ആലു ഇംറാന്‍ 

അശരണരുടെ നിധി   

60പേരടങ്ങിയ നജ്റാനിലെ നിവേദകസംഘത്തിന്റെ പൊള്ളയായ വാദങ്ങൾക്കെതിരായി ഉടലെടുത്ത സത്യവാക്യങ്ങളാണ് ഖുർആനിലെ മൂന്നാം അധ്യായം, ആലുഇംറാനിലെ പ്രധാന പ്രതിപാദ്യ വിഷയം. ഏകനായ അള്ളാഹുവിന്റെ സന്താനമാണ് ഈസ (അ) എന്ന വിഷയത്തിൽ തിരുദൂതരോട് തർക്കിച്ച സന്ദർഭത്തിലാണ് അധ്യായം അവതീർണമാകുന്നത്.



ഈസാ (അ), ഹാറൂൻ (അ) എന്നിവരുടെ പിതാവോ മറിയം ബീവിയുടെ പിതാവോ ആയ ഇംറാൻ ആണ് അധ്യായത്തിൻ്റെ നാമത്തിനുടമ എന്ന രണ്ട് അഭിപ്രായങ്ങൾ നമുക്ക് കാണാം. എന്നാൽ പ്രസ്താവിക്കപ്പെട്ട ഈ രണ്ട് ഇംറാൻ വ്യക്തികളുടെയും ജീവിതത്തിൻ്റെ ഇടയിൽ 1800 വർഷത്തിൻ്റെ ദൈർഘ്യമുണ്ടെന്നുള്ളതും വിസ്മരിച്ചു കൂടാ. കൂടാതെ ഇസ്ലാമിൻ്റെ ചരിത്ര വിജയമായ ബദർ യുദ്ധവും, ദൂതരുടെ കല്പനകൾ ധിക്കരിച്ച് പിന്തിരിഞ്ഞ ഉഹ്ദിലെ കപടവിശ്വാസികളുടെ ചരിത്രങ്ങളും അധ്യായത്തിൻ്റെ സൂക്തങ്ങൾ വിശദമാക്കുന്നു.

                   പ്രസ്തുത അധ്യായത്തിൻ്റെ മഹത്വങ്ങൾ പ്രതിപാദിക്കുന്ന ഹദീസുകൾ നമുക്ക് കാണാം. പ്രഭ വിതറുന്ന രണ്ട് സൂറത്തുകൾ നിങ്ങൾ പാരായണം ചെയ്യുക. ബഖറ, ഇംറാൻ, തണൽ നൽകുന്ന മേഘങ്ങളെ പോലെ അല്ലെങ്കിൽ ചിറകുവിരിച്ച പക്ഷിക്കൂട്ടങ്ങളെ പോലെ ഈ സൂറത്തുകൾ പാരായണം ചെയ്ത വ്യക്തികൾക്ക് അനുകൂലമായി വാദിച്ചുകൊണ്ട് ഖിയാമത്ത് നാളിൽ വരുന്നതാണ്. (മുസ്ലിം, മിശ്കാത്ത് 184). ഈ സൂറത്ത് പാരായണം ചെയ്ത് ദുആ ചെയ്യുന്ന വ്യക്തിക്ക് അതിൽ ഇസ്മുൽ അഅ്ളം ഉൾകൊണ്ട കാരണത്താൽ അള്ളാഹു  പ്രാർത്ഥനക്ക് ഉത്തരം നൽകുമെന്ന് കഅ്ബ് (റ) റിപ്പോർട്ട് ചെയ്തതായി ഇബ്നു കസീർ (1/30)ൽ നമുക്ക് കാണാം. ബൃഹത്തായ ആശയങ്ങളുടെ കേന്ദ്രമായ ഈ അധ്യായം അശരണരുടെ നിധിയെന്ന പേരിൽ (കെൻസുൽ ഫകീർ) അറിയപ്പെടുന്നുണ്ട്. അജയ്യനായ ജഗപാലകൻ്റെ അസ്തിത്വം നിഷേധിക്കുന്ന യുക്തിവാദികൾക്ക് മറുപടിയായി ഈ അദ്ധ്യായത്തിലെ 26,27 സൂക്തങ്ങളിലൂടെ നിർജീവമായതിൽ നിന്നും ജീവനുള്ളതിനെയും ജീവനുള്ളതിൽ നിന്ന് നിർജീവമായതിനെയും കൊണ്ടുവരിക എന്ന വെല്ലുവിളി ഉയർത്തുന്നതായി കാണാം.


