സൂറത്തുൽ മുഅ്മിനൂൻ: വിശ്വാസിക്കൊരു വഴികാട്ടി
'മുഅ്മിനൂൻ ' എന്ന പദത്തിന് വിശ്വാസികൾ എന്നാണ് അർത്ഥം. വിശ്വാസികളുടെ ലക്ഷണങ്ങളും അവർക്കുണ്ടായിരിക്കേണ്ട ഉൽകൃഷ്ട ഗുണങ്ങളും ഈ സൂറത്തിൽ വിവരിക്കുന്നു.പ്രപഞ്ചനാഥന്റെ വിധിവില ക്കുകളെയും തൗഹീദിനെയും രിസാലത്തിനെയും പുനർജീവിതത്തെയും അടിസ്ഥാനമാക്കുന്ന കാര്യങ്ങളെ സൂറത്തുൽ മു
അ്മിനൂൻ ചർച്ച ചെയ്യുന്നു. പേര് സൂചിപ്പിക്കുന്ന പോലെ അതിന്റെ ഉള്ളടക്കം കുടുതലും വിശ്വസികളുടെ പ്രത്യേക ഗുണങ്ങളെ കുറിച്ചാണ് പറയപ്പെടുന്നത്. ഈ ഗുണങ്ങളെ പൂർത്തീകരിക്കുന്ന വിശ്വാസങ്ങളെയും ആ ചാരങ്ങളെയും 118 സൂക്തങ്ങൾ ഉൾകൊള്ളുന്ന ഈ സുറത്ത് വിശദീകരിക്കുന്നു. മീം, നൂൻ എന്നീ രണ്ടിലൊരാക്ഷരത്തിൽ മാത്രമാണ് സൂക്തങ്ങളുടെ പരിസമാപ്തി. തെറ്റിനെ തൊട്ട് വിശ്വാസിയെ വിലക്കികൊണ്ട് ഭയഭക്തിയെ ഉണർത്തുന്ന സൂക്തങ്ങൾ കൊണ്ട് സമ്പുഷ്ടമായ ഈ സൂറത്ത് തികച്ചും വിശ്വാസിക്കൊരു വഴികാട്ടിയാണ്.
വിശുദ്ധ ഖുർആനിലെ ഓരോ ഹർഫിന്റെയും അനിർവചനീയമായ പവിത്രതകൾ പോലെ തന്നെ സൂറത്തുൽ മുഅമിനൂനും ധാരാളം ശ്രേഷ്ഠതകളുണ്ട്. ആരെങ്കിലും മൂന്ന് ദിവസത്തിലൊരിക്കൽ സൂറത്തുൽ മുഅമിനൂന് പാരായണം ചെയ്താൽ അവന്റെ പാപങ്ങൾ പൊറുക്കപ്പെടുകയും അവൻ ദൈവ ഭക്തനാവുകയും ചെയ്യുമെന്നും എല്ലാ വെള്ളിയാഴ്ചകളിലും ഈ സൂറത്ത് പാരായണം ചെയ്യുന്നവന് പരലോകത്ത് മഹത്തായ പദവിയുണ്ടാവുമെന്നും പ്രവാചകന്മാരുടെ കൂട്ടത്തിലായിരിക്കുമെന്നും ഇമാം ജഅഫരി അസ്വാദിഖ് (റ ) പറഞ്ഞിട്ടുണ്ട്. കൃഷിയിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ഈ സൂറത്ത് എഴുതി സൂക്ഷിച്ചാൽ അഭിവൃദ്ധി ഉണ്ടാവുകയും കൂടുതൽ ലാഭം നേടാൻ സാധിക്കുകയും ചെയ്യും. മുറിവുകൾക്കും പാടുകൾക്കും ഒരു പ്രതിവിധിയായി ഈ സൂറത്ത് സൂക്ഷിക്കാം.മദ്യപാനത്തിനും ഹൃദയ സംബന്ധിയായ പ്രശ്നങ്ങൾക്കും ഒരു പ്രതിവിധി കൂടിയാണ് ഈ സൂറത്ത്.
' قد افلح المٶمنون '
എന്ന് വിളംബരം ചെയ്ത് കൊണ്ട് തുടങ്ങുന്ന ഈ സൂറത്തിൽ സത്യവിശ്വാസിക്ക് ഉണ്ടാവേണ്ട ആറ് സവിശേഷ ഗുണങ്ങളെ വിശദീകരിക്കുന്നു . വിശ്വാസികളോട് ഭയഭക്തിയോടെ നിസ്കരിക്കാനും തെറ്റിനെ തൊട്ട് തിരിഞ്ഞ്കളയാനും സകാത്തിനെ നിറവേറ്റാനും വ്യഭിചാരത്തെ തൊട്ട് വിട്ടുനിൽക്കാനും സൂക്ഷിപ്പ് സ്വത്തിനേയും കരാറുകളെയും പൂർത്തീകരിക്കാനും ആവശ്യപ്പെടുന്നു. ഈ ആറ് കാര്യങ്ങൾ മുറുകെ പിടിക്കുന്നവർ അല്ലാഹുവിന്റെ അനിർവചനീയമായ സ്‌നേഹത്തിനും സ്വർഗത്തിനും അവകാശികളായി തീരും.
