സൂറത്തു ഇബ്രാഹീം ; വേരുറപ്പിന്റെ സത്യ സാക്ഷ്യം
”له کلّ ذرّاتِ الوجود شواهد
علی انّه الباری اللاِلاه المصوّر“
അജയ്യനായ അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസത്തിന്റെ നേർസാക്ഷ്യമാണ് സൂറത്തു ഇബ്റാഹീം. മേൽ സൂചിപ്പിച്ച അറബി കവിത വിരൽ ചൂണ്ടുന്നതും ഈ നഗ്ന യാഥാർത്ഥ്യത്തിലേക്കാണ്. അവതരണം മക്കയിൽ ആയത് കൊണ്ട് തന്നെ കാമ്പും കഴമ്പുമുറ്റ സത്യവിശ്വാസം, പ്രവാചക നിയോഗവും അനുബന്ധ വിഷയങ്ങളും, പൂർവ്വ സമുദായത്തിലെ പ്രവാചകർ, സത്യനിഷേധികളുടെ ദാരുണാവസ്ഥ, പാരത്രിക ലോകത്ത് അവരനുഭവിക്കുന്ന പരാജയ നിർഭാഗ്യങ്ങൾ, സ്വർഗ്ഗവും അതിന്റെ അവകാശികളും തുടങ്ങി ധാരാളം അടിസ്ഥാന ഇസ്ലാമിക പ്രമാണങ്ങൾ ഇതിൽ ഉയർന്നുവരുന്നു.എന്നാൽ ബദ്റിൽ വെച്ച് മുശ് രിഖീങ്ങളിൽ നിന്നും കൊല്ലപ്പെട്ടവരുടെ വിഷയത്തിൽ ഇറങ്ങിയ 28,29 ആം ആയത്തുകൾ മാത്രം മദനിയ്യാണ്.
ഒരു മനുഷ്യ ഹൃദയത്തിൽ സംഭവ്യമാകുന്ന കാര്യങ്ങളെ സംബന്ധിച്ച് അറിവുള്ളവൻ ദൈവം മാത്രമാണെന്ന ആത്യന്തിക സത്യത്തിനും പരിശുദ്ധ ഖുർആനിലെ ഈ പതിനാലാമത് അധ്യായം ശില പാകുന്നു. ഹിജ്റക്ക് രണ്ട്- മൂന്ന് വർഷം മുമ്പ് നബി (സ) യ്ക്കും സ്വഹാബാക്കൾക്കും ശത്രുക്കളുടെ പീഡനം അതിരൂക്ഷമായപ്പോഴാണ് മക്കയിൽ ഇത് അവതീർണമായത്.
ഇബ്റാഹീം (അ ) ന്റെ ചരിത്രം അൽബഖറ, അമ്പിയാ തുടങ്ങിയ അധ്യായങ്ങളിൽ പരാമർശിച്ചതിനും പുറമെ അദ്ദേഹത്തിന്റെ നാമോധയത്തിൽ പ്രത്യേകം ഒരു അധ്യായം തന്നെ അവതരിപ്പിച്ചത്, ഇലാഹിന്റെ ആത്മമിത്രമെന്ന പവിത്രസ്മരണയ്ക്ക് മാറ്റ് കൂട്ടാൻ വേണ്ടിയായിരുന്നു. ഇസ്രായേല്യരിലേക്ക് മൂസ (അ) നിയോഗിതനായതും ഫറോവയുടെ ക്രൂര മർദ്ദനങ്ങളിൽ നിന്നു രക്ഷപെടുത്തിയും മറ്റും നാഥൻ അവർക്ക് ചെയ്ത അനുഗ്രഹങ്ങളെ അവർ നിസ്സാരമായി തള്ളിക്കളഞ്ഞതും നമുക്ക് വായിച്ചെടുക്കാം. മാർഗ്ഗദർശികളെ നിഷേധിക്കൽ മൂലം ആദ് - സമൂദ് ഗോത്രക്കാർ നേരിട്ട നിന്ദ്യതയും സുവ്യക്തമായി ഒരു താക്കീതിന്റെ രൂപത്തിൽ ഇതിൽ കടന്നുവരുന്നു.
