരമായ കൃതിയാണ്. നാം ഇന്നേ വരെ കേൾക്കാത്ത അമേരിക്കയുടെ മറ്റൊരു വശത്തെ ചൂണ്ടിക്കാണിക്കുന്നതിനാൽ ഓരോ താളുകളും മികവുറ്റ വായനാനുഭവവും നൽകുന്നു.മാൽകം എക്സിന്റെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും മനോഹരമായ നിലയിൽ വായനക്കാരിലേക്ക് പകരുന്നതിൽ ഗ്രന്ഥകാരൻ പൂർണാർത്ഥത്തിൽ വിജയിച്ചിരിക്കുന്നു. അമേരിക്കയിൽ ഒരുപാട് ചർച്ചകൾക്കും പഠനങ്ങൾക്കും വിധേയമാക്കപ്പെട്ട കൃതിയാണ് മാൽകം എക്സ്.

8 Comments
😍
ReplyDelete😍
ReplyDelete👍👍
ReplyDelete❤️👍
ReplyDeleteMasha Allah 👌🏻🥰
ReplyDelete💜
ReplyDeleteMasha allaah
ReplyDeleteനല്ലൊരു എഴുത്ത്.
ReplyDelete