ഊതിക്കെടുത്തുന്ന ജനാധിപത്യ മൂല്യങ്ങൾ പ്രതിഷേധജ്വാലകളായി ഉയരട്ടെ


                  ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാഭിമാനത്തിനേൽക്കുന്ന  കനത്ത പ്രഹരമാണ്  യുപി . ഗോ രക്ഷയുടെ പേരിൽ കണക്കില്ലാത്ത അക്രമങ്ങളുടെ പട്ടിക  നീളുമ്പോൾ  മടികുത്തഴിക്കപെടേണ്ടി വരുന്ന പെൺ ജന്മങ്ങൾ രാജ്യത്തിന്റെ ഹൃദയഭാഗത്ത് കനലാവുകയാണ്. ആതുര ചികിത്സയിൽ പോലും മത വെറി തള്ളി കയറ്റിയ നികൃഷ്ട ജന്മങ്ങളുടെ നാടായി മാറിയിരിക്കുന്നു. 


തെരഞ്ഞെടുപ്പ് മാർകറ്റിൽ വില പേശപ്പെട്ടതിന്റെ ഉത്തമ ഉദാഹരണമാണ്  യുപിയിൽ തുടർന്നു കൊണ്ടിരിക്കുന്ന അസമത്വങ്ങളും  മാധ്യമ സ്വാതന്ത്ര്യ നിഷേധവും.  സംശയിക്കുന്നവരെയെല്ലാം വെടിവെച്ചും യാതൊരു വിധത്തിലും  പ്രകോപനമുയർത്താത്ത കർഷകരിലേക്ക് അക്രമം തൊടുത്തു വിട്ടതും  ലാത്തി ചാർജിൽ പരിക്കേറ്റ  സുശീൽ  കാജന്റെ  മരണവും  ചേർത്ത് വായിക്കുമ്പോൾ  ഓരോ പ്രതിഷേധകന്റെയും  ശിരസ്സിൽ  നിന്ന്  രക്തമൊഴുകണം  എന്ന് നിർദ്ദേശം നൽകിയ ആയുഷ് സിൻഹയെയും ഞെട്ടലോടെ  ശ്രവിക്കേണ്ടതായിട്ടുണ്ട്.   ഇത്തരം  വാർത്തകൾ  എത്തി നിൽക്കുന്നത് രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയിലേക്കാണ്.    സുസജ്ജമായ ഒരു ഭരണ സംവിധാനത്തിൽ  കൃത്രിമം  നടത്തി രാഷ്ട്രീയ അസ്ഥിരത വാഴുകയാണ് .  ഹര ഹര മഹാദേവയും  അള്ളാഹു അക്ബറും  ഒഴുകി തുടങ്ങിയ ദിനങ്ങൾ  ഒടുങ്ങിയിരിക്കുന്നു.ഇന്ന്  മരണ ഗീതങ്ങൾ മാത്രം  . മുസ്ലിം വ്യക്തി നിയമത്തിനെതിരെയും  ഏക സിവിൽ കോഡ് നടപ്പിൽ വരുത്തുന്നതിനും  അലമുറയിടുമ്പോൾ അവ പ്രത്യക്ഷത്തിൽ  വന്നു കഴിഞ്ഞാലും  ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ  അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല എന്നതാണ്  വസ്തുത.  ജാതിയും മതവും  വേർതിരിക്കുന്നിടത്തോളം  വിഷം ചീറ്റലുകൾ  മാറ്റമില്ലാതെ  തുടരും . 


