പ്രതീക്ഷകളുടെ പുതുനാമ്പുകളുമായ് മുഹറം


ഓരോ മുഹറം വന്നണയുമ്പോഴും നേരിന്റെ പുതുചിന്തകളാണ് വിശ്വാസികൾക്ക്. പരീക്ഷണങ്ങൾ നേരിടുന്നവർ ചരിത്രസ്മരണകളാൽ അല്ലാഹുവിന്റെ രക്ഷ പ്രതീക്ഷിച്ചിരിക്കുന്ന നാളുകൾ..

ഇങ്ങനെ വിശ്വാസികളുടെയെല്ലാം പ്രതീക്ഷകൾ നെഞ്ചിലേറ്റിയ മുഹറത്തിന് പറയാൻ ഒട്ടനവധി അനുഭവകഥകളുണ്ട്.

ആദം നബിയുടെ തൗബ അല്ലാഹു സ്വീകരിച്ചതും  ഇദ്രീസ് (അ)നെ സ്വർഗത്തിലേക്കുയർത്തിയതും നൂഹ് (അ)ന്റെ കപ്പൽ ജൂദീയ്യ് പർവ്വതത്തിൽ അണഞ്ഞതും ഇബ്രാഹിം (അ) നമ്രൂദിന്റെ തീകൂണ്ഡാരത്തിൽ നിന്ന് രക്ഷപ്പെട്ടതും  മൂസാ (അ)ന് തൗറാത്ത് ഇറക്കപ്പെട്ടതും  അദ്ദേഹത്തെയും സമുദായത്തെയും ഫിർഔനിൽ നിന്ന് രക്ഷപ്പെടുത്തിയതും യൂസുഫ് (അ) ജയിൽ മോചിതനായതും  പിതാവ് യഅകൂബ് (അ)ന് കാഴ്ച തിരിച്ചു കിട്ടിയതും സകരിയ്യ (അ)ന് സന്താനസൗഭാഗ്യമുണ്ടായതും യൂനുസ് നബി (അ) മത്സ്യ വയറ്റിൽ നിന്നും പുറത്തുവന്നതും  സുലൈമാൻ (അ)ന് തന്റെ രാജാധികാരം തിരിച്ചു കിട്ടിയതും  അയ്യൂബ് (അ)ന് രോഗശമനമുണ്ടായതും  ഈസാ നബിയുടെ ജനനവും  അദ്ദേഹത്തെ ആകാശത്തേക്കുയർത്തിയതും മുത്ത് മുഹമ്മദ്‌ മുസ്തഫ (സ)ക്ക് അല്ലാഹുവിന്റെ മഹത്തായ കാവലും പാപമോചനവും പ്രഖ്യാപിക്കപ്പെട്ടതുമെല്ലാം അതിൽ ചിലതാണ്.

ഈ പറഞ്ഞവയിലധികവും പ്രതീക്ഷ കൈവെടിഞ്ഞ അവസാന നിമിഷത്തിലാണ് അല്ലാഹു അവരെ ചേർത്തുപിടിച്ചത്. അത് തന്നെയാണ് പരീക്ഷണങ്ങളിലകപ്പെട്ടിരിക്കുന്ന മുഅ്മിനീങ്ങൾക്ക് മുഹറത്തിലുള്ള പ്രതീക്ഷ.മുൻഗാമികളെ ചേർത്ത് നിർത്തിയ നാഥൻ അവരെ പിൻപറ്റി ജീവിക്കുന്നവരെയും കൈവിടില്ല എന്ന ശുഭാപ്തിവിശ്വാസം..


എന്നാൽ വേണ്ട മതവിദ്യയുടെ അഭാവമാണോ എന്നറിയില്ല,വളരെ കുറച്ചുപേരെങ്കിലും ഇന്ന് പല തെറ്റായ ധാരണകളും വെച്ചുപുലർത്തുന്നത് വളരെ സങ്കടകരമാണ്. മുഹറത്തിലെ ആദ്യ പത്തു ദിവസങ്ങൾ വിവാഹം,യാത്ര മുതലായ കർമ്മങ്ങൾ നടത്താതിരിക്കുകയും അത് നടത്തുന്നത് ശകുനപ്പിഴയായി കാണുകയും ചെയ്യുന്നതിലെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ല. എന്നാൽ മറ്റു ഇബാദത്തുകൾ കൊണ്ട് ധന്യമാക്കാൻ വേണ്ടി ഇത്തരം കാര്യങ്ങൾക്ക് ഒരു ഇടവേള നൽകുന്നതിൽ തെറ്റില്ല, എന്നല്ലാതെ ഒരിക്കലും ശകുനം എന്ന അന്ധവിശ്വാസത്തെ യാതൊരുതരത്തിലും ഇസ്ലാം പ്രോത്സാഹിപ്പിച്ചിട്ടില്ല. ദുശ്ശകുനം ശിർകാകുന്നു എന്ന് മുത്ത് നബി (സ) രണ്ടു തവണ അടുപ്പിച്ച് പറഞ്ഞതായി ഹദീസുകൾ പരിശോധിക്കുമ്പോൾ കാണാം.


