‘ഫെമിനിസ്‌ലാം’: തിമിരം നുരയുന്ന കാഴ്ചപ്പാടുകൾ.


      വലിയ വായുള്ള സ്രാവിന്റെ മൂർച്ചയേറിയ പല്ലുകൾക്കിടയിൽ അകപ്പെട്ടുകിടക്കുന്ന ഇരയുടെ പര്യായ പദമായി ആധുനിക യുഗത്തിലെ മുസ്‌ലിം സ്ത്രീ മാറിയിരിക്കുന്നു, അഥവാ മാറ്റപ്പെട്ടിരിക്കുന്നു. മൂർച്ചയേറിയ വാക്കുകൾ കൊണ്ട് നഗ്നയാക്കപ്പെടുന്ന ഒരു മുസ്‌ലിം സ്ത്രീക്ക് സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ച് ഈ ലോകത്ത് കഴിയേണ്ടി വരിക എന്നതിനെക്കാളും കഠോരമായ യാഥാർത്ഥ്യം മറ്റൊന്നില്ല എന്നു തന്നെ പറയാം. സ്വന്തം വിശ്വാസത്തിന്റെയോ വസ്ത്രത്തിന്റെയോ അഭിമാനത്തിന്റെയോ പേരിൽ, സോഷ്യൽ മീഡിയകളിൽ ഫണം വിരിച്ചാടുന്ന മൂർഖൻപാമ്പുകൾക്ക് മകുടിയൂതുന്ന ചില പകൽ മാന്യന്മാർ നോട്ടമിടുന്നതും നോവിച്ചുവിടുന്നതും ഒക്കെ അവൾ സ്ത്രീ ആയത് കൊണ്ടല്ല, മറിച്ച് മുസ്‌ലിം സ്ത്രീ ആയത് കൊണ്ടാണ്.


         ചിറകുകൾ കെട്ടിയ ശേഷം പറത്തിവിടുന്ന തുമ്പിയെപ്പോലെ ഇസ്‌ലാമിലെ സ്ത്രീയെ മുദ്രകുത്തുവാനുള്ള അബദ്ധജടിലമായ മനോവ്യാ പാരങ്ങളുടെ ഉൾക്കാമ്പുകൾ പരിശോധിക്കുകയാണെങ്കിൽ പൊള്ളയായ ചില ഫെമിനിസ കാഴ്ചപ്പാടുകളുടെ പുറന്തോടുമായി ഇഴയുന്ന മനുഷ്യപേക്കോലങ്ങളുടെ, ഇസ്‌ലാമിനെ സ്ത്രീ വിരുദ്ധ മതമായി മുദ്രകുത്താൻ വേണ്ടിയുള്ള ഉദരവ്യായാമം മാത്രമായി കാണാനേ കഴിയൂ! മറ്റു മതങ്ങളെക്കാളെറേ ഇസ്‌ലാമിലെ സ്ത്രീ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിൽ, അത് ഇസ്‌ലാം സ്ത്രീ വിരുദ്ധ മതമായത് കൊണ്ടല്ല. മറിച്ച്, സ്ത്രീകൾക്ക് അത്രമേൽ പ്രാധാന്യം നൽകുന്നത് കൊണ്ട് തന്നെ ഇസ്‌ലാമിലേക്ക് സ്ത്രീകൾ ആകൃഷ്ഠരാവുമെന്ന ഭയം കൊണ്ട് മാത്രമാണ്. സ്വന്തം കാഴ്ചാ പരിമിതിയെ മറച്ചു വെച്ച് അന്യനൊരുത്തന്റെ കാഴ്ചയെ കുറ്റപ്പെടുത്താനുള്ള വ്യഗ്രത! സ്വാഭാവികം മാത്രം.


