മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം
—————————-
أفحسبتم أنّما خلقناكم عبثا و أنكم إلينا لا ترجعون
നിങ്ങളെ നാം വ്യർത്ഥമായി സൃഷ്ടിച്ചതാണെന്നും നിങ്ങളെ നമ്മിലേക്ക് മടക്കപ്പെടുകയുമില്ലെന്നാണോ നിങ്ങൾ ധരിച്ചിരിക്കുന്നത്....? [വി.ഖു 23:115]
നമ്മിൽ പലരും അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണ്; "എന്താണ് നിന്റെ ജീവിതലക്ഷ്യം....? എന്നുള്ളത്.
"ദിശ തെറ്റി സഞ്ചരിക്കുന്ന വഞ്ചിയാണ് ഞാൻ എത്തിച്ചേരുന്നിടമാണെൻ ലക്ഷ്യം.... "
എന്നതാണോ നിങ്ങളുടെ മറുപടി....?
എങ്കിൽ ഓരോ മുഅ്മിനും മനസ്സിലാക്കേണ്ട യാഥാർഥ്യം ഇത്രയാണ്;തുഴയുന്ന ദിക്കിലേക്ക് മാത്രമേ വഞ്ചി നീങ്ങുകയുള്ളൂ..... അത്കൊണ്ട് ഏത് ദിശയിലേക്കാണ് വിശ്വാസികളായ നാം സഞ്ചാരിക്കേണ്ടത്?അതിനുള്ള വ്യക്തവും സ്പഷ്ടവുമായ മറുപടി കാരുണ്യവാനായ റബ്ബ് തന്നെ അടിവരയിട്ടു കാണിച്ചുതന്നിട്ടുണ്ട്. അല്ലാഹുവിന്റെ പ്രീതിയും അതുവഴി അവന്റെ ശാശ്വതമായ സ്വർഗ്ഗവും കരസ്ഥമാക്കലാണ് ഇസ്ലാം അനുശാസിച്ച ഒരു മുസൽമാന്റെ ജീവിത ലക്ഷ്യം.ഇസ്ലാമിന്റെ ഈ ജീവിതലക്ഷ്യം ലോക മുസ്ലിമീങ്ങൾക്കെല്ലാം സ്ഥായിയാണ്.
എല്ലാ ദർശനങ്ങളും, തത്വചിന്തകളും, വിജ്ഞാനീയങ്ങളും, ലക്ഷ്യം വെക്കുന്നത് മനുഷ്യന്റെ ഭൗതിക ഐശ്വര്യമാണ്. അവരുടെയെല്ലാം പ്രവർത്തനത്തിന്റെയും ഉത്ഭവത്തിന്റെയും അച്ചുതണ്ട് മനുഷ്യനാണ്. എന്നാൽ മനുഷ്യന് സന്തോഷം നൽകുന്നതിൽ ഈ വിജ്ഞാനീയങ്ങൾക്കും, തത്വചിന്തകൾക്കും അബദ്ധം പിണഞ്ഞാൽ അവ പരാജയമാണെന്ന് തീർച്ചയായും വിധിയെഴുതപ്പെടും. ഇസ്ലാം എന്നത് ഒരു മാനവിക മതമാണ്. നിർണിതമായ ചില മൂല്യങ്ങൾ മനുഷ്യരിലും സമൂഹത്തിലും സന്നിവിശേഷിപ്പിച്ചു കൊണ്ട് മനുഷ്യന്റെ സന്തോഷവും ജീവിതവിജയവും സാക്ഷാത്കരിക്കാനാണ് അത് നാഥനിൽ നിന്നും അവതീർണ്ണമായത്. മനുഷ്യരുടെ ഇഹപര വിജയമാണ് ആത്യന്തികമായി അത് മുന്നോട്ടുവെക്കുകയും ചെയ്യുന്നത്.
അല്ലാഹുവിലുള്ള വിശ്വാസം ഒരു വിശ്വാസിക്ക്, തന്റെ ജീവിതത്തിന് വേണ്ട പക്വമായ ഊർജം നൽകുന്നു.യഥാർത്ഥ വിശ്വാസി അള്ളാഹുവിനെ ആരാധിക്കുകയും അവന് വഴിപെടുകയും ചെയ്യുന്നത് വഴി ജീവിതത്തെ അർത്ഥപൂർണവും ലക്ഷ്യബോധവുമുള്ളതാക്കിത്തീർക്കുന്നു.
