ആത്മാർത്ഥമാകേണ്ട ജീവകാരുണ്യ പ്രവർത്തനങ്ങൾ......
ഒരു അപകടം സംഭവിച്ചാൽ ലോകവും അതിന്റെ ഉറങ്ങി കിടന്നിരുന്ന നന്മയും ഉണരുന്ന ഒരു അത്ഭുത പ്രതിഭാസം നമുക്ക് കാണാം. ജാതി മത വർഗ്ഗ വർണ്ണ ഭേദമന്യേ സകലരും ആശ്രിതരിലേക്ക് സഹായ ഹസ്തങ്ങളുമായി അണഞ്ഞിടും. പിന്നീടങ്ങോട്ട് അവരുടെ ദിനങ്ങളാണ്. സഹായിക്കാനെത്തുന്നവരെ നെഞ്ചേറ്റി ടി.വിയിലും പത്രമാധ്യമങ്ങളിലും, ഏറ്റവും ഉയർന്നതു മുതൽ താഴെ തട്ടിൽ ആരും കാണാതെ കിടക്കുന്ന ഇന്റർവ്യൂകളിലുമേറ്റി, പൊന്നാടകളും നോട്ടുമാലകളും ട്രോഫികളും നൽകി അവരെ വലിയൊരളവിൽ പ്രശംസക്കും ബഹുമതിക്കും ഇരയാക്കും. ഇത്തരത്തിൽ കാണപ്പെടുമ്പോൾ ചിലരുടെയെങ്കിലും മനസ്സ് തങ്ങളോടും ബഹുമതി നേടുകയെന്ന ഉദ്ദേശത്തിൽ സഹായ സന്നദ്ധരാവാൻ മന്ത്രിക്കും.
മഹാനായ അബൂബക്കർ (റ) വിന്റെ സുകൃതം പൊഴിക്കും ജീവകാരുണ്യ പ്രവർത്തങ്ങൾ ചരിത്രത്താളുകളിൽ തങ്കലിപികളാൽ ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുള്ളതായി കാണാവുന്നതാണ്. മഹാനവർകൾ രാത്രി കാലങ്ങളിൽ വീട്ടിൽ നിന്നും ഇറങ്ങി പോവുകയും പകലായാൽ തിരിച്ചെത്തുകയും പതിവായിരുന്നു. ഈ പതിവ് തുടർന്നപ്പോൾ എങ്ങോട്ടാണീ നേതാവ് രാത്രിയിൽ പോകുന്നതെന്നറിയാൻ സഹവാസികൾക്ക് ഉത്സാഹവും ജിജ്ഞാസയും ഉടലെടുത്തു . തങ്ങളെ അവർ പിന്തുടർന്നു .ഒരു വീട്ടിലേക്കാണ് ആ നേതാവ് കയറിപ്പോയത്. ഒരു വൃദ്ധ മാതാവ് മാത്രം ചലിക്കാനാകാതെ രോഗശയ്യയിൽ കിടന്നു നരകിക്കുന്ന ഒരു വീട്. അവരുടെ സമ്മതത്തോടെ അങ്ങോട്ട് കയറി ചെല്ലുകയും ആ മാതാവിനെ എടുത്ത്, അവരെ കുളിപ്പിച്ച്, വൃത്തിയുള്ള വസ്ത്രം ധരിപ്പിച്ച്, അവർക്കു വേണ്ട സഹായങ്ങളെല്ലാം തന്റെ സ്വന്തം കൈകളാൽ ചെയ്തു കൊടുത്ത് അവിടുത്തെ പ്രാർത്ഥനയും ദൈവ പ്രീതിയും മാത്രം കൊതിച്ച് തിരിച്ചിറങ്ങി. ഇനിയാരെങ്കിലും ബുദ്ധിമുട്ടുന്നുവോ എന്നന്വേഷിച്ച് വീണ്ടും യാത്ര തുടർന്നു. പിന്തുടർന്ന കണ്ണും ആ കാഴ്ച്ച കണ്ട് വിണ്ട നെഞ്ചും ആ കാലിൽ വീണ് കേഴാതെ കേണുപോയി. ഉത്തമ ഭരണത്തിന്റെ മകുടോദാഹരണം. കടക്ക് പുറത്തെന്ന ആക്രോശങ്ങളില്ല....നീയാര് അതുചോദിക്കാനെന്ന വെല്ലുവിളികളില്ല....എതിർക്കുന്നവരെ ജീവപര്യന്തം തടവിലിട്ട് നശിപ്പിക്കലില്ല.... ഏറ്റവും സമാധാനവും സന്തോഷവും നിറഞ്ഞ ഭരണകാലം......
