വൃഥാവിൽ ആവരുത് വ്രതാനുഷ്ഠാനം
----------------------------------------
ഇസ്ലാമിക സൗധത്തിന്റെ പഞ്ചസ്തംഭങ്ങളിൽ നാലാമതായ നോമ്പ് അഥവാ വ്രതം എന്നതിൻറെ ഭാഷാർത്ഥം ഇംസാക്ക് അഥവാ പിടിച്ചു വെക്കൽ, സംയമനം, നിയന്ത്രണം എന്നിങ്ങനെയാണ്.
വ്രതത്തിന്റെ മതകീയ പരികല്പനകൾക്കപ്പുറം ഇന്ന് ശാസ്ത്രീയ വ്യാഖ്യാനങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും ഇസ്ലാമികമായി വ്രതം ആത്യന്തികമായി ദൈവസാമീപ്യം ലഭിക്കാനും ഭക്തി വർദ്ധിപ്പിക്കാനും ആയിരിക്കണം. പാപങ്ങളിൽ നിന്നും മാറി നിൽക്കുക, നന്മകൾ ഏറെ പ്രവർത്തിക്കുക എന്നതാണ് നോമ്പിൻറെ പൂർണത. അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ നിങ്ങളുടെ മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. അതുവഴി നിങ്ങൾ തഖ്വ ഉള്ളവർ ആകാൻ വേണ്ടി".
(2:183)
വ്രതാനുഷ്ഠാനം അള്ളാഹുവിന്റെ സന്നിധിയിലേക്കുള്ള തീർത്ഥയാത്രയാണ്. അതുകൊണ്ടുതന്നെ ദൈവികാനുഗ്രഹങ്ങളോട് പുറംതിരിഞ്ഞു നിൽക്കാതെ സൽകർമ്മങ്ങളിലൂടെ അത് സ്വായത്തമാക്കാനാണ് ശ്രമിക്കേണ്ടത്. അതല്ലാതെ ഒരാൾ തുടർച്ചയായി നോമ്പനുഷ്ഠിക്കുകയും തഖ്വ എന്ന ഗുണം കരഗതമാവാൻ ആവശ്യമായ നിയമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുകയാണെങ്കിൽ വ്രതാനുഷ്ഠാനം വൃഥാവിൽ ആവുകയാണ്. പാത്രം കമിഴ്ത്തിവെച്ച് വെള്ളം ഒഴിക്കുന്നതിന് തുല്യമാണത്.
നബി (സ്വ) തങ്ങൾ പറഞ്ഞു:
"كم من صائم ليس له من صيامه الا الجوع."
"തൻ്റെ നോമ്പുകൊണ്ട് വിശപ്പ് മാത്രമല്ലാതെ മറ്റൊന്നുമില്ലാത്ത എത്ര നോമ്പുകാർ ആണുള്ളത്."
നോമ്പ് വൃഥാവിൽ ആകുന്നത് നോമ്പ് കൊണ്ടുള്ള നേട്ടം ലഭിക്കാതെ പോകുമ്പോഴാണ്. ഭൗതിക സുഖങ്ങളിൽ ആർമ്മാദിച്ച് ശരീര ഇച്ഛകളുടെ അടിമയായി മാറുന്ന മനുഷ്യൻ യഥാർത്ഥത്തിൽ മൃഗത്തേക്കാൾ അധ:പ്പതിച്ചവനല്ലേ?
ഇവിടെയാണ് വ്രതം ചില നിയന്ത്രിത ചിട്ടകളിലൂടെ ജീവിതക്രമം രൂപപ്പെടുത്താനുള്ള ആഹ്വാനവും അവസരവും നൽകുന്നത്. മനുഷ്യന്റെ പ്രവർത്തികൾ സ്വീകാര്യവും അസ്വീകാര്യവും ആകുന്നത് അവൻറെ ഉദ്ദേശത്തിനു(നിയ്യത്ത്) അനുസരിച്ചാണ് എന്നതിനാൽ വിശ്വാസി തൻറെ പ്രവർത്തനങ്ങളിൽ കൃത്യമായ ഉദ്ദേശശുദ്ധി (റബ്ബിൻ്റെ പ്രീതി) കൊണ്ടുവരണം. റമദാനിൽ അതിന് ഇരട്ടിമധുരം ആയിരിക്കുമല്ലോ! അതിനാൽ തന്നെ റമദാനിന്റെ രാപ്പകലുകളെ പരമാവധി പ്രയോജനപ്പെടുത്തുക. കേവലം അന്നപാനീയങ്ങൾ മാത്രം ഉപേക്ഷിക്കൽ അല്ല ഇസ്ലാമിലെ മഹത്തായ നോമ്പ് എന്ന ഇബാദത്ത്,മറിച്ച് നന്മയെ മുറുകെ പിടിച്ച്, തിന്മയെ പാടെ വെടിഞ്ഞ്, നോമ്പുകാരൻ ആണെന്ന ഗൗരവബോധം സദാ നിലനിർത്തണം.കേവലം ശാസ്ത്രം പറയുന്നതേ സ്വീകരിക്കൂ എന്ന് നിർബന്ധം പിടിക്കുന്ന നവയുഗത്തിൽ വ്രതത്തെ കുറിച്ച് ശാസ്ത്രം പറയുന്നത് കേട്ട് ശാരീരിക നേട്ടങ്ങൾക്ക് വേണ്ടി വ്രതം എടുക്കുമ്പോൾ
വ്രതത്തിൻ്റെ ആത്മീയ ലക്ഷ്യങ്ങൾ തന്നെ ചോർന്നു പോവുകയാണ് ഇവിടെ.