ഇനി മറ്റൊരു ഖേദകരമായ അവസ്ഥയാണ് പുതുവർഷാഘോഷം. ആഘോഷിക്കുന്നതിലൊരിക്കലും തെറ്റില്ല. എന്നാൽ പടക്കം പൊട്ടിക്കൽ പോലെയുള്ള ദുരാചാരങ്ങൾ ഒരിക്കലും നമ്മുടെ സംസ്കാരത്തോട് യോജിച്ച പ്രവൃത്തികളല്ല. ഓരോ വർഷവും പിന്നിടുന്നത് മനുഷ്യായുസ്സിന്റെ ഒരു ഭാഗം കൊണ്ടാണ്. ആയതിനാൽ  പുതുവർഷത്തെ വരവേൽക്കേണ്ടത് കഴിഞ്ഞ കാലങ്ങളെ അവലംഭിച്ചു കൂടുതൽ നല്ല തീരുമാനങ്ങളും അല്ലാഹുവിലേക്ക് മടങ്ങാനുള്ള കൂടുതൽ തയ്യാറെടുപ്പുകളുമായാണ്. ഇത്തരം തയ്യാറെടുപ്പുകൾ കേവലം പ്രഥമമാസമായ മുഹറത്തിൽ ഒതുക്കിക്കളയാതെ ഇതൊരു തുടക്കവും ഇനിയതിന്റെ തുടർച്ചയുമെന്ന് ഓരോരുത്തരും തീരുമാനിക്കേണ്ടതുണ്ട്.

അതനുസരിച്ച് അനാചാരങ്ങൾ ഒഴിവാക്കുകയും മുഹറം മാസത്തിലെ ഇബാദത്തുകളുടെ പ്രതിഫലവും പ്രത്യേകതകളുമുൾകൊണ്ട് പ്രവർത്തിക്കണം.


               അല്ലാഹു ബഹുമാനിച്ച നാല് മാസങ്ങളിൽ പെട്ട ഒന്നാണ് മുഹറം. സൂറത്തു തൗബയിലെ മുപ്പത്തിയാറാം വചനത്തിൽ ഇപ്രകാരം കാണാം :

"ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റടുക്കൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്, നാലെണ്ണം യുദ്ധം വിലക്കപ്പെട്ട മാസങ്ങളാകുന്നു, അതിനാൽ ആ മാസങ്ങളിൽ നിങ്ങൾ നിങ്ങളോട് തന്നെ അക്രമം പ്രവർത്തിക്കരുത്".

അതുപോലെതന്നെ റമളാനിനു ശേഷം നോമ്പെടുക്കാൻ ഏറ്റവും ഉത്തമമായ മാസം മുഹറമാണെന്ന് ഹദീസിൽ കാണാം. മുഹറത്തിലെ ഭൂരിഭാഗം ചരിത്രമുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിച്ച മുഹറം പത്ത് ആശൂറാഅ് ദിവസം ആണ്. ഈ ദിവസം നോമ്പനുഷ്ഠിക്കൽ വളരെയേറെ പ്രതിഫലമുള്ളതാണ്. ജാഹിലിയ്യ കാലത്തുവരെ ഖുറൈശികൾ ഈ ദിവസം നോമ്പനുഷ്ഠിച്ചിരുന്നു. പിന്നീട് റമളാൻ നോമ്പ് നിർബന്ധമാക്കുന്നതുവരെ അത് നിലനിന്നുപോരുകയും അതിന് ശേഷം സുന്നത്താക്കപ്പെടുകയും ചെയ്തു.ഈ നോമ്പിന് വരുന്ന ഒരു വർഷത്തെ പാപപരിഹാരത്തിന് കഴിവുണ്ട്. പാപമുക്തരായി അല്ലാഹുവിലേക്ക് മടങ്ങാൻ മുഹറമെന്ന തുടക്കത്തിന്റെ പ്രതിഫലങ്ങളുൾകൊണ്ട് ഓരോ മുഅ്മിനിനും മുന്നേറാൻ സാധിക്കട്ടെ..


 MUFLIHA 

KHIDMATH WOMEN'S COLLEGE