ക്ഷമ പ്രഥമാഘാതത്തിൽ കൈക്കൊള്ളേണ്ടത്

___________________________

മാനവ കുലത്തിന് അള്ളാഹുﷻ നൽകിയ അപാരമായ അനുഗ്രഹങ്ങളിൽ ഒന്നാണ് ക്ഷമ. എന്നാൽ ഈ മഹത്തായ അനുഗ്രഹത്തെ പറ്റി പലരും അജ്ഞതയിലാണ്. ഈ അമൂല്യതയെ തിരിച്ചറിഞ്ഞവർ വളരെ വിരളമാണ്. പരീക്ഷണങ്ങൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുമ്പോൾ വിപത്തുകൾ ആവരണം ചെയ്യുമ്പോഴും ഒരു സത്യവിശ്വാസി പരിചയാക്കേണ്ട ഒന്നാണ് ക്ഷമ. ലോകർക്കായി നിയോഗിതരായ എല്ലാ പ്രവാചകരും തൻറെ പ്രബോധന പാതയിൽ ആ അനുഗ്രഹത്തിൻറെ മാധുര്യം രുചിച്ചറിഞ്ഞവരും തൻറെ സമൂഹത്തിന് അതിൻറെ പാഠങ്ങൾ പഠിപ്പിച്ചു കൊടുത്തവരും ആണ്.


തികച്ചും നശ്വരമായ ഐഹികജീവിതത്തിൽ തനിക്ക് വരുന്ന പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളും സൃഷ്ടാവിൽ നിന്നുള്ളതാണെന്നും ക്ഷമ അല്ലാതെ മറ്റൊരു പ്രതിവിധി അതിനില്ല എന്നും നാം മനസ്സിലാക്കൽ പ്രധാനമാണ്. അല്ലാഹുﷻ നൽകുന്ന ഈ പ്രയാസങ്ങൾ റബ്ബിൽ നിന്നുമുള്ള കോപം അല്ലെന്നും അവൻ നമ്മെ ഇഷ്ടപ്പെടുന്നത് കൊണ്ടാണെന്നും കൂടി തിരിച്ചറിയുമ്പോഴാണ് യഥാർത്ഥ വിശ്വാസത്തിൻറെ മാധുര്യം നമുക്ക് നുണയാനാകുന്നത് .


പരിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും വളരെ ഗൗരവത്തോടെ ക്ഷമയെ പറ്റി പ്രതിപാദിച്ചതായി നമുക്ക് കാണാൻ കഴിയും .ക്ഷമിക്കുക എന്നത് വിനയത്തിന്റെയും ഭക്തിയുടെയും ലക്ഷണമാണ്. ക്ഷമ വിലയേറിയ സമ്പത്താണ് അതിനെ കരഗതമാക്കാൻ മഹാത്മാക്കൾ ഏറെ പണിപെട്ടിരുന്നു. ആ വിലയേറിയ രത്നത്തെ കരസ്ഥമാക്കാൻ എത്രത്തോളം നാം പരിശ്രമിച്ചു എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


ശരീരേച്ഛകളോട് പൊരുതി ക്ഷമ കൈകൊണ്ട് ജീവിക്കുന്നവർക്ക് മാത്രമേ സ്വർഗ്ഗ പ്രവേശനം സാധ്യമാകൂ. തനിക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും കഷ്ടപ്പാടുകളും ക്ഷമയോടെ തരണം ചെയ്യുന്നവരാണ് യഥാർത്ഥ വിശ്വാസി. സുഹൈബി (റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം. നബിﷺ തങ്ങൾ പറഞ്ഞു: ഒരു വിശ്വാസിയുടെ കാര്യം അതിശയം തന്നെ . അവൻറെ എല്ലാകാര്യങ്ങളും അവന് ഗുണമായിരിക്കും. ഒരു വിശ്വാസിക്ക് അല്ലാതെ മറ്റാർക്കും അതുണ്ടാവില്ല. അവന് സന്തോഷമായത് ലഭിച്ചാൽ അവൻ നന്ദി കാണിക്കും. അപ്പോൾ അത് അവന് നന്മയാകും. അവന് ദോഷകരമായ എന്തെങ്കിലും സംഭവിച്ചാൽ അവൻ ക്ഷമിക്കും. അപ്പോൾ അതും അവന് നന്മയായിത്തീരും. മുഅ്‌മിനായ ഒരു മനുഷ്യൻ ഏതൊരു പ്രയാസങ്ങളിലും ക്ഷമ അവലംബിക്കുകയും റബ്ബിനോട് ദുആ ഇരക്കുകയും ചെയ്താൽ അതിലൂടെ ഒരുപാട് നന്മകൾ നേടിയെടുക്കാൻ അവന് സാധിക്കും.


