സൂറത്തു തൗബ;പശ്ചാതാപത്തിന്റെ പുതുവഴികൾ.
സൂറത്ത് തൗബ എന്നാൽ പശ്ചാതാപത്തിന്റെ സൂറത്ത് എന്നാണ് അർത്ഥം. സത്യവിശ്വാസികളുടെ പശ്ചാത്താപ സ്വീകാര്യതയെ കുറിച്ച് ഒന്നിലേറെ സ്ഥലങ്ങളിൽ ഈ സൂറത്തിൽ പരാമർശിക്കുന്നു എന്നതിനാലാണ് ഈ സൂറത്തിന് " തൗബ "എന്ന് നാമകരണം ചെയ്യപ്പെട്ടത്. ആദ്യപദം പരിഗണിച്ച് ബറാ'അ എന്നും ഇതിന് പേരുണ്ട്. യുദ്ധ വിളംബരം,അസമാധാനാവസ്ഥ, കപടവിശ്വാസികളുടെ മുഖംമൂടികൾ അനാവരണം ചെയ്യൽ, പാരത്രിക ശിക്ഷാ മുന്നറിയിപ്പ് തുടങ്ങിയ പ്രതിപാദനങ്ങളാണ് ഈ സൂറത്തിന്റെ ഉള്ളടക്കം. ആയതിനാൽ തന്നെ ഇതിൽ ബിസ്മി ഇല്ല. "നബി (സ്വ )ഞങ്ങൾക്ക് ഇതിൽ ബിസ്മി പഠിപ്പിച്ച് തന്നിട്ടില്ല എന്ന് ഹസ്റത്ത് ഉസ്മാൻ(റ) ഉദ്ധരിച്ചിട്ടുണ്ട്.
മദീനയിൽ അവതരിച്ച ഈ സൂറത്ത് 129 സൂക്തങ്ങൾ ഉൾക്കൊണ്ടതാണ്. മദനീ സൂറത്തുകളുടെ പൊതുസ്വഭാവം ഈ സൂറത്തിലും മികച്ചു നിൽക്കുന്നതായി കാണാം. നിയമനിർമ്മാണ സംബന്ധമായ അനേകം സൂക്തങ്ങൾ ഇതിൽ പരാമർശിക്കുന്നുണ്ട്. മതത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളെ കുറിച്ചും ബഹുദൈവ വിശ്വാസികളോടും വേദക്കാരോടുമുള്ള യുദ്ധ കാര്യങ്ങളെ സംബന്ധിച്ചും കൂടുതൽ വിസ്തരിച്ചും സ്പഷ്ടമായും വളരെയേറെ ഇതിന്റെ സൂക്തങ്ങളിൽ പരാമൃശ്ടമായിരിക്കുന്നു.
ഇമാം ബുഖാരി(റ) ബറാ'അ ബ്നു ആസിബ് (റ) വിൽ നിന്നും ഉദ്ധരിച്ച ഹദീസിൽ ഏറ്റവും അവസാനമായി ഇറങ്ങിയ സൂറത്ത് സൂറത്ത് തൗബയാ ണെന്ന് വ്യക്തമാക്കുന്നുണ്ട്. ഹിജ്റ ഒമ്പതാം വർഷത്തിലാണ് ഈ സൂറത്ത് അവതരിച്ചത്. തബൂക്, മുഅ'തത്ത് , മക്കഫത്ഹ് തുടങ്ങി പല പ്രമുഖ യുദ്ധങ്ങളും നടന്നത് ഈ വർഷത്തിലായിരുന്നു.
തിരു നബിക്കും ബഹുദൈവവിശ്വാസികൾക്കുമിടയിൽ പല കരാറുകളും ഉടമ്പടികളും നിലവിലുണ്ടായിരുന്നു. വേദക്കാരുമായും പല കരാറുകൾ അവിടന്ന് ചെയ്തു. എന്നാൽ ഇവരൊക്കെ ആ സന്ധികളുടെ താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും നബി തങ്ങളെയും മുസ്ലീങ്ങളെയും വഞ്ചിക്കുകയും ചെയ്തു . ജൂതന്മാരുമായി ഗൂഢാലോചന നടത്തിയാണ് ബഹുദൈവവിശ്വാസികൾ പലപ്പോഴും ഇസ്ലാമിനെതിരെ രംഗത്ത് വന്നിരുന്നത്. ഈ ദൃശ്യമായ പശ്ചാത്തലത്തിലാണ് ബറാഅത്ത് സൂറത്ത് അവതരിപ്പിച്ചുകൊണ്ട് മുസ്ലീങ്ങളെ അള്ളാഹു പുതിയ വഴിത്തിരിവിലേക്ക് നയിച്ചത്.
