വഖഫ് ബോർഡ് നിയമനപരിഷ്കരണം :സമുദായത്തിന്റെ ആഭ്യന്തരധികാരത്തിലേക്കുള്ള കടന്നുകയറ്റം



ഇടക്കാലത്ത് കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച് തെരുവോരങ്ങളിൽ പ്രതിഷേധക്കൊടിനാട്ടി  നിറഞ്ഞാടിയ സച്ചാർ കമ്മീഷൻ റിപ്പോർട്ടിന്റെയും,  പാലോളി കമ്മിറ്റി റിപ്പോർട്ടിന്റെയും പരസ്പര മുദ്രവാക്യങ്ങൾ സമൂഹത്തിന്റെ കരങ്ങളിൽ നിന്ന് അപ്രത്യക്ഷമാവും മുമ്പായിരുന്നു രണ്ടാം പിണറായി സർക്കാരിന് കീഴിൽ കഴിഞ്ഞദിവസം നടപ്പിൽ വരുത്തിയ  വഖഫ് ബോർഡ് നിയമഭേദഗതി.

ഏറെ കാലമായി ന്യൂനപക്ഷ അവകാശ സംരക്ഷണങ്ങൾക്ക് കോട്ടം വരുത്തി മങ്ങലേല്പിച്ച ഭരണതുർച്ചയുടെ അധികാരകേന്ദ്രീകരണമായ് നമുക്ക് ഇതിനെയും വിശേഷിപ്പിക്കാം..!


സ്വാതന്ത്രാനന്തര ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനും ചുക്കാൻ പിടിച്ചുകൊണ്ട് 1954 ൽ ഇന്ത്യാ ഗവണ്മെന്റ് രൂപം നൽകിയ സെൻട്രൽ വഖഫ് ആക്ട് അനുസരിച്ചാണ് 1995 ൽ "കേരള സ്റ്റേറ്റ് വഖഫ് ബോർഡ് " നിലവിൽ വരുന്നത്.

ശേഷം ചുരുങ്ങിയകാലം കൊണ്ട് ഏറെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും,ആരോഗ്യ -സാമ്പത്തിക പരാതീനതയും, യതീം സംരക്ഷണം തുടങ്ങിയവയും വേണ്ട നിയന്ത്രണ -നിരീക്ഷണ രീതികളിലൂടെ നികത്തികൊണ്ട്  മുസ്ലിം സമുദായത്തിലെ വിവിധ ആദർശ ആചാര-അനുഷ്ഠാനങ്ങൾക്ക് അനുസൃതമായ് നിലകൊണ്ട് പ്രവർത്തിക്കാൻ കേരള വഖഫ് ബോർഡിന് സാധിക്കുകയും ചെയ്തു.


സർക്കാർ നൽകുന്ന നിശ്ചിത ഗ്രാൻഡിന് പുറമെ സമുദായത്തിന്റെ ഉന്നമനവും പുരോഗതിയും ലക്ഷ്യം വെച്ച്കൊണ്ട് വിശ്വാസികൾ ഏകദൈവിക മാർഗത്തിൽ സമർപ്പിക്കുന്ന സകല സ്വത്തുവകകളും ആനുകൂല്യങ്ങളും ശരിയായ രീതിയിൽ സംരക്ഷിക്കുകയും അർഹമായ രീതിയിൽ കൈകാര്യം ചെയ്ത് മുന്നോട്ട് പോവുകയുമായിരുന്നു വഖഫ് ബോർഡ്.


എന്നാൽ, നിരന്തരം ന്യൂനപക്ഷങ്ങളെ വേട്ടയാടി രക്‌തം വലിച്ചു ഊറ്റികുടിക്കുകയും അവകാശങ്ങൾ ഹനിക്കുകയും ചെയ്യുന്ന സംഘപരിവാർ ഭരണങ്ങൾക്ക് സാമ്യത നിലനിർത്തികൊണ്ടാണ് കമ്മ്യൂണിസ്റ്റ്‌ ഭരണകർത്താക്കൾ നിലവിലെ വഖഫ് ബോർഡിന്റെ നിയമത്തിലും കൈകാര്യത്തിലും മാറ്റം വരുത്തികൊണ്ട്  ഇന്ത്യൻ ഭരണഘടനയാൽ സ്ഥാപിതാമായ കേരള പബ്ലിക് സർവീസ് കമ്മിഷന് വിട്ടു നൽകുന്നത്.


സമുദായ നേതാകളുമായ് നേരിട്ട് ചർച്ചകൾക്കോ കൂടിയാലോചനക്കോ തയ്യാറാവാതെ സ്വേച്ഛാധിപത്യ നിലപാട് എടുക്കുകയായിരുന്നു കേരള സർക്കാർ."വിശ്വാസികളുടെ സ്വത്തുവകകൾ വിശ്വാസികൾ തന്നെ ദൈവിക മാർഗത്തിൽ ചിലവഴിച്ചു കൈകാര്യം ചെയ്യട്ടെ "എന്ന് സമുദായം മുറവിളി കൂട്ടുമ്പോഴും ചെവികൾ കൊട്ടിയടച്ചു ബധിരനെ പോലെ അഭിനയനാട്യം കാണിക്കുകയായിരുന്നു അവർ.തെരുവിലിറങ്ങി  സമുദായത്തിന്റെ ആഭ്യന്തര അധികാരം സമുദായത്തിന് തന്നെ വിട്ടുനൽകണമെന്ന് ഉച്ചത്തിൽ ശബ്‌ദിക്കുമ്പോഴും യാതൊരു മാറ്റങ്ങൾക്കും  സർക്കാർ തയ്യാറാവുകയോ ചെയ്യുന്നില്ല.