വസ്ത്രധാരണത്തിന്റെ പേരിൽ ഫെമിനിസ്റ്റുകളുടെ കൂർത്ത ശരങ്ങളെയും പൊള്ളത്തരങ്ങളുടെ ഇരുമ്പുകാരാഗ്രഹങ്ങളെയും ഇസ്‌ലാം എത്രയോ തവണ കണ്ടിരിക്കുന്നു. എ. ആർ റഹ്മാന്റെ മകൾ ഖദീജ, ബുർഖയും നിഖാബും തിരഞ്ഞെടുത്തപ്പോൾ, മോഡേൺ വസ്ത്രധാരിയായ മറ്റൊരു മകളെക്കാളേറെ പ്രശസ്തമായിട്ടുണ്ടെങ്കിൽ, freedom to choose എന്ന ഹാഷ്ടാഗിൽ വിമർശനങ്ങൾക്ക് വായയിൽ തുണിതിരുകാൻ റഹ്മാന് ഭരണഘടനാ ശകലത്തിന്റെ സഹായം  വേണ്ടി വന്നു എങ്കിൽ, എന്തു കൊണ്ടാണ് മാറു തുറക്കൽ സമരവും, ബത്തക്ക സമരവും, ചുംബനസമരവും, ഫ്ലാഷ്മോബുമൊക്കെ അനുസ്യൂത്യം കൈയടികളോടെ അംഗീകരിക്കപ്പെടുന്ന ഒരു രാജ്യത്ത് ബുർഖ ധരിക്കുന്ന പെൺകുട്ടിക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്?അടച്ചുറപ്പുള്ള വീട് മനുഷ്യൻ നിദ്ര തൊടാത്ത സ്വപ്നമായി കരുതുമ്പോൾ കാമക്കണ്ണുകളുടെ കരിനാഗങ്ങൾ ശരീര നിമ്നോന്നതങ്ങളിലൂടെ ഇഴയാതിരിക്കാൻ,കാമറക്കണ്ണുകളുടെ കൊടുങ്കാറ്റുകൾ ശരീരഭാഗങ്ങളിൽ ഇരമ്പിപ്പായാതിരിക്കാൻ അടച്ചുറപ്പുള്ള വസ്ത്രം ധരിക്കുന്നത് എങ്ങനെയാണ് അടിച്ചമർത്തലാവുന്നത്?ശാസ്ത്രീയതയുടെ പരിചകൊണ്ട് പ്രതിരോധിക്കുകയാണെങ്കിൽ പുരുഷ ശരീരത്തെ അപേക്ഷിച്ച് സ്ത്രീയുടെ തൊലിയെ വിനാശകരമായ സൂര്യകിരണങ്ങൾ കൂടുതൽ അക്രമിക്കുന്നു.അതിനല്ലേ ബ്യൂട്ടിപാർലറുകൾ എന്ന ചോദ്യത്തിന് പരിഹരിക്കാൻ കഴിയുന്നതാണോ ഇതൊക്കെ?അല്ല താനും.

     ഓർക്കുക,വിലകൂടിയ വസ്തുക്കളെ ആരും പൊതുനിരത്തിൽ തുറന്നിട്ടുവെക്കാറില്ല.മൂല്യം കുറഞ്ഞത് കൊണ്ടല്ല,കൂടിയതുകൊണ്ടാണത്.തുറന്നുവെച്ച പലഹാരത്തേക്കാൾ അടച്ചതിനെ തിരഞ്ഞെടുക്കാൻ വ്യഗ്രത കാണിക്കുന്ന സമൂഹം ഈ ഒരു കാര്യത്തിൽ കാഴ്ചപ്പാടുകളെ ചതിച്ച് 'ദർശന സുഖം' തേടി പോവുകയാണെന്ന കാര്യത്തിൽ സംശയമേതുമില്ല.സ്ത്രീ സുരക്ഷയ്ക്ക് ഇത്ര പ്രാധാന്യം നൽകുന്ന മതമെങ്ങനെ സ്ത്രീ വിരുദ്ധമാവും?

