നിയ്യത്തിൻ്റെ സൗന്ദര്യം..!
സൽകർമ്മങ്ങളുടെ സത്ത കുടികൊള്ളുന്നത് നിയ്യത്തിലാണ്. കർമ്മത്തിന്റെ സ്വീകാര്യതയും അസ്വീകാര്യതയും നിർണയിക്കുന്നതിൽ നിയ്യത്തിന്റെ പങ്ക് ചെറുതല്ല. ഏതൊരു വിശ്വാസിയുടെയും സൽക്കർമ്മം അല്ലാഹുവിന്റെ പക്കൽ സ്വീകാര്യയോഗ്യമാവണമെങ്കിൽ അവന്റെ നിയ്യത്ത് നന്നാവണം, അഥവാ നിഷ്കളങ്കമായി അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചു കൊണ്ട് അനുഷ്ഠിക്കപ്പെടുന്നതും പ്രവാചകചര്യ പിൻപറ്റികൊണ്ടുള്ളതുമാകണം. ഒരു കർമ്മം ചെയ്യുമ്പോഴുള്ള കഠിന പരിശ്രമത്തേക്കാളും ബുദ്ധിമുട്ടുകളെക്കാളും പ്രയാസകരമാണ് ആ കർമ്മം ചെയ്യുമ്പോഴുള്ള തന്റെ സദുദ്ദേശം പിഴച്ചു പോകാതെ സംരക്ഷിക്കുക എന്നുള്ളത്.
قال النبي (ص) :إنما الاعمال بالنيات
'നിശ്ചയം ഒരു മനുഷ്യന് നിയ്യത്തിനനുസരിച്ചാണ് അവന്റെ പ്രവർത്തനത്തിന്റെ പ്രതിഫലം ലഭിക്കുക'. നന്മകൾ നാം ചെയ്യുന്നതോടൊപ്പം തന്നെ നന്മകളുടെ അത്ര തന്നെ പ്രധാന്യമുള്ള വിഷയമാണ് നിയ്യത്ത് എന്താണ് എന്നത്.പ്രവർത്തനങ്ങളുടെ മാനദണ്ഡം നിയ്യത്താണെന്നാണ് തിരുനബി (സ)പഠിപ്പിക്കുന്നത്.
ഉമർ(റ)ൽ നിന്നും ഉദ്ധരിക്കുന്ന ഹദീസിങ്ങനെ: ‘കർമ്മങ്ങളുടെ അടിസ്ഥാനം നിയ്യത്താകുന്നു, ഓരോരുത്തർക്കും അവരാഗ്രഹിച്ചതാണ് ലഭിക്കുക. ആരുടെയെങ്കിലും ഹിജ്റ അല്ലാഹുവിനെയും അവന്റെ റസൂലിനെയും ഉദ്ദേശിച്ചാണെങ്കിൽ അവന്റെ ഹിജ്റ അല്ലാഹുവിലേക്കും തിരുദൂതരിലേക്കുമായിരിക്കും. ആരുടെയെങ്കിലും ഹിജ്റ ഭൗതിക നേട്ടം ഉദ്ദേശിച്ചോ ഏതെങ്കിലും സ്ത്രീയെ ഉദ്ദേശിച്ചോ ആണെങ്കിൽ ആ ഹിജ്റ അയാൾ ഉദ്ദേശിച്ചതിലേക്ക് മാത്രമായിരിക്കും’ (ബുഖാരി, മുസ്ലിം).
നല്ല നിയ്യത്തോടെ ആരാധന അനുഷ്ഠിക്കുന്നവർക്ക് വലിയ സ്ഥാനമാണ് രക്ഷിതാവ് കൽപിച്ചിട്ടുള്ളത്. അവർക്ക് നാഥൻ പ്രതിഫലം നൽകുമെന്ന് തീർച്ച. കേവലം നമസ്കാരം, കുളി, നോമ്പ് മുതലായ ഏതാനും പുണ്യകർമ്മങ്ങൾക്കല്ല സർവ്വ കർമ്മങ്ങൾക്കും നിയ്യത്ത് വേണമെന്നാണ് നബി ( സ ) ഉണർത്തുന്നത്. ഒരാൾ ഭാര്യക്കും മക്കൾക്കും ചിലവ് കൊടുക്കലും, വഴിയിൽ നിന്ന് ഉപദ്രവം നീക്കലും പുണ്യകർമ്മമാണ്. എന്നാൽ പുണ്ണ്യകർമ്മങ്ങളായി അള്ളാഹു പരിഗണിക്കണമെങ്കിൽ നിയ്യത്ത് അനിവാര്യമാണ്.
നല്ല നിയ്യത്തുകളുടെ ഒരു പ്രത്യേകത ചെയ്യാനുദ്ദേശിച്ച കർമ്മത്തിന്റെ പ്രതിഫലം നിയ്യത്തു കൊണ്ടുതന്നെ ലഭിക്കുമെന്നതാണ്. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറയുന്നു: അല്ലാഹു നന്മ തിന്മകളെ രേഖപ്പെടുത്തുകയും പിന്നീടത് വിശദീകരിച്ചുതരികയും ചെയ്തിട്ടുണ്ട്. അതിനാൽ വല്ലവനും ഒരു നന്മയുദ്ദേശിക്കുകയും അത് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അതിനെ ഒരു സമ്പൂർണ നന്മയായി രേഖപ്പെടുത്തും. അത് പ്രവർത്തിക്കുകകൂടി ചെയ്താൽ പത്തോ അതിലധികമോ ഇരട്ടിയായി അവനത് രേഖപ്പെടുത്തും. എന്നാൽ തിന്മയുദ്ദേശിക്കുകയും അതിനെ പ്രാവർത്തികമാക്കാതിരിക്കുകയും ചെയ്താൽ അതിനെ ഒരു സമ്പൂർണ നന്മയായി രേഖപ്പെടുത്തും. ഇനി അതു പ്രവർത്തിച്ചാൽ ഒരു തിന്മ മാത്രമായാണ് രേഖപ്പെടുത്തുക’ (ബുഖാരി, മുസ്ലിം). റബ്ബിന്റെ മഹത്തായ ഔദാര്യമാണ് ഈ തിരുമൊഴി വ്യക്തമാക്കുന്നത്.
മുഅ്മിനായ ഒരു വ്യക്തിക്ക് ഉചിതമായ ഉദ്ദേശങ്ങളിലൂടെ നിത്യജീവിതത്തെ മുഴുവനായും കനമുള്ള സത്കർമ്മമായി മാറ്റവുന്നതെയുള്ളൂ.നിയ്യത്ത് നന്നായാൽ അവന്റെ മിക്ക കർമ്മങ്ങളും പാരത്രിക മോക്ഷം ലഭിക്കാനുള്ള സൽകർമ്മമായി റബ്ബ് തആല സ്വീകരിക്കും.

3 Comments
ReplyDeleteوما خلقت الجنّ ولأنس إلّا ليعبدون
അരാധന ചെയ്യാനല്ലാതെ മനുഷ്യനെയും, ജിന്നിനെയും അല്ലാഹു സൃഷ്ടിച്ചിട്ടില്ല.
എഴുത്ത് നന്നായിട്ടുണ്ട്
ReplyDeleteماشاء الله
Ma sha allah well done
ReplyDelete