സൂറത്തുന്നൂർ:മാനവലോകത്തിനൊരു വിളക്കുമാടം
ٱللَّهُ نُورُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ مَثَلُ نُورِهِۦ كَمِشْكَوٰةٍۢ فِيهَا مِصْبَاحٌ ۖ ٱلْمِصْبَاحُ فِى زُجَاجَةٍ ۖ ٱلزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّىٌّ يُوقَدُ مِن شَجَرَةٍۢ مُّبَٰرَكَةٍۢ زَيْتُونَةٍۢ لَّا شَرْقِيَّةٍۢ وَلَا غَرْبِيَّةٍۢ يَكَادُ زَيْتُهَا يُضِىٓءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍۢ ۗ يَهْدِى ٱللَّهُ لِنُورِهِۦ مَن يَشَآءُ ۚ وَيَضْرِبُ ٱللَّهُ ٱلْأَمْثَٰلَ لِلنَّاسِ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ
അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്‍റെ പ്രകാശത്തിന്‍റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം അതില്‍ ഒരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്ത് . സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് അതിന് (വിളക്കിന്) ഇന്ധനം നല്‍കപ്പെടുന്നത്. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍ നിന്ന്. അതിന്‍റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിന്‍മേല്‍ പ്രകാശം. അല്ലാഹു തന്‍റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ..
അജ്ഞതയുടെ അന്ധകാരത്തിലേക്ക് ഇഖ്റഇൻ ഈരടികളാൽ ഹിറായുടെ ഏകാന്തതയിലേക്ക് പ്രകാശമായി വർഷിച്ച ലോകത്തിലെ അതുല്യമായ അമാനുഷിക ഗ്രന്ഥം, മാനവകുലത്തിന് എക്കാലത്തും സംസ്കാര സമ്പന്നതക്കും സാമൂഹ്യ ക്രമത്തിനും സംശുദ്ധമായ വിശ്വാസ ക്രമീകരണത്തിനും ഉദാത്തമാതൃകയായ വിശുദ്ധ ഖുർആനിലെ ഇരുപത്തിനാലാമത്തെ അധ്യായമാണ് സൂറത്തുന്നൂർ. മദീനയിൽ അവതീർണ്ണമായതിനാൽ തന്നെ ഇസ്ലാമിലെ വിധിവിലക്കുകൾ ഇതിൽ പരാമർശിക്കുന്നതായി കാണാം. വ്യഭിചാര ശിക്ഷാവിധികൾ, സാമൂഹിക ഭദ്രതക്ക് ആവശ്യമായ ധാർമികമൂല്യങ്ങൾ, ആചാരമര്യാദകൾ, സ്ത്രീ- പുരുഷന്മാർക്കിടയിലെ ഇസ്ലാമിക സദാചാര രീതി അങ്ങനെ നീളുന്നു ഈ സൂറത്തിന്റെ ഉള്ളടക്കം. മാനവകുലത്തിനു സന്മാർഗത്തിന്റെ വെളിച്ചം കാണിക്കുവാൻ ശ്രദ്ധേയമായ ഒരു ഉപമയിലൂടെ അവതീർണമായ അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തെയും ആസൂത്രണങ്ങളെയും പ്രതിപാദിക്കുന്നുണ്ട്. മനുഷ്യന്റെ ആന്തരികവും ബാഹ്യവുമായ സംസ്കരണത്തിനും ഈമാനിന്റെ പ്രകാശം പരിപൂർണ്ണമാക്കാനും ഈ അധ്യായം പര്യാപ്തമാണ്.
64 സൂക്തങ്ങൾ ഉള്ള ഈ അധ്യായത്തിന്റെ 35 -ാം സൂക്തത്തിൽ പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്നവൻ അള്ളാഹുവാണ് എന്ന പരാമർശവും ഉപമാവതരണവും ഉള്ളതിനാലാണ് 'പ്രകാശം' എന്ന അർത്ഥം വരുന്ന "നൂർ" എന്ന പേര് ഈ അദ്ധ്യായത്തിന് നൽകിയിരിക്കുന്നത്. ഖുർആനിലെ 114 സൂറത്തുകളും അല്ലാഹു അവതരിപ്പിച്ചതാണെങ്കിലും സൂറത്തുന്നൂറിൽ 'നാം അവതരിപ്പിച്ചത്' എന്ന് എടുത്തുപറഞ്ഞത് അധ്യായത്തെ വേറിട്ടുനിർത്തുകയും അതിന്റെ അർത്ഥവ്യാപ്തിയെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.