സത്യവിശ്വാസത്തിന്റെയും സത്യനിഷേധത്തിന്റെയും വചനങ്ങൾക്ക് അള്ളാഹു ശക്തമായ ഉദാഹരണങ്ങൾ ആവിഷ്കരിക്കുന്നുണ്ട് . കൊടുങ്കാറ്റിനിളക്കിക്കളയാനാകാത്ത വിധം ഭൂമിയിൽ വേരുറപ്പിച്ചു നിൽക്കുന്ന ഒരു നല്ല വൃക്ഷത്തിന്റെ ശാഖകൾ ജനങ്ങൾക്ക് ഉപകാരപ്രദമായ ഫലങ്ങൾ നൽകി ആകാശത്ത് ഉയർന്ന് നിൽക്കുന്നു. എന്നാൽ ലക്ഷ്യത്തിന് മുന്നിൽ കുറ്റവാളിയെപ്പോലെ നിഷേധത്തിന്റെ വചനം പിഴുതെറിയപ്പെടുന്നു. അതിന്റെ വൃക്ഷം അസ്ഥിരവും ഫലശൂന്യവുമാണ്. “لا اله الا الله” എന്ന് ഒരു സത്യവിശ്വാസി പറഞ്ഞുകൊണ്ടിരിക്കുമ്പോഴേല്ലാം അത് വിഹായസ്സിലേക്കുയർന്ന് ക്ഷേമൈശ്വര്യങ്ങൾ കൊണ്ട് വരുമ്പോൾ നിഷേധിയുടെ കർമഫലം മുരടിച്ച് നിലം പതിക്കുന്നു. ഇത് 'സാദുൽ മസീറി'ലും വ്യക്തമാണ്. ഇവിടെ നന്മയെ കുറിച്ച് വിസ്‌തരിച്ച് പറയുകയും എന്നാൽ മോശമായതിനെ ഹ്രസ്വമാക്കുന്നതോടൊപ്പം ഊന്നിപ്പറയുകയും ചെയ്യുന്ന റബ്ബിന്റെ പതിവു ശൈലി ഇവിടെയും പ്രസക്തം തന്നെ. തൊട്ടുമുമ്പുള്ള رعد മായി നിരവധി ബന്ധങ്ങൾ ഈ സൂറത്തിനുണ്ട്. അവിടെ ആദ്യത്തെ സൂക്തം ഖുർആൻ അവതരണത്തെക്കുറിച്ച് മാത്രം പ്രതിപാദിക്കുമ്പോൾ ഇവിടെ അതിന്റെ ലക്ഷ്യവുമെന്തെന്ന് കൂടി വ്യക്തമാക്കുന്നു. ഇപ്രകാരം തന്നെ 'ബസ്വാഇർ '(2:268)ലും കാണാം.
റഅദിന്റെ 32 ൽ അല്ലാഹുവിന്റെ കല്പനപ്രകാരം തിരു നബി (സ) തന്റെ സർവ്വവും അവനിൽ ഭരമേൽപ്പിക്കുന്നതായി പറയുന്നുവെങ്കിൽ ഇബ്രാഹിമിന്റെ 12 ലൂടെ എല്ലാ പ്രവാചകരും അങ്ങനെ ആയിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. സത്യ- മിഥ്യങ്ങളുടെ ചിത്രീകരണം, ആകാശഭൂമികളുടെ സൃഷ്ടിപ്പ്, സൂര്യചന്ദ്രാദികളെ കീഴ്പ്പെടുത്തിയത്, അവിശ്വാസികളുടെ ഗൂഢാലോചനയും കുതന്ത്രവും എന്നിങ്ങനെ പല വിഷയങ്ങളിലും ഇവ സമാനത പുലർത്തുന്നു.
മൂസാ നബി (അ)നോട് ഇരുട്ടുകളിൽ നിന്നു പ്രകാശത്തിലേക്ക് താങ്കളുടെ ജനതയെ നയിക്കുകയെന്ന് അനുശാസിച്ചുവെങ്കിൽ അന്ധകാരത്തിൽ നിന്നും ജനങ്ങളെ പുറത്തുകൊണ്ടുവരിക എന്നാണ് നബി (സ്വ) അല്ലാഹു കൽപിക്കുന്നത്. ഇവിടെ ഇരുവർക്കുമായി അള്ളാഹു തിരഞ്ഞെടുത്ത പദപ്രയോഗം എന്തുകൊണ്ടും ശ്രദ്ധേയമാണ്. ഇമാം 'അബൂ ഹയ്യാന്റെ' 'അൽ ബഹ്റുൽ മുഹീത്വി'ൽ (5 :405) ഇതിന് സ്പഷ്ടമായ തെളിവുണ്ട്.
'وما ارسلنا من رّسول الا بلسان قومه،لیبین لهم..'
'യാതൊരു റസൂലിനെയും അദ്ദേഹം തന്റെ ജനങ്ങൾക്കു കാര്യങ്ങൾ വിവരിച്ചു കൊടുക്കുവാനായി അവരുടെ ഭാഷയിൽ അല്ലാതെ നാം അയച്ചിട്ടില്ല' എന്ന് നാലാം ആയത്തിലൂടെ വെളിപ്പെടുത്തുമ്പോൾ,
'وما ارسلناک الا کافة للناس بشیرا ونذیرا'
സൂറത്തു സബഇലെ ഇരുപതാമത് സൂക്തം തെളിവ് പിടിച്ച് ഖുർആൻ അങ്ങനെയെങ്കിൽ എന്തുകൊണ്ട് അറബി ഭാഷയിൽ ആയി? എന്ന സ്വാഭാവിക ചോദ്യത്തിന് സാധ്യതയേറെയാണ്. ഇവിടെ നാം മനസ്സിലാക്കേണ്ടത് നബി (സ്വ)യുടെ قوم അറബികളും മറ്റുള്ളവരെല്ലാം امّة മായിരുന്നു എന്നാണ്.
