സകാത്ത്:സംസ്കരണത്തിനും സമുദ്ധാരണത്തിനും*
അല്ലാഹുവിന്റെ സൃഷ്ടിയാണ് മനുഷ്യൻ. അവന്റെ ശരീരവും ധനവും വാക്കുകളും പ്രവർത്തികളും അല്ലാഹുവിന് വിധേയപ്പെടേണ്ടതുണ്ട്. ഈ വിധേയത്വത്തിൽ വിശ്വസിക്കുന്നവരാണ് സത്യവിശ്വാസികൾ. അല്ലാഹുവിനോടുള്ള വിധേയത്വം പരീക്ഷിച്ചറിയാൻ വേണ്ടിയാണ് ആരാധനകർമങ്ങൾ അടിമകൾക്ക് നിർബന്ധമാക്കപ്പെട്ടത്. ശാരീരികമായ ഇബാദത്തുകൾ ശരീരത്തിന്റെ വിധേയത്വം പരീക്ഷിക്കാൻ നിർബന്ധമാക്കി. ഇതുപോലെ സമ്പത്തിലും ചില ആരാധനകർമങ്ങൾ ഉൾകൊള്ളുന്നു.അതിൽ പ്രധാനപ്പെട്ടതാണ് സകാത്ത്.
സകാത്ത് നിർബന്ധമാക്കിയത് തിരുമേനിയുടെ മക്കാ ജീവിതത്തിലാണെങ്കിലും അന്ന് അതിനെപ്പറ്റി അവ്യക്തമായ പൊതുവായ കല്പനയാണുണ്ടായത്. സകാത്ത് നിർബന്ധമാവണമെങ്കിൽ എത്ര സ്വത്തുണ്ടാവണം, എന്ത് നൽകണം, എത്ര അളവിൽ തുടങ്ങിയ കാര്യങ്ങൾ അന്ന് നിർണയിച്ചിട്ടുണ്ടായിരുന്നില്ല. പ്രസിദ്ധമായ അഭിപ്രായം അനുസരിച്ച് ഓരോ ഇനം ധനത്തിലും ഇത്ര തുക നൽകണമെന്ന വിശദമായ നിർദ്ദേശം സവിസ്തരം പ്രതിപാദിക്കപ്പെട്ടത് ഹിജ്റ രണ്ടാം വർഷത്തിലാണ്.
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നാമതായി എണ്ണിയത് സകാത്തിനെയാണ്. ശഹാദത് കലിമകൾ ഉച്ചരിച്ച് ഇസ്ലാമിലേക്കു കടന്ന് വരികയോ പാരമ്പര്യമായി ഇസ്ലാമിൽ തുടരുകയോ ചെയ്യുന്ന വിശ്വാസി നിസ്കാരം കഴിഞ്ഞാൽ ശ്രദ്ധയൂന്നേണ്ടത് സകാത്ത് എന്ന നിർബന്ധ ദാനത്തിലാണ്.
وقولو للناس حسنا واقيم الصلاة واتو الزكاة
നിങ്ങൾ ജനങ്ങളോട് നന്മ സംസാരിക്കുക. നിസ്കാരം നിലനിർത്തുക, സകാത്ത് നൽകുക (ബഖറ:73)
ക്ഷേമത്തെ സംബന്ധിച്ച പ്രതീക്ഷയോടൊപ്പം നന്മകൾ മുഖേന സംസ്കരണവും സമുദ്ധാരണവും മാനസിക വളർച്ചയും സാധിക്കുകയെന്ന ആശയങ്ങളുൾകൊള്ളുന്ന പുണ്യകർമ്മമാണ് സകാത്ത്. സമ്പത്തിന്റെയും ശരീരത്തിന്റെയും അഴുക്കുകൾ സകാത്തിലൂടെ ഒഴിവാക്കുക വഴി ഒരു വ്യക്തി സംസ്കരിക്കപ്പെടുക മാത്രമല്ല വ്യക്തികൾക്കിടയിൽ സാമ്പത്തിക സമത്വം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.വ്യക്തിയുടെയും സമ്പത്തിന്റെയും സമൂഹത്തിന്റെയും സമൃദ്ധിയും സംസ്കരണവും ഇതിലൂടെ സാധ്യമാകുന്നു.മാത്രമല്ല അള്ളാഹു സൃഷ്ടികൾക്കു നൽകിയ പ്രീതിയും കൃപയും കൂടിയാണ് സകാത്ത്.