ജനസൗഖ്യത്തിനായി തന്റെ
കയ്യിലുള്ളതുപോലും ചിലവഴിച്ച നേതാവ്. ഒരിക്കലും ജനങ്ങളുടെ ധനം അദ്ദേഹത്തിന്റെ പേഴ്സണൽ ബാങ്ക് അകൗണ്ടിലേക്ക് ഒഴുകിയിട്ടില്ല. മരണസമയത്ത് തന്റെ ജീവിത പുസ്തകം എടുത്ത് നോക്കുമ്പോൾ മക്കൾക്കായി മാറ്റിവെച്ചത് ജനങ്ങൾക്കുവേണ്ടി ഉണ്ടായ ഒരുപിടി കടങ്ങൾ മാത്രം...... കാരണം ലാഭം കൊയ്യലോ ജന ശ്രദ്ധ നേടലോ അല്ലായിരുന്നു ലക്ഷ്യം. താൻ ഏറ്റെടുത്ത തന്നെ ഏൽപ്പിക്കപ്പെട്ട കർത്തവ്യം അങ്ങേയറ്റം ശ്രദ്ധയോടെ നിറവേറ്റൽ മാത്രം.
ലോകത്ത് ഇത്തരത്തിലുള്ള ഭരണാധികാരികളുടേതും അല്ലാത്തവരുടേതുമായ ഒരുപാട് ചരിത്രങ്ങൾ സുപരിചിതമാണ്. അവ നിലനിൽക്കെയാണ് മേൽപറഞ്ഞ ജീവകാരുണ്യ പ്രവർത്തനങ്ങളെന്ന പ്രഹസനങ്ങൾ വാർത്താമാധ്യമങ്ങളെന്ന നാടക വേദിയിൽ കയറി അരങ്ങു തകർക്കുന്നത്. എല്ലാവരേയും അടിച്ചാക്ഷേപിക്കുകയല്ല. മറിച്ച് ജീവകാരുണ്യമെന്ന ലാബലിൽ പ്രശസ്തരാകാനെത്തുന്ന മുഖംമൂടിക്കാരുടെ ഹൃത്തടങ്ങളിലേക്ക് ഒരു ചോദ്യശരം എയ്യാനുള്ള ശ്രമം മാത്രമാണിത്.
സത്യത്തിൽ ആത്മാർത്ഥ സഹായങ്ങളെ ആരും തിരിച്ചറിയില്ല. കാരണം അവരുടെ കയ്യിൽ ഇട്ടുമൂടാനുള്ള സമ്പത്തോ അധികാരങ്ങളോ ഉണ്ടായിരിക്കില്ല. അവർ അവരുടെ കയ്യിലുള്ള എണ്ണിച്ചുട്ട അപ്പം പോലെയുള്ള മാസവരുമാനം കൊണ്ട് തന്റെ കുടുംബം നോക്കുന്നതുപോലെയാണ് ജീവകാരുണ്യം നടത്തുന്നത്. ഒരുവൻ അവന്റെ കുടുംബം നോക്കുന്നത് വാർത്തയാക്കാത്തത് പോലെ ജീവകാരുണ്യ പ്രവർത്തനത്തിന് മുതിരുന്നവനും മറ്റൊരു കുടുംബത്തെ സഹായിക്കുന്നത് വാർത്തയാക്കില്ല. സഹായം സ്വീകരിക്കുന്നവന്റെ മാനസീകാവസ്ഥയെ ചൂഷണം ചെയ്യാനാഗ്രഹിക്കില്ല. കാരണം അവരുടെ ലക്ഷ്യം ദൈവ സ്നേഹവും കഷ്ടപ്പെടുന്നവരുടെ അധരങ്ങളിൽ വിടരുന്ന ആത്മാർത്ഥ പുഞ്ചിരിയും മാത്രം....
ഇന്നും വലതുകരം നൽകുന്നത് ഇടതുകരമറിയാതെ, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പിരിവിടാതെ, എല്ലുമുറിയെ
പണിയെടുത്തുണ്ടാക്കി സഹായകരങ്ങൾ നീട്ടുന്നവരുമുണ്ട്. കണ്ണീരിന്റെ കഥ പറയുന്ന, വിയർപ്പിന്റെ മണമുള്ള സ്വന്തം വരുമാനത്തിന്റെ ഒരു ഭാഗം നൽകി സംഘാടകർ തന്നെ ആശ്രിതരിലേക്ക് സഹായമെത്തിക്കുന്ന സംഘടനകൾ ലോകത്ത് നിലനിൽക്കുന്നുമുണ്ട്. നന്മ വേരോടെ നശിച്ചുപോയിട്ടില്ല എന്നതിന്റെ ഉദാഹരണമാണതെല്ലാം. പക്ഷെ അവരെയൊന്നും ഒരു പത്രക്കണ്ണുകളും കാണില്ല. കാണാനവർ ആഗ്രഹിക്കില്ല. കാരണം ജനശ്രദ്ധ നേടലല്ല യഥാർത്ഥ
ജനസേവകരുടെ ലക്ഷ്യം. മറിച്ച്, ജനങ്ങളുടെ ക്ഷേമം മാത്രമാണ്...
ജീവകാരുണ്യ പ്രവർത്തങ്ങൾ ഏറെ അമൂല്യവും ഇന്നിന്റെ അത്യാവശ്യവുമാണ്. ആത്മാർത്ഥമായ ദൈവപ്രീതി കാംഷിച്ച് കൊണ്ടുള്ള സൽപ്രവർത്തങ്ങളാണ് ലോകം കൊതിക്കുന്നത് . ആത്മാർത്ഥമാകട്ടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ..
നാഥൻ അനുഗ്രഹിക്കട്ടെ...
آمين يا ربّ العالمين

0 Comments