"നിങ്ങളെ പോലെ ബ്രിട്ടീഷുകാർക്കും അവർ കണ്ണിലെ കരടായിരുന്നു..."


സാമ്രാജ്യത്വ അധിനിവേശ ശക്തികളിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച് ആണ്ടുകൾ പിന്നിടുമ്പോഴും സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിം പങ്കാളിത്തം  വീണ്ടും  വിവാദ  പരാമർശങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും ചർവ്വിതചർവ്വണം നടത്തപ്പെട്ടു കൊണ്ടിരിക്കുകയാണ്.


 പൗരാണിക കാലം മുതൽ തന്നെ ലോകഭൂപടത്തിൽ ശ്രദ്ധേയമായ സാന്നിധ്യമറിയിക്കുന്ന ചുക്കും കുരുമുളകും ഏലവും കറുവപ്പട്ടയും വിളയുന്ന മണ്ണിനെ കാൽകീഴിൽ അമർത്താൻ  അധിനിവേശ ശക്തികൾ നടത്തിയ  പോരാട്ടങ്ങൾക്കെതിരെ വാളുകളെന്ന വ്യാജേന  ഓലമടൽ കുപ്പായ കൈക്കുള്ളിൽ  ചേർത്തുവെച്ച് പോരാടിയ,ഒരു സമൂഹത്തിനെതിരെ കല്ല് വെച്ച നുണകൾ പറഞ്ഞും ഫലിപ്പിച്ചും ചരിത്രത്തെ വളച്ചൊടിച്ച് ആളുകളെ കണ്ണിൽ പൊടിയിടാൻ

 ശ്രമിക്കുന്ന  ബിജെപിയുടെയും സംഘപരിവാറിന്റെയും ഗൂഢ നീക്കങ്ങൾ ഏറെ  അപലപനീയം തന്നെ.അതും

 കലാപത്തിന്‍റെ നൂറാം വാര്‍ഷികമാഘോഷ വേളകളിൽ.....



സ്വാതന്ത്ര്യ സമരത്തിൽ വലിയ  പാരമ്പര്യത്തിൻ്റെ  പിൻബലം വാദിക്കുന്ന,ചരിത്രത്തെ വികലമാക്കി ചിത്രീകരിക്കുന്ന ഈ ചാരന്മാർക്ക് അഞ്ച് നൂറ്റാണ്ടുകാലത്തെ ചെറുത്തുനിൽപ്പിന്റെ ചരിത്രം വീണ്ടും ഓതികൊടുക്കേണ്ടിവരും.

സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ ഏറ്റവും കൂടുതൽ രക്തസാക്ഷികളെ സംഭാവന ചെയ്തതും സമര മുന്നേറ്റങ്ങൾക്ക് ചൂടും ചൂരും പകർന്നു നൽകിയതും മാപ്പിള മുസ്ലിം സമൂഹം ആണെന്നുള്ള വസ്തുത ചരിത്രത്തിൻ്റെ ചുരുളുകൾ നിവർത്തുമ്പോൾ കാണാവുന്ന നഗ്നസത്യമാണ്.

ഒരുകാലത്തെ സമരങ്ങൾക്കും, പ്രതിരോധത്തിനും, അതിജീവനത്തിനും അടിത്തറയിട്ടു കൊടുത്തത്  സമരങ്ങളുടെ തീജ്വാലകളിലും അചഞ്ചലമായി ഈമാനിക ആവേശമുൾക്കൊണ്ട ആ 387 

രക്തസാക്ഷികൾ അടങ്ങുന്ന മാപ്പിള സമൂഹമായിരുന്നു എന്നതിൽ സംശയമില്ല. സവിശേഷപരമായ ആത്മീയ ജ്ഞാനവും സാംസ്കാരിക  പാരമ്പര്യവും മുതൽ കൂട്ടുളളവരായിരുന്നു കഴിഞ്ഞുപോയ ചരിത്രത്തിലെ 387 പേരിൽ ഓരോരുത്തരും....