خُذْ مِنْ أَمْوَٰلِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا وَصَلِّ عَلَيْهِمْ ۖ إِنَّ صَلَوٰتَكَ سَكَنٌ لَّهُمْ ۗ وَٱللَّهُ سَمِيعٌ عَلِيمٌ
"അവരെ ശുദ്ധീകരിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യുന്നതാകുന്ന ദാനം, അവരുടെ സ്വത്തുക്കളിൽ നിന്ന് നീ വാങ്ങുക, അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക"(തൗബ:103)
അതായത്,റസൂലെ, സത്യാവശ്വാസികളുടെ സമ്പത്തുക്കളിൽനിന്ന് നിർബന്ധ സകാത്തുപോലെ നിർണിതമായ ദാനവും ഐച്ഛിക ദാനം പോലെ നിർണിതമില്ലാത്ത ദാനവും സ്വീകരിക്കുക. അതുമുഖേന താങ്കൾക്കവരെ ലുബ്ധത, സങ്കുചിത മനസ്കത, അത്യാർത്തി, നീചത്വം, ദാരിദ്ര്യ ജനങ്ങളോടും കഷ്ടപ്പെടുന്നവരോടുമുള്ള ഹൃദയകാഠിന്യം തുടങ്ങിയ ദുർഗുണങ്ങളിൽനിന്നും ശുദ്ധീകരിക്കാം. അവരിൽ മാനസികവും കർമ്മപരവുമായ നന്മകളും ബറകത്തുകളും വളർത്തിയെടുക്കാം. അങ്ങനെ അവർ ഐഹിക ക്ഷേമത്തിനും പാരത്രിക മോക്ഷത്തിനും അർഹരായിത്തീരും.
ദാരിദ്ര്യ നിർമാർജ്ജനം സകാത്തിന്റെ ഗുണഫലമാണെങ്കിലും സകാത്തിന്റെ അടിസ്ഥാന ലക്ഷ്യമോ സകാത്ത് വീടാനുള്ള നിബന്ധനയോ അല്ല, സകാത്തിന്റെ പ്രഥമ ഗുണം സകാത്ത്ദാതാവിനാണ്. സകാത്ത് നൽകുന്നവന്റെ മനസ്സും ധനവും ശുദ്ധീകരിക്കലും പരലോക ശിക്ഷയിൽ നിന്ന് മോചനം ലഭിക്കലുമാണ് സകാത്തിന്റെ മുഖ്യലക്ഷ്യം.സ്വീകർത്താവിന്റെദാരിദ്ര്യം നീങ്ങലും സമൂഹത്തിൽ സാമ്പത്തിക സന്തുലിതാവസ്ഥ നിലനിൽക്കലും സകാത്തിന്റെ അനുബന്ധ ലക്ഷ്യങ്ങളാണ്. സമൂഹത്തിന്റെ സുഗമമായ പ്രയാണത്തിനും സമൂഹത്തിൽ സന്തുലിതത്വം പാലിക്കപ്പെടാനും വേണ്ടി സാമ്പത്തിക ഘടനയുടെ അടിസ്ഥാനപരമായ കാര്യമായിട്ടും വിശുദ്ധ ഖുർആൻ സകാത്തിനെ പരിചയപ്പെടുത്തുന്നു.
മുസ്ലിംകള് അവരുടെ വ്യക്തിപരമായ ബാധ്യതയായ സകാത്ത് നിര്വ്വഹിക്കുമ്പോള് തന്നെ, ജീവിതത്തില്‍ സകലതും നഷ്ടപ്പെട്ട് കഷ്ടപ്പാടുകള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നരകയാതനയനുഭവിക്കുന്ന മുസ്ലിം സഹോദരന്മാരെ സഹായിക്കുക എന്നത് നമ്മുടെ സാമൂഹിക ബാധ്യതകൂടിയാണ്.
