ഓർമ്മപ്പെടുത്തലുകളാണ് ഓരോ കടന്നുപോക്കും
പുണ്യ മാസം വിടപറയുവാൻ ഇനി ദിനങ്ങൾ വിദൂരത്തല്ല, ചില ഓർമ്മപ്പെടുത്തലോടെ ഈ റമളാനും വിട പറയുമ്പോൾ സ്വന്തത്തോട് ചോദിക്കേണ്ട ചിലതുണ്ട് !പ്രതിഫല തേട്ടത്തിനായ് വിശ്വാസിയായ് എത്രത്തോളം ചിലവഴിച്ചെന്ന ചോദ്യം? വീണ്ടുമൊരു റമളാനിൽ ബാക്കിയാകുന്നവരാരെന്നോ ഈ മാസം പൂർത്തീകരിക്കുന്നവർ ആരെന്നോ പറയൽ അസാധ്യമാണ്.ഞാനെന്റെ ആയുസ്സിലെ അവസാന റമളാനിലാണെന്നുള്ള ഓർമ്മപ്പെടുത്തൽ മാനുഷിക ചിന്തകളെ ചില വിലയിരുത്തലുകൾക്ക് വിധേയമാക്കും.
"സത്യ വിശ്വാസികളെ, നിങ്ങളുടെ മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കിയ പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. അതു മൂലം നിങ്ങൾക്ക് ദോഷബാധയെ തടയാവുന്നതാണ് "(സൂറത്തുൽ ബഖറ :183)
ഫജ്ർ സ്വാദിഖ് മുതൽ സൂര്യാസ്തമയം വരെ ആഹാരപാനീയങ്ങളും സംയോഗവും പരിത്യജിക്കുന്ന ആരാധനകർമ്മമാണ് നോമ്പ്. വ്രതാനുഷ്ടാനം പൂർവ്വവേദക്കാർക്കും വിധിക്കപ്പെട്ടിരുന്നു എന്നതിന് തെളിവാണ് 'നിങ്ങളുടെ മുമ്പുള്ളവർക്ക് നിർബന്ധമാക്കിയ പോലെ 'എന്നതിൽ സൂചിപ്പിക്കുന്നത്. അള്ളാഹുവിന്റെ പരിശുദ്ധ ഇസ്‌ലാമിന്റെ ചില പവിത്രമാക്കപ്പെട്ട യോഗ്യതകൾ നേടിയെടുക്കുക എന്നതാണ് ഒരു വിശ്വാസിക്ക് നോമ്പിലൂടെയുള്ള ലക്ഷ്യം. അതുകൊണ്ടാണ് പൂർവ്വികർക്കും നോമ്പ് വിധിക്കപ്പെട്ടത്. "നിങ്ങൾ മുത്തഖീങ്ങൾ ആവാൻ വേണ്ടി"എന്ന ലക്ഷ്യം തന്റെ വികാര വിചാരങ്ങൾക്ക് കടിഞ്ഞാൺ ഇടുന്നതോടെ മുസ്‌ലിം സ്പഷ്ടമാക്കുന്നു. മനുഷ്യൻ തന്റെ ഹൃസ്വകാലയളവിനുള്ളിൽ വിജയി ആയെങ്കിലേ സൗഭാഗ്യവാനും മോക്ഷം പ്രാപിച്ചവനും ആവുകയുള്ളൂ. ആ വിജയം ആർജിക്കാൻ സൂക്ഷ്‌മത അഥവാ തഖ്‌വ അനിവാര്യമാണ് . പൂർവ്വ പിതാവ് ആദം നബി (അ)മുതൽ ഇക്കാലമത്രെയും അല്ലാഹു തഖ്‌വ അനുശാസിക്കാൻ കാരണം മനുഷ്യന്റെ വിജയം അത് തഖ്‌വയിൽ അനിശ്ചിതമാണ് എന്നുള്ള കാരണം ഒന്നു കൊണ്ടു മാത്രമാണ്. ഖുർആൻ പറയുന്നു :'നിങ്ങളോടും മുമ്പ് വേദം നൽകപ്പെട്ടവരോടും 'അല്ലാഹുവിനു തഖ്‌വ' ചെയ്യണമെന്ന് ഞാൻ അനുശാസിച്ചിരിക്കുന്നു".
ഒരു മനുഷ്യൻ ജീവിതത്തിൽ വിജയിക്കുന്നത് സ്വയം നിയന്ത്രിക്കാൻ സാധിച്ചെന്ന ഉൽബോധം വരുമ്പോൾ മാത്രമാണ്. ഒരു മുസ്‌ലിം അവന്റെ ഓരോ ചലനങ്ങളും വളരെ സൂക്ഷ്മതയോടെ മാത്രമേ ചെയ്യൂ. അവ യഥാവിധി നിർവ്വഹിക്കാൻ സാധിച്ചാൽ അവൻ വിജയിച്ചു എന്ന് സാരം. കുറ്റകൃത്യങ്ങൾക്ക് വശംവദനാവുന്ന മനുഷ്യൻ അനിയന്ത്രിതമാകുന്ന കീഴ്വഴക്കങ്ങൾക്ക് വിധേയനാവുകയാണ്, അവൻ അവന്റെ കർമ്മങ്ങളുടെ ഭവിഷ്യത്ഫലങ്ങളെ കുറിച്ച് ഓർക്കുന്നില്ല, ഇതവന്റെ മാനസിക ദൗർബല്യം കൊണ്ടാണ്. ഭവിഷ്യത് അറിഞ്ഞു കൊണ്ട് ദുർവൃത്തികൾക്ക് അടിമപ്പെടുന്നവരോ? സ്വന്തം ശരീരത്തെ നിയന്ത്രിക്കാൻ കഴിയാതെ പരാജയപ്പെട്ടവനാണവൻ.സ്വന്തത്തെ നിയന്ത്രിക്കുമ്പോഴുണ്ടാകുന്ന ഈ രണ്ട് വ്യതിയാനങ്ങളിൽ നിന്നും മുക്തി നേടാനുള്ള പരിശീലനമാണ് നോമ്പ് മുഖേന മനുഷ്യൻ സ്വായത്തമാക്കുന്നത്.