വിവിധ കാലങ്ങളിലും ഘട്ടങ്ങളിലുമായി മലബാർ മണ്ണിൽ അധിനിവേശ ശക്തികൾ നടത്തിയ നരനായാട്ടിനെതിരെ ജനിച്ച നാടിനെയോ മണ്ണിനെയോ അടിയറവു വെക്കുകയല്ല മാപ്പിള ചെയ്തത്,ഈമാനിക ഉൾബലം കൊണ്ടും

കരുത്തു കൊണ്ടും  തുരുത്തി ഓടിക്കുകയാണ് ചെയ്തത്.


കുഞ്ഞാലിമരക്കാർ മുതൽ ആലിമുസ്ലിയാർ വരെയുള്ള ധീര ഇതിഹാസപുരുഷന്മാരുടെയെല്ലാം ഊർജ്ജവും ആത്മീയബലവും  ആദർശവും ചരിത്രം   അടയാളപ്പെടുത്തിയതാണ്.

മമ്പുറം തങ്ങൾ,പാണക്കാട് ഹുസൈൻ ആറ്റക്കോയ തങ്ങൾ,ഉമർ ഖാസി,ഖിലാഫത്തിന് നേതൃത്വം നൽകിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്ലിയാർ,ചെമ്പ്രശ്ശേരി തങ്ങൾ,കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാർ,സമസ്തയുടെ കാര്യദർശി പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാർ,വലിയ  പിടി യേക്കൽമുഹമ്മദ് മുസ്ലിയാർ,ആലി മുസ്‌ലിയാർ... ഇങ്ങനെ നീണ്ടുപോകുന്ന ഒരു വലിയ നിര മലബാർ കലാപങ്ങളുടെ നിത്യ സാക്ഷികളാണ്.1921ലെ മലബാർ ലഹളകൾക്ക് മുമ്പേ മാപ്പിളമാർ ബ്രിട്ടീഷുകാർക്കെതിരെ എൺപതോളം ശക്തമായ സമരങ്ങൾ നടത്തിയിട്ടുണ്ട് എന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്.



1921ലെ മലബാർ സമരത്തിന് ഏറ്റവും വലിയ ഊർജ്ജവും കരുത്തും നൽകിയ മഹാനുഭാവൻ ആയിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. 

കേരളത്തിൽ  താലിബാന്റെ ആദ്യ നേതാവാണ് വാരിയംകുന്നത്ത് ഹാജി എന്ന വിവാദ പരാമർശം നടത്തിയ ശ്രീ അബ്ദുള്ളക്കുട്ടി ഇ.എം.എസ് രചിച്ച 'സ്വാതന്ത്ര്യസമരം' എന്ന പുസ്തകം വായിച്ചു ചരിത്രം മനസ്സിലാക്കേണ്ടിരിക്കുന്നു.

1921-ലെ കലാപം ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള മതമൗലികവാദ പ്രസ്ഥാനമായിരുന്നുവെന്ന

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്(ICHR) നിയോഗിച്ച മൂന്നംഗ സമിതിയും സംഘപരിവാറും  വാദിക്കുമ്പോൾ,  മക്കയിലേക്ക് നാടുകടത്താമെന്ന് ബ്രിട്ടീഷ് വാഗ്ദാനം നിരാകരിച്ച  ഇതിഹാസപുരുഷൻ്റെ  അവസാന വരികൾ കാതോർക്കണം "എൻ്റെ നെഞ്ചിലേക്ക് നിറയൊഴിക്കൂ അത് എനിക്ക് കാണണം ഈ മണ്ണിൽ മുഖം ചേർത്തു മരിക്കണം".



