ഇഫ്താർ:ചിട്ടയോടെ ശ്രദ്ധയോടെ വിളമ്പാം

_____________________

             

                ഒഴിഞ്ഞ വയറും നിറഞ്ഞ മനസ്സും ആണല്ലോ റമളാനെ വ്യതിരിക്തമാക്കുന്നത് . ആത്മാവിനു ഭക്ഷണവും ശരീരത്തിന് നിരാഹാരവും നൽകുന്നതിൻ്റെ ഫലമെന്നോണം ജീവസ്സുറ്റ തും സ്വസ്ഥവുമായ ഒരു മനുഷ്യനെക്കൂടി വ്രതമാസം വിഭാവനം ചെയ്യുന്നുണ്ട്. ആരാധനയാണ് ആത്യന്തികമായ ലക്ഷ്യമെങ്കിലും, ആരോഗ്യപരമായ മേന്മകൾ കൈവരിക്കാനും അത് അവസരമൊരുക്കുന്നുണ്ട്. ഉദാത്തമായ ആഹാരനിയന്ത്രണവും നീതിബോധവും സൃഷ്ടിക്കുകയും ദഹന വ്യവസ്ഥക്ക് വിശ്രമവും ആന്തരികാവയവങ്ങൾക്ക് നവോന്മേഷവും പ്രദാനം ചെയ്യുന്നു.

        "വിശക്കുമ്പോൾ മാത്രം ഭക്ഷിക്കുക"എന്ന തിരുവചനത്തിൽ നിന്നും; സൃഷ്ടാവിലേക്കായി കർമ്മനിരതരാകാനുള്ള ഉൽപ്രേരകശക്തിയാവുക  എന്നതാണ് ഭക്ഷണത്തിൻറെ ധർമ്മമെന്ന് കാതലായി നാം ഓർത്തു വെക്കേണ്ടതുണ്ട്. അതിനാൽ ആരാധനാകർമങ്ങളാൽ   വ്യാപൃതകമാകുന്ന റമദാൻ മാസത്തിൽ പ്രത്യേകിച്ചും, അനുയോജ്യമായ ആഹാരക്രമങ്ങളാൽ കർമ്മങ്ങളെ ഉത്സാഹ നിർഭരമാക്കാൻ ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു. ഇങ്ങനെ, നാം ചെയ്യുന്ന ഓരോ ചെയ്തികളെയും നിയ്യത്തു നിമിത്തമായി സുകൃതങ്ങളാക്കാം.

        

       നിർണിത ഘടകങ്ങൾ അടങ്ങിയതും നിശ്ചിത അളവുകളോടെയുമുള്ള സമീകൃതാഹാരമാണ് ശരീരം കാംക്ഷിക്കുന്നത്. വിപരീതമായി, അനിയന്ത്രിതവും അനാരോഗ്യകരവുമായ ആഹാര ക്രമങ്ങളെ ആശ്രയിക്കുന്നത് ഈ ശാരീരിക സുസ്ഥിതിക്ക് തന്നെ വിനയായിത്തീരുകയാണ്. കൂടാതെ, നോമ്പുകാലത്തെ നമ്മുടെ ഭക്ഷണ ശീലങ്ങളിൽ പലതും ഇസ്ലാമിക അധ്യാപനങ്ങളിൽ നിന്നും ആരോഗ്യസംരക്ഷണ പാഠങ്ങളിൽ നിന്നും വിദൂരത്താകുന്നത് പ്രസ്തുത ഗുണങ്ങളെയെല്ലാം വിഫലമാക്കുന്നതുമാണ്.



പുണ്യം വിളമ്പുന്ന ഇഫ്താർ

_________________


     ഇന്ന്, നാട്ടുനടപ്പ് എന്ന ലേബലിൽ നോമ്പു തുറപ്പിക്കുന്നതിൻ്റെ നീളമേറിയ പുണ്യം മറന്നു പോകുന്നുണ്ടോ എന്ന് സംശയസൂചകമാണ്. വിഭവ സമൃദ്ധി മാത്രം ലക്ഷ്യമിടുന്ന ആതിഥേയരും വിരളമായ അതിഥികളും വിരൽ ചൂണ്ടുന്നത് അതുതന്നെയല്ലേ.വ്യത്യസ്ത വിഭവങ്ങൾക്കുള്ള ലിസ്റ്റിനു പകരം അർഹരായ വിരുന്നുകാരുടെ ലിസ്റ്റിനാണ് നീളം കൂട്ടേണ്ടതെന്ന് ഉണർത്തേണ്ടിയിരിക്കുന്നു.

                ഇഫ്താർ ഒരുക്കുന്ന വീടകങ്ങളിൽ, അന്നത്തെ നിസ്കാരം ഭാരമേറുന്നതും തറാവീഹിന് അവധിയെടുക്കുന്നതും, ചെയ്ത നന്മയെ മങ്ങലേൽപ്പിക്കുകയാണ്. 

നിഷ്കളങ്കതയോടെ സംഘടിപ്പിക്കുന്ന നമ്മുടെ ചടങ്ങുകൾ, പ്രകൃതിക്കോ ഇതര മതസ്ഥർക്കോ ശല്യമാകാതെ തെളിമയേറുന്നതാക്കാം. മേശ നിറക്കുന്ന സൽക്കാരങ്ങളിൽ നിന്നും മാറി ചിന്തിച്ച്, അശരണരുടെ തളികകൾ കൂടി സമ്പന്നമാക്കണം. വയറുമടുത്ത്  ആഹാരങ്ങളെ പഴക്കിയും പാഴാക്കിയും ദുർവ്യയം ചെയ്യാതെ, ഭക്ഷ്യയോഗ്യമായതിൻറെ ഒരംശം പോലും മാലിന്യമാക്കാതെ റാസിഖായ നാഥൻ്റെ മഹത്വം ഉയർത്തി പിടിക്കാം.


      വെയിറ്റ് ലോസ് ചലഞ്ചുമായി വരുന്ന യൂട്യൂബ്    ഘോഷങ്ങൾക്കിടയിൽ, അതൊക്കെ പാർശ്വ നേട്ടങ്ങളായി മാത്രം കണ്ടുകൊണ്ട് പവിത്ര മാസത്തിലെ പരമ ലക്ഷ്യത്തിന് ആക്കം കൂട്ടണം. ശരീരത്തിനും മനസ്സിനും ശുദ്ധികലശമൊരുക്കണം. ലക്ഷ്യത്തിലേക്കുള്ള ദൂരം കുറയ്ക്കുന്നതാകട്ടെ വിശപ്പിൻറെ ഓരോ നിമിഷവും..