സൂറത്തു റഅദ്; പ്രപഞ്ച നാഥന്റെ മഹോന്നതികളിലൂടെ


സർവ്വ ലോകങ്ങൾക്കും അതീതനായ ഹബീബ് (സ്വ) തങ്ങളുടെ  പലായത്തിനുശേഷം അവതരിക്കപ്പെട്ട, 43 സുക്തങ്ങൾ ഉൾക്കൊള്ളുന്ന പതിമൂന്നാം അദ്ധ്യായമാണ് സൂറത്തു റഅദ്.സത്യത്തിന്റെ ശക്തിയും അസത്യത്തിന്റെ ബലഹീനതയും വ്യക്തമാക്കുന്നതാണ് ഈ അദ്ധ്യായത്തിന്റെ പ്രമേയം.


  റഅദ് എന്ന അറബി പദത്തിന്റെ അർത്ഥം ഇടിനാദം എന്നാണ്. മേഘങ്ങളെ നിയന്ത്രിക്കുന്ന മലക്കിനെയും റഅദ് എന്ന് പ്രതിപാദിക്കുന്നതിനാലാണ് ഈ അദ്ധ്യായത്തിന് റഅദ് എന്ന പേര് പരാമർശിക്കപ്പെട്ടത് എന്ന്  മുഫസ്സിറുകൾ രേഖപ്പെടുത്തുന്നതായി കാണാം.ഈ സൂക്തം മദീനയിൽ അവതരിച്ചതാണെന്ന് നാം മുകളിൽ പരാമർശിച്ചല്ലോ? എന്നാൽ പ്രബലമായ അഭിപ്രായം മദീനയിലാണെകിലും,മക്കയിൽ അവതരിച്ചതാണെന്നും മക്കയിലും മദീനയിലും കൂടി അവതരിച്ചതാണെന്നുമെല്ലാം അഭിപ്രായങ്ങളുണ്ട്. ഇടിയും മിന്നലും ഇടിത്തീയുമൊക്കെ മനുഷ്യരെ അമ്പരപ്പിക്കുകയും ഭയചകിതരാക്കുകയും ചെയ്യുന്ന പ്രതിഭാസങ്ങളാണ്.


وَيُسَبِّحُ الرَّعْدُ بِحَمْدِهِ وَالْمَلَائِكَةُ مِنْ خِيفَتِهِ وَيُرْسِلُ الصَّوَاعِقَ فَيُصِيبُ بِهَا مَن يَشَاءُ وَهُمْ يُجَادِلُونَ فِي اللَّهِ وَهُوَ شَدِيدُ الْمِحَالِ". 

എന്ന 12-13  സൂക്തങ്ങളിൽ നിന്നും അവ വ്യക്തമാവുന്നതാണ്.

അത്ഭുതവും ചിന്തോദ്ധീപകവുമായ പ്രാപഞ്ചിക പ്രതിഭാസങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട മൂന്നു കാര്യങ്ങൾ ഇതിലൂടെ ഉത്:ബോധിപ്പിച്ചിട്ടുണ്ട്.

ആകാശങ്ങളുടെ സൃഷ്ടിപ്പ്,ദൈവീക സിംഹാസനമായ അർശ് ,സൂര്യനെയും ചന്ദ്രനെയും മനുഷ്യരുടെ ആവശ്യങ്ങൾക്കായി വിധേയമാക്കിയത്. ഇവയൊക്കെ അല്ലാഹു വ്യക്താമാക്കിയത് മനുഷ്യനെ മരണാനന്തരം സൃഷ്ടിക്കുക എന്നത് ഒട്ടും പ്രയാസകരമല്ല എന്ന് പഠിപ്പിക്കാനാണ്. അതുപോലെ ഈ അദ്ധ്യായത്തിലെ പ്രാരംഭഘട്ടത്തിൽ തന്നെ നിരീശ്വരവാദികൾക്കും യുക്തിവാദികൾക്കുമുള്ള മുന്നറിയിപ്പെന്നോണം പ്രപഞ്ചനാഥൻ ഓരോ ദൃഷ്ടാന്തങ്ങളെയും ഇവിടെ ചൂണ്ടിക്കാണിക്കുന്നു.മധുര മുന്തിരിയും കൈപ്പക്കയും ഒരേ മണ്ണിൽ വിളയുന്നു.ഓരോന്നിനും രുചിഭേദങ്ങളുമു ണ്ട്.എന്തുകൊണ്ടാണ് ഈ നാനാത്വം എന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ..?


