സ്വാതന്ത്ര്യസമരം :പുനർവായിക്കേണ്ട ചരിത്രത്താളുകൾ


വെള്ളക്കാരുടെ ദീർഘകാല  നരനായാട്ടിനെതിരെ മനക്കരുത്തും ധീരതയും കൂട്ടുപിടിച്ച് അധിനിവേശ ശക്തികളുടെ തോക്കിൻമുനയ്ക്ക് മുന്നിൽ നെഞ്ച് വിരിച്ച് നടത്തിയ സന്ധിയില്ലാ സമരത്തിന് എഴുപത്തിനാല് വയസ്സ് തികയുകയാണ്.'സ്വരാജ്യം' അതെന്റെ ജന്മാവകാശമാണെന്ന ഓരോ പൗരന്റെയും ജ്വലിക്കുന്ന ഹൃദയത്തിന് കീഴിൽ ഒടുവിൽ ബ്രിട്ടീഷുകാർ മുട്ട് കുത്തിയ ദിനം. ജാതിമതഭേദമന്യേ മാനവർ വസിക്കുന്ന ഭാരതത്തിനായി സർവ്വ സുഖങ്ങളും ബലിയർപ്പിച്ചു കൊണ്ട് അടിപതറാതെ രാജ്യത്തെ സ്വാതന്ത്ര്യ പുലരിയിലേക്ക് നയിച്ച ആ മഹാരഥന്മാരെ ആവേശപൂർവ്വം ജനാധിപത്യ ഇന്ത്യ ഓർക്കേണ്ടതുണ്ട്.

     1947 ആഗസ്ത് 14 അർധരാത്രി 12.00 ന് ഇന്ത്യയുടെ ത്രിവർണ്ണ പതാക വാനിൽ സ്വതന്ത്രമായി പറന്നു. ബ്രിട്ടീഷുകാരുടെ പേടിസ്വപ്നമായ മൗലാനാ മുഹമ്മദലിയെയും മൗലാനാ ഷൗക്കത്തലിയെയും പോലെയുള്ള ധീരദേശാഭിമാനികളുടെ നേതൃത്വത്തിൽ ആരംഭിച്ച ദേശീയ പ്രക്ഷോഭമാണ് അക്ഷരാർത്ഥത്തിൽ സ്വാതന്ത്ര്യത്തിന്റെ തെളിച്ചത്തിലേക്ക് നാടിനെ നയിച്ചത്.. ഒന്നുകിൽ വിജയം അല്ലെങ്കിൽ മരണം എന്ന ദൃഢവിശ്വാസത്തോടെ സമരക്കളത്തിലേക്ക് ഇറങ്ങിയ നമ്മുടെ രാഷ്ട്രപിതാവ്  മഹാത്മാഗാന്ധിക്കും ജവഹർലാൽ നെഹ്റുവിനും പുറമെ  ചരിത്രം മായ്ച്ചതോ മായ്ക്കാൻ ശ്രമിക്കുന്നതോ ആയ ധീരപുരുഷന്മാർ ഉണ്ടായിരുന്നുവെന്നതാണ് സത്യം. 

      അടങ്ങാത്ത സ്വാതന്ത്ര്യ ദാഹവും അണയാത്ത ദേശസ്നേഹവും തലമുറകൾക്ക് കൈമാറിയ ധീര യോദ്ധാക്കൾ.!ആലി മുസ്ലിയാരെയും മമ്പുറം തങ്ങളെയും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും പോലെയുള്ളവർ തൗഹീദിലെ അചഞ്ചല വിശ്വാസത്തിന്മേൽ ആയിരുന്നു നിരകൾക്ക് നേതൃത്വം നൽകിയത്...

    കടുത്ത ബ്രിട്ടീഷ് വിരോധി ആയിരുന്ന,ഒരൊറ്റ ധീരതയ്ക്കു മേൽ  ജനങ്ങൾ നെഞ്ചിലേറ്റിയ ഉമർഖാളിയടക്കം വെള്ളക്കാരുടെ കണ്ണിലെ കരടായിരുന്നു.              ബ്രിട്ടീഷുകാരുടെ തീ തുപ്പുന്ന പീരങ്കിക്ക് മുന്നിൽ വീരമൃത്യു കൈവരിച്ച് ചരിത്രത്തിലെങ്ങും ഇതിഹാസം രചിച്ചവരാണ് ഇന്ത്യയിലെ മുസ്ലിം നേതാക്കൾ.സ്വന്തം രാജ്യത്തിനെതിരെ വരുന്ന തീപന്തത്തിന് മുന്നിൽ സധൈര്യം ചെറുക്കാനാവുമെന്ന  ചങ്കൂറ്റത്തോടെ സൈന്യത്തെ വരച്ച വരയിൽ അവർ നയിച്ചു.