'അതിനാൽ എല്ലാ ഭാഷയിലും ഖുർആൻ അവതരിക്കേണ്ട ആവശ്യമില്ല കാരണം തർജ്ജമ അതിനുപകരം നിൽക്കുന്നതാണ്.'
(ഇമാം നസഫി - മദാരികുത്തൻസീൽ -2 :255)
”لٸن شکرتم لازیدنّکم“
എന്ന് ഈ സൂറത്തിന്റെ ഏഴാം ആയത്തിലൂടെ അള്ളാഹു ഉദ്ബോധി പ്പിക്കുമ്പോൾ 'ഞാനൊരു നന്ദിയുള്ള അടിമയാകേണ്ടയോ ആഇഷാ'... എന്ന് ചോദിച്ചുകൊണ്ട് നീരു കെട്ടി വീർത്ത കാലു വെച്ച് സുജൂദുകൾ അധികരിപ്പിച്ച ഹബീബ് (സ്വ)യെക്കാൾ നല്ലൊരു മാതൃക ഇവിടെ പകരമാവില്ല.
തിരു നബി (സ്വ)അരുളി : ഇബ്രാഹിമും സൂറത്തു ഹിജ്റും ആരെങ്കിലും പാരായണം ചെയ്യുന്നുവെങ്കിൽ വിഗ്രഹാരാധകരുടെ എണ്ണത്തേക്കാൾ പതിന്മടങ്ങ് പ്രതിഫലം കിട്ടും.
ജാഫർ ബ്നു മുഹമ്മദ് എന്നവർ റിപ്പോർട്ട് ചെയ്യുന്നു:ആരെങ്കിലും ഈ സൂറത്ത് വെള്ളത്തുണിയിൽ എഴുതി കുട്ടിയുടെ വസ്ത്രത്തിൽ ഘടിപ്പിച്ചാൽ കരച്ചിൽ,ഭയം എന്നിവ മാറും. കൂടാതെ മുലകുടി മാറുവാനും ഇത് സഹായകമാണ്. ഇതിലെ പന്ത്രണ്ടാമത്തെ സൂക്തം ശുദ്ധമായ ഉദ്ദേശത്തോടെയും യഥാർത്ഥ വിശ്വാസത്തോടെയും എഴുതി അത് തന്നിൽ തന്നെ സൂക്ഷിക്കുന്നവർക്ക് സന്ധിവേദന സുഖപ്പെടുമെന്നും കിത്താബുകൾ പരിശോധിച്ചാൽ വ്യക്തമാകും.
അവിശ്വാസത്തിന്റെ, അജ്ഞതയുടെ വഴികൾ എണ്ണമറ്റതും എന്നാൽ നന്മയുടെ വഴി ഒന്നു മാത്രമാണെന്നും പാരായണാന്ത്യത്തിൽ നമുക്ക് നിഗമിച്ചെടുക്കാം .
”فیضلّ اللّه من یشاء ویهدی من یشاء“
ഹിദായത്തിനുള്ള അനുമതി അറിവ്, കൽപ്പന,ഉദ്ദേശ്യം, സൃഷ്ടി എന്നിവയിലൂടെ അല്ലാഹുവിൽ നിന്ന് മാത്രമാണെന്ന് ഓർമ്മപ്പെടുത്തി,
”هذا بلاغ للنّاس ولینذروا به ولیعملوا انّما هو اله واحد ولیذّکر اواو الالباب“
എന്ന പൂർത്തീകരണത്തോടെ തൗഹീദിന്റെ തിരുപ്രഭാവത്തിലേക്ക് സത്യവിശ്വാസികളെ ആനയിക്കുകയാണ് സർവ്വലോക സ്രഷ്ടാവ്. ഈമാൻ നിരർത്ഥകമാണെന്ന് അബദ്ധജടിലർ മുദ്രകുത്തുമ്പോഴും യാഥാർത്ഥ്യത്തിന്റെ യശസ്സിലേക്കാണ് ഇസ്ലാം നടന്നുകയറുന്നത്. വക്രതകൾ വെടിഞ്ഞ് മരണം വരെയും സൽസബീലിൽ വേരുറപ്പിച്ചു ഉന്നതങ്ങളിലേക്ക് ശിഖരങ്ങൾ പടർത്തുന്ന നന്മമരങ്ങളിൽ നാഥൻ നമ്മെ ഉൾപ്പെടുത്തട്ടെ..ആമീൻ
SHOUKHIYA RASHEED
BKR WAFIYYA COLLEGE, COMBARA, ALUVA
0 Comments