 സന്താന സൗഭാഗ്യമില്ലാതിരുന്ന ഹന്ന, ഇംറാൻ ദമ്പതികൾക്ക് നാഥൻ കനിഞ്ഞു നൽകിയ മറിയം എന്ന പുത്രിയെ പള്ളിയിലേക്ക് നേർച്ചയാക്കിയതും തുടർന്നുണ്ടായ സംഭവങ്ങളും 35മുതൽ 37വരെയുള്ള സൂക്തങ്ങളിൽ പ്രതിപാദിക്കുന്നു.


ഖുർആനിക സൂക്തങ്ങളെ അള്ളാഹു നിഗൂഢം, സുവ്യക്തം എന്നിങ്ങനെ ഇനങ്ങളായി തരംതിരിച്ചിട്ടുണ്ട്. അള്ളാഹുവിന് മാത്രം അറിയുന്ന രഹസ്യങ്ങളാണ് നിഗൂഢമെന്ന് പല മുഫസ്സിരീങ്ങളും അഭിപ്രായപ്പെടുമ്പോൾ, സൃഷ്ടികൾക്ക് സൃഷ്ടാവ് വ്യക്തമാക്കിക്കൊടുത്ത സൂക്തങ്ങളാണ് സുവ്യക്തമായത്.

          ഋതു ചക്രത്തിൻ്റെ മുന്നോട്ടുള്ള ഗമനം തുടരുന്നതിനനുസൃതമായി ആധുനികസമൂഹം ദൈവിക അസ്തിത്വ നിഷേധത്തിലേക്ക് തെന്നിമാറുമ്പോൾ, നിഗൂഢ സൂക്തങ്ങൾക്ക് ഇല്ലാത്ത വ്യാഖ്യാനങ്ങൾ നൽകി കള്ളവും പൊള്ളയുമായ വാദങ്ങൾ കെട്ടി ചമക്കുകയും ചെയ്യുന്ന കപടന്മാർക്ക് ഈ അധ്യായത്തിലെ  ഏഴാമത്തെ സൂക്തത്തിലൂടെ താക്കീത് നൽകുന്നുണ്ട്.


പരിശുദ്ധ ഇസ്ലാമിൽ മഹത്തായ കർമ്മമായി കാണുന്ന ദാനധർമത്തിൻ്റെ ശ്രേഷ്ഠത ഈ ഒരു അധ്യായത്തിലൂടെ അള്ളാഹു വ്യക്തമാക്കുന്നുണ്ട്. ദാന ധർമത്തിൻ്റെ മഹത്വത്തെ വണ്ണമാക്കുന്ന ഈ സൂക്തത്തിൻ്റെ ആഗമനത്തോടെ അതിസമ്പന്നനായിരുന്ന അബൂ ത്വൽഹ (റ) തൻ്റെ തോട്ടങ്ങളിൽ വെച്ച് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബൈറുഹാഅ് തോട്ടം പോലും അള്ളാഹുവിൻ്റെ മാർഗത്തിൽ ചിലവഴിക്കാൻ സന്നദ്ധത കാണിച്ചത് ചരിത്ര താളുകളിൽ നമുക്ക് കാണാം.  

           ഖുർആനിൽ നിന്നും ശാന്തി ലഭിക്കാത്തവന് മറ്റൊന്നിൽ നിന്ന് ശാന്തി ലഭിക്കുക അസാധ്യമാണ്. മനശാന്തി ലഭിക്കുന്നതിനായും വിഷമത്തിലകപ്പെട്ടവന് ആശ്രയമായും ഈ സൂറത്തിനെ പണ്ഡിതന്മാർ നമുക്ക് വിവരിച്ച് നൽകുന്നു.



വിവരണങ്ങൾക്കും വിശദീകരണങ്ങൾക്കും അതീതമായ വിശുദ്ധ ഖുർആനിൻ്റെ ഓരോ വാക്കുകളിലും മനുഷ്യ കുലത്തിന് അവസരോചിതമായ അർത്ഥങ്ങളെ നമുക്ക് കണ്ടെത്താം. കാലത്തിൻ്റെ കുത്തൊഴുക്കുകൾക്കനുസൃതമായി മനുഷ്യകുലം നീങ്ങുമ്പോൾ എക്കാലത്തും ദീപശിഖയായി നിൽക്കുന്ന ഖുർആനിക ദൃഷ്ടാന്തങ്ങൾ ഈ വരികളിൽ ഒതുങ്ങുന്നില്ല. എങ്കിലും സത്യ നിഷേധികൾക്ക് ഇവിടെയും ഹിദായത്ത് കണ്ടെത്താൻ കഴിയാത്തത് ഏറെ ഖേദകരം തന്നെ.!


Abna Fathima

Jumana T