ദീര്‍ഘകാലം ഒരു സമൂഹത്തെ ചൂഷണം ചെയ്യുകയും വിവേചനപരമായ നയങ്ങള്‍ കൈക്കൊള്ളുകയും ഒറ്റപ്പെടുത്തുകയും ചെയ്ത അധിനിവേശ ഭരണകൂടത്തിനെതിരെയും അവരെ ദ്രോഹിച്ച ഭൂവുടമകള്‍ക്കും അവരുടെ ശിങ്കിടികള്‍ക്കുമെതിരേയുമാണ് യഥാർത്ഥത്തിൽ മലബാർ കലാപം.വാസ്തവത്തിൽ ഇതൊരു സ്വാതന്ത്ര്യസമരത്തിന്റെ ഭാഗം  തന്നെയല്ലേ? ചെറുത്തുനിൽപ്പിന്റെ ചരിത്രം തന്നെയല്ലേ

ചരിത്രത്തെ വീണ്ടും ഇരുത്തി വായിക്കേണ്ടിയിരിക്കുന്നു.പുതിയ ചരിത്രാന്വേഷികൾ   മാപ്പിള മുസ്ലിങ്ങളുടെ മുഖം വികൃതമായി ചിത്രീകരികരിക്കാൻ കഠിനമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

കലാപത്തില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങളൊന്നും ദേശീയതയുടെ ഭാഗമായിരുന്നില്ലെന്നും ഉള്ളടക്കത്തില്‍ ബ്രിട്ടീഷ് വിരുദ്ധത ഉണ്ടായിരുന്നില്ലെന്നും കലാപത്തിലൂടെ ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമാണ് യഥാർത്ഥത്തിൽ നടന്നതെന്നും,അന്ന് കലാപം വിജയിച്ചിരുന്നെങ്കിൽ ഖിലാഫത്ത് സ്ഥാപിക്കപ്പെടുകയും ഇന്ത്യക്ക് ആ പ്രദേശം നഷ്ടപ്പെടുമായിരുന്നുവെന്നും വാരിയന്‍ കുന്നന്‍ ഒരു കലാപകാരിയല്ലെന്നും തടവുകാരായ 'രക്തസാക്ഷികള്‍' കോളറയടക്കമുള്ള രോഗങ്ങളെ തുടര്‍ന്നാണ് മരണമടഞ്ഞതെന്നും. അതിനാല്‍ അവരെ രക്തസാക്ഷികളായി കണക്കാക്കാനാവില്ല തുടങ്ങീ  വ്യാജ ന്യായങ്ങളും വാദങ്ങളും നിരത്തുന്നതിലൂടെ

കഴിഞ്ഞുപോയ മാപ്പിള മുസ്ലിം സമൂഹം മതഭ്രാന്തമ്മാരും വർഗീയകലാപകാരികളായുമായിരുന്നു എന്ന്  വരുത്തിത്തീർക്കാനാണ്  ശ്രമിക്കുന്നത്.



സംഘികളുടെ  ഇത്തരം വാദങ്ങൾ പുതിയതല്ല,അത് ആര്‍എസ്എസ്സിന്‍റെ സ്ഥാപനം മുതല്‍ ഈ നിമിഷം വരെ മുസ്ലിങ്ങള്‍ക്കെതിരെ നടത്തിപ്പോരുന്ന പ്രചാരണത്തിന്‍റെ തുടര്‍ച്ചയായി തന്നെ വിലയിരുത്തട്ടെ..

എന്നാൽ  ICHR പോലുള്ള ഉന്നത വിദ്യാഭ്യാസം തലങ്ങളിലെ കോശങ്ങളിലും  ഇതേ അർബുദം ബാധിച്ചത് ഏറെ വിചിത്രം തന്നെ.


എന്നാൽ നിരവധി ഉലമാക്കളും വലിയുമാരുടെയും സയ്യിദന്മാരുടെ നേതൃത്വത്തിൽ നിരവധി  രാഷ്ട്രീയ മുന്നേറ്റങ്ങൾക്കും സ്വാതന്ത്ര പോരാട്ടങ്ങൾക്കും നിലനിൽപ്പിനും  വേണ്ടി കേരളീയ മുസ്‌ലിം സമൂഹം മുന്നിട്ടിറങ്ങിയിരുന്നു എന്നത്  അനിഷേധ്യമായ ചരിത്രമാണ് .


