താഇബിന്റെ മനസ്സറിയുന്ന റമദാൻ
തൊണ്ണൂറ്റി ഒൻപത് ആളുകളെ കൊന്ന ഒരു മനുഷ്യനുണ്ടായിരുന്നു. അവൻ ഭൂമിയിലെ ജനങ്ങളിൽ ഏറ്റവും അറിവുള്ളയാളെക്കുറിച്ച് അന്വേഷിച്ചു , അപ്പോൾ ഒരു പുരോഹിതനെകുറിച്ച് അവന് അറിയിച്ചു കൊടുത്തു , അവൻ ആ പുരോഹിതന്റെ അടുക്കൽ ചെന്നു പറഞ്ഞു : "ഞാൻ തൊണ്ണൂറ്റി ഒൻപത് പേരെ കൊല ചെയ്തിട്ടുണ്ട്. എനിക്ക് തൗബയുണ്ടോ..?" പുരോഹിതൻ പറഞ്ഞു: "ഇല്ല". തത്സമയം തന്നെ ആ പുരോഹിതനെയും കൊന്നു. അങ്ങനെ നൂറ് പൂർത്തിയായി... വീണ്ടും അവൻ ഭൂമിയിലെ ജനങ്ങളിൽ ഏറ്റവും അറിവുള്ളയാളെ കുറിച്ച് അന്വേഷിച്ചു. അപ്പോൾ ഒരു ആലിമിനെ കുറിച്ച് അവന് അറിയിച്ചു കൊടുത്തു. അവൻ ആ പണ്ഡിതന്റെ അടുക്കൽ ചെന്ന് പറഞ്ഞു : "ഞാൻ 100 പേരെ കൊല ചെയ്തിട്ടുണ്ട് എനിക്ക് തൗബയുണ്ടോ..?". ആ പണ്ഡിതൻ പറഞ്ഞു: *"അതെ നിനക്ക് തൗബയുണ്ട്"*
അതെ നമുക്ക് തൗബയുണ്ട്. തൗബ സ്വീകരിക്കുന്ന ഒരു റബ്ബുണ്ട്. ആര് നമുക്ക് പൊറുത്തു തരില്ലെന്ന് പറഞ്ഞാലും നാമൊന്ന് മനസ്സറിഞ്ഞ് വിളിച്ചാൽ.. ഒന്ന് ഖേദിച്ച് മടങ്ങിയാൽ..ഇനി ആ തെറ്റ് ആവർത്തിക്കില്ലെന്ന് പറഞ്ഞാൽ.. നമ്മുടെ വാക്ക് കേൾക്കാൻ നമ്മുടെ റബ്ബുണ്ട്. നമ്മുടെ സർവ്വ ദോഷവും പൊറുത്തു തരുന്ന കാരുണ്യവാനായ നാഥൻ...
നാം മനുഷ്യരാണ്. തെറ്റുകൾ സംഭവിക്കാം. അല്ലാഹു തന്നെ പറഞ്ഞിട്ടില്ലേ
"كل ابن آدم خطاء"
ആദമിന്റെ എല്ലാ മക്കളും തെറ്റ് ചെയ്യുന്നവരാണ്
എന്ന്. ഇത് തെറ്റിൽ ഉറച്ചുനിൽക്കാനുള്ള അനുമതി അല്ല. തുടർന്ന് അല്ലാഹു പറയുന്നുണ്ട്
" وخير الخطائين التوابون"
തെറ്റ് ചെയ്യുന്നവരിൽ ഏറ്റവും ഉത്തമർ തൗബ ചെയ്യുന്നവരാണ്.
തൗബ ഒരു വിശ്വാസിയുടെ ഉത്തമ ഗുണങ്ങളിൽ പെട്ടതാണ്. ഇനി ആ തെറ്റ് ആവർത്തിക്കാതിരിക്കുക, തെറ്റിനെ ഉപേക്ഷിക്കുക, അല്ലാഹുവിനോട് ഏറ്റുപറഞ്ഞ് മാപ്പ് ചോദിക്കുക. എങ്കിൽ അല്ലാഹു നമുക്ക് പൊറുത്തു തരും. ഖുർആനിൽ ഒരുപാട് സ്ഥലങ്ങളിൽ غفور ( പാപം പൊറുക്കുന്നവൻ) എന്ന് പറഞ്ഞിടത്ത് رحيم (പരമ കാരുണികൻ) എന്ന് കൂടെ ചേർത്താണ് അല്ലാഹു പറഞ്ഞത്. കടലിലെ നുരയോളം നമ്മുടെ പാപങ്ങൾ കുന്നുകൂടിയാലും നാം ഒന്നു മനസ്സുവെച്ചാൽ നമുക്ക് പൊറുത്തുതരുന്ന കാരുണ്യവാനാണ് റബ്ബ്.