വ്യഭിചാരത്തിന്റെ ഇസ്ലാമിക ശിക്ഷാനടപടികൾ എപ്പോൾ നിർബന്ധമാകും എന്നും എങ്ങനെയാണ് ശിക്ഷിക്കുക എന്നും അള്ളാഹു പറയുന്നതോടൊപ്പം ഒരുവനെ അന്യായമായി വ്യഭിചാരാരോപണം നടത്തുന്നവർക്കുള്ള ശിക്ഷാനടപടിയും പറയുന്നു. ഇവിടെ ആയിഷ (റ) ക്കെതിരെ വ്യപിചാരാരോപണം നടത്തിയതിൽ നിന്നും നിരപരാധിത്വം തെളിയിച്ചു കൊണ്ട് ഇറങ്ങിയ ആയത്ത് പരാമർശിക്കുന്നു. ഒരു മനുഷ്യന്റെ അഭിമാന സംരക്ഷണത്തെ ഇസ്ലാം മുഖ്യമായി കാണുന്നതിന്റെ ഉദാഹരണമാണ് ഇത്തരം ശിക്ഷാനടപടികൾ.
ഈ വിധം ശിക്ഷാനടപടികൾ നടപ്പാക്കുന്ന ഇസ്ലാം തന്നെ ഇത്തരം തെറ്റുകളിൽ അകപ്പെടാതിരിക്കാൻ ഉള്ളവഴികളും തുറന്നു തരുന്നുണ്ട്. മുപ്പതാം സൂക്തത്തിൽ അല്ലാഹു പറയുന്നു.
قُل لِّلْمُؤْمِنِينَ يَغُضُّوا۟ مِنْ أَبْصَـٰرِهِمْ وَيَحْفَظُوا۟ فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ ٱللَّهَ خَبِيرٌۢ بِمَا يَصْنَعُونَ ﴾٣﴿
(നബിയേ!) സത്യവിശ്വാസികളോട്: അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും പറയുക. അത് അവര്‍ക്ക് വളരെ വെടിപ്പായിട്ടുള്ളതാകുന്നു. നിശ്ചയമായും, അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലഹു സൂക്ഷ്മമായി അറിയുന്നവനാണ്.
അന്യ സ്ത്രീ പുരുഷൻമാർ തമ്മിൽ കാണുന്നതിനാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എണ്ണമറ്റതാണ്. അതിനാൽ തന്നെ പരിശുദ്ധ ഇസ്‌ലാം അത് ശക്തമായി നിയന്ത്രിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ കണ്ണ് ചിമ്മാൻ പുരുഷ സമൂഹങ്ങളോട് കൽപ്പിക്കുന്നതിന് പിന്നാലെ തുടർന്നുള്ള ആയത്തിൽ സ്ത്രീകളോടുള്ള കല്പനയും ഉൾപ്പെടുന്നു.