"തങ്ങളുടെ കരാറുകൾ ലംഘിക്കുകയും റസൂലിനെ നാടുകടത്താൻ ഉദ്ദേശിക്കുകയും ചെയ്ത ജനതയോട് നിങ്ങൾ യുദ്ധം ചെയ്യുന്നില്ലേ? വാസ്തവത്തിൽ അവരാണല്ലോ നിങ്ങളോട് ആദ്യമായി യുദ്ധം ആരംഭിച്ചത്. എന്നിട്ടും നിങ്ങൾ അവരെ ഭയപ്പെടുകയാണോ? എന്നാൽ സാക്ഷാൽ വിശ്വാസികളാണെങ്കിൽ നിങ്ങൾ ഭയപ്പെടാൻ ഏറ്റവും അർഹൻ അല്ലാഹുവാണ്, അവരോട് നിങ്ങൾ യുദ്ധം ചെയ്യുക" ( തൗബ/ 13)
സത്യവിശ്വാസികളോടൊന്നിച്ച് നടക്കുകയും കാപട്യം ഉള്ളിൽ ഒളിപ്പിച്ചു വെക്കുകയും ചെയ്യുന്ന ഒരു വിഭാഗം മദീനയിൽ ഉണ്ടായിരുന്നു. മുൻ സൂറത്തുകളിലും അൽബഖറയുടെ ആരംഭത്തിലുമൊക്കെ അവരെക്കുറിച്ചുള്ള പരാമർശങ്ങൾ വന്നിട്ടുണ്ട്. എന്നാൽ, തൗബ സൂറത്തിൽ അവരെ തൊലിയുരിച്ചു തന്നെ കാണിച്ചിരിക്കുന്നു. ഇക്കാരണത്താൽ "സൂറത്തുൽ ഫാളിഹ" (سورة الفاضحة) എന്ന ഒരു പേര് തന്നെ ഈ അധ്യായത്തിന് ലഭിച്ചിട്ടുണ്ട്. "ഹസ്രത്ത് സഈദ് ബ്നു ജുബൈർ (റ) പറയുന്നു ഇബ്നുഅബ്ബാസ് (റ) നോട് സൂറത്തു തൗബ യെക്കുറിച്ച് ഞാൻ ചോദിച്ചു. അതാണ് സൂറത്തുൽ ഫാളിഹ എന്ന് അദ്ദേഹം പറഞ്ഞു കാരണം, ...ومنهم...ومنهم (അവരിൽ ഇങ്ങനെ ഉള്ളവരുണ്ട്) എന്ന് ആരംഭിച്ചു കൊണ്ടാണ് അത് അവതരിച്ചു കൊണ്ടിരുന്നത് . ഒരാളെയും ഈ സൂറത്ത് വെറുതെ വിടില്ല എന്ന് ഞങ്ങൾ ഭയപ്പെട്ടുപോയി."( തഫ്സീർ ഖുർതുബി 8:61)
മുസ്ലീങ്ങളുടെ ഭദ്രതയും സുരക്ഷിതത്വവും ഐക്യവും വിശ്വാസ ദൃഢതയുമൊക്കെ ശിഥിലമാകുന്നതിന് ഏറ്റവും വലിയ ഭീഷണി ഈ കപടന്മാരും ബഹുദൈവ വിശ്വാസികളും മറ്റു വേദക്കാരും ഒക്കെയായിരുന്നു. അവരോട് നിങ്ങൾ യുദ്ധം ചെയ്യുക എന്നാണ് അല്ലാഹു കൽപിച്ചിട്ടുള്ളത്. ഒരുപാട് സൂക്തങ്ങളിലായി ഈ വിഭാഗത്തെ കുറിച്ച് മാത്രം സംസാരിക്കുന്നുണ്ട്. അവരുടെ കുതന്ത്രങ്ങളും ഗൂഢാലോചനകളും ദുർമോഹങ്ങളും തനിനിറവുമൊക്കെ അവിടെ അനാവരണം ചെയ്യുന്നുണ്ട്. അല്ലാഹു വിന്റെ പ്രകാശം ഊതിക്കെടുത്താൻ വ്യർഥശ്രമം നടത്തുന്ന യഹൂദികൾ ഉൾപ്പെടെയുള്ളവർ പരാജയപ്പെടുക തന്നെ ചെയ്യും എന്ന് അള്ളാഹു വ്യക്തമാക്കുന്നു.
എത്ര ചിന്തോദ്ദീപകമാണ് ഈ സൂക്തങ്ങൾ !
സത്യത്തിന് മുഖം മൂടി അണിയിച്ച് അസത്യം പ്രചരിപ്പിക്കുവാൻ ശ്രമിക്കുന്നവർക്ക് എക്കാലവും ഇതൊരു പാഠമാണ്.
Fathima Shibila . EP
Shifa .CK
Darul Anwar Islamic And Arts College For Women(Wafiyya), Pallippuram, Pattambi.
2 Comments
Maashallah 💕
ReplyDelete🥰
ReplyDelete