യഥാർത്ഥത്തിൽ,ഓരോ വ്യത്യസ്ഥ സമുദായങ്ങളെയും പരസ്പരം  സംരക്ഷിക്കുകയും സമത്വം കല്പിക്കുകയും തുല്യമായ രീതിയിൽ കൈകടത്തലുകളാൽ  നിർവഹിക്കുകയും ചെയ്യേണ്ട ഉദ്യോഗസ്ഥർ തന്നെ ഇരട്ടത്താപ്പ് നയങ്ങൾ പ്രാബല്ല്യത്തിൽ വരുത്തുകയാണ് ഇവിടെ ചെയ്യുന്നത്.


മറുഭാഗത്ത് ഹൈന്ദവ സമുദായത്തിന്റെ ദേവസ്വ ബോർഡിന് കീഴിൽ നിരവധി നിയമനങ്ങളും സ്വത്തുവകകളും ഹൈന്ദവ വിശ്വാസികളിൽ തന്നെ നിക്ഷിപ്തമായിരിക്കെ,  മുസ്ലിം സമുദായത്തിന്റെ മാത്രം അധികാരത്തിൽ പൊതുസ്വഭാവം കൊണ്ടെത്തിക്കുന്നത്തിൽ നിരവധി നിഗൂഢതകളാണ് നിഴലിക്കുന്നത്.ആഭ്യന്തര കാര്യങ്ങളിലേക്കുള്ള അനർഹരുടെ കടന്നുകയറ്റം തീർച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്...!!


2019 ലെ CAA-NRC വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരായ് നിലനിന്നുകൊണ്ട് മുസ്ലിം സമുദായത്തിനൊപ്പം എന്ന് പരസ്യപ്പെടുത്തി പ്രചരിപ്പിച്ച കേരള സർക്കാർ പിന്നീട് സമരത്തിൽ പ്രതിഷേധിച്ച യുവാകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു ഇരട്ടത്താപ്പ് കാണിച്ചത് വഞ്ചനാപരമായിരുന്നു.മുഖം മൂടിയണഞ്ഞ് നിയമനടിപടി സ്വീകരിച്ച പരുവമായിരുന്നു അത്.


എന്നാൽ, ഇങ്ങനെ നിരവധി അനീതികളുടെ കദനകഥകളാണ് കേരത്തിലിന്ന് നിറഞ്ഞുനിൽക്കുന്നത്.ഇരുട്ടെന്ന് വിശേഷിപ്പിച്ചു പുറന്തള്ളാൻ സമുദായത്തെ  വലിച്ചിഴക്കുമ്പോഴും ഒരുപറ്റം വിശ്വസികളുടെ മറുചോദ്യമില്ലാത്ത ഉറച്ചശബ്ദങ്ങളിലാണ് വിശ്വാസികളുടെ പ്രതീക്ഷ.തെരുവിൽ അലയടിക്കുന്ന ഓരോ വിശ്വസിയുടെയും ഇടനെഞ്ചിലെ മുദ്രവാക്യങ്ങളും വാക്ചാതുരിയും കവലകളിൽ നിലനിൽക്കുന്നിടത്തോളം സർക്കാർ വിശ്വാസികൾക്ക് മുന്നിൽ മുട്ടുമടക്കിയേ തീരൂ.


നിലവിൽ വഖഫ് ബോർഡിന്റെ കീഴിലെ ഇരുന്നൂറോളം നിയമനങ്ങളാണ് PSC ക്ക് പൂർണ്ണമായും വിട്ടുനൽകിയിട്ടുള്ളത്. തീർത്തും വാഗ്ദാനലംഘനവും ഒരു സമുദായത്തോട് മാത്രം കാണിക്കുന്ന വിമുഖതയുമാണിത്.

സമരങ്ങൾക്ക് മറുപടിയുമായ് സർക്കാർ നിരത്തുന്ന സകല വാദവും വിഡ്ഢിത്തരവും, അവസരോചിതവും അനുയോജ്യവും അല്ലാത്തതുമാണ്.എന്നാൽ സമുദായത്തിലെ തന്നെ വളരെ ചെറിയൊരു വിഭാഗം സർക്കാരിനെ പ്രീണനപ്പെടുത്തികൊണ്ട്  പിന്തുണ പ്രഖ്യാപിച്ചത് തീർത്തും ആശ്ചര്യപ്പെടേണ്ടതില്ല. അത് തികച്ചും സാമ്പത്തിക ആവശ്യങ്ങളും രാഷ്ട്രീയ അജണ്ടകളും മാത്രം  മുൻനിർത്തികൊണ്ട് സമുദായത്തെ തകർച്ചയിലേക്ക് നയിക്കുന്ന ലക്ഷ്യക്കാരുടെയും കൂട്ടക്കാരുടെയും  അഭിപ്രായ ആഭാസങ്ങളാണെന്ന് നാം കൂട്ടിവായിക്കേണ്ടതും ഗൗരവമായ് കരുതിയിരിക്കേണ്ടതുമാണ്.


അത്തരക്കാരെയും അതിന് പിന്തുണ പ്രഖ്യാപിക്കുന്നവരെയും മാറ്റിനിർത്തികൊണ്ട് സമുദായത്തിനായ് നമുക്കും ശബ്ദിക്കാം. അന്തിമ വിജയത്തിൽ സന്തോഷം പങ്കിടാം...




✍🏻KT Fathima Asala