وَقُل لِّلْمُؤْمِنَـٰتِ يَغْضُضْنَ مِنْ أَبْصَـٰرِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ ءَابَآئِهِنَّ أَوْ ءَابَآءِ بُعُولَتِهِنَّ أَوْ أَبْنَآئِهِنَّ أَوْ أَبْنَآءِ بُعُولَتِهِنَّ أَوْ إِخْوَٰنِهِنَّ أَوْ بَنِىٓ إِخْوَٰنِهِنَّ أَوْ بَنِىٓ أَخَوَٰتِهِنَّ أَوْ نِسَآئِهِنَّ أَوْ مَا مَلَكَتْ أَيْمَـٰنُهُنَّ أَوِ ٱلتَّـٰبِعِينَ غَيْرِ أُو۟لِى ٱلْإِرْبَةِ مِنَ ٱلرِّجَالِ أَوِ ٱلطِّفْلِ ٱلَّذِينَ لَمْ يَظْهَرُوا۟ عَلَىٰ عَوْرَٰتِ ٱلنِّسَآءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوٓا۟ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ﴾٣١﴿
സത്യവിശ്വാസികളായ സ്ത്രീകളോടും: അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും, അവരുടെ ഭംഗി - അതില്‍നിന്നു പ്രത്യക്ഷമാകുന്നതല്ലാതെ - വെളിപ്പെടുത്താതിരിക്കുവാനും പറയുക. അവര്‍, തങ്ങളുടെ മക്കനകള്‍ [ശിരോവസ്ത്രങ്ങള്‍] അവരുടെ മാര്‍വ്വിടങ്ങളില്‍കൂടി ആക്കിക്കൊള്ളുകയും ചെയ്യട്ടെ. അവര്‍ തങ്ങളുടെ ഭംഗി (താഴെ പറയുന്നവര്‍ക്കല്ലാതെ) വെളിപ്പെടുത്തുകയും ചെയ്യരുത്; അവരുടെ ഭര്‍ത്താക്കള്‍ക്കോ, പിതാക്കള്‍ക്കോ, ഭര്‍ത്താക്കളുടെ പിതാക്കള്‍ക്കോ, തങ്ങളുടെ പുത്രന്‍മാര്‍ക്കോ, ഭര്‍ത്താക്കളുടെ പുത്രന്‍മാര്‍ക്കോ, സഹോദരന്‍മാര്‍ക്കോ, സഹോദരന്‍മാരുടെ പുത്രന്‍മാര്‍ക്കോ, സഹോദരികളുടെ പുത്രന്‍മാര്‍ക്കോ, തങ്ങളുടെ സ്ത്രീകള്‍ക്കോ, തങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയിട്ടുള്ളവര്‍ക്കോ, പുരുഷന്‍മാരില്‍നിന്ന് (ലൈംഗിക) മോഹമില്ലാത്ത അനുചരന്‍മാര്‍ക്കോ സ്ത്രീ രഹസ്യങ്ങളെപ്പറ്റി മനസ്സിലായിട്ടില്ലാത്ത കുട്ടികള്‍ക്കോ അല്ലാതെ. തങ്ങളുടെ അലങ്കാരത്തില്‍നിന്നു മറച്ചുവെക്കുന്നത് അറിയപ്പെടുവാന്‍വേണ്ടി അവര്‍ തങ്ങളുടെ കാലുകള്‍ കൊട്ടുകയും ചെയ്യരുത്. നിങ്ങളെല്ലാവരും - ഹേ, സത്യവിശ്വാസികളേ - അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിക്കുവിന്‍! നിങ്ങള്‍ക്ക് വിജയം ലഭിച്ചേക്കാം.
പുരുഷന്മാരോടുള്ള കൽപ്പനയെക്കാൾ പതിന്മടങ്ങ് കാര്യങ്ങൾ സ്ത്രീകളോടുള്ള കൽപ്പനയിൽ ഉൾപ്പെട്ടതുകൊണ്ടുതന്നെ സ്ത്രീ എത്രത്തോളം ആരിൽനിന്നെല്ലാം എങ്ങനെയൊക്കെ തന്നെ സംരക്ഷിക്കണമെന്ന് ഖുർആൻ ബോധ്യപ്പെടുത്തി കൊടുക്കുന്നു. സ്ത്രീസ്വാതന്ത്ര്യ ലംഘനമായി ഇതിനെ ഗണിക്കുന്നവരുടെ വായടപ്പിക്കാൻ നിൽക്കേണ്ടതില്ല. ഇവിടെ وَقُل لِّلْمُؤْمِنَـٰتِ എന്നാണ് അല്ലാഹു പറഞ്ഞത് സത്യവിശ്വാസികൾക്ക് ഇതൊരു സ്വാതന്ത്ര്യ ലംഘനമായി അനുഭവപ്പെടുകയില്ല.
وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ
ട്രെൻഡുകൾക്ക് പിന്നാലെ പായുന്ന ന്യൂജനുകളിലേക്ക് ഈ ആയത്ത് വിരൽചൂണ്ടുന്നു. സൗന്ദര്യ പ്രദർശനവും മുൻഭാഗം ഒഴിവാക്കിയുള്ള തട്ടമിടലും പ്രത്യേകം എടുത്ത് പറയുന്നുണ്ട്. ഇതേ ആശയം വരുന്ന ഈ സൂറത്തിലെ അറുപതാം ആയത്തിൽ അല്ലാഹു പറയുന്നത് "വൈവാഹിക ജീവിതം ആഗ്രഹിക്കാത്ത വിധം വൃദ്ധകളായിത്തീർന്ന സ്ത്രീകൾ അവരുടെ (പർദ്ദ) വസ്ത്രങ്ങൾ-അലങ്കാരമൊന്നും പ്രദർശിപ്പിക്കുന്നവരല്ലാത്ത നിലയിൽ- എടുത്തുവെക്കുന്നതിന് തെറ്റില്ല. ചാരിത്ര സംരക്ഷണത്തിന് അവർക്ക് നല്ലതുമത്രേ." എന്നാണ്. ബാഹ്യർത്ഥത്തിൽ തന്നെ ഇക്കാര്യങ്ങൾ അള്ളാഹു വ്യക്തമാക്കിയിട്ടും ഇന്നത്തെ സ്ത്രീസമൂഹം ഇതിനെ പാടെ അവഗണിക്കുകയാണ്.
സ്ത്രീസമൂഹത്തെ പള്ളികളിൽ കയറ്റാൻ തിക്കും തിരക്കും കൂട്ടുന്നവർക്കുള്ളതാണ് ഈ സൂറത്തിലെ 36,37 ആയത്തുകളിലെ പ്രതിപാദ്യ വിഷയം. ഈ സൂക്തത്തിൽ അള്ളാഹു رجال എന്ന് പ്രേത്യേകം പറഞ്ഞിട്ടുണ്ട്. رجال എന്നാൽ പുരുഷന്മാർ എന്നാണ്. പുരുഷന്മാർക്കാണ് പള്ളിയിൽ വെച്ചുള്ള നിസ്കാരം ശ്രേഷ്ഠം.
خير مساجد النساء قعر بيوتهن
എന്ന ഹദീസിനെ ഇതിനോട് കൂടെ ചേർത്ത് വായിക്കുമ്പോൾ സ്ത്രീകൾക്ക് ഏറ്റവും ഉത്തമം അവരുടെ വീടുകൾ തന്നെയാണ് എന്ന് നമുക്ക് വ്യക്തമാകുന്നതാണ്.
വിവാഹബന്ധത്തെ പരിശുദ്ധമായി കാണുന്ന ഇസ്ലാം വിവാഹത്തെ പറ്റിയും ഈ സൂറത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഇങ്ങനെ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉൾക്കൊണ്ട് ഒരു സൂറത്ത് ആയതിനാലാകാം ഉമർ (റ) കൂഫയിലേക്കയച്ച കത്തിൽ ഇപ്രകാരം എഴുതിയത് "علموا نساءكم سورة النور "(നിങ്ങളുടെ സ്ത്രീകളെ നിങ്ങൾ സൂറത്തുന്നൂർ പഠിപ്പിക്കുക )
ഇതിനാൽ തന്നെ പണ്ഡിതന്മാർ സ്ത്രീകൾ പഠിച്ചിരിക്കേണ്ട ഒരു സൂറത്തായി ഇതിനെ എണ്ണിയിട്ടുണ്ട്.
പ്രപഞ്ച സൃഷ്ടാവും അഖിലചരാചരനുമായ അല്ലാഹുവിനോടുള്ള സൃഷ്ടികളുടെ വിധേയത്വത്തിലെ വിരോധാഭാസം ഈ സൂറത്തിൽ നമുക്ക് ദർശിക്കാനാകും. ബുദ്ധിയും ചിന്താശേഷിയുമുള്ള മനുഷ്യൻ അള്ളാഹുവിന്റെ അത്ഭുതാവഹമായ ദൃഷ്ടാന്തങ്ങളിലേക്ക് നോക്കാതെ കണ്ണിനെ അന്ധമാക്കിയും കാതിനെ ബാധിരമാക്കിയും ചിന്തക്ക് തടയണയിട്ടും അന്ധകാരത്തിന്റെ അഗാത ഗർത്തങ്ങളിൽ കഴിയുമ്പോൾ വിവേകമോ വിശേഷ ബുദ്ധിയോ ഇല്ലാത്ത മനുഷ്യേതര ജീവികൾ, പക്ഷിമൃഗാദികൾ പോലെ നിർജീവവസ്തുക്കൾ പോലും അല്ലാഹുവിന് കീഴ്പ്പെട്ട് അവന്റെ മഹത്വത്തെ വാഴ്ത്തുന്നു. അതോടൊപ്പം തന്നെ ഒരു സത്യാന്വേഷിക്ക് ആവാഹിച്ച് എടുക്കാനുള്ള അല്ലാഹുവിന്റെ ചിന്തനീയമായ സൃഷ്ടി വൈഭവങ്ങളും ആസൂത്രണങ്ങളും വിവരിക്കുന്നുണ്ട്.
