ഇനി പാപങ്ങളെ കരിച്ചു കളയുന്ന പാപമോചനത്തിന്റെ രാവുകൾ....


           ജീവിത സൗഖ്യത്തിന് ആവശ്യമായ സഹായസഹകരണങ്ങൾ ചെയ്യുന്നവർക്ക് നന്മ  ചെയ്യലും നന്ദി പ്രകടിപ്പിക്കലും മനുഷ്യസഹജമായസ്വഭാവമാണല്ലോ.അതുകൊണ്ട് തന്നെയാണ് തനിക്ക് ഗുണം ചെയ്യുകയും ആശ്വസിപ്പിക്കുകയും  ചെയ്തവരോട് ഹൃദയാന്തരങ്ങളിൽ നിന്നും കൃതജ്ഞത മുളച്ചില്ലെങ്കിൽ നന്ദി കെട്ടവരുടെ കൂട്ടത്തിൽ എണ്ണുന്നത്.നന്ദി ചെയ്തവർക്ക് അനുഗ്രഹം പ്രകടിപ്പിക്കുന്ന ഈ സ്വഭാവം മനുഷ്യരിൽ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് സർവ്വ ജന്തുക്കൾക്കും ഉള്ളതാണ്.

                 മനുഷ്യനെ സംബന്ധിച്ചിടത്തോളം സർവ്വ അനുഗ്രഹങ്ങളും ചെയ്ത അല്ലാഹുവിനെ അനുസരിക്കുകയും അവന് നന്ദി ചെയ്യുകയും ചെയ്യുക  എന്നുള്ളതാണ് കടപ്പാട്. കാരണം അല്ലാഹു സുബ്ഹാനഹു വ തആല പവിത്രമായ ഒരു ശരീരത്തെയും ഒരു ആത്മാവിനെയും മനുഷ്യന് നൽകിയിട്ടുണ്ട്. 

വിശുദ്ധ ഖുർആനിലൂടെ അല്ലാഹു തആല പറയുന്നു:

وَلَقَدْ كَرَّمْنَا بَنِىٓ ءَادَمَ وَحَمَلْنَٰهُمْ فِى ٱلْبَرِّ وَٱلْبَحْرِ وَرَزَقْنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلْنَٰهُمْ عَلَىٰ كَثِيرٍۢ مِّمَّنْ خَلَقْنَا تَفْضِيلًا(سورة الإسراء_٧٠)

(തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും,നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.)

 അതെ, അല്ലാഹു മനുഷ്യനെ ബഹുമാനിച്ചിരിക്കുന്നു.

അല്ലാഹുവിന് നന്ദി ചെയ്യൽ വർദ്ധിപ്പിക്കാനുള്ള  സുവർണ്ണാവസരമാണ് പവിത്രമായ ഈ റമദാൻ മാസം. 

  ഇബ്‌നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു :നബി (സ്വ) പറഞ്ഞു: "എന്റെ സമൂഹം റമളാനിന്റെ മഹത്വം അറിഞ്ഞിരുന്നെങ്കില്‍ വര്‍ഷം മുഴുവന്‍ റമളാന്‍ ആവാന്‍ അവര്‍ ആഗ്രഹിച്ചേനേ".

റമളാനിന്റെ ഓരോ ദിവസവും പവിത്രമേറിയതാണ്.

പ്രവാചകര്‍ (സ്വ) പറയുന്നു :" റമളാനിന്റെ ആദ്യ പത്ത് റഹ്മത്തും രണ്ടാം പത്ത് മഗ്ഫിറത്തും മൂന്നാം പത്ത് നരക മോചനവുമാണ്".

വിശുദ്ധ റമളാനിനെ ഇത്തരമൊരു രീതിയില്‍ തരം തിരിച്ചത് തന്നെ മുഅ്മിനീങ്ങള്‍ അതിനെ കൃത്യമായ പദ്ധതികളോടെ ഉപയോഗപ്പെടുത്താന്‍ വേണ്ടിയാണ്. 

പരിശുദ്ധമായ റമളാനിലെ റഹ്മത്തിന്റെ ആദ്യ പത്ത് നമ്മളിൽ നിന്നും യാത്ര പറഞ്ഞു. രണ്ടാമത്തെ പത്തായ

മഗ്ഫിറത്തിന്റെ പത്ത് സമാഗതമായിരിക്കുകയാണ്.കഴിഞ്ഞകാലങ്ങളില്‍ അറിഞ്ഞും അറിയാതെയും ചെയ്തുപോയ ചെറുതും വലുതുമായ എല്ലാ തെറ്റുകളും സര്‍വശക്തന് മുന്നില്‍ നിരത്തി അല്ലാഹുവിൻറെ മുന്നിൽ വിനയാന്വിതനായി പാപമോചനം തേടേണ്ട നാളുകളാണ് വിശ്വാസികള്‍ക്ക് റമദാനിലെ രണ്ടാമത്തെ പത്ത്.