വ്യസനവും കോപവും തന്നെ കീഴ്പ്പെടുത്തുന്നു എന്ന് തോന്നുന്ന അവസരത്തിൽ ആണ് ക്ഷമ കൈക്കൊള്ളേണ്ടത്. ക്ഷമ കൈവരേണ്ടതായ എല്ലാ ആഘാതങ്ങളും കഷ്ടതകളും വന്നതിനുശേഷം ക്ഷമിച്ചിട്ട് യാതൊരുവിധ ഗുണവുമില്ല. തന്മൂലം ഖേദിക്കേണ്ടി വരും. അനസ് ബ്നു മാലിക് (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം. കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു സ്ത്രീയോട് പ്രവാചകൻﷺ നീ അല്ലാഹുവിനെ സൂക്ഷിക്കുക ക്ഷമിക്കുക എന്ന് പറഞ്ഞപ്പോൾ ആ സ്ത്രീ എനിക്ക് ബാധിച്ച പ്രയാസം താങ്കൾക്ക് ബാധിച്ചിട്ടില്ല അതിനെ പറ്റി താങ്കൾക്ക് അറിയുകയും ഇല്ല എന്ന് മറുപടി പറഞ്ഞു. പിന്നീടാണ് അത് നബി  ﷺ തങ്ങളായിരുന്നു എന്ന് അവർ മനസ്സിലാക്കിയത് അപ്പോൾ അവർ നബി ﷺ അടുക്കൽ ചെല്ലുകയും താങ്കൾ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു എന്ന് പറയുകയും ചെയ്തു. അവർക്ക് നബി ﷺ തങ്ങൾ ഇപ്രകാരമാണ് മറുപടി നൽകിയത്:

الصبر عند الصدمة الاولى

ക്ഷമ അതിൻറെ പ്രഥമഘട്ടത്തിൽ ആയിരുന്നു.

 രോഷംമൂലം സംഭവിക്കാവുന്ന എല്ലാ കഷ്ടതകളും ഉണ്ടായശേഷം അല്ല ക്ഷമ അവലംബിക്കേണ്ടത്. എല്ലാം സംഭവിച്ചതിനു ശേഷം ക്ഷമിച്ചു എന്ന് പറയുന്നതിൽ അർത്ഥമില്ല എന്നു മനസ്സിലാക്കാം.

എല്ലാ പ്രവാചകന്മാരും പ്രബോധന പാതയിൽ നിലയ്ക്കാത്ത പരീക്ഷണങ്ങൾ നേരിടേണ്ടി വന്നപ്പോഴും പതറാതെ നിന്നത് ക്ഷമ എന്ന മഹത്തായ അനുഗ്രഹം കൊണ്ടായിരുന്നു. നബി ﷺ ത്വാഇഫിൽ എത്തിയപ്പോൾ അവിടുത്തെ ജനങ്ങൾ നബി തങ്ങൾക്ക് നേരെ അഴിച്ചിട്ട അക്രമങ്ങൾ എത്രയാണെന്ന് ചരിത്രത്തിൽ നമുക്ക് കാണാൻ കഴിയും. ഈ ജനതയെ രണ്ട് മലകൾക്കിടയിൽ വെച്ച് ശിക്ഷിക്കട്ടെ എന്ന് മലക്ക് ജിബ്രീൽ (അ) ൻറെ ചോദ്യത്തിന് പിൽക്കാലത്ത് അവരിൽനിന്നും അല്ലാഹുവിനെ ആരാധിക്കുന്ന ഒരു സമൂഹം ഉണ്ടാവണം എന്ന് ഞാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ നബിﷺ തങ്ങളുടെ വിട്ടുവീഴ്ചയും ക്ഷമയും എത്രയാണെന്ന് നാമോരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്.  

