സൂറത്തുൽ അൻഫാൽ;ആശയങ്ങളുടെ ആഴങ്ങൾ തേടി..



മനുഷ്യജീവിതത്തിന് സത്യധാരയൊരുക്കുന്ന വിശുദ്ധ ഖുർആൻ അന്യൂനമായ ആശയങ്ങളുടെയും അതിശയങ്ങളുടെയും കലവറയാണ്.

ഇസ്‌ലാമിലെ യുദ്ധത്തെയും സമരാർജിത സ്വത്തിനെയും (ഗനീമത്ത്)സംബന്ധിച്ച് പറഞ്ഞു തുടങ്ങി പരിശുദ്ധ ഇസ്‌ലാമിന്റെ നിലനിൽപ്പിന് വലിയൊരു നിമിത്തമായ ബദ്റിന്റെ ചരിത്രപശ്ചാത്തലങ്ങളെ മാനവസമൂഹത്തിനൊന്നടങ്കം അനവധി പാഠങ്ങൾ പകർന്നു നൽകും വിധം ആവിഷ്കരിച്ച് മനുഷ്യന്റെ മത-സാമൂഹിക-വൈയക്തിക ജീവിതതലങ്ങളിലൂടെയെല്ലാമുള്ള ഒരു സഞ്ചാരമാണ് വിശുദ്ധ ഖുർആനിലെ എട്ടാം അധ്യായമായ സൂറത്തുൽ അൻഫാൽ.


30-36വരെയുള്ള സൂക്തങ്ങളൊഴികെയുള്ള മുഴുവൻ സൂക്തങ്ങളും ഹിജ്റക്ക് ശേഷമാണ് അവതീർണ്ണമായത് (മദനിയ്യ).

ബദർ യുദ്ധാനന്തരം ലഭിച്ച സമരാർജിത സ്വത്തിന്റെ കാര്യത്തിൽ മുസ്ലിംകൾക്കിടയിലുണ്ടായ ഭിന്നാഭിപ്രായങ്ങൾക്കുള്ള പരിഹാരമെന്നോണമാണ് സൂറത്തുൽ അൻഫാലിന്റെ പ്രാരംഭസൂക്തങ്ങൾ അവതരിക്കപ്പെടുന്നത്.

ഗനീമത്ത് സ്വത്തിനെ കുറിച്ച് ചോദിക്കപ്പെട്ടാൽ അത് അല്ലാഹുവിനും റസൂലിനുമുള്ളതാണ് അഥവാ അവർ ഏതുപ്രകാരം കല്പിക്കുന്നുവോ അതിനെ പ്രവർത്തിച്ചുകൊള്ളുക എന്ന് പറയാനുള്ള കല്പനയോടെയാണ് സൂറത്തിന്റെ ആരംഭം.


തുടർന്നങ്ങോട്ട് സത്യവിശ്വാസിയുടെ ഗുണവശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു.

സത്യവിശ്വാസിയെന്നാൽ ആരാണ്, അവനിൽ ഉൾക്കൊണ്ടിരിക്കേണ്ട സവിശേഷതകൾ എന്തെല്ലാമാണ് എന്നതിനെയെല്ലാം വളരെ കൃത്യമായി ഖുർആൻ പറയുന്നുണ്ട്.

സത്യാവശ്വാസികളോട് അല്ലാഹുവിനെ പറയപ്പെട്ടാൽ അവരുടെ ഹൃദയങ്ങൾ വിറകൊള്ളുകയും അവരുടെ അടുക്കൽ വിശുദ്ധ ഖുർആൻ പാരായണം ചെയ്യപ്പെട്ടാൽ അവരുടെ ഈമാൻ വർധിക്കുകയും ചെയ്യും, അവർ നിസ്കാരം കൃത്യതയോടെ നിർവ്വഹിക്കുന്നവരും സകാത്തിനെ കണക്കുപ്രകാരം കൊടുത്തുവീട്ടുന്നവരും റബ്ബിൽ ഭരമേൽപ്പിക്കുന്നവരുമാണെന്ന് പറയുന്നതിലൂടെ ഒരു യഥാർത്ഥ വിശ്വാസിക്കുണ്ടായിരിക്കേണ്ട സവിശേഷതകളെയാണ് ഖുർആൻ വ്യക്തമാക്കുന്നത്.


പിന്നീട് സത്യവിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും ആവിഷ്കാരമായ ഇസ്‌ലാമിലെ ആദ്യയുദ്ധം ബദ്റിന്റെ ചരിത്രത്തിലേക്ക് കടക്കുകയാണ്.

വിരലിലെണ്ണാവുന്ന വിശ്വാസി വൃന്ദം ഈമാനിന്റെ കരുത്ത് കൊണ്ട് തങ്ങളെക്കാൾ അംഗബലവും ആയുധബലവുമുള്ള ശത്രുസൈന്യത്തെ ചെറുത്തുനിന്ന് പരിശുദ്ധ ഇസ്‌ലാമിന്റെ യശസ്സുയർത്തിയ ബദ്റിന്റെ പോരാട്ട പശ്ചാത്തലങ്ങളും വിജയത്തിലേക്കെത്തിച്ച കാരണങ്ങളുമെല്ലാം സവിസ്തരം പ്രസ്താവിക്കുന്നുണ്ട് ഈ അധ്യായം.

