അതിജീവനത്തിന്റെ പുകച്ചുരുളുകൾ


സമാധാനമാണ്  ഞങ്ങളുടെ പ്രഥമ പരിഗണന - നാഗസാക്കി  ദുരന്തദൃക്‌സാക്ഷി  സച്ചിക്കോ മാറ്റ്സോയുടെ ഈ വാക്കിന് ഉയിർത്തെഴുന്നേൽപ്പിന്റെ ഒരായിരം കഥകൾ പറയാനുണ്ടാകും. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കണ്ടെത്തിയ ജപ്പാനിലെ ക്യുഷൂ ദ്വീപുകളുടെ തലസ്ഥാനമായ നാഗസാക്കി പച്ചപ്പിന്റെയും പരസ്പര സ്നേഹത്തിന്റെയും കേന്ദ്രം കൂടിയായിരുന്നു. രണ്ടാം ലോക മഹാ യുദ്ധത്തിൽ അമേരിക്കക്ക് മുന്നിൽ കീഴടങ്ങാത്ത ഒരേയൊരു രാജ്യമായി ജപ്പാൻ അവശേഷിച്ചു. "പോഡ്സ്ഡാം പ്രഖ്യാപനത്തിൽ തയ്യാറാക്കിയ നിരുപാധികമായ കീഴടങ്ങലിന്റെ നിബന്ധനകൾ ജാപ്പനീസ് അംഗീകരിച്ചില്ലെങ്കിൽ അവർ വായുവിൽ നിന്ന് നാശത്തിന്റെ ഒരു മഴ പ്രതീക്ഷിച്ചേക്കാം. അത് പോലെ ഈ ഭൂമിയിൽ ഒരിക്കലും കണ്ടിട്ടില്ല" എന്നായിരുന്നു അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഹാരി എസ് ട്രൂമാൻ ഇതിനോട് പ്രതികരിച്ചത്. തുടർന്ന് 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ലിറ്റിൽ ബോയ് എന്ന അണുബോംബ് പ്രയോഗിക്കുകയും, ഈ ദുരന്തത്തിന്റെ ആഘാതം മുറിയും മുമ്പേ ജാപ്പനീസ് ആയുധകേന്ദ്രം നിലകൊള്ളുന്ന കൊകുരയെ ലക്ഷ്യമാക്കി വന്ന ഫാറ്റ്മാൻ അണുബോംബ് ഓഗസ്റ്റ് 9 ന്റെ പ്രഭാതത്തിൽ  നാഗസാക്കിയിൽ  പ്രയോഗിക്കുകയും ചെയ്തു.  40000-ത്തോളം ജീവനുകളാനിമിഷം പൊലിഞ്ഞു. രക്ഷപ്പെട്ടവർ മാരക രോഗികളായി... ജപ്പാൻ കീഴടങ്ങി.. അമേരിക്കക്ക് മുന്നിൽ മാത്രം.. ദുരന്തത്തോട് ദൃഢനിശ്ചയത്തോടെ പൊരുതി.

