ഉമ്മാച്ചു


 കുട്ടികൃഷ്ണ മേനോൻ  (ഉറൂബ്)



കാമിനി മൂലമുണ്ടായ കലഹങ്ങളുടെ കഥ പറയുകയാണ് ഉമ്മാച്ചു എന്ന നോവൽ. മധ്യമലബാറിലെ മുസ്ലിം സാമൂഹ്യ ജീവിത ചരിത്രത്തിന്റെ വികാരപരമായ വശത്തെ വ്യാഖ്യാനിക്കുകയാണ് ഉറൂബ്, കൂടാതെ നാം ഇനിയങ്ങോട്ട് അനുവർത്തിക്കേണ്ട സമീപനരീതി ചൂണ്ടികാണിക്കുകയും ചെയ്യുന്നു. രാഗദ്വേഷാദി ഹൃദയ വ്യാപാരങ്ങൾ കീഴ്പ്പെടുത്തിയ സാധാരണ മനുഷ്യരുടെ പച്ചയായ ജീവിതത്തിന്റെ ആവിഷ്കരണമാണ് ഉറൂബിന്റെ ഉമ്മാച്ചു. മലബാറിൽ ജീവിച്ചിരുന്ന ഒരു പറ്റം പച്ചയായ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിലൂടെയാണ് നോവൽ പോയികൊണ്ടിരിക്കുന്നത്. മായനെ സ്നേഹിക്കുകയും ബീരാനെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്ത ഒരു സ്ത്രീയാണ് ഉമ്മാച്ചു .കൗമാര പ്രായക്കാരായ ബീരാനും മായനും ചെറുപ്പം മുതലേ വലിയ സുഹൃത്തുക്കളാണ്. അവർ ഒരുമിച്ചാണ് ഓത്തു പള്ളിയിലേക്കു വരുന്നതും മടങ്ങുന്നതും. കാലക്രമേണ ഉമ്മാച്ചു സുന്ദരിയായ ഒരു യുവതി ആയി മാറി. ബീരാന് അവളെ വിവാഹം കഴിക്കാൻ മോഹമുദിച്ചു. മായനും അവളെ മോഹിച്ചു. ഉമ്മാച്ചുവിന്  കരുത്തനായ മായനോട് തന്നെയായിരുന്നു ഇഷ്ടം . പക്ഷേ അവളെ വിവാഹം ചെയ്തത് സമ്പന്നനായ ബീരാൻ ആയിരുന്നു. പ്രതിഷേധം ഉണ്ടായിരുന്നുവെങ്കിലും ഉമ്മാച്ചു നിശബ്‌ദം അതിനു വഴങ്ങി. തങ്ങളുടെ വിവാഹം നടത്താൻ ഇടനിലക്കാരായവരെപ്പോലും ഉമ്മാച്ചു അങ്ങേയറ്റം വെറുത്തു. നിരാശമൂലം നാടുവിട്ട മായൻ വയനാട്ടിലാണ് എത്തി ചേർന്നത്. അവിടെ ഒരു ഹാജിയാരുടെ കാര്യസ്ഥനായി പണിയെടുത്തു. ഉമ്മാച്ചുവിന്റെയും ബീരാന്റെയും വിവാഹം നടക്കാൻ ഇടനിലക്കാരനായ  അഹമ്മദുണ്ണിയുടെ മരണശേഷം അയാളുടെ മകനായ ഹസൻ വയനാട്ടിലെത്തി. അവിടെ വച്ചു മായനും ഹസനും സുഹൃത്തുക്കളായി. വയനാട്ടിലെ അജ്ഞാതവാസം ഉപേക്ഷിച്ചു നാട്ടിൽ മടങ്ങി എത്തിയ മായനും ഉമ്മാച്ചുവും കൂടി കണ്ടു സംസാരിച്ചു അന്ന് രാത്രിയിൽ ഉമ്മാച്ചുവിന്റെ കിടപ്പറയിൽ ആരോ കടന്നു വന്നു അവളുടെ ഭർത്താവിനെ കുത്തിക്കൊന്നു. കൊലയാളിയുടെ മുഖം അവ്യക്തമായി കണ്ടു. ഒപ്പം മകൻ അബ്ദുവും കണ്ടു . ഉമ്മാച്ചു താൻ കണ്ട സത്യം തുറന്നുപറയാൻ തയ്യാറായില്ല. നാട്ടിൽ തിരിച്ചെത്തിയ മായൻ വീടു പണിതു. ഇടനിലക്കാർ മുഖേന വിധവയായ ഉമ്മാച്ചുവിന് വിവാഹാലോചനയും നടത്തി. അങ്ങനെ അവരുടെ വിവാഹം നടന്നു. അവർക്കു രണ്ട് കുട്ടികൾ ഉണ്ടായി. ഹൈദ്രോസും മരക്കാരും. ഒരു നാൾ തന്റെ ഉപ്പയുടെ കൊലയാളി മായൻ ആണെന്ന സത്യം തനിക്കറിയാമെന്ന് അബ്ദു പറഞ്ഞത് കേട്ട് ഉമ്മാച്ചു ഭയപെട്ടു. ഇതറിഞ്ഞ മായൻ വയനാട്ടിലേക്കു മടങ്ങി. തന്റെ ജോലികൾ ഓരോന്നായി അയാൾ പൂർത്തിയാക്കി. തന്റെ പേരിൽ ഉണ്ടായിരുന്ന വീടും പുരയിടവും അവരുടെ പേരിൽ എഴുതി കൊടുത്തു. പിന്നീടയാൾ ആത്മഹത്യ ചെയ്തു. അഭിലാഷസിദ്ധിയുടെ സുശക്തമായ ആഹ്വാനത്തിനിടയിൽ വിവേകം സ്നേഹബന്ധത്തിന് പൂട്ടിടുന്നു. ഉമ്മാച്ചുവിനും അത് തന്നെ സംഭവിക്കുന്നു. ബീരാന്റെ ഘാതകനായ മായനെ വരിച്ചു  ഉമ്മാച്ചു എന്ന സ്ത്രീ ശക്തിയുടേയും സഹന ശക്തിയുടേയും കൂടി കഥ ഉറൂബ് ഇതിൽ വരച്ചുകാട്ടുന്നു. മതസൗഹാർദ്ദം വേണ്ടുവോളം മുറ്റി നിന്ന ഒരു കാലത്തേയും ഉറൂബ് തന്റെ തൂലികയിലൂടെ ചിത്രീകരിക്കുന്നു. വ്യക്തിയുടെ അഭിലാഷവും സാമൂഹിക നീതിയും തമ്മിലുള്ള ഒരു സംഘർഷം ഉറൂബ് ഉമ്മാച്ചുവിൽ വരച്ചുകാട്ടുന്നു. ഇരുട്ടു കയറിയ ഇടനാഴികളിലേക്ക് പ്രകാശം പരത്തുന്ന ഉറൂബിന്റെ സൃഷ്ടി കർമ്മത്തിന് ഉദാത്ത ഉദാഹരണമാണ് ഉമ്മാച്ചു എന്ന ഈ നോവൽ.



          

SHAHSHINA SHARIN V


SUBULURASHAD WAFIYYA DAY COLLEGE IRINGATTIRI