വിനയം : അത്യുന്നതിയുടെ കാതൽ

         

  ഇസ്ലാംമനുഷ്യകുലത്തെ പഠിപ്പിക്കുന്ന ഏറ്റവും മഹത്തരമായ മൂല്യങ്ങളിൽ ഒന്നാണ് വിനയം. വിശ്വാസികൾ ദിനംപ്രതി ഏറ്റവും കൂടുതൽ ഉരുവിടുന്ന വാക്യമാണ് 'അള്ളാഹു അക്ബർ'. സർവ്വശക്തനായ നാഥന്റെ  വിനീത ദാസനെന്ന വിശ്വാസിയുടെ ആത്മാർത്ഥമായ പ്രഖ്യാപനം ജീവിതത്തിലുടനീളം വിനയം കാത്തുസൂക്ഷിക്കുവാൻ  പ്രേരണയാകുന്നു.  പരിശുദ്ധ ഇസ്‌ലാം  വിനയാന്വിതനായി വർത്തിക്കാൻ നമ്മോട് നിർദേശിക്കുന്നു. പരിശുദ്ധ റമദാൻ മാസത്തിൽ വിശ്വാസികൾ തന്റെ നാഥനിലേക്ക് ആരാധനകളുമായി കൂടുതൽ അടുക്കുന്ന സമയമാണ്.നാഥന്റെ അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്ന  ഈ അവസരത്തിൽ നാം താഴ്മയുടെ ചിറകുകൾ നനച്ചു കുളിര്‍മയേകണം. ജനങ്ങൾക്ക് പ്രിയപ്പെട്ടവരും ജഗനിയന്താവിന് പ്രിയ ദാസനുമായി മാറണമെങ്കിൽ ഈ ഉൽക്കൃഷ്ട സ്വഭാവം നമ്മിൽ ഉണ്ടാവണം.

       പ്രവാചകർ (സ്വ)ഈ ഉത്തമ സ്വഭാവത്തിന്റെ  നിറകുടമായിരുന്നു.  അവിടുത്തെ പെരുമാറ്റങ്ങളിൽ എപ്പോഴും പുഞ്ചിരി പുൽകിയിരുന്നു. പ്രവാചക കുടുംബത്തിൽ നിന്നു തുടങ്ങുന്നു എളിമയുടെ മാതൃകകൾ. മഹതി ആയിഷ(റ)യോട് ഒരിക്കൽ ചോദിക്കപ്പെട്ടു: നബി വീട്ടിൽ ആയിരിക്കുമ്പോൾ അവിടുത്തെ പ്രവർത്തനങ്ങൾ എന്തായിരുന്നു?അവർ പറഞ്ഞു:അദ്ദേഹം വീട്ടുജോലികളിൽ ഞങ്ങളെ സഹായിക്കാറുണ്ട്, നമസ്കാര സമയമായാൽ തിരുമേനി പള്ളിയിലേക്ക് തിരിക്കുകയും ചെയ്യും.

  ആടുകളെ കറന്നും ചെരുപ്പിന്റെ കേടുകൾ തീർത്തും വസ്ത്രങ്ങളിലെ കീറലുകൾ തുന്നിച്ചേർത്തും അങ്ങാടിയിൽ   ചെന്ന് ആവശ്യസാധനങ്ങൾ സ്വയം വാങ്ങിയും സ്വയം തന്നെ വഹിച്ചും ....അങ്ങനെ എളിമയുടെ ഏഴഴകായിരുന്നു റസൂൽ.

          വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: "അല്ലാഹുവിന്‍റെ ദാസര്‍ ഭൂമിയില്‍ വിനയാന്വിതരായി നടക്കുന്നവരും അവിവേവികൾ അവരോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി പറഞ്ഞൊഴിയുന്നവരുമാണ്" 

(ഫുർഖാൻ). വിനയാന്വിതര്‍ മാത്രമേ അല്ലാഹുവിന്‍റെ ദാസരായിട്ടുള്ളൂ എന്ന വലിയ പാഠമാണ് ഇത് നല്‍കുന്നത്. അബൂ ഹുറൈറ(റ)യില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു:നബി പറഞ്ഞു:" അല്ലാഹുവിന് ആരെങ്കിലും വിനയം കാണിച്ചാല്‍ അയാളെ അല്ലാഹു ഉയര്‍ത്തും". 