കുടുംബജീവിതത്തിലും സമൂഹത്തിലും വിവിധ ഇടപാടുകളിലും അനിവാര്യം ആകേണ്ട ഘടകമാണ് ക്ഷമ . അത് ഇല്ലാത്തതാണ് പുതിയ കാലത്തെ പല പ്രശ്നങ്ങൾക്കും മുഖ്യകാരണം. മാനസികമായ എന്തെങ്കിലും പ്രയാസങ്ങൾ ബാധിച്ചാൽ അതിലൂടെ ജീവിത നൈരാശ്യത്തിലേക്കും ആത്മഹത്യയുടെ വക്കിലേക്കും നീങ്ങുകയാണ് ചിലർ. പെട്ടെന്നുണ്ടാകുന്ന രോഷത്തിന്റെ മേൽ എത്രയെത്ര ശരീരങ്ങളാണ് വെട്ടിനുറുക്കപ്പെടുന്നത്, എത്രയെത്ര പിഞ്ചു ജീവനുകളാണ് പിഴുതെറിയുന്നത്. പകയും വിദ്വേഷവും മാറ്റിവെച്ച് മറ്റുള്ളവരോടു ക്ഷമിക്കാൻ കഴിയുമ്പോഴാണ് നാം യഥാർത്ഥ വിജയി ആകുന്നത്. 

സൃഷ്ടികളുടെ രക്ഷയ്ക്കായി സൃഷ്ടാവ് കനിഞ്ഞേകിയ റമദാൻ മാസം ക്ഷമയുടെ മാസം കൂടിയാണ്. നോമ്പ് വിശ്വാസിയുടെ സ്വഭാവത്തിൽ ഗുണപരമായ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. നോമ്പുകാരൻ പ്രധാനമായും ക്ഷമിക്കുന്നത് ആശകൾ ത്യജിച്ച്കൊണ്ടാണ്. സൂര്യാസ്തമയം വരെയുള്ള പരിമിതമായ സമയം തൻറെ ദേഹേച്ഛകളെ വെടിഞ്ഞു കൊണ്ട് ക്ഷമ അവലംബിച്ചാൽ അതിമഹത്തായ നോമ്പിൻറെ പ്രതിഫലവും  അല്ലാഹുവിൻറെ പ്രീതി സമ്പാദിക്കലും സാധ്യമാകും . കേവലം അന്ന പാനീയങ്ങളെ വർജ്ജിക്കൽ കൊണ്ട് മാത്രമതാകുന്നില്ല. ആരെങ്കിലും തന്നോട് വഴക്കിടുകയോ ചീത്ത പറയുകയോ ചെയ്താൽ ഞാൻ നോമ്പുകാരൻ ആണെന്ന് ബോധ്യത്തോടെ ക്ഷമ കൈകൊണ്ട് അതിൽ നിന്ന് പിന്മാറുക. ഇതുകൊണ്ടാണ് നബി ﷺ തങ്ങൾ പറഞ്ഞത്:

وهو شهر الصبر والصبر ثوابه الجنة

റമദാൻ ക്ഷമയുടെ മാസമാണ് ക്ഷമക്ക് പ്രതിഫലം സ്വർഗ്ഗവുമാണ്.

ക്ഷമയും വിശ്വാസവും ആർജ്ജിച്ച് മുന്നോട്ട് പോകുന്നവർക്ക് മാത്രമേ സൃഷ്ടാവിനെ പരിപൂർണാർത്ഥത്തിൽ വഴിപെടാനും അവന്റെ പ്രീതി കാംക്ഷിക്കാനും സാധിക്കുകയുള്ളൂ .

ചെറുതും വലുതുമായ ലക്ഷ്യങ്ങളിലേക്ക് എത്തിപ്പെടാൻ ആവേശത്തേക്കാൾ ക്ഷമയാണ് ഉത്തമ ആയുധമെന്ന തിരിച്ചറിവിലൂടെയാണ് പ്രതികൂല സാഹചര്യത്തെ അതിജീവിക്കേണ്ടത്. ഒരു സൂഫി ഗുരുവിനോട് ക്ഷമയെക്കുറിച്ച് ചോദിച്ചപ്പോൾ പൂക്കളെ ഞെരിച്ചമർത്തുമ്പോഴും അവ തിരിച്ചു നൽകുന്ന സുഗന്ധം ആണെന്ന് അദ്ദേഹത്തിൻറെ മറുപടി സമീപകാലത്തെ സ്റ്റാറ്റസുകളിലൂടെ നാം ഏവരുടെയും ശ്രദ്ധ ആകർഷിച്ചതാണ്. ആക്രമിക്കുന്നവർക്ക് നേരെ സുഗന്ധം പൊഴിക്കുന്ന പുഷ്പങ്ങൾ ആകാനും പരീക്ഷണങ്ങളിൽ പതറാതെ ക്ഷമ കൈക്കൊള്ളാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ.

امين يا رب العالمين