 "ഇന്ത്യൻ സ്വാതന്ത്ര്യം മുസ്ലിംകളുടെ രക്തത്തിൽ എഴുതിയതാണ്" -എന്നാണ് പ്രശസ്ത എഴുത്തുകാരൻ ശ്രീ. കുഷ്വന്ത് സിംഗ് അന്ന് പറഞ്ഞത്.

   കാലങ്ങൾ കടന്നു പോകുമ്പോഴും ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആഴിയിൽ ഇന്ത്യൻ മുസ്ലിം സ്വാതന്ത്ര്യസമര സേനാനികളെ മനഃപൂർവ്വം മറച്ചു വെക്കുന്നു. മതന്യൂനപക്ഷങ്ങൾ ക്കെതിരെയുള്ള കുപ്രചരണങ്ങൾ വർദ്ധിച്ചുവരുന്ന ഇന്നത്തെ സമൂഹത്തിനിടയിൽ, എന്തിനേറെ ചരിത്രം വളച്ചൊടിച്ചും നിരാകരിച്ചും ഒരുകൂട്ടർ പെടാപ്പാട് പെടുകയാണ്.

    സാഹിത്യം കൊണ്ട് വരികളിൽ വിപ്ലവം തീർത്ത അല്ലാമാ മുഹമ്മദ് ഇഖ്ബാൽ,ഭാരതം ലോകത്തിനു സമ്മാനിച്ച ഇതിഹാസപുരുഷനായാണ് അറിയപ്പെടുന്നത്. അതുപോലെത്തന്നെ ഭാരതത്തിലെ മതസൗഹാർദ്ദത്തിന്റെ ഉജ്ജ്വല മാതൃകയായിരുന്ന ടിപ്പുസുൽത്താൻ, ഇവരൊക്കെയും സ്വജീവിതം ജന്മഭൂമിക്ക് വേണ്ടി ബലിയർപ്പിച്ചവരായിരുന്നു.

      ജന്മ ഭൂമിക്കുവേണ്ടി കൊളോണിയൽ അധിനിവേശ ശക്തികളോട് പോരാടിയവരിൽ പുരുഷന്മാരെപ്പോലെ സ്ത്രീകളും വിസ്മയ വിപ്ലവം തീർത്തിട്ടുണ്ട്. ബീഗം ഹസ്രത്ത് മഹൽ,  സൈറ ബീഗം   തുടങ്ങി ഒട്ടനവധി മഹതികളും നമ്മുടെ സ്വാതന്ത്ര്യത്തിനു പിന്നിലെ നാഴികക്കല്ലുകളാണ്. "ബീഗം ഹസ്രത്ത്  മഹൽ    സമര യോദ്ധാക്കൾക്കിടയിലെ രത്നം " എന്നാണ് അറിയപ്പെട്ടിരുന്നത്.ഖേദകരമെന്ന് പറയട്ടെ, സമരത്തിനു സർവ്വതും സമർപ്പിച്ച് ബ്രിട്ടീഷുകാരോട് പോരാടിയ ഇവരുടെ നാമങ്ങൾ പോലും ചരിത്രത്താളുകളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

      നമുക്കു മുന്നേ നടന്നു പോയ ഇവരൊക്കെയും നമ്മെ പഠിപ്പിച്ചത് സ്വാതന്ത്ര്യം ഊട്ടിയുറപ്പിക്കാനുള്ള പ്രായോഗിക ചിന്തകളാണ്. നമ്മുടെ കയ്യിൽ അവർ നാട്ടി വെച്ച സ്വാതന്ത്ര്യമെന്ന വർണ്ണ പതാക നമ്മുടെ കൈകളിൽ സുരക്ഷിതമാണോ, അതോ ദൗത്യ പൂർത്തീകരണം മറന്ന് കൈവിട്ടു പോവുകയാണോ എന്നതിലേക്ക് നാം ഏറെ ശ്രദ്ധചെലുത്തേണ്ടതുണ്ട്. സ്വാതന്ത്ര്യ ദിനത്തിൽ ബ്രിട്ടീഷ് പല്ലവി ഏറ്റുപാടുന്ന ജനാധിപത്യ ഇന്ത്യൻ ജനത അർഹിക്കുന്ന അളവിൽ സ്മരിക്കപ്പെടാത്ത സ്വാതന്ത്ര്യ ദാഹികളുടെ മുന്നിൽ തലകുനിക്കേണ്ടിയിരിക്കുന്നു.

     ചരിത്രം വഴിമാറുമ്പോഴും  പുനർ വായിക്കപ്പെടേണ്ട  ആദർശങ്ങൾ തുറന്നുകാട്ടി തന്നു കൊണ്ടാണ് ഓരോ ആഗസ്റ്റ് 15 ഉം നമുക്ക് മുന്നിൽ വന്നണയുന്നത്..