വ്രത വിശുദ്ധിയിലൂടെ അനുഗ്രഹങ്ങളെ അറിയുമ്പോൾ
_______________________
കാരുണ്യം അതിന്റെ ഉല്പത്തിയിൽ നിന്നും മഴയായി വർഷിച്ചു കൊണ്ടിരിക്കുന്നു...ഏവരെയും നനയ്ക്കണമെന്നില്ല,നനയാൻ തുനിഞ്ഞവർക്കു മേൽ കുളിർമഴയായി അതു ഭവിച്ചേക്കാം...
കാരുണ്യത്തിന്റെ നാഥൻ തന്റെ ദാസന്മാരിലേക്കു കരുണാകടാക്ഷങ്ങൾ ചൊരിയുന്ന പരിശുദ്ധ റമളാനിന്റെ ആദ്യപത്തുകളിലാണല്ലോ നാം....
കാരുണ്യത്തിന്റെ മാലാഖമാർ വിഹായസ്സിൽ വിഹരിക്കുന്ന ഈ നിമിഷങ്ങളിൽ പടച്ചവനിലേക്ക് പടപ്പുകളൊക്കെയും പടവുകൾ കയറേണ്ടിയിരിക്കുന്നു.കേവലം ആരാധനകളിൽ മുഴുകി വ്രതാനുഷ്ഠരായി ദിനരാത്രങ്ങൾ കഴിഞ്ഞുവെന്നാൽ വിജയശ്രീലാളിതരാവുമെന്ന് കരുതാവതല്ല.മറിച്ച് , ഹൃദയാന്തരങ്ങളിലേക്ക് കാരുണ്യത്തിന്റെ നോട്ടമുണ്ടായാൽ മാത്രമേ വിശ്വാസിസമൂഹത്തിനു പാപമുക്തിയിലേക്കും അതുവഴി നരക മോചനത്തിലേക്കും എത്തിപിടിക്കാൻ വഴിയൊരുങ്ങുകയുള്ളൂ....
തിരുനബി (സ്വ) പറഞ്ഞു : "അറിയുക , നിങ്ങളിലാരും തന്റെ ആരാധന കൊണ്ട് മാത്രം രക്ഷപ്പെടുകയില്ല " ഇതു കേട്ടപ്പോൾ അനുചരന്മാർ ആശ്ചര്യപ്പെട്ടു. "അല്ലാഹുവിന്റെ തിരു ദൂതരെ അങ്ങും ?" തിരുനബി പ്രതിവചിച്ചു.
" ഇല്ല , അല്ലാഹുവിന്റെ ദയാവായ്പുകളാലെന്നെ പൊതിഞ്ഞില്ലെങ്കിൽ എനിക്കും രക്ഷയില്ല."
ഒരായുസ്സ് മുഴുവനും ആരാധനയിൽ മുഴുകിയാൽ പോലും ഒരണുമണിതൂക്കം ദിവ്യാനുഗ്രഹത്തിനു കിടപിടിക്കാൻ സാധ്യമാവുകയില്ല.അതിനാൽ, അനന്തമായ അനുഗ്രഹങ്ങളാൽ നമ്മെ ആശിർവദിച്ച നാഥന്റെ മുമ്പിൽ സ്വന്തത്തെ ആരാധനയാൽ അലങ്കരിക്കുന്നതോടു കൂടി കാരുണ്യത്തിന്റെ നോട്ടത്തിനായി തേടുകയും വേണം.
അല്ലാഹു കാരുണ്യവാനാണ്. അവന്റെ വിശേഷണങ്ങളിൽ മുഴച്ചു നിൽക്കുന്നതും കരുണയുടെ കരങ്ങളത്രെ, നൂറു റഹ്മത്തുകളിൽ നിന്നൊന്നിനെ സർവ്വ സൃഷ്ടികൾക്കും വീതിച്ചു നൽകിയതിൽ നിന്നാണ് നാം കാണുന്ന പരസ്പര കാരുണ്യത്തിന്റെയും ദയയുടെയും ഉത്ഭവമെങ്കിൽ , മിച്ചമത്രയും നാളെ പരലോക വിജയത്തിനായി നാഥൻ കാത്തുവെച്ചിരിക്കുന്നു വെന്നത് എത്രമാത്രം കരുണാമയമാണ്. ഇരപകലില്ലാതെ നാം തേടിയ തേട്ടത്തിന് ഉത്തരം ലഭിക്കാത്തതു പോലും , നാഥന്റെ അനുഗ്രഹങ്ങളിൽ ഒന്ന് തന്നെയാണ്. തിരിച്ചറിയാൻ നമുക്ക് കാലങ്ങൾ വേണ്ടി വരുന്നുവെന്ന്ഓ മാത്രം.
രോ മാതാവും തന്റെ സന്തതിയോട് അങ്ങേയറ്റം കാരുണ്യവതിയായിരിക്കും.അതിനേക്കാൾ പതിന്മടങ്ങ് ദയാപരമാണ് സൃഷ്ടികളോടുള്ള സൃഷ്ടാവിന്റെ ചെയ്തികൾ.പരുഷവും കോപാകുലവുമല്ല, ലളിതവും ദയാപരവുമാണത്. അനുസരണീയർക്കു മാത്രം അനുഗ്രഹം ചൊരിയലല്ല, അതിക്രമം കാട്ടിയവർക്കും മുക്തരാവാനവസരം നൽകുന്നവനാണവൻ. അതിയായ കാരുണ്യവാൻ, അതിൽപരം കാരുണ്യത്തിന്റെ ഉറവ തന്നെയാണ് താനും ...
"ഞങ്ങളുടെ സൃഷ്ടാവേ, ഞങ്ങൾക്ക് മേൽ കരുണ ചൊരിയേണമേ ....കാരുണ്യവാന്മാരിൽ ഏറ്റവും കരുണാമയൻ നീയാണല്ലോ....!"

1 Comments
ماشاء الله
ReplyDelete