മുഷീറാ.. നീ തഴുകും നേരം
പ്രാർത്ഥനാനിർഭരമായ രാവുകളിലൂടെയും ആത്മഹർഷത്തിന്റെ പകലുകളിലൂടെയും മനുഷ്യമനസ്സിനെ സ്ഫുടം ചെയ്തെടുത്തുകൊണ്ട് പരിശുദ്ധ റമളാൻ പ്രയാണം തുടർന്നുകൊണ്ടിരിക്കുകയാണല്ലൊ.. റമളാൻ സൃഷ്ടിക്കുന്ന മാനസിക വിമലിനീകരണം മനുഷ്യഹൃത്തടങ്ങളെ മനുഷ്യാവസ്ഥയിൽ നിന്നും സ്ഫടികസമാനമായ മലക്കീയത്തിലേക്ക് എത്തിക്കുന്നുണ്ട്.
"بادر الفرصة واحذر فوتها
فبلوغ العز في نيل الفرص"
കവിഭാവന പോലെ അത്യന്തം ആത്മനിർവൃതിയിലാഴ്ത്തുന്ന വ്രതനാളുകളിലെ അവസരങ്ങളെ പുണരാൻ വേണ്ടിയാണ് സത്യവിശ്വാസിയുടെ ഹൃദയം വെമ്പൽ കൊള്ളേണ്ടത്. മുത്തും ഗോമേദകവും യാക്കൂത്തും മർജാനും പതിച്ച സ്വർഗ്ഗത്തിന്റെ താഴ് ഭാഗത്തുനിന്നും " മുഷീറ" എന്ന ഒരു കാറ്റ് വീശുമെന്നും അത് സ്വർഗ്ഗത്തിലെ പറുദീസയിൽ തത്തിക്കളിക്കുമെന്നും' റയ്യാൻ 'സപ്തവർണ്ണരാജികളാൽ പ്രശോഭിതമാവുമെന്നും, മലകുൽ അമീൻ ജിബ്‌രീൽ (അ )സത്യവിശ്വാസിയുടെ കൈ പിടിച്ച് ഹസ്തദാനം ചെയ്യുമെന്നും റമദാനിന്റെ സുവിശേഷമായി പ്രവാചകൻ അരുൾ ചെയ്യുന്നുണ്ട്.
അള്ളാഹു അവാച്യമായ ശ്രേഷ്ഠതകൾ കൊണ്ടാണ് പരിശുദ്ധ റമളാനിനെ അലങ്കൃതമാക്കിയത്.
പരിശുദ്ധ ഖുർആനിന്റെ അവതീർണത കൊണ്ട് മാത്രമല്ല, പരിശുദ്ധ വേദഗ്രന്ഥമായ തൗറാത്ത് റമളാൻ ആറാം രാവിലും സബൂർ പന്ത്രണ്ടിന്റെ രാത്രിയിലും ഇഞ്ജീൽ റമദാൻ പതിനെട്ടിൻ്റെ രാത്രിയിലുമാണ് അവതീർണമായതെന്ന് കിതാബുൽ ഹയാത്തിൽ ഉദ്ധരിക്കുന്നുണ്ട്.
"ولقد اتاك من المهيمن عفوه
وافاض من نعم عليك مزيد "
കാവ്യ ശകലങ്ങളിൽ ഷാഫി ഇമാം പറഞ്ഞുവെച്ചത് പോലെ പ്രപഞ്ചനാഥൻ അത്യുദാരനാണ്. നാഥൻ പാപമോചനത്തിന്റെയും കാരുണ്യത്തിന്റെയും വാതിലുകളാണ് സത്യവിശ്വാസിക്ക് മുന്നിൽ തുറന്നുവെച്ചത്. പരിശുദ്ധ റമളാനിൽ ഇൽമിന്റെ സദസ്സിൽ പങ്കെടുക്കുന്നവന് ഓരോ കാൽപാദത്തിനും ഒരുവർഷത്തെ പ്രതിഫലമാണെന്നും, രാത്രി നമസ്കാരത്തിലെ ഓരോ സുജൂദിനും 1700 നന്മകൾ എഴുതപ്പെടുമെന്നും പ്രവാചകൻ (സ്വ) സന്തോഷ വാർത്ത അറിയിക്കുന്നുണ്ട്. തുറന്നുവെച്ച സ്വർഗ്ഗ വാതായനങ്ങൾക്കായി അതിശീഘ്രം നടന്നടുക്കുവാനുള്ള ആത്മ മന്ത്രങ്ങളാണ് സഹനത്തിലൂടെയും പ്രാർത്ഥനയിലൂടെയും സത്യവിശ്വാസി കൈക്കൊള്ളേണ്ടത്. ആത്മഹർഷത്തിന്റെ ഇഫ്താറുകൾ ആർത്തി ഭോജനത്തിന്റെ കൊയ്ത്തുത്സവങ്ങൾ ആവാതിരിക്കേണ്ടതുണ്ട്. ഉമ്മുൽ മുഅ്മിനീൻ ആയിശ ബീവി അരുൾ ചെയ്തതു പോലെ റസൂലിന്റെ വഫാത്തിനു ശേഷം ഈ ഉമ്മത്തിൽ വന്ന ഏറ്റവും വലിയ പരീക്ഷണം 'الشبع' അഥവാ മനുഷ്യന്റെ വയറുനിറക്കൽ തന്നെയാണ്.
ആത്മനിർവൃതിയുടെ വ്രതനാളുകളെ ആത്മാനുഭൂതിയിലൂടെ കരകൃതമാക്കാം.. . സഹന നിർഭരമായ പകലുകളെ സഹാനുഭൂതിയിലൂടെ ധന്യമാക്കാം.. പ്രാർത്ഥനാനിർഭരമായ പകലുകളെ പാപപങ്കിലതയോടെ പുൽകാം... നാഥൻ അനുഗ്രഹിക്കട്ടെ..

5 Comments
Masha Allah👍
ReplyDelete👍👍
ReplyDeleteAmeen.. 🤲🤲
ReplyDeleteMashaallha 👌👌keep going....
👍👍🌹🌹
ReplyDelete👌👌👌🌹🌹🌹
ReplyDelete