ബദ്ർ യുദ്ധത്തിലേക്കെത്തിച്ച ഹേതു മുതൽ ഓരോ ഘട്ടങ്ങളെയും ഊന്നിപ്പറയുകയും മാനവജീവിതത്തിലുടനീളം കൈക്കൊള്ളേണ്ട പല പാഠങ്ങളെയും ചിന്തകളിലേക്കിട്ട് തരികയും ചെയ്യുന്നുണ്ട് ഖുർആൻ.

സത്യവിശ്വാസത്തിൽ അടിയുറച്ചു നിന്നവർക്ക് സഹായത്തിനായി സർവ്വലോക സൃഷ്ടാവുണ്ടാകുമെന്നതാണ് ബദ്ർ നൽകുന്ന പ്രധാന പാഠം.


ഖുർആനിൽ പലയിടങ്ങളിലായി ആവർത്തിക്കപ്പെടുന്ന ചില പരാമർശങ്ങൾ ഈ അധ്യായത്തിലും പ്രത്യേകമായി ചേർത്തുവെച്ചത് നമുക്ക് കാണാം.

സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക (8:20)

ഖുർആനിൽ നിരവധിയിടങ്ങളിൽ ആവർത്തിച്ചുവന്ന ഉൽബോധനമാണിത്.അല്ലാഹുവിനും അവന്റെ റസൂലിനും വഴിപ്പെടുക എന്നതാണ് സകലവിജയങ്ങളുടെയും മൂലഹേതു.

ഇതിനോട് ചേർത്ത് ഈ അധ്യായത്തിൽ അള്ളാഹു പറയുന്ന ഒരു പ്രത്യേക പരാമർശമുണ്ട്,

ഒരു മനുഷ്യനും അവന്റെ ഹൃദയത്തിനുമിടയിൽ അള്ളാഹു മറയിടും.

പ്രഭാതം മുതൽ പ്രദോഷം വരെ അവൻ സൽപാന്താവിൽ സഞ്ചരിക്കുകയാണെങ്കിൽ പോലും അള്ളാഹു മനുഷ്യനും അവന്റെ ഖൽബിനുമിടയിൽ മറയിടും.

കാരണം ഖൽബിന്റെ നിയന്ത്രണം അല്ലാഹുവിങ്കലാണ്.

"ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനെ, എന്റെ ഹൃദയത്തെ നിന്റെ ദീനിന്റെ മേൽ അടിയുറപ്പിച്ചു നിർത്തണേ "

പുണ്യ നബി ﷺ നിരന്തരം ദുആ ചെയ്യാറുള്ളതായി ഹദീസുകളിൽ കാണാം.

അല്ലാഹുവിനെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാണെങ്കിൽ പോലും ഖൽബിന്റെ പൂർണ്ണ നിയന്ത്രണം അല്ലാഹുവിനടുത്താണ്.അതിനെപ്പോഴാണ് പരിവർത്തനം സംഭവിക്കുക എന്ന് പ്രവചിക്കൽ അസാധ്യമാണ്.

അതുകൊണ്ട് ഹൃദയം എപ്പോഴും സത്സരണിയിലായിരിക്കണമെന്നതിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ഈ സൂക്തം.


വിശ്വാസികളോടുള്ള കടുത്ത താക്കീതെന്ന നിലക്ക് പിന്നീട് പറയുന്ന ഒരു ശ്രദ്ധേയ പരാമർശമാണ് "നിങ്ങൾ അല്ലാഹുവിനെയും അവന്റെ റസൂലിനെയും വഞ്ചിക്കരുത് "എന്ന് പറഞ്ഞത്.

ദീനിൽ കൽപ്പിക്കപ്പെട്ട കാര്യങ്ങളിൽ എതിര് പ്രവർത്തിക്കുന്നതിനുള്ള ശക്തമായ താക്കീതാണിത്.

അധർമ്മത്തിന്റെ പാതയിലൂടെ നിങ്ങൾ സഞ്ചരിക്കുമ്പോൾ മതത്തിന്റെ ധാർമികപരവും ബാധ്യതാപരവുമായ കാര്യങ്ങളെ പ്രവർത്തനപഥത്തിൽ കൊണ്ടുവരാതെ വിസ്മരിച്ചുകൊണ്ട് നിങ്ങൾ പോകുമ്പോൾ നിങ്ങളിൽ നല്ലവരുണ്ടെന്ന് കരുതി അള്ളാഹു ആരെയും മാറ്റിവെക്കില്ല, ആ അധർമങ്ങൾ നിമിത്തം നല്ലവരെയും അള്ളാഹു ശിക്ഷിച്ചേക്കുമെന്ന് ഒരോർമ്മപ്പെടുത്തലാണ് ഇരുപത്തി ആറാം സൂക്തത്തിലൂടെ അല്ലാഹു പറയുന്നത്.


മനുഷ്യന്റെ ജീവിതപ്രക്രിയയെ അർത്ഥപൂർണ്ണമാക്കാനുതകുന്ന നിരവധി ആശയങ്ങളെ സമഗ്രമായി പ്രതിപാദിക്കുന്ന ഒരദ്ധ്യായം തന്നെയാണിത്.അള്ളാഹു വിശുദ്ധ ഖുർആനിന്റെ അഹ്‌ലുകാരായി ജീവിക്കാനും അതിനെ ആഴത്തിൽ മനസ്സിലാക്കാനും തൗഫീഖ് നൽകട്ടെ.