      റമളാൻ ബറക്കത്തിന്റെ മാസമാണ്.പരിശുദ്ധമായ റമളാനിന്റെ തുടക്കത്തിലെ പത്ത്  കാരുണ്യത്തിന്റെതാണ്, റമളാനിന്റെ അവസാനത്തെ പത്ത്  നരകത്തിൽ നിന്നുള്ള മോചത്തിന്റെതാണ്, മധ്യത്തിലുള്ള  പത്ത് മഗ്ഫിറത്തിന്റെതാണ്. 'ലോക രക്ഷിതാവേ എൻറെ പാപങ്ങൾ നീ പൊറുക്കേണമേ' എന്നർത്ഥം വരുന്ന പ്രാർത്ഥനാ വചനങ്ങൾ കൊണ്ട്  ചുണ്ടുകൾ രണ്ടാമത്തെ പത്തിൽ ധന്യമാക്കണം.


റമളാനിൽ ഒരു സല്‍കര്‍മ്മം ചെയ്താൽ ഇതര മാസങ്ങളില്‍ എഴുപത് ഫര്‍ളുകള്‍ ചെയ്തതിന്റെ പ്രതിഫലമാണ്. റമളാന്‍ ക്ഷമയുടെ മാസമാണ്. ക്ഷമയുടെ പ്രതിഫലം സ്വര്‍ഗ്ഗമാണു താനും. പരസ്പര സഹായത്തിന്റെ മാസമാണ് റമളാന്‍. ആരെങ്കിലും റമളാനില്‍ നോമ്പ് തുറപ്പിച്ചാല്‍ അവന്റെ ദോഷങ്ങള്‍ പൊറുക്കപ്പെടും.ഇങ്ങനെ എത്രയെത്ര അവസരങ്ങളാണ് പരിശുദ്ധ ദീനുൽ ഇസ്ലാം പാപമോചനത്തിനായി നമുക്ക് നൽകിയിട്ടുള്ളത്!!!

   നബി(സ്വ)അരുളി:

നാല് കാര്യങ്ങളെ റമദാൻ മാസത്തിൽ നിങ്ങൾ അധികരിപ്പിച്ച് കൊണ്ടിരിക്കുക. അതിൽ രണ്ട് കാര്യങ്ങൾ നിങ്ങളുടെ റബ്ബിനെ തൃപ്തിപ്പെടുത്തുന്നതും രണ്ടു കാര്യങ്ങൾ നിങ്ങൾക്ക് ഏറ്റവുമധികം അത്യന്താപേക്ഷിതവുമാണ്.

അതിൽ നിങ്ങളുടെ റബ്ബിനെ തൃപ്തിപ്പെടുത്തുന്ന ആദ്യത്തെ രണ്ട് കാര്യങ്ങൾ, അല്ലാഹുവല്ലാതെ ഒരു ഇലാഹുമില്ല എന്ന് സാക്ഷ്യം വഹിക്കലും ഇസ്തിഗ്ഫാർ അധികരിപ്പിക്കുകലുമാണ്.

നിങ്ങൾക്ക് ഏറ്റവും അത്യന്താപേക്ഷികമായ രണ്ടു കാര്യങ്ങൾ, അല്ലാഹുവിനോട് നിങ്ങൾ സ്വർഗ്ഗത്തെ ചോദിക്കലും നരകത്തിൽ നിന്ന് രക്ഷ തേടലുമാണ്.

              മനുഷ്യരായ നമ്മുടെ ഭാഗത്തുനിന്നും തെറ്റുകൾ സ്വാഭാവികമാണ്. ആയതിനാൽ തന്നെ, തെറ്റിൽ നിന്നും പിന്മാറലും തൗബ ചെയ്യലും ഓരോരുത്തരുടെയും കടമയാണ്.വിശുദ്ധ ഖുർആനിലും ഹദീസുകളിലും തൗബയെക്കുറിച്ച് ഒരുപാട് തവണ പ്രതിപാദിക്കുന്നുണ്ട്.  അല്ലാഹു തആല

ഇബിലീസിനെ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കിയപ്പോൾ  അല്ലാഹുവുമായുള്ള ഇബിലീസിന്റെ സംഭാഷണം  ഇവിടെ സ്മരണീയമാണ്.