    മഹാനായ ലുഖ്മാനുല്‍ ഹകീം (റ) തന്‍റെ മകനെ ഉപദേശിച്ചതായി വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം കാണാം. ‘ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത്. അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കുകയുമരുത്. തീര്‍ച്ചയായും അഹങ്കാരിയും ദുരഭിമാനിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല’ (ലുഖ്മാന്‍ 18)  ഈ രണ്ട് സൂക്തങ്ങള്‍ വിനയത്തിന്‍റെ പ്രാധാന്യവും അഹങ്കാരത്തിന്‍റെ ഭവിഷ്യത്തുമാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

        ഇസ്ലാം കല്പിക്കുന്ന ഓരോ കല്പനകൾക്കും ആത്മ ചൈതന്യം പകരുന്നത് വിനയത്തിന്റെ നിറമാണ്.ആരാണ് നിസ്കാരത്തിൽ കൂടുതൽ നേരം നിൽക്കുന്നത്, ആരുടെ റുകൂഉം സുജൂദുമാണ് ദൈർഘ്യമേറിയത്, ആരുടെ ഹൃദയമാണ് കൂടുതൽ ഭക്തി ഭരിതം, ആരാണ് റബ്ബിന് മുമ്പിൽ കൂടുതൽ വിനയാന്വിതൻ എന്നൊക്കെ സൃഷ്ടാവ് നമ്മെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു.കളവ്, പരദൂഷണം, വഞ്ചന തുടങ്ങിയവയിൽ നിന്നും ആരൊക്കെയാണ് അകലം പാലിക്കുന്നത് എന്നും അവൻ വീക്ഷിക്കുന്നു.  

       നന്മകൾക്ക്  ഇരട്ടിയായി പ്രതിഫലം ലഭിക്കുന്ന പുണ്യ ദിനരാത്രങ്ങളിൽ നാം വിനയത്തോടെ കുറേസമയം നാഥനു വേണ്ടി ചിലവഴിക്കണം.

നാമൊന്നു ചിന്തിക്കേണ്ടതുണ്ട്!  നമ്മുടെയൊക്കെ ആരാധനകളിൽ ആത്മസമർപ്പണം കൈ വന്നിട്ടുണ്ടോ എന്ന്. നാം നമ്മെ തന്നെ തിരിച്ചറിഞ്ഞ്, നാഥനിലേക്ക്  സഞ്ചരിച്ച്, തിന്മകളിൽ നിന്നും വിദൂരത്താകണം. വ്യക്തിത്വത്തിലെ ഉന്നതമായ വിനയം കൊണ്ട് മനുഷ്യമനസ്സുകളിൽ നല്ല ഇടം ലഭിക്കാൻ നമുക്ക് സാധിക്കും.വിനയത്തോട് കൂടി നാം അല്ലാഹുവിന്റെ പ്രീതിയെ  കാംക്ഷിക്കണം. മറ്റെന്തിനേക്കാളുമുപരി ഈ ഉത്തമ ഗുണത്തിന് അതിനു കഴിയും.  അല്ലാഹുവിനെ പ്രതീക്ഷിച്ചു വിനയാന്വിതരായാൽ മഹോന്നതനായ അല്ലാഹു അങ്ങനെയുള്ളവരുടെ പദവി ഉയർത്തുക തന്നെ ചെയ്യും.

   പരദൂഷണം,ഏഷണി, അസൂയ തുടങ്ങിയ മനസ്സിന്റെ രോഗങ്ങൾക്ക് അറുതി  വരുത്താൻ  വിനയമെന്ന ആത്മസൗമ്യതക്ക്  സാധിക്കും.അന്ത്യ നാളിൽ വിനയാന്വിതരായി നാഥനെ കണ്ടുമുട്ടുവാൻ സൽഗുണങ്ങൾ നിറയുന്ന ഹൃദയങ്ങളെ നമുക്ക് പരിപോഷിപ്പിച്ചെടുക്കാം.

അള്ളാഹു നമ്മെയെല്ലാവരെയും വിനയാന്വിതരിൽ ഉൾപ്പെടുത്തട്ടെ...