അൽ ബഖറ: എണ്ണമറ്റ വിസ്മയങ്ങളിലൂടെ...



ഇബ്നുൽ അറബി (റ) അദ്ദേഹത്തിന്റെ ചില ശൈഖുകൾ പറയുന്നത് കേട്ടതായി ഉദ്ധരിക്കുന്നു:

"ആയിരം കല്പനകൾ , ആയിരം വിലക്കുകൾ , ആയിരം വിധികൾ , ആയിരം വാർത്തകൾ...എല്ലാം അതിലുണ്ട്." 286 സൂക്തങ്ങൾ ഉൾക്കൊണ്ട വിശുദ്ധ ഖുർആനിലെ ഏറ്റവും ദീർഘിച്ച  അധ്യായം സൂറത്തുൽ ബഖറയുടേതാണ് ഈ സവിശേഷതകൾ.

                  അവതരണ ക്രമത്തിൽ എൺപത്തി ഏഴാമത് വരുമെങ്കിലും ക്രോഡീകരണത്തിൽ രണ്ടാമതായ ഈ അധ്യായത്തിൽ 

മദനീ സൂറത്തുകളുടെ പൊതുസ്വഭാവമനുസരിച്ച് അനുഷ്ഠാന കാര്യങ്ങളും പൊതുനിയമങ്ങളും അതിനോട് ചേർന്നു വരുന്ന ചരിത്ര സംഭവങ്ങളുമാണ്  മുഖ്യ ചർച്ചാ വിഷയം.

മനുഷ്യന്റെ സൃഷ്ടിപ്പ് സംബന്ധിച്ച അടിസ്ഥാന വിവരങ്ങളും പ്രാപഞ്ചിക പ്രതിഭാസങ്ങളും ഈ അധ്യായത്തിലെ പ്രധാന ചർച്ചാ ബിന്ദുക്കൾ തന്നെ.

വിശ്വാസ കാര്യങ്ങൾ, നമസ്കാരം, നോമ്പ്, സകാത്, ഹജ്ജ്, ഉംറ തുടങ്ങിയ ഇബാദത്തുകളുടെയും , ജിഹാദ് , വിവാഹം, ഭാര്യ-ഭർതൃ ബന്ധം,വിവാഹ മോചനം, ശിശു പരിപാലനം, ഇദ്ദ തുടങ്ങീ കുടുംബ ജീവിതത്തിന്റെ വിവിധ ഭാഗങ്ങളുടെയും ,കച്ചവടം, കടമിടപാട്, പലിശ, കൈകൂലി എന്നിത്യാദി അനേകം കാര്യങ്ങളുടെയും ഇസ്ലാമിക വശങ്ങൾ പ്രതിപാദിച്ചിരിക്കുന്ന ഈ അധ്യായം മതവിധികളുടെയും സദുപദേശങ്ങളുടെയും ആധിക്യം കൊണ്ട് ഗാംഭീര്യമാർന്നതാണ്.


"അൽജാമിഉ ലി അഹ്കാമിൽ ഖുർആനിൽ " ഇമാം ഖുർതുബി (റ )എഴുതുന്നു : ഈ സൂറത്തിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങളും നിയമങ്ങളും ഉമർ ( റ )പന്ത്രണ്ട് വർഷങ്ങൾ കൊണ്ടാണ് പഠിച്ചത്.അദ്ദേഹത്തിന്റെ മകൻ അബ്ദുള്ളാഹിബ്നു ഉമർ (റ ) എട്ട് വർഷങ്ങൾ കൊണ്ടുമാണ് പഠിച്ചത്.

 പ്രവാചകൻﷺ ഒരിക്കലൊരു സേനാവ്യൂഹത്തെ അയച്ചപ്പോൾ സൂറത്തുൽ ബഖറ മനപാഠമാക്കിയ കാരണത്താൽ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ആളെ അമീറായി നിശ്ചയിച്ച സംഭവം 

ഇമാം തുർമുദി( റ ) റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ കാണാം.


" اقرؤوا سورة البقرة، فإِن أخذها بركة، وتركها حسرة..." (أخرجه مسلم) .

"സൂറത്ത് അൽ ബഖറ പാരായണം ചെയ്യുക , കാരണം അത് മുറുകെ പിടിക്കുന്നത് ഒരനുഗ്രഹമാണ്, അത് ഉപേക്ഷിക്കുന്നത് ഒരു ഖേദമാണ്.."


ഇത്തരത്തിൽ എണ്ണമറ്റ ഹദീസുകൾ ഈ സൂറത്തിന്റെ ശ്രേഷ്ഠതയെ പറ്റി വാചാലമാകുന്നുണ്ട്.

അല്ലാഹുവിന്റെ ഇഷ്ട അടിമകളെ പ്രതിപാദിച്ചു കൊണ്ട് ആരംഭിക്കുന്ന അധ്യായം പിന്നീട് സത്യനിഷേധികളെയും കപടവിശ്വാസികളെയും കുറിച്ച് ചർച്ച ചെയ്യുന്നു.