കർമ്മഫലങ്ങളുടെ ഭാണ്ഡവുമായി റബ്ബിന്റെ മുമ്പിൽ നിൽക്കേണ്ട ഒരു നേരം വരാനുണ്ട്. നിരത്തിവെക്കാൻ കയ്യിൽ ഒന്നുമില്ലാതെ റബ്ബിന് മുമ്പിൽ തല കുനിച്ചിരിക്കേണ്ട ദുരവസ്ഥ ഒന്നാലോജിച്ചു നോക്കൂ..നശ്വരമായ ശാരീരിക സുഖങ്ങൾക്കപ്പുറം ശാശ്വതമായ ആഖിറത്തിൽ അപരിമിതമായ നേട്ടങ്ങൾക്ക് വേണ്ടി ഭൂമിയിൽ വെച്ച് പണിയെടുക്കാനാണ് അല്ലാഹു നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു തിരിഞ്ഞു നോട്ടം അനിവാര്യമാണ്.
റമളാനിന്റെ ഓരോ രാവും പുലരുന്നതും അസ്തമിക്കുന്നതും പല ഓർമ്മപ്പെടുത്തലുകളുമായാണ്. സമയത്തിന്റെ അതി തീവ്ര മുഖത്തെ ആവർത്തിച്ചാവർത്തിച്ചു വരച്ചു കാട്ടുകയാണവ. ഇലാഹിലലിയാൻ കടന്നുപോകുന്ന ഓരോ സമയവും പരമാവധി ചൂഷണം ചെയ്യണം, ആത്മീയാനുഭൂതിക്ക് വേണ്ടിയല്ല ആത്മ സമർപ്പണത്തിനായിരിക്കണം ഓരോ സമയവും. അനുഗ്രഹങ്ങളെ കൈവെള്ളയിലേക്ക് സ്വീകരിക്കുന്ന ഗൗരവത്തോടെ സമയം ഉപയോഗപ്പെടുത്തണം. റമളാനിലെ കരുണയുടെ പത്തായ ആദ്യ പത്തു ദിനങ്ങൾ പിന്നിട്ടു, മഗ്ഫിറത്തിന്റെ രണ്ടാമത്തെ പത്തും പിന്നിട്ടുകഴിഞ്ഞു, അവശേഷിക്കുന്നത് നരകമോചനത്തിന്റെ അവസാന പത്തിലെ എണ്ണപ്പെട്ട ദിനങ്ങൾ മാത്രം !യാചനകൊണ്ട് മാത്രമേ ഉത്തരം ലഭിക്കൂ, ഇത്രയും ദിനങ്ങൾ അത്രയും എന്ത് നേടിയെന്ന് സ്വയം വിചിന്തനം ചെയ്യേണ്ടതുണ്ട്. റമളാനിന്റെ രാവും പകലും പവിത്രമാണ് ഉപയോഗപെടുത്താൻ മറക്കുന്നവൻ വിഡ്ഢിയാണ്.
ഒരിക്കൽ നബി (സ )അരുളുകയുണ്ടായി ;അല്ലാഹു പറയുന്നു ;മനുഷ്യാ എന്റെ ആരാധനകൾക്കായ് നീ ഒഴിവാവുക. നിന്റെ ഹൃത്തടത്തെ ഞാൻ ഐശ്വര്യം കൊണ്ട് നിറച്ചു തരാം, നിന്റെ ദാരിദ്ര്യത്തെ ഞാൻ പരിഹരിക്കുകയും ചെയ്യും. അപ്രകാരം ചെയ്യുന്നില്ലെങ്കിൽ നിന്റെ കൈകൾ ഞാൻ ജോലി കൊണ്ട് നിറക്കും "
അള്ളാഹുവിലേക്ക് അലിഞ്ഞു ചേർന്നവന്റെ മനഃശാന്തിക്കുള്ള മരുന്ന് അത് അല്ലാഹു മാത്രമാണ്.
ഞാനെന്റെ റമളാൻ നേടിയെന്നും എന്റെ റമളാൻ എന്നോട് തൃപ്തിപെട്ടെന്നും ഉറച്ച ശബ്ദത്തോടെ പറയാൻ സാധിച്ചാൽ അവൻ വിജയിച്ചു.
പാപമുക്തി നേടിയ, കളങ്ക രഹിതമായ
മനസ്സ് സൃഷ്‌ടിച്ചു വിശുദ്ധ മാസത്തിന് വിട നൽകാൻ കാരുണ്യവാനായ അല്ലാഹു അനുഗ്രഹിക്കട്ടെ..
~Farhana thasni

0 Comments