സൂറത്തുല്‍ ഹിജ്ർ : പ്രാപഞ്ചിക വിസ്മയങ്ങളുടെ ആവിഷ്കാരം.
പരിശുദ്ധ ഖുർആനിലെ പതിനഞ്ചാം അദ്ധ്യായമായ സൂറത്തുൽ ഹിജ്ർ മക്കയിലാണ് അവതീർണമായത്. 99 സൂക്തങ്ങൾ അടങ്ങുന്ന ഈ അധ്യായം നിരവധി പ്രവാചകന്മാരുടെ പ്രബോധന വീഥികളിലൂടെ കടന്നുപോകുന്നു. ഈ സൂറത്തിലെ എൺപതാം വചനത്തിൽ സ്വാലിഹ് നബി عليه السلام ന്റെ രാജ്യമായ ഹിജ്റിനെക്കുറിച്ചുള്ള പരാമർശമാണ് ഇതിന് സൂറത്തുൽ ഹിജ്ർ എന്ന് നാമകരണം ചെയ്യാനുള്ള ഹേതുവാകുന്നത്. ഹിജ്റ് എന്ന് പറയുന്നത് സൗദി അറേബ്യയിലെ മദീനയിൽനിന്ന് തബൂക്കിലേക്ക് പോകുന്ന വഴി മധ്യേയുള്ള മലമടക്കുകൾ നിറഞ്ഞ പ്രദേശമാണ്. സ്വാലിഹ് നബി عليه السلام ന്റെ സമുദായമായ സമൂദ് താമസിച്ചിരുന്നത് ഇവിടെയാണെന്ന് നമുക്ക് ചരിത്ര താളുകളിൽ ദർശനീയമാണ്. ഈ സ്ഥലങ്ങളിലെ പാറകൾ തുരന്നാണ് അവർ ഇവിടെ വാസമുറപ്പിച്ചത്. ഇതിലെ 82-ാംമത്തെ ആയത്തിൽ ഈ വിഷയത്തെ അവതരിപ്പിച്ചിട്ടുണ്ട്.
وَكَانُوا يَنْحِتُونَ مِنَ الْجِبَالِ بُيُوتًا ءَامِنِين.
(നിർഭയരായ നിലയിൽ മലകളിൽ നിന്നും അവർ (പാറ) വെട്ടിത്തുരന്ന് വീട് ഉണ്ടാക്കുകയും ചെയ്തിരുന്നു.)
ഈ സൂറത്തിലെ ആദ്യ ഭാഗത്ത് തന്നെ അതിഗൗരവവും ചിന്തനീയവുമായ ആശയത്തെയാണ് അള്ളാഹു നമ്മിലേക്ക് ഇട്ട് തരുന്നത്. പരിശുദ്ധ ഖുർആനിന്റെ സൂക്ഷിപ്പും സംരക്ഷണവും അല്ലാഹു തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്, അതിൽ ആർക്കും പങ്കില്ല എന്നതാണത്.
إنَّا نَحْنُ نَزَّلْنَا الذِّكْرَ وَإنَّا لَهُ لَحَـٰفِظُونْ.
(നാമാണ് ഖുർആനിനെ ഇറക്കിയത്. നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും.)
എല്ലാ ഗ്രന്ഥങ്ങളും കാലക്രമേണ മാറ്റങ്ങൾക്ക് വിധേയമായെങ്കിലും കാലാന്തരങ്ങൾ എത്ര തന്നെ മാറി മറിഞ്ഞിട്ടും ഖുർആനിലെ ഒരു വള്ളിപുള്ളി പോലും മാറ്റം സംഭവിക്കാതെ ഇന്നും നിലനിൽക്കുന്നു. ഖുർആൻ എന്നും അമാനുഷികമായി തന്നെ നിലനിൽക്കുന്ന ഒരു വിശുദ്ധ ഗ്രന്ഥമാണ്. ഈ സൂറത്തിലൂടെ അല്ലാഹു നിരവധി പ്രാപഞ്ചിക വിസ്മയങ്ങളെ അനുധാവനം ചെയ്യുന്നു. ഇതിലെ 16-ാമത്തെ ആയത്തിലൂടെ ഭൗമാന്തരീക്ഷത്തിലെ രാശികളെ കുറിച്ച് അല്ലാഹു പ്രതിപാദിക്കുന്നു.