ഇസ്ലാമിന്റെ മനുഷ്യജീവിതത്തെ പറ്റിയുള്ള വീക്ഷണം വളരെ വ്യക്തവും
യുക്തിഭദ്രവും ലളിതവുമാണ്.അതിനെ നമുക്കിങ്ങനെ സംഗ്രഹിക്കാം, ആദ്യം ഗർഭാവസ്ഥയിൽ നിന്നും ജീവിതം ആരംഭിക്കുന്നു, ശേഷം മരണം, പിന്നെ വിധി പ്രഖ്യാപന ദിനം,ശേഷം ശാശ്വതമായ ജീവിതത്തിലേക്ക് പ്രവേശനം കൊള്ളുന്നു. ഈ സുവ്യക്തമായ ജീവിത ലക്ഷ്യത്തോടൊപ്പം ഒരു മുസ്ലിമിന് നിർണ്ണിതമായ മറ്റൊരു ലക്ഷ്യവുമുണ്ട്, എന്ന കാര്യത്തിൽ തർക്കമില്ല.
തന്നെ സൃഷ്ടിച്ചത് അല്ലാഹു ആണെന്നും, രഹസ്യവും പരസ്യവുമായി ചെയ്ത സർവ്വാധി കാര്യങ്ങളും അല്ലാഹു കാണുന്നുണ്ടെന്നും, തന്നെ ചോദ്യം ചെയ്യുന്നതാണെന്നും, തന്റെ ഹ്രസ്വമായ ഇഹലോക ജീവിതത്തിന്റെ പ്രവർത്തനങ്ങളാണ് പിന്നീടുള്ള ശാശ്വതമായ ജീവിതത്തെ നിർണയിക്കുന്നതെന്നും അവൻ മനസ്സിലാക്കുന്നു. രണ്ടാം ജീവിതഘട്ടത്തെയും വിധിദിനത്തേയും കുറിച്ചുള്ള വിശ്വാസം ഒരു മുസൽമാന്റെ ജീവിതത്തെ അർത്ഥപൂർണ്ണമുള്ളതാക്കി മാറ്റുന്നു.
അവിശ്വാസികൾ സ്ഥായിയായ ജീവിതലക്ഷ്യമായി കണ്ടെത്താറുള്ളത് പണം സമ്പാദിക്കുക,ലൈംഗികാസക്തി പൂർത്തീകരിക്കുക, വിനോദങ്ങളിൽ ഏർപ്പെടുക തുടങ്ങിയവയെയാണ്. പക്ഷെ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം നൈമിഷികമായ ലക്ഷ്യങ്ങൾ മാത്രമാണ്. കാരണം അല്ലാഹു മനുഷ്യനെ വെറുതെ സൃഷ്ടിച്ചതല്ല,അവനിലേക്ക് തന്നെയാണ് മടക്കം എന്ന മുമ്പ് സൂചിപ്പിച്ച ഖുർആനിക വചനം, വിശ്വാസിയുടെ ആത്യന്തിക ലക്ഷ്യത്തെപ്പറ്റി ഹൃദങ്ങളിൽ ദ്യോതിപ്പിക്കുന്നുണ്ട്..
ഇനിയും വൈകിയിട്ടില്ല....!
നന്മയുടെ പാഠങ്ങൾ പങ്കുവെച്ച്, കാരുണ്യത്തിന്റെ വെളിച്ചം പകർന്ന്,വ്രതശുദ്ധിയാൽ മിഴിവേറിയ രാവുകളിൽ ത്യാഗത്തിന്റെയും, വിശ്വാസത്തിന്റെയും സന്ദേശങ്ങൾ ഉയർന്നു പൊങ്ങുന്ന ഈ പാവന നിമിഷങ്ങളിൽ നമുക്കൊന്നായ് ഹൃദയകങ്ങളുടെ ഉള്ളറയിൽ തൊട്ട് അല്ലാഹുവിലേക്ക് പ്രാർത്ഥനകൾ സമർപ്പിച്ച് അവനിലലിയാം.

2 Comments
Masha allah. Allah nammale swaliheengalil ulpeduthatte
ReplyDeleteഇഹത്തിലും പരത്തിലും ഉപകാരമുള്ള ഹമലാക്കി അള്ളാഹു മാറ്റട്ടെ.. ആമീൻ.
ReplyDelete