എണ്ണിയാൽ തീരാത്ത വിഭവങ്ങൾ കൊണ്ടുള്ള ഇഫ്താറിൻ്റെ രംഗപ്രവേശനവും ഇന്നത്തെ വ്രതാനുഷ്ഠാനത്തിന് "ആത്മാവ്" നഷ്ടപ്പെട്ടിട്ടുണ്ടോ? എന്ന സംശയത്തിന് വഴിയൊരുക്കുകയാണ്.
ഇഫ്താർ വിരുന്നുകൾ പുണ്യം ഉള്ളതാണെന്ന് നബി (സ്വ) പഠിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ പ്രൗഢിയുടെ തുറന്ന സദസ്സുകൾ ആയി ഇഫ്താർ സംഗമം മാറുന്നത് എത്ര ഗുരുതരമാണ്. റമദാൻ മാസത്തിലെ ഏറ്റവും സവിശേഷമായ ഇബാദത്താണ് ആണ് ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിച്ചു അവസാന പത്ത് രാത്രികൾ ആരാധനകളിൽ മുഴുകുക എന്നുള്ളത്. എന്നാൽ ഈ പുണ്യ ദിനങ്ങളിൽ ശൈത്താൻ്റെ ഫിത്നകൾ കൂടുതലായി നടക്കുന്ന അങ്ങാടികളിൽ മുസ്ലിം സമുദായം കൂടുതൽ സമയം ചെലവഴിക്കുന്നത് വലിയൊരു വിരോധാഭാസം തന്നെയാണ്. "ഭക്ഷണപാനീയങ്ങൾ തിരസ്കരിക്കുക മാത്രമല്ല വ്രതം. മറിച്ച് അസത്യങ്ങളും അനർത്ഥങ്ങളും മതപരിധിയിൽ പെടാത്ത വിനോദങ്ങളും കൂടി വെടിയുമ്പോഴേ വ്രതം പൂർണ്ണമാകൂ" എന്ന് രണ്ടാം ഖലീഫ ഉമർ (റ) വ്യക്തമായി പറയുന്നുണ്ട്.മനസ്സിനെയും ശരീരത്തെയും ചിന്തയെയും ശുദ്ധീകരിച്ച് സൃഷ്ടാവിനെയും സൃഷ്ടിയെയും കൂടുതൽ അടുത്തറിയാനുള്ള അവസരമാക്കി വ്രതത്തെ മാറ്റുക എന്നത് നാമോരോരുത്തരുടെയും മേൽ അനിവാര്യമാണ്. ഖുർആൻ പാരായണവും ദാനധർമ്മങ്ങളും കൊണ്ട് വിശുദ്ധ റമദാനിലെ രാപ്പകലുകളെ പരിശുദ്ധമാക്കണം. ഇത് ജീവിതവിശുദ്ധി കൈവരിക്കാനുള്ള പ്രേരണ കൂടിയാണ്. വിശ്വാസിയായ മനുഷ്യന് ഏറ്റവും കൂടുതൽ ആത്മീയ നിർവൃതി ലഭിക്കുന്ന മാസമായ റമദാനിൽ നന്മകളിൽ പരസ്പരം മത്സരിച്ച്, ചീത്ത പ്രവർത്തികൾ കൊണ്ട് നോമ്പിനെ വൃഥാവിൽ ആകാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ട്. നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ.
✍🏼rashida PP
Shihab Thangal Educational Academy Maniyoor

1 Comments
Ma Sha Allah ❣️
ReplyDelete