         ഇന്ന് അക്രമങ്ങൾ കൊടികുത്തി വാഴുന്നത്  സ്വാഭാവിക കാഴ്ചയായി  മാറിയിരിക്കുന്നു . പരാതികളില്ല  പരിഭവങ്ങൾ മാത്രം , ഭയപ്പെടുത്തലുകൾ മാത്രം , വിദ്വേഷതിന്റെ  വാതിലുകൾ  തുറക്കപ്പെടുന്നു , സമാധാനം കൊട്ടിയടക്കപ്പെടുന്നു. പശുവിനു ജീവിക്കാൻ ജീവിതങ്ങൾ സമർപ്പിക്കപ്പെടുന്നു. അസ്വാതന്ത്ര്യതിന്റെ  പകലുകൾ, രക്തത്തിന്റെ ഗന്ധമുള്ള  രാത്രികളും യുപിക്ക്  സമ്മാനിച്ചു കൊണ്ടിരിക്കുമ്പോൾ  അസമും  ഇരുട്ടിന്റെ  നേർക്കാഴ്ച ലോകത്തിനു മുമ്പിൽ  തുറന്നിടുകയാണ് . നര നായാട്ടിന്റെയും  വെടി വെപ്പിന്റെയും  ഭീകര ദൃശ്യങ്ങൾ  കണ്ട്  പതിവായിരിക്കുന്നു . തീവ്രവാദത്തിന്റെ മേച്ചിൽ പുറങ്ങളിൽ  നീതിയും  അവകാശങ്ങളും  ചത്തു പൊന്തിയിരിക്കുന്നു .  ഇത് ആത്മ  രക്ഷക്ക് വേണ്ടിയുള്ള  രക്ഷപ്പെടൽ  എന്ന്  പേരും  ചാർത്തി  കൊടുത്തിട്ടുണ്ട് . കുടിയൊഴിപ്പിക്കൽ  നയം  സർക്കാരിന്റെ  കിരാത സമീപനമായി  കാണാവുന്നതാണ് . ഇതെല്ലാം  സ്വന്തമായി  നിർമിച്ചെടുത്ത  പ്രത്യയ ശാസ്ത്രത്തിന്റെ  വളർച്ചയെ  പ്രോത്സാഹിപ്പിക്കുന്നതിനു ള്ള  നീക്കമാണ്    


                  ഇവിടെ ഭരണകർത്താക്കൾ തന്നെ  കുറ്റവാളി പട്ടികയിൽ  മുൻനിരയിൽ  എത്തിചേരുമ്പോൾ  പരാതികൾ  ആർക്ക്  സമർപ്പിക്കും ?  നീതി യുക്തവും  അന്തസും  കൂടി ചേർന്ന ഭരണ സംവിധാനത്തിനു  ജനാധിപത്യ മൂല്യങ്ങൾ  പിന്തുടരുന്ന നേതാക്കൾ കടന്നു വരേണ്ടതുണ്ട് . കുറ്റവാളികൾക്ക്  ഭരണ നിർവ്വഹണത്തിൽ വിലക്ക് ഏർപ്പെടുത്തുന്ന നിയമം രാജ്യത്ത് അത്യന്താപേക്ഷിതമാണ്.


മതേതര പ്രതിബദ്ധതയും ഇച്ഛാ ശക്തിയുമുള്ള ഭരണ കൂടം  ആവശ്യമായിരിക്കുന്നു .  

അതിന്  ആദ്യം  വേണ്ടത്  വിദ്യാഭ്യാസം  ആണ്.  നിരക്ഷരരിൽ  നിന്ന്  സാക്ഷരരിലേക്ക്  ഉയരേണ്ടതുണ്ട് .  അവർ  സ്വത്വം  തിരിച്ചറിയെണ്ടിയിരിക്കുന്നു . ഭയം നിഴലിച്ചു കൊണ്ടിരിക്കുന്ന കണ്ണുകളാണ് ചുറ്റും . എങ്കിലും  ജ്വലിക്കുന്ന കണ്ണുകളും  ചൂണ്ടി കാണിക്കാൻ പാകത്തിലുള്ള ചൂണ്ടു വിരലും   തീ പാറുന്ന വാക്കുകളുമുള്ള ഒരു സമൂഹം ഉയർന്നു വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിനായി പ്രാർത്ഥിക്കാം. ഇരുളടഞ്ഞു കൊണ്ടിരിക്കുന്ന ജനാധിപത്യ രീതിക്കും അവകാശം നിഷേധിക്കപ്പെട്ടവർക്കും അത് പ്രത്യാശയുടെ  പൊൻവെളിച്ചമായിരിക്കും.