നിരാശ വേണ്ട..

നാഥൻ നമ്മോട് കൂടെയുണ്ട്..


(إِنَّ مَعَ ٱلۡعُسۡرِ یُسۡرࣰا)

_നിശ്ചയം ഞെരുക്കത്തോടൊപ്പം എളുപ്പവുമുണ്ട്_

(سورة الشرح:٦)

 

ഇന്ന് ലോകമെമ്പാടും കൊറോണ എന്ന മഹാമാരി സംഹാര താണ്ഡവമാടിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യം, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങി നിഖിലമേഖലകളിലും ജനങ്ങൾ കടുത്ത പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈ ദശാസന്ധിയിൽ നിരാശയുടെ കാണാക്കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടവരും മനംനൊന്ത് ജീവനൊടുക്കിയവരും കുറവല്ല..

ഇവിടെയാണ് ഒരു വിശ്വാസി തൻ്റെ ഹൃദയത്തെ സൂക്ഷിക്കേണ്ടത്. 


    അല്ലാഹുവിലുള്ള ദൃഢവിശ്വാസവും പ്രതീക്ഷയുമാണ് വിശ്വാസിയുടെ ആയുധം. ഒരു മുഅ്മിനിനെ സംബന്ധിച്ചടുത്തോളം ഏതൊരു പ്രയാസവും പ്രതിസന്ധിയുമാവട്ടെ ; അത് പോലെ സന്തോഷവും സമാധാനവുമാകട്ടെ, അത് അല്ലാഹുവിൽ നിന്നുള്ളതാകുന്നു. പ്രയാസം നേരിടുമ്പോൾ ക്ഷമയാലും ഭക്തിയാലും അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും സന്തോഷം വന്ന് ചേരുമ്പോൾ അല്ലാഹുവിന് നന്ദിയർപ്പിക്കുകയുമാണ് നാം ചെയ്യേണ്ടത്. 

 وَمَن یَتَّقِ ٱللَّهَ یَجۡعَل لَّهُۥ مِنۡ أَمۡرِهِۦ یُسۡرࣰا

_ആര് അല്ലാഹുവിനോട് ഭക്തിയുള്ളവരാകുന്നുവോ അവൻ്റെ കാര്യം അല്ലാഹു എളുപ്പമാക്കും_  

(سورة الطلاق:٤)



        ഇഹലോകത്തിലെ നമ്മുടെ ജീവിതം തന്നെ ഒരു   യാത്രയോടാണല്ലോ ഉപമിക്കപ്പെട്ടിട്ടുള്ളത്. ഈ യാത്രാവേളയിൽ നാം പല അനുഭവങ്ങളിലൂടെ കടന്ന് പോകേണ്ടതായുണ്ട്. പരീക്ഷണത്തിൻ്റെ തീച്ചൂളകൾ താണ്ടേതായി വരാം.. അനുഗ്രഹവർഷത്തിൽ നനയേണ്ടതായും വരാം..  നമുക്ക് മാതൃകകളായി ജീവിച്ച് പോയ പ്രവാചകന്മാരുടെ ജീവിതങ്ങൾ നമുക്ക് പാഠപുസ്തകങ്ങളാവണം.

       ലോകഗുരു മുഹമ്മദ് നബി (സ്വ) തങ്ങളുടെയും അനുചരന്മാരുടെയും ചരിത്രം തന്നെ നോക്കൂ..  മക്കയിൽ നിന്നുമനുഭവിച്ച ക്ലേശങ്ങൾക്കും പീഢനങ്ങൾക്കുമൊടുവിൽ തൻ്റെ ഉറ്റ ചങ്ങാതിക്കൊപ്പം മരുഭൂമി താണ്ടി മദീനയിലെത്തിയ പ്രവാചക തിരുമേനി ഏതാനും വർഷങ്ങൾക്കപ്പുറം വിജയശ്രീലാളിതനായി ആയിരക്കണക്കിന് അനുയായികൾക്കൊപ്പം മക്കയിലേക്ക് തിരിച്ച് വന്ന സംഭവം ഞെരുക്കത്തോടൊപ്പം എളുപ്പമുണ്ട് എന്ന ഖുർആനിക വചനത്തിന് ഉത്തമോദാഹരണമാണ്.

      യൂസുഫ് നബിയുടെ ചരിത്രം മറ്റൊരുദാഹരണമാണ്.. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത മാതൃകാ ജീവിതങ്ങൾ നമുക്ക് മുൻപിലുണ്ട്. 

          

   ആയതിനാൽ  സ്രഷ്ടാവിൻ്റെ വിധികളിൽ ക്ഷമയെ മുറുകെപ്പിടിക്കുകയും ഹൃദയം കൊണ്ട് അവനിലേക്ക് അടുക്കുകയും ചെയ്യുക. 

ഈ വിശുദ്ധ മാസം അതിന് സഹായകമാകട്ടെ എന്ന് ആശംസിക്കുന്നു.


 رَبَّنَآ أَفۡرِغۡ عَلَيۡنَا صَبۡرٗا وَتَوَفَّنَا مُسۡلِمِينَ

_"ഞങ്ങളുടെ നാഥാ; ഞങ്ങള്‍ക്ക് നീ ക്ഷമ നല്‍കേണമേ! ഞങ്ങളെ നീ മുസ്ലിംകളായി മരിപ്പിക്കേണമേ!”_

(سورة الاعراف:١٢٦)



✍🏻 *ഫാത്വിമ സഫാന*

_ആലിയ 2_

ഫാത്വിമ സഹ്റ വുമൺസ് കോളേജ്, ഉദുമ,കാസർഗോഡ്