കണ്ണുനീരാൽ ഖൽബ് കഴുകേണ്ട രാവ്
അടിമകൾക്ക് തന്നെ ആരാധിക്കാൻ ഉള്ള അവസരങ്ങളും ഇളവുകളും നൽകി ആരാധനക്ക് പ്രതിഫലം നൽകുന്ന അല്ലാഹുവിനേക്കാൾ വലിയ കാരുണ്യവാൻ ആരുണ്ട്! ദൈവികതയിൽ അലിഞ്ഞു ചേരാൻ വെമ്പൽകൊള്ളുന്ന അടിമക്ക് ലയിച്ചു ചേരാൻ അവസരം കൊടുക്കുന്ന ഉടമ. നാഥൻ തന്റെ അതിഥിയുടെ കയ്യിൽ ഏൽപ്പിക്കുന്ന വിലപ്പെട്ട സമ്മാനമാണ് ലൈലത്തുൽ ഖദ്ർ. ആയിരം മാസങ്ങളുടെ കർമ്മങ്ങൾ തഴുകിയാലും ഒളിമങ്ങാത്ത മഹത്വരത്തിന്റെ രാവ്. പരിശുദ്ധ കലാമിന്റെ പ്രാരംഭം പോലും ഈ വിശുദ്ധ രാവിലായിരുന്നു.
ബനൂ ഇസ്റാഇൽ വംശത്തിൽ പകൽ സായുധ സമരത്തിലും രാത്രി ആരാധനയിലുമായി ആയിരം മാസം ജീവിച്ച ഭക്തനെ കുറിച്ച് കേട്ട, നന്മയിൽ സദാ ജാഗരൂകനായ റസൂലിന് തന്റെ സുകൃതങ്ങൾ പരിമിതമാണോ എന്ന പരിഭവത്തിനുള്ള അല്ലാഹുവിന്റെ പരിഹാര മാർഗ്ഗം കൂടിയാണ് ലൈലതുൽ ഖദ്ർ.പൂർവ്വകാല സമുദായങ്ങളുടെ മേൽ മുഹമ്മദ് നബി(സ)യുടെ സമുദായം സാക്ഷിയായിരിക്കുമെന്ന് الله വെളിപ്പെടുത്തിയിട്ടുണ്ട്. തുല്ല്യ യോഗ്യതയില്ലാത്തവർ സാക്ഷികളാവുകയോ ? ഇതിനുള്ള നീതിപൂർവ്വമായ പരിഹാരമാണ് പ്രതിവർഷം കടന്നുപോവുന്ന,ആയിരം മാസങ്ങളേക്കാൾ പവിത്രമാർന്ന പരിശുദ്ധ രാവ് . ഈ രാവിനെ നന്മകളാൽ സമ്പുഷ്ടമാക്കിയവനാണ് ഭാഗ്യവാൻ. അത് നിഷേധിച്ചവൻ സാക്ഷിയാവാൻ യോഗ്യതയില്ലാത്ത ഹതഭാഗ്യവാനായിത്തീരും.
മഹത്വരമാക്കപ്പെട്ട വാനലോകത്ത് നിന്ന് കൂലങ്കശമായ ഭൂമിയിലേക്ക് മാലാഖമാർ ഇറങ്ങി വരുമെന്ന് വിശുദ്ധ രാവിന്റെ സന്ദേശമായി സൂറത്തുൽ ഖദ്റിൽ ദർശിക്കാം. പരിശുദ്ധ റമളാനിനെ പ്രതീക്ഷിക്കുന്ന വിശ്വാസിയുടെ അടുത്ത പ്രതീക്ഷയാണ് വിശുദ്ധ രാവ്. ആരാധനാ കർമ്മങ്ങൾ കൊണ്ടും പാപമോചനത്തിന്റെ ധ്വനികൾ കൊണ്ടും ഖുർആനിക ഈരടികൾ കൊണ്ടും ശ്രേഷ്ഠതയെ വരവേറ്റ് നാഥന്റെ അനുഗ്രഹത്തിന് നന്ദിയുള്ളവരായിത്തീരണം. റജബിന്റെ പിറവി തൊട്ട് ഇമവെട്ടാതെ എണ്ണയൊഴിച്ച മിഴികളുമായി കാത്തിരിക്കുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം ധന്യരാത്രിയെ സുസജ്ജമാക്കൽ നിശ്പ്രയാസമായിരിക്കും. നാഥൻ തുണക്കട്ടെ! ആമീൻ.

1 Comments
🌹آمين
ReplyDelete