കാരുണ്യഭൂവനത്തിന്റെ വിളക്കേന്തിയ തങ്ങൾ!!

_________________________


ആ പൂനിലാവും മറഞ്ഞുപോയി.... 

പ്രശോഭിച്ച പ്രഭാനിലാവും കാലത്തിന്റെ വിശാലനഭസ്സിൽ നോവിന്റെ വിലാപകാവ്യം മൂളിക്കൊണ്ട് പന്ത്രണ്ട് ശാഖകൾ പിന്നിട്ടു...


ഹൃദയാന്തരത്തിൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും കാറ്റും കോളുമുയരുമ്പോൾ കൊടപ്പനക്കലെ നായകന്റെ ഇമ്പം നിറഞ്ഞ ആ  പുഞ്ചിരിക്കായ് ആത്മാവ് ഇന്നും കേഴുകയാണ്.അതെ,  അസാധാരണ വ്യക്തിമുദ്രയിലൂടെ അനന്യസാധാരണമായ സ്നേഹവായ്പയെ സിരകളിൽ സന്നിവേശിപ്പിച്ച,  പരിശുദ്ധിയുടെ ഗോമേദകമണിഞ്ഞ തങ്ങൾ!!അനുഭവ ഹൃത്തടങ്ങളിൽ തന്റെ അനുയായികൾക്ക് കരഗതമാകുന്ന ഏറ്റവും വലിയ സുകൃതമായിരുന്നു...


വസന്തമാണല്ലോ ഭൂലോകത്തെ ഏറ്റവും വലിയ സൗന്ദര്യം...! ആ വസന്തത്തിന്റെ അനുഭവ വിസ്മയത്തിൽ സാംസ്കാരിക  കേരളത്തിനെന്നല്ല,ലോകത്തിന് തന്നെ മുസ്ലിം കൈരളി സമർപ്പിച്ച നേരിന്റെ നാമധേയത്വമാണ് തങ്ങളെന്നത് കാലത്തിന്റെ കയ്യെഴുത്തിൽ  അന്വർത്ഥമാകുന്നില്ല.


അവിടുത്തെ ചര്യകളിലഖിലവും സത്യപ്രബോധനത്തിനും ധർമസംസ്ഥാപനത്തിനും ദൈവിക ഉൽബോധനത്തിലൂടെ തനിക്ക് ലഭിച്ച മാർഗ്ഗദർശനത്തെ പൂർണ്ണതയുടെ പടച്ചട്ടയണിയിച്ച മുത്ത് മുഹമ്മദ്‌ മുസ്തഫ (സ്വ)യുടെതായിരുന്നു.

അശരണർക്കും അഗതികൾക്കും തണലേകിയ തങ്ങൾ കെട്ടിപ്പിണഞ്ഞ തർക്കങ്ങൾക്ക് ആവേശോജ്ജ്വലമായ തീർപ്പ് കല്പിക്കുന്ന ന്യായാധിപൻ കൂടിയായിരുന്നു...



മനുഷ്യകരങ്ങൾ സമാധാനത്തിന്റെ സ്വൈര്യം കെടുത്തികൊണ്ട് അധർമ്മത്തിന്റെ വക്രരേഖവരയ്ക്കുമ്പോൾ ആളികത്തുന്ന തീക്കണങ്ങളെ കെടുത്തിക്കളഞ്ഞ പ്രതിഭാസമായിരുന്നു തങ്ങൾ.മതഭ്രാന്ത് മണക്കുന്ന നിശാകലാപങ്ങളേയും അനുകമ്പയെ അനുവർത്തിക്കാത്ത രക്തചൊരിച്ചിലുകളും  സാംസ്‌കാരിക ഭൂവിൽ ഇടം പിടിക്കുമ്പോൾ ജീവിത ചൈതന്യത്തിലൂടെ തങ്ങൾ പ്രധിനിധാനം ചെയ്ത വ്യക്തിശുചിത്വവും ശബ്‌ദിച്ച ശബ്ദവും നെയ്തെടുത്ത കരവും നീതിയുടേതും സഹിഷ്ണുതയുടെതുമായിരുന്നെന്ന് പറയാതെ വയ്യ!


ലോകത്തിന്റെ നാനാഭാഗങ്ങളിൽ ആവേശംകൊണ്ട് ആവരണം ചെയ്യപ്പെട്ട സുഹൃത് വലയം മൂല്യങ്ങൾ തെളിയിച്ച സമകാലികത്തിലെ അസുലഭ വ്യക്തിത്വത്തിന് ജനം നൽകിയ അംഗീകാരം തന്നെയായിരുന്നു.അവയിൽ ഒന്നുമാത്രമാണ് "ശൈഖ് സായിദ്..."



ഒരൊറ്റത്തണ്ടിൽ നിരവധി പുഷ്പങ്ങളെ ഒരേനിശ്വാസത്തിൽ വിരിയിച്ച പ്രതീതിയായിരുന്നു അവിടുത്തെ സ്വഭാവവിശുദ്ധി.ഒരേ സമയം മത-രാഷ്ട്രീയ-സാമൂഹിക  നേതൃപീഠങ്ങളുടെ കാവലാളും  സാധാരക്കാരന്റെ യശസ്സുയർത്തിയ  അഭയംകേന്ദ്രവുമായ തങ്ങൾ അനർഘമായ മൂല്യങ്ങളിൽ അധിഷ്ഠിതമായ വ്യവസ്ഥിതിയെ ജീവിതത്തിന്റെ പാഥേയത്തിൽ അടയാളപ്പെടുത്തികൊണ്ടായിരുന്നു മറഞ്ഞത്...


അത്കൊണ്ടാണ് കടലുണ്ടിപുഴയുടെ കണ്ണുനീർ ഇന്നും വറ്റാതെ വിലാപമായ് ഒഴുകുന്നത്.... ഇല്ല പകരം വെക്കാൻ ഇന്നീ ഭൂവിൽ മർത്യൻ അന്യമാണ് അങ്ങേക്ക്...

തൂലികയുടെ മഷികൾ അങ്ങയുടെ വിശുദ്ധിയിൽ കൂടുതൽ തെളിഞ്ഞപോലെ!

അങ്ങയുടെ നാമം ഒരിക്കൽകൂടി ഉറക്കെ ഈ അസഹിഷ്ണുത ലോകത്തോട് ഞാൻ വിളിച്ചുപറയട്ടെ....

അതെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ!കാലത്തിന്റെ നയനങ്ങളിൽ കാരുണ്യത്തിന്റെ അലകടൽ തിരയടിച്ചപോലെ ഒരു വിരാമം!!

ആ ഒഴിഞ്ഞ ചാരുകസേരയെ സാക്ഷിനിർത്തികൊണ്ട്...


-------------------------------------

*✍🏻കെ. ടി ഫാത്തിമ അസാല*

*അൽ-ബസ്മ വിമൻസ് കോളേജ് ആലത്തിയൂർ*