വിശുദ്ധ ഖുർആൻ അറിവിന്റെ ആഴി
ആത്മസംസ്കരണത്തിന്റെയും ആരാധനാനിരതയുടെയും ഉപാധിയായ പരിശുദ്ധറമളാനിലെ ആദ്യത്തെ പത്ത്, മുസ്ലിം ഉമ്മത്തിനെ വിട്ടു കടന്നിരിക്കുന്നു. ഉറക്കം ഇബാദത്തും ശ്വാസം തസ്ബീഹും പ്രാർത്ഥന ഉത്തരം ലഭിക്കപ്പെടുന്നതും കർമ്മങ്ങൾക്ക് പ്രതിഫലം ഇരട്ടിപ്പിക്കപ്പെടുന്നതുമായ മാസമാണ് പരിശുദ്ധറമളാൻ. ഈ പുണ്യ മാസത്തിൽ കർമ്മങ്ങൾക്ക് ഏഴ് ലക്ഷത്തോളം ഇരട്ടി പ്രതിഫലം ലഭിക്കുന്നതിനാൽ മുഹമ്മദീയർ കർമ്മപഥത്തിൽ അത്യാർത്ഥിയോടെ ഉളരുന്നു. ഫർളുകൾക്കൊപ്പം സുന്നത്തുകളും ദാനധർമ്മങ്ങളും ഖുർആൻ പാരായണവും റമളാന്റെ ഈരടിയെ വേറിട്ടു നിർത്തുന്നു.
വാശിയോടെയും മാൽസര്യബുദ്ധിയോടെയും പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ഖത്ത്മുകൾ തീർക്കുന്ന ജനമനസ്സുകളുണ്ട്. പരിശുദ്ധ ഖുർആൻ പാരായണം ഒരു തരത്തിൽ റബ്ബിലേക്കുള്ള മുനാജാത്താണെന്ന് ഈ സമൂഹം ചിന്തിക്കുന്നില്ല. ഏറെ പുകളുള്ള ഭാഷയാണ് അറബി. പ്രസിദ്ധമായ നഹ്വ് സ്വർഫ് പോലോത്ത ശാസ്ത്രീയ വശങ്ങൾ വേറിട്ടു നിർത്തുന്ന ആ അറബീഭാഷയിലാണ് പരിശുദ്ധ ഖുർആന്റെ ഇറക്കം.
സംഗീതത്തിൽ ഈണം കിട്ടാനായി അക്ഷരാദികളെ കയറ്റുകയും കളയുകയും കനം കൂട്ടുകയും കുറക്കുകയും ചെയ്യുന്നത് പോലെ ഒരു കാരണവശാലും പരിശുദ്ധ ഖുർആനിൽ പ്രതിഫലിപ്പിക്കാൻ പാടില്ല. അങ്ങനെ ചെയ്യുന്നതിലൂടെ അതിന്റെ ശാസ്ത്രിയതയിലാണ് മങ്ങലേൽപ്പിക്കുന്നത്.ഫാത്തിഹത്തുൽ കിത്താബിൽ ഇയ്യാക്ക എന്നിടത്ത് ഇയാക്ക എന്ന് യാഇന് കനം കുറച്ചുച്ചരിച്ചാൽ അവിടെ അർത്ഥം മാറും എന്നതിലുപരി ഷിർക്കിലേക്ക് അവരറിയാതെ തന്നെ വഴുതി വീഴുകയാണ്.
ജുസ്ഉകൾ വേഗം തീർക്കുക എന്നതിലുപരി അതിലെ ഓരോ ഹർഫുകളെയും ആസ്വദിച്ചറിഞ്ഞാണ് ഖുർആൻ പാരായണം ചെയ്യേണ്ടത് എന്ന് ഗ്രന്ഥങ്ങളിൽ കാണാം. മഹാനായ അബൂബക്കർ സ്വിദ്ദീഖ് (റ) സൂറ: അൽ ബക്കറ മനഃപാഠമാക്കിയത് പന്ത്രണ്ടു കൊല്ലം കൊണ്ടാണ്.പരിശുദ്ധ ഖുർആന്റെ ആലങ്കാരികതയും ശാസ്ത്രീയതയും മനസ്സിലാക്കിയവനാണ് അതിന്റെ രുചി മനസ്സിലാക്കാനാവുക.
വിശുദ്ധ റമളാനിലെ പവിത്രധന്യമായ ദിനരാത്രങ്ങളിൽ ഖുർആൻ പാരായണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പാട് കാര്യങ്ങളുണ്ട്.
قال رسول الله صلى الله عليه وسلم:ان الله يحب أن يقرء القران كما انزل
"ഖുർആൻ എങ്ങനെയാണോ ഇറക്കപ്പെട്ടത് അങ്ങനെ തന്നെ ഓതപ്പെടലിനെ അല്ലാഹു ഇഷ്ടപ്പെടുന്നു" പരിശുദ്ധ ഖുർആനിൽ ഇപ്രകാരം പറയുന്നു:
ورتل القران ترتيلا സ്വഹാബാക്കൾ മുതൽ താബിഈ താബിഈങ്ങൾ വരെയുള്ള മുഫസ്സിറുകൾ ഈ ആയത്തിനെ വ്യാഖ്യാനിക്കുന്നത് അക്ഷരങ്ങളുടെ തജ്വീദിനെ സ്ഫുടമാക്കുക എന്നതാണ്. നബിതിരുമേനി യിലേക്ക്(സ്വ) ഖുർആൻ അവതരിക്കപ്പെട്ടപ്പോൾ സ്വഹാബാക്കളിലേക്കും സ്വഹാബാക്കൾ പിൻഗാമികളിലേക്കും അതേ അക്ഷരങ്ങളിലും അതേ ഹറക്കത്തുകളിലും സുക്കൂനുകളിലും ശദ്ദുകളിലും ആണ് എത്തിച്ചു കൊടുത്തത്. വളരെ സൂക്ഷ്മതയോടെയാണത് കൈമാറ്റം ചെയ്യപ്പെട്ടത്. അവർ അന്ന് അപ്രകാരം ചെയ്തത് കൊണ്ടാണ് ഈ 1400 വർഷങ്ങൾക്കിപ്പുറവും ഖുർആൻ അതിന്റെ പൂർണ്ണ ഗർവ്വോടെ ഇന്നും
നിലനിൽക്കുന്നത്.
ഖുർആനിലെ നിർബന്ധ കൽപ്പന മുഖേന ഫർളായ കാര്യമാണ് ഖുർആനിലെ അക്ഷരസ്ഫുടത പാരായണത്തിൽ നിലനിർത്തുക എന്നത്. അതു കൊണ്ട് തന്നെ അക്ഷരങ്ങളെയും അവ ചേർന്നു വരുന്നതിനെയും പഠിച്ചു മനസ്സിലാക്കി അതിന്റെ ആ ചാരുതയ്ക്ക് യാതൊരു ഭംഗവും ഏൽപ്പിക്കാതെ പരിശുദ്ധ ഖുർആനിനോടുള്ള ബാധ്യതയെ ഉണർവ്വോടെ തീർക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ...ആമീൻ

1 Comments
👍
ReplyDelete