*റമളാനിലെ മഹിളാ ഓർമ്മകൾ*
زملوني....
എന്ന് പറഞ്ഞു ഹിറയുടെയകത്തുനിന്ന് ഹൃദയാന്തരങ്ങളിൽ ബോധോദയത്തിന്റെ ഉൾവിളിയാളം തട്ടി ഭയപ്പാടോടെ വിറകൊള്ളുന്ന മേനിയുമായി ഓടിവരുന്ന റസൂലിനെ വാരിപ്പുണർന്ന് തലോടിയ ഖദീജ ബീവിയുടെ ത്യാഗസ്മരണകളും വിശുദ്ധ വിജ്ഞാനങ്ങളെ വാരിക്കൂട്ടി തിരുചര്യകളും വിധിവിലക്കുകളും വരും തലമുറകൾക്ക് വിനീതമായി സമർപ്പിച്ച ആയിഷ ബീവിയുടെ വിശുദ്ധജീവിതവും നൈലിന്റെ തീരത്ത് നന്മയുടെ നാരിയായി നാളേക്കുള്ള കരുതലിൽ നാഥനുവേണ്ടി ജീവിതം നയിച്ച നഫീസത്തുൽ മിസ്രിയ ബീവിയുടെ ആത്മീയവിഹാരങ്ങളും റയ്യാൻ കവാടം മാടി വിളിക്കുന്ന പുണ്യമാസത്തിലെ പഥികരുടെ സ്മൃതിമണ്ഡപങ്ങളെ തൊട്ടുണർത്തി കടന്നുപോകുമ്പോൾ കേവലം ഹദിയകൾക്കും തവസ്സുലിനുമപ്പുറം പകർത്തിയെടുക്കേണ്ട പല മാതൃകകളും അവർ ബാക്കിവെക്കുന്നുണ്ട്...
ഉത്തമ കുടുംബിനിയുടെയും സദ്- വർത്തയായ സഹധർമിണിയുടെയും വാത്സല്യം നിറഞ്ഞ മാതൃത്വത്തിന്റെയും സ്നേഹനൈർമ്മല്യത്തിന്റെയും സഹവർതിത്വത്തിന്റെയും സമഗ്രവിജ്ഞാനത്തിന്റെയും അചഞ്ചലവിശ്വാസത്തിന്റെയും ആത്മീയസമർപ്പണത്തിന്റെയും അർത്ഥപൂർണ്ണജീവിതത്തിന്റെയും ഉദാത്തമാതൃകകൾ...
ചെറിയൊരു തളർച്ച വരുമ്പോഴേക്കും ഈമാൻ ചാഞ്ഞും ചെരിഞ്ഞും പോകുന്ന,
ജീവിതപ്രാരാബ്ധങ്ങൾ എണ്ണിപ്പറഞ്ഞു വിലപിക്കുന്ന
നാം മനസ്സിലാക്കണം- അന്ധവിശ്വാസങ്ങളുടെ വീർപ്പുമുട്ടിക്കലിൽ കുറ്റപ്പെടുത്താതെ അപഹാസങ്ങളുടെ പ്രവാഹത്തിൽ തള്ളിപ്പറയാതെ പ്രിയതമനെ പ്രണയിച്ചും പരിപാലിച്ചും കൂട്ടുനിന്ന് ദാരിദ്ര്യത്തിൽ കാലിടറാതെ സഹനത്തിന്റെ നേർചിത്രം സത്യവിശ്വാസികൾക്ക് കാണിച്ചുതന്നത് സമ്പന്നനായ കച്ചവടക്കാരനും ഖുറൈശികളിൽ പ്രമുഖനുമായി ഖുവൈയിലിദിന്റെ മകൾ ഖദീജയാണെന്ന് (رضي الله عنها)...
"വീജ്ഞാനം വിശ്വസിയുടെ കളഞ്ഞുപോയ നിധിയാണ്. അതെവിടെ കണ്ടാലും പെറിക്കിയെടുക്കുകയെന്ന" പ്രവാചകദ്ധ്യാപാനം അന്വർഥമാക്കി ഹുബ്ബിന്റെ തീവ്രതയിൽ രാത്രികൾ അല്ലാഹുവിന് സമർപ്പിച്ചു നിർവൃതി കൊണ്ട് യവ്വനത്തിന്റെ തിളപ്പിൽ മതിമറക്കാതെ, അതീവസൗന്ദര്യത്തിനുടമയമായിട്ടും പ്രദർശനപരത താൽപര്യപ്പെടാതെ ഹയാഇന്റെ പരിധി ലംഗിക്കാത്ത ഹബീബിന്റെ ഇഷ്ടഭാജനം ആയിഷ ബീവി അൽപബുദ്ധികൊണ്ട് മൂടുപടങ്ങളെ പുച്ഛിച്ചുതള്ളി ആധുനികതയുടെ പരസ്യകോലാഹലങ്ങളുടെ തിളക്കത്തിൽ വീണ് വഴിതെറ്റിപ്പോകുന്ന യുവതക്ക് കലർപ്പില്ലാത്ത ദീനീപ്രതിരൂപമാണ്...
അഹദിന്റെ അടിമയാണെന്ന അതീവബോധത്തോടെ ജീവിതനിമിഷങ്ങളോരോന്നും സസൂക്ഷ്‌മം സമർപ്പിച്ചു ആരാധനകൾക്കും ആത്മീയവിജ്ഞാനങ്ങൾക്കും സമയപരിധി നിശ്ചയിക്കാതെ മരണത്തെ പോലും
ഒരുങ്ങി സ്വീകരിച്ചു മണ്ണറയിലിരുന്ന് മാന്നാന്റെ മൊഴികളുരുവിട്ട മിസ്റിലെ നഫീസ ബീവിയും വിശ്വാസത്തിനും ഇഖ്ലാസിനും മങ്ങലേറ്റ അവസാനകാലഘട്ടത്തിലെ അടിയാറുകൾക്ക് പരിഹാരപാഠങ്ങൾ തുറന്നുവെക്കുന്നു...
ഇസ്ലാമിക ചരിത്രവീഥികളിൽ ത്യാഗത്തിന്‍റെ കനല്‍പഥങ്ങളിലൂടെ വര്‍ണരാജികള്‍ തീര്‍ത്ത അധ്യായങ്ങളാണിവരെല്ലാം ...
ചരിത്ര സ്മൃതികള്‍ വഴിവെളിച്ചമാണ്. പിന്നില്‍ വരുന്നവര്‍ക്കായി മുമ്പേ നടന്നവര്‍ സുഗമമായ പദസഞ്ചലനത്തിനായി പ്രതിഷ്ഠിച്ചുവെച്ച വഴിവിളക്കുകള്‍. അതുകൊണ്ട് തന്നെ അവ ഉപദേശങ്ങളാണ്, ഉല്‍ബോധനങ്ങളാണ്. സച്ചരിതമായ നിര്‍ണയത്തിന്‍റെ ദിശാസൂചികളുമാണ്. സുവിശേഷങ്ങളും താക്കീതുകളും അതിലുണ്ട്.
ആലസ്യത്തില്‍ ഉത്തേജനം പകരുന്ന ഉണര്‍ത്തുപാട്ടുകളുമുണ്ട്. പക്ഷേ, സുമനസ്സുകള്‍ക്കേ അത് ആവാഹിക്കാനാകൂ. ഗുണകാംക്ഷികള്‍ക്കേ അത് ആവേശമാകൂ..!!

1 Comments
വളരെ നല്ല എഴുത്ത്, ചില അക്ഷരതെറ്റുകളൊഴിച്ചാൽ
ReplyDelete