           ഹിരോഷിമയിൽ പ്രയോഗിച്ച ബോംബിനേക്കാൾ ശക്തി കൂടിയ ബോംബായിരുന്നു ഫാറ്റ് മാൻ.തികച്ചും സാധാരണക്കാർ മാത്രം  താമസിക്കുന്ന ഈ പ്രദേശത്ത് ബോംബിങ് നടത്തിയതിനെ കുറിച്ച് പലരും അപലപിച്ചെങ്കിലും മറ്റു നഷ്ടങ്ങളില്ലാതെ പെട്ടെന്ന് ജപ്പാൻ കീഴടങ്ങാനായിരുന്നു ബോംബാക്രമണം നടത്തിയതെന്ന് അമേരിക്ക വാദിക്കുന്നു. എന്തിനെന്നറിയാതെ പല ജീവനുകളും വെന്തമർന്നു,രക്ഷപ്പെട്ടവർ പല വിധ അർബുധങ്ങളാൽ പരീക്ഷിക്കപ്പെട്ടു.  ബോംബാക്രമണത്തിൽ നിന്ന് അതിജയിച്ചവരെ ഹിബകുശ (സ്ഫോടനം ബാധിച്ച ആളുകൾ ) എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. മാനസിക-ശാരീരിക വെല്ലുവിളികളോടൊപ്പം കത്തിയമർന്ന ഒരു നഗരത്തെ വീണ്ടെടുക്കുക എന്നതും അവർക്ക് മുന്നിൽ വലിയ പ്രയാസമുളവാക്കി. പക്ഷെ തളർന്നിരിക്കാൻ ആ ജനത തയ്യാറായിരുന്നില്ല. ആകാശത്തോളം ഉയർന്ന കൂൺ മേഘങ്ങളടങ്ങും മുമ്പേ ഗതാഗതം പുന:ക്രമീകരിച്ചു. ആഴ്ചകൾക്കുള്ളിൽ വൈദ്യുതിയും പുന:സ്ഥാപിച്ചു. കത്തിത്തീരാത്ത വസ്തുക്കളാൽ വീടുകൾ നിർമിച്ചു. എഴുപത്തഞ്ച് വർഷത്തേക്ക് ഒരു ചെടിയും വളരില്ലെന്ന് പ്രഖ്യാപിച്ച മണ്ണിൽ വിഷമുള്ളതാണെങ്കിലും ഒലിയാണ്ടർ പൂക്കൾ വിടർന്നത് അതിജീവനത്തിന്റെ  വഴിത്തിരിവുകൾ  നൽകി. സ്കൂളുകൾ ദുരിതാശ്വാസ കേന്ദ്രങ്ങളായും വിദ്യാകേന്ദ്രങ്ങളായും പ്രവർത്തിച്ചു. അങ്ങനെയങ്ങനെ ലോകത്തിലെ ഏറ്റവും സാക്ഷരതയുള്ള രാജ്യമായി ജപ്പാൻ ഇന്ന് മാറിക്കഴിഞ്ഞു. പല വിധ പ്രതിസന്ധികളിലൂടെ കടന്നു പോയെങ്കിലും ജപ്പാൻ ഇന്നും പരമ്പരാഗത ജീവിതം നയിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജനസംഖ്യയുള്ളതും ജനനനിരക്ക് കുറയുന്നതുമായ ഒരു പ്രതിഭാസത്തോട്  പൊരുതുന്നതോടൊപ്പം ജപ്പാൻ,  ആണവായുധങ്ങളും മനുഷ്യ രാശിയും ഒന്നിച്ചു നിൽക്കില്ലെന്ന തത്വത്തെ ശരി വെക്കുകയാണ്. 

        ഒരിക്കൽ കത്തിയമർന്ന നാടിനു  ഐക്യ രാഷ്ട്ര സഭയിലും വേൾഡ് ബാങ്കിലും അംഗത്വം നേടാൻ കഴിഞ്ഞെങ്കിൽ  ജപ്പാൻ അതി ജീവനത്തിന്റെയും ആത്മ ധൈര്യത്തിന്റെയും ഒരു വലിയ പാഠമാണ് ലോകത്തെ പഠിപ്പിക്കുന്നത്. അതോടൊപ്പം *അടച്ചു പൂട്ടലുകളോ ആളെ കുടുക്കുന്ന പെറ്റികളോയില്ലാതെ കൊറോണ വൈറസിനെ തുരത്തുന്ന ജപ്പാൻ ആശാസ്ത്രീയതയിലൂടെ നീങ്ങി കോവിഡിനെ ഒരു തരത്തിലും പിടിച്ചു കെട്ടാൻ കഴിയാത്ത കേരളമുൾപ്പെടെയുള്ള പല സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും ഒരു മാതൃക തന്നെയാണ്.*



         Adhila safla vp 

        Kerala sharee-ath academy, Aluva