സത്യത്തിന്റെ പാത കണ്ടെത്തുവാൻ പര്യാപ്തമാവും വിധം ബൗദ്ധികമായ പല തെളിവുകളും ഇതോടാനുബന്ധിച്ച് വിവരിക്കുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമാവുന്നത് മനുഷ്യ പ്രതിഭാസത്തിന്റെ ആരംഭം മുതൽ അവസാനം വരെ വിശദീകരിക്കുന്ന സൂക്തങ്ങളാണ്.12-16സൂക്തങ്ങളിലായി ഇതിനെ സംഗ്രഹിച്ചിരിക്കുന്നു.
وَلَقَدْ خَلَقْنَا الإنْسَانَ مِنْ سُلالَةٍ مِنْ طِينٍ (12) ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَكِينٍ (13) ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنْشَأْنَاهُ خَلْقًا آخَرَ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ (14) ثُمَّ إِنَّكُمْ بَعْدَ ذَلِكَ لَمَيِّتُونَ (15) ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ تُبْعَثُونَ (16) }
12,13. നിശ്ചയമായും മനുഷ്യനെ നാം കളിമണ്ണിൽ നിന്നുള്ള സത്തകൊണ്ട് സൃഷ്ടിക്കുകയും പിന്നീട് അവനെ ശുക്ലബിന്ദുവാക്കി ഒരു ഭദ്രമായ സൂക്ഷിപ്പുസ്ഥാനത്ത് ( ഗർഭാശയത്തിൽ ) വെക്കുകയും ചെയ്തു .
14. പിന്നെ ആ ശുക്ലബിന്ദുവെ രക്തപിണ്ഡമായും എന്നിട്ട് ആ രക്തപിണ്ഡത്തെ മാംസ കഷ്ണമായും മാംസക്കഷ്ണത്തെ എല്ലുകളായും നാം സൃഷ്ടിച്ചു ; എന്നിട്ട് ആ എല്ലുകളെ മാംസം കൊണ്ടു പൊതിഞ്ഞു . പിന്നീട് അതിനെ നാം മറ്റൊരു സൃഷ്ടിയായി വളർത്തി ക്കൊണ്ടുവന്നു . അപ്പോൾ ഏറ്റവും നല്ല സ്രഷ്ടാവായ അല്ലാഹു അനുഗ്രഹ സമ്പൂർണനാകുന്നു .
15 , 16. പിന്നെ ഇങ്ങനെ ജനിച്ച ശേഷം നിങ്ങൾ മരണപ്പെട്ടു പോവുകയും ഖിയാമത്തുനാളിൽ എഴുന്നേല്പിക്കപ്പെടുകയും തന്നെ ചെയ്യുന്നതാണ്.
ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ മനുഷ്യ ബുദ്ധിയിൽ ഉദിക്കുക പോലും ചെയ്യാത്ത കാലത്തായിരുന്നു ഇത് എന്നോർക്കണം.ഇത്തരത്തിൽ മനുഷ്യ സൃഷ്ടിപ്പിനെ വിശദീകരിച്ച് തുടങ്ങി പിന്നീട് സൃഷ്ടിക്ക് ജീവിക്കാനാവശ്യമായ ഭക്ഷണവും വെള്ളവും സഞ്ചരിക്കാൻ ആവശ്യമായ വാഹനവും തുടങ്ങി അല്ലാഹുവിന്റെ അണമുറിയാത്ത അനുഗ്രഹങ്ങളെ പരാമർശിക്കുന്നു.
സത്യദീനിലേക്കുള്ള സൽവഴിയായി ഓരോ സമുദായത്തിലേക്കും അയച്ച നൂഹ്, മൂസ, ഹാറൂൻ , ഈസ, തുടങ്ങിയ പ്രവാചകന്മാരെ കുറിച്ചും സൂറത്തിൽ പരാമർശിക്കുന്നു. പ്രവാചകന്മാരെ നിഷേധിച്ച് കൊണ്ട് തെറ്റ് ചെയ്യുന്നവർക്ക് വരാനിരിക്കുന്ന ഭയാനകരമായ അവസ്ഥകളെയും ശിക്ഷ മുന്നിൽ കാണുമ്പോൾ സത്യനിഷേധി നടത്തുന്ന ഖേദപ്രകടനങ്ങൾക്ക് അള്ളാഹു നൽകുന്ന മറുപടിയും സൂറത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. രിസാലതിനെ നിഷ്കരുണം നിഷേധിക്കുന്ന ഒരു കൂട്ടം അവിശ്വാസികളുടെ ചരിത്രങ്ങളും ഈ സൂറത്തിൽ ചർച്ച ചെയ്യുന്നു.
ചുരുക്കത്തിൽ, വിജയത്തിന്റെ അവകാശികൾ സത്യാവിശ്വാസികൾ മാത്രമാണ്. സൂക്തം 117
انه لا يفلح الكافرون
'സത്യനിഷേധികൾ വിജയം കൈവരിക്കുകയില്ല, തീർച്ച'
പാപങ്ങൾ മനുഷ്യനിൽ നിന്നുണ്ടാവുക സ്വാഭാവികം മാത്രമാണ്. അതിൽ നിന്ന് പശ്ചാതപിച്ച് മടങ്ങാനും അല്ലാഹുവിന്റെ കരുണയെ ചോദിക്കുവാനും ഉണർത്തി കൊണ്ട് അധ്യായം അവസാനിക്കുകയാണ്...
ربنا اغفر وارحم وانت خير الراحمين..آمين
Thashreefa. K
Majida Farsana. P
Grace Valley Islamic & arts college
0 Comments