    വിദ്യാഭ്യാസത്തിന്റെ വിഷയത്തിൽ വളഞ്ഞിട്ടാക്രമിക്കാനുള്ള വിളയിടമായി മുസ്ലിം സ്ത്രീയെ കാണുന്നവരോട്: "വിദ്യ വിശ്വാസിയുടെ കളഞ്ഞുപോയ മുത്താണ്.അത് എവിടെ കണ്ടാലും പെറുക്കിയെടുക്കുക" എന്നതാണ് പ്രവാചക പ്രമാണം.അതിൽ ആൺ പെൺ ഭേദമുണ്ടായിരുന്നുവെങ്കിൽ ആയിശ ബീവി ഫിഖ്ഹിലോ,ഖുർആനിലോ, ഹദീസിലോ, വൈദ്യശാസ്ത്രത്തിലോ ഒന്നും നിപുണയാവില്ലായിരുന്നു...നഫീസ ബീവിയുടെ അടുക്കൽ മദ്ഹബിന്റെ ഇമാമായ ശാഫിഈ തങ്ങൾ ദീൻ പഠിക്കാൻ വരില്ലായിരുന്നു...ഹഫ്സ ബിൻത് സീരിൻ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യില്ലായിരുന്നു...റാബിയത്തുൽ അദവിയ്യയുടെ പ്രണയമഴ കാവ്യ സൃഷ്ടികളെ പുൽകി ഒഴുകില്ലായിരുന്നു...ഫാത്തിമ അൽ സമർഖന്ദിയുടെ നാവ് പ്രഗൽഭ പണ്ഡിതനായ പിതാവിന്റെ ഫത്വ തിരുത്താനും,ഭർത്താവിനോട് പിതാവിങ്കലുള്ളതെല്ലാം എന്റെ പക്കലുമുണ്ടെന്ന് ഉരുവിടാനും ഉയരില്ലായിരുന്നു...പരിസ്ഥിതികളുടെ പരിതസ്ഥിതിയിൽ പെട്ടുപോയ നാട്ടുവർത്തമാനങ്ങളുടെയും പൊട്ടക്കഥകളുടെയും 'പ്രൂഫുകൾ' നിരത്തി വ്യാഖ്യാനിക്കുന്ന ഏമാൻമാരുടെ കണ്ണുകളിൽ കണ്ണടച്ചിരുട്ടാക്കുമ്പോൾ മാത്രം വരുന്ന നിശാന്ധതയാണെന്നിരിക്കെ 'പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല'എന്ന പഴഞ്ചൊല്ല് തന്നെ പ്രമാണം!


മുസ്ലിം സ്ത്രീയെ സാമൂഹിക പ്രവർത്തകയാക്കാൻ കച്ചകെട്ടിയിറങ്ങുന്ന ചില വർഗ - വർഗേതര  സ്നേഹികൾ കേരളത്തിലും കൊടികുത്തി മുദ്രാവാക്യം തുടങ്ങിയിട്ട് നാളേറെ ആയിട്ടില്ല. ഖുർആൻ വായിക്കാനുള്ള അധമ്യമായ ത്വര കാരണം ആർത്തവകാലത്ത് പോലും ഖുർആൻ സ്പർശിച്ച് ' പുളകം ' കൊണ്ട ജസ്‌ല മാടശേരി മുതൽ സ്വന്തം നഗ്ന ശരീരം പതിനെട്ട് തികയാത്ത മക്കൾക്ക് ചിത്രപ്പണിക്കായി വിട്ടുനൽകിയ ഫാത്തിമ രഹ്നമാർ വരെ വിരാജിക്കുക്കയും സ്ത്രീസ്വാതന്ത്രത്തെ പറ്റി വിരചിക്കുകയും ചെയ്യുന്ന പ്രദേശമാണ് ഈ പാവന കേരളം!പെൺകുട്ടികളെ  ചന്തയിൽ മീൻ വിൽക്കുന്നത്  പോലെ വെക്കുന്നതിനേക്കാൾ നല്ലത് സ്വർണക്കടയിലെ സ്വർണ്ണം പോലെ   സംരക്ഷിക്കുന്നതാണെന്ന  ഗുരുമൊഴി ഇത്തരക്കാരോട് പറയാമോ? ഇവിടെയും മുൻപേ പറഞ്ഞ  പഴഞ്ചൊല്ല് തന്നെ  പ്രമാണം! മനസ്സിലാവാത്തതല്ല, ശരീരം സ്വന്തം മക്കൾക്ക് മനോഹരമായ ഒരു കല പഠിക്കാൻ ഉഴിഞ്ഞുവെച്ചവർക്കെതിരെ കേസെടുത്തത് എന്തിനാണാവോ?


ഫെമിനിസത്തിന്റെ പേരും പറഞ്ഞ്‌ പെൺ സ്വാതന്ത്ര്യത്തിന്റെ വക്താക്കളന്ന് സ്വയം വിശേഷിപ്പിച്ച് നിർവൃതി അടയുന്നവർ ,അവരുടെ വാക്ക് കേട്ട് പീഡനത്തിന് ഇരയായവരെ കുറിച്ച് ആലോചിക്കാറുണ്ടോ എന്തോ? ജീൻസിട്ട സ്ത്രീകളെ കുറിച്ച് പറഞ്ഞു എന്ന് ആരോപിച്ച്  യേശുദാസിനെ കുരിശിലേറ്റിയ സമൂഹത്തിന് എന്തിനാണ് 

ബുർഖയണിന്ന സ്ത്രീയുടെ  വസ്ത്രധാരണം  അസഹനീയം ആകുന്നത്?ഞരമ്പ് രോഗികളുടെ ഞരമ്പുകളിൽ തിളച്ചുമറിയുന്ന കാമാസക്തിക്ക്‌ തടയിടുന്നുവെന്നാരോപിച്ചാണോ? മർവ ശർബിനിയെ  പോലെയുള്ള  രക്തസാക്ഷികളെ ചരിത്രം മറന്നു പോയിട്ടുണ്ടെങ്കിൽ  അതിലൊന്നും അത്ഭുതമില്ല.