وَلَقَدْ جَعَلْنَا فِي السَّمَاءِ بُرُوجًا وَزَيَّنَـٰهَا للنَّاظِرِِينَ
(ആകാശത്തില്‍ നാം ചില ഗ്രഹമണ്ഡലങ്ങളെ (രാശികളെ) ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോക്കുന്നവര്‍ക്ക് അവയെ നാം അലങ്കാരമാക്കുകയും ചെയ്തിരിക്കുന്നു.)
പരിശുദ്ധ ഖുർആനിന്റെ ഘടന ഏറെ അത്ഭുതാവഹമാണ്. സ്വർഗത്തെ കുറിച്ചുള്ള പരാമർശത്തിന് പുറകെ നരകത്തെ കുറിച്ചുള്ള പരാമർശം ഖുർആനിലെ കൗതുകകരമായ ഒരു ശൈലിയാണ്. ഇതിലൂടെ മനുഷ്യർ സ്ഥിരമായ ദുഃഖത്തിലും സന്തോഷത്തിലും നിലനിൽക്കരുതെന്ന പാഠം നാഥൻ നമുക്ക് നൽകുന്നു.
بَيْنَ الْخَوْفِ وَالرَّجَاءِ
എന്ന അവസ്ഥയിലാണ് മനുഷ്യൻ നിലകൊള്ളേണ്ടത്. ഇതിൽ 49-ാമത്തെ ആയത്തിൽ തന്റെ കാരുണ്യത്തെക്കുറിച്ച് പറഞ്ഞതിനുശേഷം അടുത്ത ആയത്തിലായി അള്ളാഹു അവന്റെ അതികഠിനമായ ശിക്ഷയെ കുറിച്ചും പരിചയപ്പെടുത്തുന്നു.
ഖുർആൻ ആഴത്തിലുള്ള പഠനങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്. അതിലെ ഒരു സൂക്തത്തിനും തെറ്റായ രീതിയിലുള്ള വിശദീകരണം കൊടുക്കാന്‍ പാടുള്ളതല്ല.
وَاعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ الْيَقِينْ
( നിനക്കു (ആ) ഉറപ്പു [മരണം] വന്നെത്തുന്നതുവരേക്കും നിന്റെ റബ്ബിനെ നീ ആരാധിക്കുകയും ചെയ്യുക.)
ഈ ആയത്തിലെ يقين എന്ന പദത്തിൻറെ വിവക്ഷ ഏറെ ഗൗരവമാണ്. മരണം എന്നതാണ് ഇതിന്റെ യഥാർത്ഥ വിവക്ഷ. എന്നാൽ ചില ബുദ്ധിജീവികൾ ഇതിന് സത്യം എന്ന് അർത്ഥം പറയുകയും, തന്നിമിത്തം അല്ലാഹുവിനെ യഥാർത്ഥത്തിൽ മനസ്സിലാക്കുക എന്നത് വരെ മാത്രമാണ് ആരാധന ആവശ്യമുള്ളൂ എന്ന് അവർ പറയുന്നു. അങ്ങനെയെങ്കിൽ പ്രവാചകന്മാർ തന്നെയാവണമായിരുന്നു ആരാധനകള്‍ ചെയ്യാതെ കഴിഞ്ഞു കൂടേണ്ടത്. എന്നാൽ അവരെല്ലാം അതികഠിനമായ രീതിയിൽ ആരാധന നിർവഹിക്കുന്നവർ ആയിരുന്നു. അതിനാൽ തന്നെ ഈ വാദം തികച്ചും നിരർത്ഥകമാണ്.
ധിക്കാരികളായ സമൂദ് കാരുടെ ഹിജ്റെന്ന നാടിനെ പരാമർശിക്കുന്ന ഈ സൂറത്ത് അല്ലാഹുവിന്റെ ദീനിനോടുള്ള ജനങ്ങളുടെ വിമുഖത യിലേക്ക് സൂചിപ്പിക്കുന്നു. എതിർപ്പുകളും അവഹേളനങ്ങളും കൂടുതലായി നേരിട്ട മതമാണ് ഇസ്ലാം. എന്നാൽ ഇന്നും തെളിമ മങ്ങാതെ ശീഘ്രമായി ജ്വലിക്കുന്നതും ഇസ്ലാം തന്നെ. നാഥന്റെ സഹായഹസ്തങ്ങൾ എന്നും നമ്മില്‍ ഉണ്ടാവട്ടെ- ആമീൻ
... والله مستعان....
Sulthana Parveen & Fathima Sulha
(NOORUL ISLAM WOMEN'S COLLEGE,ALAMPADY)
1 Comments
Mashaallha...👍👍♥️
ReplyDelete