 ഈ അദ്ധ്യായത്തിൽ സൂര്യനും ചന്ദ്രനും മറ്റു പ്രതിഭാസങ്ങളുംമെല്ലാം അല്ലാഹു സ്തുതിക്കപ്പെട്ടവനും പരിശുദ്ധനുമാണെന്ന് അവയുടെ അസ്തിത്വം കൊണ്ട് തന്നെ വിളംബരം ചെയ്യുന്നതായി നമുക്ക് വീക്ഷിക്കാവുന്നതാണ്.

 ഭൂലോകത്ത് നടക്കുന്ന ആന്തരികവും ബാഹ്യവുമായ സകലമാന ചെയ്തികളുമറിയുന്ന സർവ്വജ്ഞാനിയാണ് പ്രപഞ്ചനാഥൻ. ഒരു സമൂഹത്തിന് തിന്മ ഉദ്ദേശിച്ചാൽ ഒരു ഉപരോധവും അതിലുണ്ടാവുകയില്ല. അല്ലാഹുവിനെ കൂടാതെ ഒരു വിധ സംരക്ഷകനുമവർക്കുണ്ടാവുകയില്ല. ത്രികാല ജ്ഞാനിയായ ഇലാഹ് ഒരുത്തനെ വഴി തെറ്റിക്കുന്നുവെങ്കിൽ അവനൊരു മാർഗദർശനവും ഉ ണ്ടാവുകയില്ലതാനും.

 ജലത്തെ തന്റെ വായയിലേക്ക് എത്താനായി രണ്ട് കരങ്ങൾ നിവർത്തി പിടിക്കുകയും എന്നാൽ ജലം തന്റെ വായിൽ എത്താത്ത ഒരു അവസ്ഥയോടാണ് സത്യനിഷേധികളുടെ പ്രാർത്ഥനയെ സ്രഷ്ടാവ് വരച്ചുകാട്ടുന്നത്. സത്യത്തെയും അസത്യത്തെയും പല ഉപമകൾ കൊണ്ട് വളരെ വിഭിന്നമായി സാഹിത്യ വൽക്കരിക്കാൻ പ്രപഞ്ചനാഥനല്ലാതെ മറ്റേത് സാഹിത്യകാരനാണ് സാധ്യമാകുക..??


 സർവ്വവിധ ഭൗതിക പുരോഗതിയും സാങ്കേതിക നേട്ടവും കൈവരിച്ചിട്ടും ശാന്തിയും സ്വസ്ഥതയും ഇല്ലാതെ പരിഭ്രമിച്ച വേവലാതിപ്പെടുന്ന ആധുനികലോകത്തിനുള്ള  ഒറ്റമൂലി ആണ് ഈ കൊച്ചു വചനം.

"ദൈവസ്മരണ മുറുകെ  പിടിക്കുക, എവിടെയും അത് കൈവിട്ട് കൂടാ..."


 അല്ലാഹു സൂറത്ത് റഅദിലൂടെ ബഹുദൈവാരാധന വിലക്കുകയും ഏകദൈവാരാധന യിലേക്ക് വഴിതെളിക്കുകയും ചെയ്യുന്നുണ്ട്.


"أَلَا  بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ"



 വിശ്വാസികളുടെ ഹൃദത്തടങ്ങളിൽ സാന്ത്വനത്തിന്റെ കുളിർമഴ പെയ്യിക്കുന്ന ഈ ഒരു ഭാഗം സൂറത്തിന്റെ മനോഹാരിതയെ വിളിച്ചോതുന്നു.

 സത്യവാഹകരുടെയും അസത്യവാഹകരുടയും പരിണാമ അവസ്ഥകളെ കുറിച്ചും അവരുടെ പരലോക ഭവനങ്ങളെ കുറിച്ചും പരാമർശിച്ചുകൊണ്ട് അള്ളാഹു തന്റെ പ്രിയ ദാസനോട്‌ സാന്ത്വന വചനങ്ങൾ  ഉരുവിടാൻ കല്പിക്കുക യാണ്.

" നബിയെ താങ്കൾ ദൂതൻ അല്ലെന്ന് സത്യനിഷേധികൾ പറയുന്നു.താങ്കൾ പറയുക എനിക്കും നിങ്ങൾക്കുമിടയിൽ സാക്ഷ്യംവഹിക്കാൻ,അള്ളാഹുവും വേദ പരിജ്ഞാനമുള്ളവരും മതി."

 കാരുണ്യഹർഷങ്ങൾ വീശിക്കൊണ്ട് തന്റെ അടിമയെ സാന്ത്വനിപ്പിക്കുന്ന കാഴ്ചയിലൂടെ ഈ അദ്ധ്യായത്തിന് സമാപ്തി കുറിക്കുകയും ചെയ്യുന്നു.


الله أكبر ولله الحمد 🤍