ഫാത്തിമത്തുസ്സുഹ്റ :
റസൂലിന്റെ കരളിന്റെ കഷ്ണം
മുസ്ലിംകൾക്കെതിരെ മ൪ദ്ദനങ്ങൾ അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന സമയം, പരിശുദ്ധമായ മസ്ജിദുൽ ഹറമിൻ്റെ പരിസരം...അബൂ ജഹൽ, ഉത്ബത്ത്, ശൈബത്ത്, എന്നീ ഖുറൈശി പ്രമുഖർ അടങ്ങുന്ന ഒരു സംഘം ആരെയോ പ്രതീക്ഷിച്ചിരിക്കുകയാണ്.നീണ്ട കാത്തിരിപ്പിനൊടുവിൽ ഹറമിലേക്ക് കടന്ന് വരുന്ന ആളെ കണ്ട് അവരുടെ ചുണ്ടുകളിൽ ഒരു പരിഹാസച്ചിരി പ്രകടമായി.തങ്ങളുടെ പിതാമഹന്മാരുടെ മതത്തെ ധിക്കരിച്ച് പുതിയൊരു മതത്തെയും അനുയായികളെയും വാർത്തെടുത്ത് മക്കയിൽ വിലസുന്ന മുഹമ്മദ് വിനയാന്വിതനായി മസ്ജിദിലേക്ക് പ്രവേശിച്ചതും അവരുടെ കണ്ണുകളിൽ പക ആളിക്കത്തി."മക്കയിലെ പ്രമുഖരായ ഞങ്ങളുടെ മുമ്പിൽ വെച്ച് പ്രാ൪ത്ഥിക്കാ൯ അവന് ഇത്ര ധൈര്യമോ?! "എന്ന് ചിന്തിച്ച് പക മൂത്ത അബൂ ജഹൽ കൂടെയുള്ള സംഘത്തോട് ചോദിച്ചു : " ആർക്കാണ് ഒരു ഒട്ടകത്തിൻ്റെ കുടൽമാല മുഹമ്മദിൻ്റെ കഴുത്തിൽ ചാർത്താ൯ ആകുക".. ഒരു വന്യ മൃഗത്തെ പോലെ ഉഖ്ബ പ്രസ്തുത ചുമതല ഏറ്റെടുത്തു ഓടിപ്പോയി ചത്ത ഒട്ടകത്തിൻ്റെ കുടൽമാലയുമായി വന്നു.സുജൂദിലായിരുന്ന നബി(സ) യുടെ കഴുത്തിലത് ചാർത്താ൯ അയാൾ മടിച്ചില്ല. പ്രാ൪ത്ഥനാനിരതനായ പിതാവിന്റെ കഴുത്തിൽ കാട്ടാളർ കുടൽമാല ഇട്ടത് നേരിൽ കണ്ട പത്ത് വയസ്സ് തികയാത്ത ആ പെൺതരി ഓടിച്ചെന്ന് തൻ്റെ പ്രിയപിതാവിന്റെ കഴുത്തിൽ നിന്നും ആ കുടൽമാല എടുത്തു ദൂരെ കളഞ്ഞ് ഖുറൈശി സംഘത്തിനും തൻ്റെ പിതാവിനുമിടയിൽ സംരക്ഷകയായി നിലകൊണ്ടു.കോപാഗ്നി ജ്വലിക്കുന്ന ആ തീക്ഷ്ണ നയങ്ങളെ നേരിടാനാവാതെ ഖുറൈശി സംഘം സ്ഥലം വിട്ടു.വാത്സല്യ നിധിയായ തൻ്റെ പിതാവിനു മുന്നിൽ ധീരതയുടെ വലയം തീര്ത്ത ആ കൊച്ചു മിടുക്കിയാണ് റസൂലിന്റെ കരളിന്റെ കഷ്ണം,ശരീരം കൊണ്ടും സ്വഭാവ ഗുണങ്ങൾ കൊണ്ടും റസൂലിന്റെ തനിപകർപ്പായ മഹിളാരത്നം, ഹബീബിൻ്റെ തിരുമേനിയിൽ ഒരു തരി മണ്ണ് പോലും ഏൽക്കാതെ കാത്തു സൂക്ഷിക്കുന്ന അംഗരക്ഷക, ശാശ്വതമായ സ്വർഗീയ ജീവിതത്തിൽ മുസ്ലിം ഉമ്മത്തിൻ്റെ റാണി, ലോകത്തിൻ്റെ നായകൻ മുഹമ്മദ് (സ) യുടേയും മക്കയിലെ രാജാത്തി ഖദീജ (റ) യുടെയും സന്തോഷ പൂർണ്ണമായ ദാമ്പത്യ വല്ലരിയിൽ വിരിഞ്ഞ കുസുമം.