ഒരിക്കൽ നബി (സ) സ്വഹാബികളോട് പറഞ്ഞു: "നിശ്ചയം നിങ്ങളുടെ ഓരോ പ്രവർത്തനങ്ങളും നന്മയാകട്ടെ തിന്മയാകട്ടെ മലക്കുകൾ അത് രേഖപ്പെടുത്തുന്നതായിരിക്കും".
ഉടനെ ഒരു ഗ്രാമീണൻ ചോദിച്ചു: "ഒരാൾ തെറ്റ് ചെയ്ത് പിന്നീട് പശ്ചാതപിച്ചാലോ?".
"അപ്പോൾ അവനത് പൊറുക്കപ്പെടും".
"അവൻ പിന്നീട് ആ തെറ്റ് ആവർത്തിച്ചാലോ..? ".
"അത് അവന് തെറ്റായി രേഖപ്പെടുത്തും".
"അതിനുശേഷവും പശ്ചാത്തപിച്ചാൽ അത് സ്വീകരിക്കുമോ..?".
"തീർച്ചയായും! പശ്ചാത്താപം ആത്മാർത്ഥമായി നിർവഹിച്ചാൽ അവന്റെ ഏടിൽ നിന്ന് പ്രസ്തുത തെറ്റ് മായ്ക്കപ്പെടും"
"ഈ ആനുകൂല്യം ഏതു വരെയുണ്ടാകും?."
"അവൻ പശ്ചാത്തപിച്ച് മടങ്ങുകയും മാപ്പപേക്ഷിക്കുകയും ചെയ്യുന്ന കാലം വരെയും".
മറുപടിയിൽ സംതൃപ്തനായി അയാൾ നിശബ്ദനായപ്പോൾ നബി (സ) തങ്ങൾ ഇങ്ങനെ കൂട്ടിച്ചേർത്തു,"മനുഷ്യന് പാപമോചനപ്രാർത്ഥന നടത്തി മടുപ്പ് തോന്നുകയല്ലാതെ അല്ലാഹുവിന് മാപ്പ് നൽകിയിട്ട് ഒരിക്കലും മടുപ്പ് തോന്നുകയില്ല"...
അല്ലാഹു സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് തൗബ ചെയ്യേണ്ടത്. എന്നെക്കാളും എത്രയോ വലിയ തെറ്റുകാർക്ക് പോലും മാപ്പ് നൽകിയ അല്ലാഹുവിന് എന്റെ പാപങ്ങൾ പൊറുക്കുക എന്നത് ഒട്ടും പ്രയാസമുള്ള കാര്യമല്ല എന്ന് മനസ്സിൽ ഓർക്കണം. അല്ലാഹു പറയുന്നു: "മനുഷ്യന്റെ തെറ്റുകൾ ആകാശത്തിലെ മേഘങ്ങൾ തട്ടുന്നത്ര അധികം ഉണ്ടായാലും അവൻ എന്നോട് മാപ്പപേക്ഷിക്കുകയും എൻറെ കാരുണ്യം ആഗ്രഹിക്കുകയും ചെയ്യുന്ന കാലത്തോളം ഞാനവന് പൊറുത്തുകൊടുക്കുന്നതാണ്. കാരണം എന്നെ സംബന്ധിച്ചിടത്തോളം അതൊട്ടും പ്രയാസമുള്ള കാര്യമല്ല തന്നെ".
പാപങ്ങളില്‍ നിന്ന് മോചനം നേടാനുള്ള സുവര്‍ണാവസരമാണ് റമളാന്‍. റമദാന്‍ ആദ്യപത്ത് കാരുണ്യത്തിന്റേതും(റഹ്മത്ത്) രണ്ടാമത്തെ പത്ത് പാപമോചനത്തിന്റേതും(മഗ്ഫിറത്ത്) മൂന്നാമത്തേത് നരകമോചനത്തിന്റേതുമാണെന്നാണ് പ്രവാചക വചനം. കഴിഞ്ഞകാലങ്ങളില്‍ അറിഞ്ഞും അറിയാതെയും ചെയ്തുപോയ ചെറുതും വലുതുമായ എല്ലാ തെറ്റുകളും സര്‍വശക്തന് മുന്നില്‍ നിരത്തി പാപമോചനം തേടേണ്ട നാളുകളാണ് റമദാനിലെ രണ്ടാമത്തെ പത്ത്. തെറ്റുകുറ്റങ്ങള്‍ക്ക് മാപ്പിരക്കാന്‍ റമദാനിനേക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു മാസം വേറെയില്ല.അതില്‍ തന്നെ രണ്ടാമത്തെ പത്താണ് പാപമോചനത്തിന് വേണ്ടി പ്രത്യേകം സംവിധാനിച്ചിരിക്കുന്നത്. നോമ്പനുഷ്ഠാനവും തറാവീഹ് നിസ്കാരവുമാണ് റമളാനിലെ പ്രത്യേക കർമ്മങ്ങൾ. ഇവ രണ്ടിനുമുള്ള പ്രതിഫലം പാപമോചനമാണ്. പാപമോചനം തേടൽ ഇതിൽ രണ്ടിലും മാത്രമായി നാം ചുരുക്കരുത്. നമ്മുടെ നോമ്പും നിസ്കാരവും അല്ലാഹു സ്വീകരിച്ചോ ഇല്ലയോ എന്ന് നമുക്കറിയില്ല. അതിനാല്‍ തൗബക്കും ഇസ്തിഗ്ഫാറിനും വലിയ പ്രാധാന്യമുണ്ട്.