ശൈത്താൻ പറഞ്ഞു: "റബ്ബേ നിന്റെ പ്രതാപം  തന്നെയാണ് സത്യം, നിന്റെ അടിമകളുടെ റൂഹ് അവരുടെ ശരീരത്തിൽ ആയിരിക്കുന്നിടത്തോളം കാലം ഞാൻ അവരെ വഴിപിഴപ്പിച്ച് കൊണ്ടിരിക്കും" . അപ്പോൾ അള്ളാഹു പറഞ്ഞു: "എന്റെ പ്രതാപം തന്നെയാണ് സത്യം, അവർ പാപമോചനം തേടുന്ന കാലത്തോളം ഞാൻ അവർക്ക് പൊറുത്തു കൊടുക്കുക തന്നെ ചെയ്യും." 

അല്ലാഹു സുബ്ഹാനവുതാല തന്റെ അടിമകൾക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനുമാണ്.മുൻകാല സമുദായത്തിൽപ്പെട്ട തൊണ്ണൂറ്റി ഒൻപത് ആൾക്കാരെ കൊന്ന പുരുഷന് അല്ലാഹു പൊറുത്തു കൊടുത്ത സംഭവം ഹദീസിൽ നമുക്ക് കാണാൻ സാധിക്കും.

         പുണ്യങ്ങളുടെ പൂക്കാലമായ ഈ റമദാൻ, കഴിഞ്ഞ പതിനൊന്ന് മാസത്തെ പാപങ്ങളെ കഴുകിക്കളയാനും മറ്റു സൽകർമ്മങ്ങൾ അധികരിപ്പിക്കാനും നാം വിനിയോഗിക്കണം. പരിശുദ്ധമായ ഈ മാസത്തെ, സുകൃതങ്ങൾ കൊണ്ട് അലങ്കൃത മാക്കണം. തിന്മക്കെതിരെയുള്ള നന്മയുടെ യുദ്ധമായ, നബി(സ്വ)സ്വയം നയിച്ച ബദർ യുദ്ധം നടന്നതും റമദാൻ മാസത്തിലെ രണ്ടാമത്തെ പത്തിലാണല്ലോ...ആ പ്രത്യേകത കൂടി നാം ഉൾക്കൊള്ളണം.

          ആരെങ്കിലും റമളാനിനെ എത്തിക്കുകയും അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടാതിരിക്കുകയും ചെയ്താല്‍ അവനെ അല്ലാഹു ശപിക്കട്ടെ എന്ന് ജിബ്‌രീല(അ)ദുആ ചെയ്തപ്പോള്‍, നബി(സ്വ) ആമീന്‍ പറഞ്ഞതായി ഹദീസ് ഗ്രന്ഥങ്ങളില്‍ നമുക്ക് കാണാവുന്നതാണ്.

    അബൂ ഹുറൈറ (റ) ഉദ്ദരിക്കുന്നു : നബി(സ്വ) പറഞ്ഞു : "ആരെങ്കിലും വിശ്വസിച്ചും കൂലി പ്രതീക്ഷിച്ചും റമളാനില്‍ നോമ്പനുഷ്ടിച്ചാല്‍ അവന്റെ മുന്‍ കഴിഞ്ഞ പാപങ്ങളൊക്കെ പൊറുക്കപ്പെടുന്നതാണ്". ( ബുഖാരി )

   റസൂല്‍ (സ്വ) പറയുന്നു : "റമളാന്‍ കഴിഞ്ഞ് കടന്നിട്ടും പാപങ്ങള്‍ പൊറുക്കപ്പെടാത്തവന്‍ മൂക്ക് കുത്തി വീഴട്ടെ! " അതായത് അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട നിമിഷങ്ങളാണതെന്നര്‍ത്ഥം. 

       'റമള' എന്ന പദത്തിനര്‍ത്ഥം തന്നെ കരിച്ചു കളയുക എന്നാണ്. സല്‍കര്‍മ്മങ്ങള്‍ മുഖേനെയും, തൗബയിലൂടെയും പാപങ്ങളെ കരിച്ചു കളയുന്ന മാസമായതിനാലാണ് ഇതിന് റമളാന്‍ എന്ന് പേര് തന്നെ വന്നത്. 

        

റമളാൻ ആത്മ വിചിന്തനത്തിന്റെ നാളുകൾ കൂടിയാണ്. നമ്മുടെ കർമ്മങ്ങളെയും ചിന്തകളെയും നാം സ്വയം വിലയിരുത്തണം. റമദാൻ കഴിയുന്നതോടെ നമ്മുടെ ഹൃദയങ്ങളിൽ  നിന്നും പാപങ്ങളെ കരിച്ചു കളഞ്ഞു തഖ്‌വയുടെ വെള്ളത്തിൽ കഴുകിയെടുക്കണം. കറകളഞ്ഞ ഹൃദയവുമായി അല്ലാഹുവിനോട് സംവദിക്കുന്ന ഒരു അനുഭൂതി ഉണ്ടാക്കിയെടുക്കണം. ഈ റമദാൻ അതിനുള്ള ഒരു അവസരം ആകട്ടെ...