ഫാത്തിമ ബിൻത്ത് മുഹമ്മദ് (റ)...നബി (സ) യുടെ നാലാമത്തെ പുത്രിയായി ക്രി. 605 ൽ മക്കയിൽ ജനിച്ചു. മക്കയിലെ പ്രമാണിയായ ഖുവൈലിദിൻ്റെ മകൾ ഖദീജ(റ)യാണ് ഫാത്തിമ ബീവിയുടെ മാതാവ്. ഫാത്തിമ സഹ്റ, അത്ത്വാഹിറ, അസ്സ്വിദ്ദീഖ, എന്നിങ്ങനെ നിരവധി നാമങ്ങളിൽ അറിയപ്പെടുന്ന ഫാത്തിമ (റ), ഇംറാൻ്റെ മകൾ മറിയം ബീവി കഴിഞ്ഞാൽ പിന്നെ സ്വ൪ഗത്തിലെ സ്ത്രീകളുടെ നായകത്വം ബീവിക്കാണ്.ഇളയ പുത്രിയായ ഫാത്തിമ(റ) യെ വളരെ വാത്സല്യ ത്തോടെയാണ് നബി (സ) വളർത്തിയത്."ഫാത്തിമ എന്നിൽ നിന്നുള്ള ഒരു ഭാഗമാകുന്നു. അവളെ വെറുപ്പിക്കുന്ന ഏതൊരു കാര്യവും എന്നെയും വെറുപ്പിക്കുന്നതാണ്. അവളെ ആരെങ്കിലും ആക്രമിക്കുന്നുവെങ്കിൽ അത് എന്നെ ആക്രമിക്കലായിരിക്കും. ദീനിൻ്റെ കാര്യത്തിൽ അവൾ ആക്രമിക്കപ്പെടുന്നത് ഞാൻ ഭയപ്പെടുന്നു"_ ഫാത്തിമ ബീവിയെ കുറിച്ച് തിരുനബി(സ)പറഞ്ഞ വാക്കുകളാണിത്.പിതാവിന് മകളോടുള്ള അടങ്ങാത്ത സ്നേഹം മനസ്സിലാക്കാ൯ ഈ വരികൾ തന്നെ ധാരാളം. മാതാപിതാക്കളെ പിരിഞ്ഞ് ഒരു നിമിഷം കഴിയുന്ന കാര്യം പോലും അവർക്ക് ഓർക്കാൻ കഴിയുമായിരുന്നില്ല. ജ്യേഷ്ഠ സഹോദരിമാരെല്ലാം ഭ൪ത്തൃമതികളായി ജനിച്ചു വളര്ന്ന വീട് വിട്ടിറങ്ങി പോവുന്നത് കണ്ട കുഞ്ഞു ഫാത്തിമ പൊട്ടിക്കരഞ്ഞു. മകളുടെ വ്യസനഭാവം കണ്ട സ്നേഹ നിധിയായ ഉമ്മ ചോദിച്ചു:"എൻ്റെ പൊന്നു മോളെന്തിനാണ് കരയുന്നത്? "
"ജ്യേഷ്ഠത്തിമാർ പോവുന്നത് പോലെ എന്നെയും ഈ വീട് വിട്ട് ഇറങ്ങിപ്പോവാൻ നി൪ബന്ധിച്ചാലോ എന്നോർത്താണ് ഞാൻ കരയുന്നത്.എനിക്ക് ഒരിക്കലു൦ നിങ്ങളെ വിട്ട് പോവാനാവില്ല".
" അതാണോ കാര്യം, എന്റെ മോളെ ഞാൻ എവിടേക്കും അയക്കുന്നില്ല, പോരെ! "
ആ മറുപടി കേട്ടാണ് ഫാത്തിമ(റ)ക്ക് സമാധാനമായത്.പിതാവിന്റേയും മാതാവിന്റെയും സ്നേഹ ലാളന ആവോളം ലഭിച്ചെങ്കിലും ഒരുപാട് കൈപ്പേറിയ ജീവിതം കൊച്ചുനാൾ തൊട്ടുതന്നെ ബീവിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഹിറാഗുഹയിലെ ഏറെ നാളെത്ത ഏകാന്തവാസത്തിന് ശേഷം പ്രവാചകത്വ പദവി സിദ്ധിച്ച് പുറത്തു വന്ന ബാപ്പയുടെ തിരുനാവിൽ നിന്നും തൗഹീദിൻ്റെ മധുരധ്വനി ഏറ്റുവാങ്ങി ഇസ്ലാമിലൂടെ തൻ്റെ ഭാവി ജീവിതം ഭാസുരമാക്കി മഹതി വളർന്നു വന്നു. ഇസ്ലാമിൻ്റെ പേരിൽ പിതാവും സ്വഹാബത്തും അനുഭവിക്കേണ്ടി വന്ന അതിരറ്റ യാതനകൾക്ക് ദൃസാക്ഷിയാവുകയും അവയിലെല്ലാം ഒരു ഭാഗമാവുകയും ചെയ്തു കൊണ്ട് പരീക്ഷണങ്ങളുടെ ഭാണ്ഡം പേറി കരുത്തുറ്റ ജീവിതത്തിൻ്റെ ഉടമയായി ആ മഹിളാരത്നം മാറി.