അല്ലാഹുവിന്റെ പ്രകാശത്തെ ഉൾക്കൊണ്ട സത്യവിശ്വാസികളെയും അന്ധതയുടെ മൂടുപടത്താൽ ഇരുട്ടിലമർന്ന സത്യനിഷേധികളെയും പ്രതിപാദിച്ചിടത്ത് കപടവിശ്വാസികളുടെ കാപട്യത്താലുള്ള നാനാ മുഖങ്ങളെയും ചിത്രീകരിക്കുന്നു. മലീമസമായ വിശ്വാസം ചമഞ്ഞെടുത്ത് അല്ലാഹുവിനെയും റസൂലിനെയും ധിക്കരിച്ച് നടക്കുന്നവരുടെ പരാജയം ഇതിൽ വ്യക്തമാണ്.
തുടർന്നു വരുന്ന സൂക്തം55 സത്യവിശ്വാസികൾക്കുള്ള പുലരപ്പെട്ടതായ വാഗ്ദാന സൂക്തമാണ്. അസ്വസ്ഥതയുടെ വീർപ്പുമുട്ടലിൽ നിന്നും വിശ്വാസികൾക്ക് സാമൂഹിക സുരക്ഷയോടെയും അച്ചടക്കത്തോടെയും ലോകത്തെ അധീനത കൈവരിക്കാനായി. അറേബ്യൻ ഉപദ്വീപ്, റോമൻ സാമ്രാജ്യം,യമൻ മുതലായ പ്രദേശങ്ങൾ നബി(സ)യുടെ കാലത്ത് തന്നെ ഇസ്‌ലാമിന് കീഴിൽ വന്നതും ഖുലഫാഉറാഷിദുകളുടെ ഭരണ കാലത്തെ ഇസ്‌ലാമിക വിജയവും ഈ സൂക്തത്തിന്റെ അകക്കാമ്പിലേക്ക് വിരൽ ചൂണ്ടുന്നു.
സൂറത്തുന്നൂറിലെ പ്രാധാന്യമേറിയ മറ്റൊരു പ്രതിപാദ്യ വിഷയമാണ് ലോകത്തിനനുഗ്രഹമായ മുഹമ്മദ് നബി(സ്വ)യോടുള്ള അങ്ങേയറ്റത്തെ ആദരവിനെ കുറിച്ച് വിശ്വാസികളെ ഉണർത്തൽ. മറ്റു മനുഷ്യസൃഷ്ടികളിൽ നിന്നും നബി(സ്വ)യെ പ്രത്യേകമാക്കി വാക്കിലും പെരുമാറ്റത്തിലും എത്രമേൽ മര്യാദ പാലിക്കണമെന്നും "സാധാരണയായി ആളുകൾ പേരെടുത്തു വിളിക്കുംപോലെ നബി(സ്വ)യെ വിളിക്കരുത്" എന്ന വാക്യത്തിലൂടെ നമുക്ക് ഗ്രഹിക്കാം.
لا تجعلوا دعاء الرسول بينكم كدعاء بعضكم
സൂറത്തുന്നൂർ ആവാഹിച്ച് എടുക്കുന്നതിലൂടെ ധാർമികമായും സാമൂഹികമായും നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തിയെടുക്കാൻ സാധിക്കുന്നതാണ്. അത്രമേൽ അർഥഗർഭമായ അല്ലാഹുവിന്റെ ഈ വചനങ്ങൾ ഏതൊരു വിശ്വാസിയുടെയും ഹൃത്തടങ്ങളിൽ നൂറായി വർഷിക്കുന്നതാണ്. അള്ളാഹു തആല തൗഫീഖ് നൽകട്ടെ.
....آمين يا رب العالمين
Shibila Nargees T & Najiya PT
VMHM Wafiyya college, Mukkam
0 Comments