തൗബ ചെയ്താല്‍ പാപത്തില്‍ നിന്നും നാം മുക്തരാകും. നബി(സ്വ) പറയുന്നു: തെറ്റില്‍ നിന്ന് പശ്ചാത്തപിക്കുന്നവന്‍ തെറ്റ് ചെയ്തിട്ടില്ലാത്തവനെ പോലെയാണ് (ഇബ്നുമാജ). വളരെ പ്രതീക്ഷയുള്ള വചനമാണിത്. തൗബതന്നെ ഒരു പുണ്യമാണ്. സത്യസന്ധമായ തൗബവഴി തിന്മ മായ്ക്കപ്പെടുകയും തല്‍സ്ഥാനത്ത് തൗബ എന്ന 'പുണ്യം രേഖപ്പെടുത്തുകയും ചെയ്യും.
റമളാനിലെ വളരെ സന്തോഷകരമായ ഒരു കാരുണ്യമാണ് നരകാവകാശികളായവരെ ശിക്ഷയില്‍ നിന്ന് മോചിപ്പിക്കുക എന്നത്. റമളാനിനെ ആദരവോടെ കൂടെയും ബഹുമാനത്തോടെ കൂടെയും സ്വീകരിക്കുകയും ഇഖ്ലാസോടുകൂടി നോമ്പനുഷ്ഠിക്കുകയും നിസ്കാരം നിർവഹിക്കുകയും പുണ്യകര്‍മങ്ങളനുഷ്ഠിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് നരകമോചനം ലഭിക്കും. റമളാനായാല്‍ ഇങ്ങനെ വിളിച്ചുപറയും: നന്മ കാംക്ഷിക്കുന്നവനേ മുന്നോട്ടു വരൂ. തിന്മ പ്രവര്‍ത്തിക്കുന്നവനേ അവസാനിപ്പിക്കൂ. അല്ലാഹു നരകത്തില്‍ നിന്ന് മോചിപ്പിക്കുന്ന അടിമകളുണ്ട്. അത് എല്ലാ രാത്രികളിലുമുണ്ട് . അറുപതിനായിരം പേരാണ് ഓരോ രാത്രിയിലും പാപമുക്തരാക്കപ്പെടുന്നത്. റമളാനിലെ അവസാന ഭാഗമാണ് ഇതിന്നായിട്ടുള്ളത്.
റബ്ബ് നമ്മുടെ പാപങ്ങൾ പൊറുത്തു തന്നാൽ പിന്നെ നമ്മുടെ പരലോക ജീവിതത്തെക്കുറിച്ച് നാം എന്തിന് അസ്വസ്ഥതരാവണം..? നമ്മുടെ പരലോകജീവിതം സുഖത്തിലും സന്തോഷത്തിലുമല്ലേ..
നമ്മുടെ റൂട്ട് നേരെ സ്വർഗത്തിലേക്കല്ലേ....
സമയം ഇനിയും വൈകിയിട്ടില്ല....
തെറ്റുകളിലേക്ക് സഞ്ചരിച്ച കാലുകൾക്ക് നമുക്ക് തടയിടാം.... തെറ്റിനെ സ്പർശിച്ച കൈകൾക്ക് നമുക്ക് കൂച്ചുവിലങ്ങിടാം... തെറ്റിനെ കണ്ട കണ്ണുകൾക്ക് നമുക്ക് മറയിടാം.... തെറ്റിനെ കേട്ട കാതുകളെ നമുക്ക് അടച്ചിടാം.... റബ്ബിലേക്ക് ഖേദിച്ച് മടങ്ങാം....
ഇനി നമ്മുടെ ഓരോ അവയവവും നമ്മുടെ ചിന്തകളും ഓരോ ശ്വാസവും നന്മകൾക്കുള്ളതാകട്ടെ... റബ്ബിന്റെ മാർഗ്ഗത്തിലാകട്ടെ...
നാഥൻ തൗഫീഖ് നൽകട്ടെ.... ആമീൻ

1 Comments
آمين يارب العالمين
ReplyDelete