ഇസ്ലാമിൽ സ്ത്രീക്ക്  ലഭിച്ച പരിഗണനയ്ക്ക് തുല്യമായത്‌ മറ്റേത് മതമാണ് നൽകിയത്... അടർക്കളത്തിൽ അടരാടി നിറഞ്ഞ സഫിയ ബീവിയെയും രക്തസാക്ഷിത്വം വഹിച്ച ച്ച സുമയ്യ ബീവിയെയുമോക്കെ ഇസ്ലാമിക ചരിത്രം എന്നെങ്കിലും  വാക്കുകൾ കൊണ്ടെങ്കിലും  നഗ്നരാക്കിയിട്ടുണ്ടോ...പീഡിപ്പിക്കപ്പെട്ട പെണ്ണിൻറെ ചാരിത്രത്തിന് "മാനഭംഗം" എന്ന പദത്തിന് കീഴിൽ കൊലക്കയർ തൂക്കുമ്പോൾ പീഡിപ്പിച്ചവന് ഉചിത ശിക്ഷ വിധിക്കുന്ന മതത്തെ എങ്ങനെയാണ് ഈ പുരോഗമനവാദികൾക്ക് ഉൾകൊള്ളാൻ കഴിയുക?"നിങ്ങൾ ആദ്യം സ്ത്രീയെ പഠിപ്പിച്ച് വിടുക ,എന്തൊക്കെ പരിഷ്കാരങ്ങൾ വേണമെന്ന് അവൾ‌ നിങ്ങളെ പഠിപ്പിക്കും എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകൾക്ക് ജീവൻ കൊടുത്ത മതം ഇസ്ലാം മാത്രമാണ്.ഹാദിയ , സഹ്റവിയ്യ, വഫിയ്യ കോഴ്സുകളിലൂടെ മജ്ജയിൽ കലരുന്ന മാർഗനിർദേശങ്ങളും അതു തന്നെ.ആട്ടിൻ കുട്ടികളുടെ  സ്വാതന്ത്ര്യത്തിനുവേണ്ടി വേണ്ടി ലഹള നടത്തിയ ചെന്നായ കൂട്ടത്തെ വിശ്വസിച്ചു  ഒടുവിൽ രക്തത്തുള്ളികൾ ആയി മാറിയ ആടുകളുടെ 'പാവനസ്മരണയ്ക്ക് മുമ്പിൽ' ഒറ്റുകാരായ    ചെന്നായ്ക്കളോടൊപ്പം മിഴിനിറക്കേണ്ടി വന്ന ആട്ടിടയന്റെ കഥ ഫെമിനിച്ചികളുടെ വാക്കുകളിൽ മയങ്ങി കയറൂരാൻ കൊതിക്കുന്ന  ആട്ടിൻകുട്ടികൾ സ്മരിക്കുന്നത് നല്ലതായിരിക്കും. "സംവാദവും ആക്രമണവും  ഉൾകൊള്ളാൻ കഴിയാത്ത  പുരോഗമനവാദവും തീവ്രവാദം ആണെന്ന" ഷാനി പ്രഭാകറിന്റെ  വാക്കുകൾക്ക് കടപ്പെട്ടിരിക്കുന്നു.  അസഹിഷ്ണുതയുടെ  അഗ്നി പുകയുന്ന  അകത്തളങ്ങളിൽ അന്ധകാരത്തിന്റെ ആലങ്കാരിക പ്രയോഗ ങ്ങളെക്കാൽ  പ്രസക്തി വാക്കു കൊണ്ടും ജീവിതം കൊണ്ടും മറുപടി നൽകലാണ്. തിമിരം ബാധിച്ച കണ്ണുകൾക്ക്  ഓപ്പറേഷൻ തന്നെ പരിഹാരം .മാറ്റേണ്ടത് കണ്ണുകളോ കണ്ണടകളോ അല്ല.  വിഷം സ്ഫുരിക്കുന്ന ഉമിത്തീയിലൂട്ടിയ കാഴ്ചപ്പാടുകളാണ്.