നബി പുത്രിയെ വിവാഹം കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഭൗതികവും പാരത്രികവുമായ നേട്ടങ്ങളെ മുന്നിൽ കണ്ട് വിവാഹാലോചനയുമായി പലരും തിരുസന്നിധിയിൽ വന്നെങ്കിലും ആർക്കും നബി (സ) അനുകൂലമായ മറുപടി കൊടുത്തില്ല. അവസാനം, പ്രവാചക൪ (സ)യുടെ സന്തതസഹചാരിയും, അതിധീരനും, ബുദ്ധിമാനുമായിരുന്ന അലിയ്യു ബ്നു അബീത്വാലിബ്(റ)ന് തൻ്റെ പ്രിയ മകളെ നബി(സ) വിവാഹം ചെയ്ത് കൊടുത്തു. സന്തോഷങ്ങളും പരീക്ഷണങ്ങളും സമ്മിശ്രമായി ഒഴുകിയിരുന്ന അവരുടെ ദാമ്പത്യ ജീവിതത്തിൽ വിടർന്ന പുഷ്പങ്ങളാണ് 'ഹസ്സ൯, ഹുസ്സൈ൯, അൽ മുഹ്സിൻ, സൈനബ്, ഉമ്മു കുത്സൂം (റ) ' എന്നവ൪.
തൻ്റെ പിതാവിനെ അങ്ങേയറ്റം സ്നേഹിച്ചവരായിരുന്നു അവർ.റസൂൽ (സ) മരണ ശയ്യയിൽ കിടക്കവേ ഫാത്തിമ (റ) അരികത്തിരുന്നു. അവരുടെ ചെവിയിൽ നബി (സ) എന്തോ അടക്കം പറഞ്ഞു. അതു കേട്ട് ഫാത്തിമ ബീവി പൊട്ടിക്കരഞ്ഞു. റസൂൽ (സ) വീണ്ടും ചെവിയിൽ എന്തോ പറഞ്ഞു, കരഞ്ഞു കൊണ്ടിരിക്കുന്ന ഫാത്തിമ പെട്ടെന്ന് ചിരിച്ചു. കണ്ടു നിന്നവർക്ക് ഒന്നും മനസ്സിലായില്ല."താൻ മരിക്കുകയാണെന്ന് പറഞ്ഞപ്പോൾ ഫാത്തിമ ബീവി കരഞ്ഞു. നമ്മുടെ കുടുംബത്തിൽ നിന്ന് നീയാണ് ആദ്യം എൻ്റെ കൂടെ വരുക എന്ന് പറഞ്ഞപ്പോഴാണ് ബീവി ചിരിച്ചത്".റസൂലിന്റെ വിയോഗം അവരെ അങ്ങേയറ്റം തളർത്തി കളഞ്ഞു.ആശ്വാസ വചനങ്ങൾ അവരെ സ്പ൪ശിച്ചതേയില്ല, ഫാത്തിമ പിന്നീട് ചിരിച്ചതേയില്ല.പ്രിയ പിതാവിന്റെ വിയോഗ ശേഷം ഭൂമിയിൽ അവ൪ നിശബ്ദയായി തൻ്റെ മരണത്തിന് വേണ്ടി കാത്തിരുന്നു.കാരണം, അവർക്കാവശ്യം തൻ്റെ പിതാവിന്റെ സാന്ത്വനമായിരുന്നു. നീണ്ട കാത്തിരിപ്പിന് വിരാമമെന്നോണം ഹിജ്റ പതിനൊന്നാം വ൪ഷം, റമളാൻ മൂന്നിന് അവർ അല്ലാഹുവിലേക്ക് മടങ്ങി.
അല്ലാഹു സുബ്ഹാനഹു വതആല മഹതിയോടു കൂടെ ജന്നാത്തിൽ ഒരുമിച്ചു കൂടാൻ നമുക്ക് ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🤲

2 Comments
ماشاء الله۔۔🌺🌺🌺
ReplyDeleteഅള്ളാഹു നമ്മേവരെയും മുത്ത് റസൂലിനോടൊപ്പവും തങ്ങളുടെ കരളിന്റെ കഷ്ണത്തോടൊപ്പം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ.....ആമീൻ യാ റബ്ബൽ ആലമീൻ🥀🥀🥀
Ma sha Allah ♥️
ReplyDelete