ലോകം കൈയ്യിലെടുത്ത നെപ്പോളിയൻ ബോണപ്പാർട്ടിനെപോലും  പരാജയപ്പെടുത്തിയ ഇംഗ്ലീഷ് സേന മലബാർ മുസ്‌ലിംകളുടെ മുന്നിൽ  മുട്ടു വിറച്ചു പോയ ചരിത്രമാണ്  പറയാനുള്ളത്.  സ്വാതന്ത്രസമര നിഘണ്ടുവിൽ നിന്നും 387 ആളുകളെ മാറ്റി നിർത്തി ചരിത്രം തിരുത്തി എഴുതാൻ ഒരു ഗീബൽസിയൻ ഭരണകൂടത്തിന്റെ പിൻബലത്തിൽ എളുപ്പം സാധിക്കുമായിരിക്കും,എന്നാൽ ചരിത്രത്തെ വ്യക്തമായി മനസ്സിലാക്കുകയും  പഠിക്കുകയും ചെയ്ത മാപ്പിള പാരമ്പര്യവും

പ്രപിതാക്കളുടെ ഈമാനിക ആവേശവും ഊർജ്ജവും നിലനിൽക്കുന്ന ഒരു സമൂഹത്തിനിടയിൽ  

 സ്വാതന്ത്ര്യസമരത്തിന് ചൂടും ചൂരും പകർന്നു നൽകിയ  ആ 387 രക്തസാക്ഷികളും സ്വാതന്ത്ര്യ സമര സേനാനികളായി തന്നെ  ഇന്നും എന്നും  നിലനിൽക്കും.വരും തലമുറക്ക് ഞങ്ങൾ ഞങ്ങളുടെ ചരിത്രം  പകർന്നുകൊടുക്കുന്നവരായിതന്നെ തുടർന്നുകൊണ്ടിരിക്കും,അതിൽ സംശയം വേണ്ട....


ചരിത്ര പാതകൾ വക്രീകരിക്കപ്പെടുമ്പോൾ  ഇനിയുംപല നാമങ്ങളും മാഞ്ഞു പോയേക്കാം. ജനാധിപത്യ ചരിത്രം വഴിമാറിയ ഉലകിലിത്  സ്വാഭാവികം മാത്രം.പക്ഷെ പൗരത്വ പട്ടികയിൽ നിന്നും ഇതുപോലെ പെട്ടെന്നൊരു പടിയിറക്കം പ്രതീക്ഷിക്കാനുള്ള വ്യഗ്രമായ  മുന്നറിയിപ്പാണോ ഇതെന്ന് സംശയിക്കുന്നതിൽ  തെറ്റൊന്നുമില്ല. ചരിത്രത്താളുകളിൽ നിന്നും സ്വാതന്ത്ര്യത്തിനായി

സ്വജീവിതം സമർപ്പിച്ച  ഒരു സമൂഹത്തെ ഒന്നടങ്കം മായ്ക്കാനുളള  നീക്കങ്ങൾ ചെന്നെത്തിനിൽകുന്ന, സ്വത്വ പ്രതിസന്ധി നേരിടുന്ന നാം അടങ്ങുന്ന 'ജീവിക്കുന്ന മുസ്ലിം' സമൂഹത്തെ ഒന്നടങ്കം തുടച്ചു നീക്കുന്നതിലേക്കാണോ ഇത് വിരൽ ചൂണ്ടുന്നത്!!!

സമകാലിക

ഇന്ത്യയുടെ സംഭവ വികാസങ്ങൾ  അങ്ങനെയൊക്കെയാണല്ലോ...!!!


Khadeeja Muneebah

VMHM Wafiyya college ,Mukkam