മൂസാ നബിയുടെ ഇസ്രാഈൽ ജനതയിൽ നടന്ന ഒരു കൊലപാതകവും അതിന്റെ തുടർ നടപടികളും ഈ സൂറത്തിൽ അനാവരണം ചെയ്യുന്നുണ്ട്.  പ്രസ്തുത സംഭവത്തിലെ സുപ്രധാന ഘടകം പശു ആയതിനാലാണ് സൂറത്തിന് 'അൽബഖറ' എന്ന് നാമകരണം ചെയ്തതെന്ന് മുഫസ്സിറുകൾ പറയുന്നു.


" രാത്രിയിൽ ഈ രണ്ട് ആയത്തുകൾ ഒരാൾ ഓതിയാൽ  അതവന് മതിയാകും".


ഹദീസ് ലോകത്തെ വിശ്വ പ്രമുഖരായ ബുഖാരി, മുസ്ലിം ഇമാമുമാർ ഉദ്ധരിച്ച  ഈ ഹദീസ് സൂറത്തുൽ ബഖറയിലെ അവസാന രണ്ട് സൂക്തങ്ങളെയാണ് അർത്ഥമാക്കുന്നത്.

ഇതിന്റെ അവസാന ഭാഗം സമുചിതമായ ഒരു കൂട്ടുപ്രാർത്ഥനയാണ്. ആയതിനാൽ ഇവകൾ പാരായണം ചെയ്തതിന് ശേഷം آمين برحمتك يا ارحم الراحمين എന്നു പറയൽ നല്ലതാണ്.



പത്തു ചെറു വാക്യങ്ങളിലായി അല്ലാഹുവിന്റെ ഉന്നതനാമങ്ങളും ഗുണവിശേഷണങ്ങളും പരാമർശിക്കുന്ന  'ആയത്തുൽ കുർസിയ്യ് ' എന്ന പേരിൽ പ്രസിദ്ധമായ സൂറത്തുൽ ബഖറയിലെ ഇരുന്നൂറ്റി അൻപത്തി ആറാം വചനം ശ്രേഷ്ഠത കൊണ്ട് പ്രസിദ്ധമാണ്.


അല്ലാഹുവിൽ നിന്ന് എനിക്ക്  ഉപകാരം ലഭിക്കുന്ന വല്ലതും പഠിപ്പിച്ചു തരണമെന്ന് പറഞ്ഞ ഒരാളോട് നബി ﷺ 'ആയത്ത് കുർസിയ് ' ഓതാൻ ഉപദേശിക്കുകയും തുടർന്ന്,  "അത് നിന്നെയും നിന്റെ സന്തതികളെയും  ഭവനത്തെയും അയൽ വീടുകളെ പോലും കാത്തു രക്ഷിക്കും" എന്ന് പറയുകയും ചെയ്തത്  'ദുർരുൽ മൻസൂറിൽ' ഉദ്ധരിക്കപ്പെട്ടതാണ്.

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ആയത്തുൽ കുർസിയ്യ് ഓതിയാൽ രാത്രി മുഴുവൻ പിശാചിന്റെ നാശത്തിൽ നിന്ന് അത് സുരക്ഷ നൽകുമെന്ന് ഇമാം 

ബുഖാരിയും മറ്റുപല മുഹദ്ദിസുകളും റിപ്പോർട്ട് ചെയ്തതും ശ്രദ്ധേയമാണ്.


وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ إِلَى اللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ (281)


"അല്ലാഹുവിലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ നിങ്ങൾ സൂക്ഷിക്കുക.അന്ന് ഓരോരുത്തർക്കും അവരവർ പ്രവർത്തിച്ചതിന്റെ ഫലം പൂർണമായി നൽകപ്പെടുന്നതാണ്. അവരോട് അതിക്രമം കാണിക്കപ്പെടുകയില്ല."


വിശാലാർത്ഥത്തിൽ ഗൗരവ പൂർവ്വം അവതരിച്ച ഈ ആയത്ത് വിശുദ്ധ ഖുർആനിൽ ഏറ്റവും അവസാനം അവതരിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 


ചുരുക്കത്തിൽ മനുഷ്യന്റെ നാനോന്മുഖ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും പഠിപ്പിച്ചു തരുന്ന ഈ സൂറത്തിൽ സവിശേഷമായ ധാരാളം സൂക്തങ്ങളും ഉണ്ട്.



ദൈർഘ്യമേറിയ ഈ സൂറത്തിലെ ചെറുതും വലുതുമായ ഓരോ കാര്യങ്ങളും വിശാലമായ മനസ്സോടെ ആഴത്തിൽ ചിന്തിക്കാനും സത്യ-അസത്യ മാർഗങ്ങൾ വേർതിരിച്ചറിഞ്ഞു സത്യത്തെ നെഞ്ചോട് ചേർക്കാനും അസത്യത്തെ ധൈര്യപൂർവം ചെറുക്കാനും സർവ ശക്തൻ തുണക്കട്ടെ...