മ്യാന്മറിലെ ഭൂരിപക്ഷ ബുദ്ധവിഭാഗങ്ങളുടെ കരങ്ങളാല്‍ വംശീയ ഉന്മൂലനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന റോഹിങ്ക്യയിലെ മുസ്ലിംകൾ(മ്യാന്മർ മുസ്ലികൾ),
സിറിയന്‍ ഏകാധിപതി ബശാറുല്‍ അസദിന്റെ നിഷ്ഠൂരമായ അക്രമണങ്ങൾക്ക് ഇരയായി കൊണ്ടിരിക്കുന്ന സിറിയൻ ജനത,
ഈ റമദാനിന്റെ പുണ്യ ദിനങ്ങളിൽ പോലും മസ്ജിദുൽ അഖ്സയിൽ
ഇസ്രായേൽ സൈന്യത്തിന്റെ തോക്കുകൾക്ക് മുന്നിൽ പ്രതികരിക്കാൻ ശേഷിയില്ലാതെ ഇരയായികൊണ്ടിരിക്കുന്ന ഫലസ്തീൻ ജനത,
കാലങ്ങളായി ദാരിദ്ര്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന സോമാലിയൻ ജനത പോലുള്ളവർക്ക് ഈ റമദാനില്‍ നോമ്പ് തുറക്കാനുള്ള ഭക്ഷണം പോലും അവരുടെ പക്കലില്ലാതിരിക്കെ,ഇസ്ലാമിലെ ദാരിദ്ര്യ നിർമാർജ്ജന പദ്ധതിയായി കൂടെ സകാത്തിനെ അവതരിപ്പിക്കപ്പെടുമ്പോൾ ഖലീഫ ഉമർ (റ) വിന്റെ ഭരണകാലത്തെ ജനതയുടെ സുഭിക്ഷത പോലെ പല സുവർണ്ണകാലഘട്ടങ്ങളും ഇസ്ലാമിക ചരിത്രം കടന്നു പോന്നെങ്കിലും സാമ്പത്തിക ഭദ്രത കൈവരിച്ച അനേകം രാജ്യങ്ങൾക്ക് മുമ്പിൽ സൊമാലിയ, സിറിയ പോലുള്ള ഈ ജനങ്ങളുടെ ദാരിദ്ര്യത്തിൽ ചാലിച്ച നിജസ്ഥിതികളെ നിരത്തിവെക്കുമ്പോൾ, ഇന്നത്തെ ലോകപശ്ചാത്തലത്തിൽ സകാത്തെന്ന സമസ്യ പലയാവൃത്തി മനോഹരമായി മാറുന്നു.
നിസ്കാരം, ഹജ്ജ്, എന്നിവപോലെ അടിസ്ഥാനപരമായി സകാത്ത് ആരാധനയായത്കൊണ്ട് നിബന്ധനകൾക്കു വിധേയമാണ്.അതുകൊണ്ട്തന്നെ സകാത്ത് കൊടുക്കുന്ന വിഷയത്തിൽ അമാന്തം കാണിക്കുന്ന ആളുകളെ വിശുദ്ധ ഖുർആനിൽ ഗൗരവമായി താക്കീത് ചെയ്യുന്നുണ്ട്.
ٱلَّذِينَ لَا يُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْءَاخِرَةِ هُمْ كَٰفِرُونَ
"സകാത്ത് നൽകാത്തവർക്കും പരലോകത്തെ വിശ്വാസമില്ലാത്തവരുമായ ബഹുദൈവാരാധകർക്ക് നാശം "(ഫുസ്വിലത്ത് :7)
"ഒരു കാരക്ക ചീളുകൊണ്ടെങ്കിലും നരകത്തെ സൂക്ഷിക്കുക, അതിനു സാധ്യമല്ലെങ്കിൽ ഒരു നല്ല വാക്ക് പറഞ്ഞുകൊണ്ടാണെങ്കിലും"(ബുഖാരി,മുസ്ലിം).സാമ്പത്തിക സഹായങ്ങളുടെ പ്രധാന്യത്തെ പറ്റി പ്രവാചകാധ്യാപനങ്ങൾ അനേകം നിലനിൽക്കേ അതിന്റെ പ്രതിഫലത്തെ കരസ്ഥമാക്കാൻ കഴിയുന്നവരും, സകാത്തെന്ന ഇസ്ലാമിന്റെ സൗന്ദര്യങ്ങളിലൊന്നിനെ ആകർഷണീയമാക്കാൻ കഴിയുന്നവരുമായി ഇസ്ലാമിന്റെ സാമ്പത്തിക ഭദ്രത കൈവരിക്കുന്ന പ്രവർത്തനത്തിൽ നമുക്കും പങ്കാളികളാകാം.
ശഹർബാനു എ പി
വദീമ മുഹമ്മദ് ബുത്വി വിമെൻസ് കോളേജ്, ഓണപ്പറമ്പ,

9 Comments
Ma sha allah
ReplyDeleteമാഷാ അല്ലാഹ്... പഠനാർഹമായ എഴുത്ത്.. All wishes... Go ahead...
ReplyDelete🅺🅴🅴🅿 🄶🄾🄸🄽🄶🌈🔥
ReplyDeleteMa Shaa Allah 💖
ReplyDeleteKeep Going dear 😍
Informative... 👍👌👌🤩
ReplyDeleteMasha Allah🥰🥰
ReplyDeleteSpelling mistakes und..... തിരുത്തുമല്ലോ
ReplyDeleteHeading പോലും edit ചെയ്തിട്ടില്ലേ
ReplyDeleteMa sha allah. Barakakallah ...
ReplyDeleteSimple aayittulla vivaranam