ഏകപക്ഷീയമായി വലത്തോട്ട് ചാഞ്ഞുള്ള നീക്ക് പോക്കുകളും കോർപ്പറേറ്റുകളെ പോറ്റാനുള്ള തത്രപ്പാടുകളും ഇടവേളകളിൽ വർഗീയതയുടെ വിളയാട്ടവും,ഭരണത്തിന്റെ  ഗതിയും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതികേടും ഇപ്പോൾ ഇങ്ങനെയാണ്.ഇതിനിടയിലാണ് അഞ്ചിടങ്ങളിൽ സംസ്ഥാന- ദേശീയ തലങ്ങളിൽ നിർണായകമായ തെരഞ്ഞെടുപ്പാരവം.2024 ലേക്കുള്ള ചൂണ്ടുപലകയായി തെരഞ്ഞെടുപ്പ് മാറുമ്പോൾ നിലവിലെ ഭരണ പ്രതിപക്ഷ പാർട്ടികളുടെ ലിറ്റ്മസ് ടെസ്റ്റ് കടുക്കും. ഉള്ളത് നിലനിർത്താനും ഇല്ലാത്തത് ചാക്കിട്ടു പിടിക്കാനുമുള്ള നെട്ടോട്ടത്തിന്റെ  ഗതി ജനം നിർണയിക്കും. കോവിഡ് പ്രതിസന്ധിയും സാമ്പത്തിക കെടുതികളും തുടങ്ങി നീളുന്ന ഗൗരവ വിഷയങ്ങളെ ആസ്പദമാക്കി ആയിരിക്കും ജന മനോഭാവവും തുടർന്നുള്ള തെരഞ്ഞെടുപ്പ് ഫലവും.
                         ഇടപാടുകളിലെ സക്രിയത കൊണ്ട് പ്രശസ്തമായ പ്രബുദ്ധ കേരളത്തിലും വോട്ട് ഒരു അവകാശം മാത്രമല്ല , മറിച്ച് നിലനിൽപ്പിന്റേത്  കൂടിയാണ്. സ്വന്തം വോട്ട് ബാങ്കിൽ നിന്ന് പോക്കറ്റടി നടക്കാതിരിക്കാനും ' കോൺഗ്രസ് മുക്ത ഭാരത'മെന്ന  പരിഹാസാക്ഷേപത്തിൽ നിന്ന് മുക്തി നേടാനും കിണഞ്ഞു പരിശ്രമിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയും ഭരണത്തുടർച്ചയില്ലെങ്കിൽ പ്രസക്തി നഷ്ടപ്പെടുമെന്ന വലിയ പ്രതിസന്ധിക്ക് മുന്നിൽ പതറി നിൽക്കുന്ന ഇടതു പക്ഷവും 'ജനാധിപത്യത്തിന്റെ ' സി സി ടി വി നിരീക്ഷണത്തിലാണ്. ജനപഥ യാത്ര മുതൽ കടൽപ്രകടനം വരെ നീണ്ടു നിൽക്കുന്ന ഇലക്ഷൻ ഷോകളിൽ യോഗി മുതൽ രാഹുൽ ഗാന്ധി വരെ അണിനിരക്കുമ്പോൾ കൈവരിച്ച നേട്ടങ്ങളേയും  നൽകിയ ആനുകൂല്യങ്ങളേയും  എണ്ണിപ്പറഞ്ഞ് ഭരണപക്ഷവും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളും പ്രതിഷേധത്തിന്റെ വാക്കേറും കൊണ്ട് പ്രതിപക്ഷവും , വിരിയിച്ച താമരയുടെ ഇമേജ് മെച്ചപ്പെടുത്താനായി ജനതാ പാർട്ടിയും പരസ്പര അങ്കക്കലിയിൽ ഭാഗഭാക്കാകുകയാണ്.
                 പ്രതിസന്ധികളെ ഫലപ്രദമായി നേരിടുന്നതിലും അവസരോചിതമായ സാമൂഹിക ഇടപെടലുകളിലൂടെയും നേട്ടമുണ്ടാക്കിയെങ്കിലും 
അഴിമതി,നിസ്സഹകരണം പോലെയുള്ള പതിവ് വിവാദങ്ങളിൽ നിന്ന് ഒട്ടും മുക്തമായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.പിൻവാതിൽ നിയമനങ്ങളിലും കള്ളക്കടത്തിലും ആക്ഷേപിക്കപ്പെട്ട ഭരണപക്ഷത്തെ പൊതു നിരയിലേക്ക് വലിച്ചിഴക്കുന്നതിൽ പ്രതിപക്ഷത്തിന് വേണ്ടവിധം വിജയം കണ്ടെത്താനായില്ല എന്ന് വേണം കരുതാൻ.എങ്കിലും സ്വർണക്കടത്തിലും ശബരിമല വിവാദത്തിലും പിടി മുറുക്കിയ ഐക്യ മുന്നണി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വൻ വെല്ലു വിളിയാകുമെന്ന് ഉറപ്പ്.

          അധികാര വടം വലിയുടെ സ്ഥിരം നേർച്ചകളായ പതിവ് യാത്രകളും പൗരപ്രമുഖ കൂടിക്കാഴ്ചകളും മുറ തെറ്റാതെ നടക്കുമ്പോഴും അരികു വൽകരിക്കപ്പെട്ട് കഴിയുന്ന വിഭാഗങ്ങൾ വീണ്ടും തെരഞ്ഞെടുപ്പ് സമയത്തെ മാർക്കറ്റിംഗ് തന്ത്രമായി മാറുന്നു.ജനാധിപത്യത്തെ തന്നെ ഭയപ്പെടുത്തും വിധം പണക്കരുത്തും മസിൽകരുത്തും വർഗീയകരുത്തും പ്രയോഗിച്ച് വീറും വാശിയുമുള്ള തെരഞ്ഞെടുപ്പ് കൊണ്ടാടപ്പെടുമ്പോൾ പാർട്ടി നോക്കി കുത്തുന്നവരും ചിഹ്നം നോക്കി വെട്ടുന്നവരും നാടിന്റെ വിലയും നിലയും മറക്കാതിരിക്കുക.കാരണം ജനാധിപത്യത്തിന്റെ ഉത്സവമത്രേ തെരഞ്ഞെടുപ്പ്..!!